'ശ്രീ' ഒട്ടുമില്ല, 'മതി' ഭരണം
ആരോഗ്യവും വിവേകവുമുള്ള പൗരന്മാരാണ് ഒരു രാഷ്ട്രത്തിന്റെ ഈടുവയ്പും അഭിമാനവും. ഈ ലക്ഷ്യം മുൻനിർത്തിയാണ് പൊതുജനാരോഗ്യ-വിദ്യാഭ്യാസ വിഷയങ്ങളിൽ ലോകത്തെമ്പാടുമുള്ള സർക്കാരുകൾ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നതും നികുതിവരുമാനത്തിന്റെ സിംഹഭാഗവും ഈ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കുന്നതും.
പൊതുജനാരോഗ്യ കാര്യത്തിലും വിദ്യാഭ്യാസ വിഷയത്തിലും ഇന്ത്യക്ക് മാതൃകയായിരുന്നു രണ്ടു വർഷം മുൻപുവരെ കേരളം. 'കേരള മോഡൽ' എന്നുവരെ വിശേഷിപ്പിക്കപ്പെട്ട, സവിശേഷതകളാർന്ന, നേട്ടങ്ങളുടെ ഗാഥകൾ മാത്രമായിരുന്നു ഈ വകുപ്പുകളിൽനിന്ന് കേരളീയർക്ക് ലഭിച്ച സേവനം.
എന്നാൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ദുർബല ജനതയുടെയും പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കപ്പെട്ടവരെന്ന് അവകാശപ്പെടുന്ന; അതിനനുഗുണമായൊരു പ്രത്യയശാസ്ത്രം ജീവിതവ്രതമാക്കിയെന്ന് അഭിമാനിക്കുന്ന ഇടതുപക്ഷം രണ്ടുവർഷം മുൻപ് അധികാരത്തിലേറിയതോടെ ഈ വകുപ്പുകളുടെ പ്രവർത്തനം കുളമാകുകയും കേരളീയർ അതിന്റെ തിക്തഫലം അനുഭവിക്കാൻ വിധിക്കപ്പെടുകയും ചെയ്തു.
ആരോഗ്യപരിപാലനത്തിന്റെ ഉത്തരവാദിത്തം പി.കെ. ശ്രീമതിയേയും വിദ്യാഭ്യാസ പുരോഗതിയുടെ ചുമതല എം.എ. ബേബിയേയും ഏൽപ്പിച്ചതോടെയാണ് ഈ അധോഗതിക്ക് തുടക്കമായത്. വിദ്യാഭ്യാസരംഗം വാണിക്കുകൾക്കുവേണ്ടി തീറെഴുതിക്കൊടുത്ത ബേബിയുടെ മികവിന്റെ ദുരന്തം അനുഭവിക്കുകയാണ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും.
ശ്രീമതി ആരോഗ്യവകുപ്പ് ഭരിക്കാൻ തുടങ്ങിയതോടെ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ഉത്സവക്കാലമായി! കഴിഞ്ഞ രണ്ടുവർഷമായി കേരളത്തെ ഗ്രസിച്ച ഇത്തരം പകർച്ചപ്പനികളുടെ ദുരിതമനുഭവിച്ചു ജീവിക്കുന്നവരാണ് കേരളത്തിലെ സാധാരണക്കാരായ ഭൂരിപക്ഷം പേരും. കൃത്യസമയത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കാതിരുന്നതും, മാറിയ സാഹചര്യത്തിൽ ആരോഗ്യപരിരക്ഷയ്ക്ക് സ്വീകരിക്കേണ്ട അനിവാര്യ ഘടകങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാതിരുന്നതും സർക്കാർ ഡോക്ടർമാരെ അവരുടെ സംഘടനാ കാര്യത്തിന്റെ ബലത്തിൽ മിന്നൽ സമരം അടക്കമുള്ള തോന്ന്യാസങ്ങൾക്ക് അനുവദിച്ചതുമൊക്കെയാണ്, പരസ്യവാക്യത്തിലെ "ദൈവത്തിന്റെ സ്വന്തം നാട്" പകർച്ചവ്യാധികളുടെ നിത്യനരകമായി മാറിയത്. ശസ്ത്രക്രിയാ മുറികളിൽനിന്നും അണുബാധയേറ്റ് നവജാത ശിശുക്കൾ പിടഞ്ഞു മരിച്ചപ്പോഴും ചിക്കുൻഗുനിയ ബാധിച്ച് ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ നൂറുകണക്കിനുപേർ അന്ത്യശ്വാസം വലിച്ചപ്പോഴും നീറോയെ നാണിപ്പിക്കുന്ന രീതിയിൽ വകുപ്പ് ഭരണം നടത്തുകയായിരുന്നു പി.കെ. ശ്രീമതി. ആവർത്തിക്കട്ടെ സ്ത്രീകളെ പൊതുജന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ ഏൽപ്പിച്ചാൽ അവർ മനുഷ്യത്വ പൂർവകമായ ഇടപെടലുകളിലൂടെ സമസ്യകൾക്ക് പൂരണം കണ്ടെത്തുമെന്ന പൊതുവേയുള്ള വിശ്വാസം ശ്രീമതിയെപ്പോലെയുള്ള വനിതാ ഭരണാധികാരികൾ 'അതിദാരുണമായി' തിരുത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ഒരു ഉളുപ്പുമില്ലാതെ താനൊരു കമ്യൂണിസ്റ്റ് ആദർശവാദിയാണെന്ന് നാഴികയ്ക്ക് നാൽപതുവട്ടം വിളിച്ചുകൂവാൻ ശ്രീമതി മടിക്കാറുമില്ല.
പൊതുജനാരോഗ്യ പരിപാലനരംഗത്ത് ഇത്രയ്ക്ക് പിടിപ്പുകേട് നിറഞ്ഞ ഒരു ഭരണരീതി ഇതുവരെ കേരളം കണ്ടിട്ടില്ല. ഈജിയൻ തൊഴുത്തിനേക്കാൾ വൃത്തികേടു നിറഞ്ഞതായി മാറിയിരിക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോൾ. അതിന്റെ ക്രെഡിറ്റ് തീർച്ചയായും പി.കെ. ശ്രീമതിക്ക് മാത്രമുള്ളതാണ്.
അഴിമതിയും കെടുകാര്യസ്ഥതയും ഇങ്ങനെ മദിച്ചുവാഴുമ്പോഴാണ് ആരോഗ്യവകുപ്പിലെ നിയമനങ്ങളുടെ മറവിൽ ബന്ധപ്പെട്ടവരും അവരുടെ ഏജന്റുമാരും ലക്ഷങ്ങൾ കോഴവാങ്ങി പി.എസ്.സി. ലിസ്റ്റ് അട്ടിമറിച്ച് താന്തോന്നിത്തങ്ങൾ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ, പിഎസ്സി ലിസ്റ്റ് അവഗണിച്ച്, ആശുപത്രി വികസനസമിതിയിലെ കൈക്കൂലിക്കാരായ സഖാക്കളുടെ തന്നിഷ്ടപ്രകാരം താൽക്കാലിക നഴ്സുമാരെ നിയമിച്ച വിവരം മെയ് ഏഴാം തീയതി 'വാസ്തവം' പുറത്തുകൊണ്ടുവന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ മറ്റു മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ള വാർത്തകൾ.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമന കാര്യത്തിലാണ് ഇപ്പോൾ ആരെയും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള കോഴവാങ്ങലും നിയമന അട്ടിമറിയും നടക്കുന്നത്. ഇവിടെയും പിഎസ്സിയെ നോക്കുകുത്തിയാക്കിയാണ് ശ്രീമതി ഭരിക്കുന്ന വകുപ്പിലെ സഖാക്കളും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥ ഏജന്റുമാരും അനധികൃത നിയമനങ്ങൾ നടത്തുന്നത്. പിഎസ്സി ലിസ്റ്റ് മറികടന്ന് പ്രമോഷനിലൂടെ വൻ തുക കോഴ നൽകുന്നവരെ തസ്തികകളിൽ നിയമിക്കുന്ന കൊടുംവഞ്ചനയാണ് ശ്രീമതിയുടെ ആശീർവാദത്തോടെ എന്ന് സംശയിക്കത്തക്ക രീതിയിൽ പൊതുജനാരോഗ്യവകുപ്പിൽ നടക്കുന്നത്. ഇത്തരം നിയമനങ്ങൾക്ക് സാധുത നൽകുന്ന ഒരു സ്പെഷ്യൽ റൂൾ വകുപ്പിലെ തന്ത്രജ്ഞന്മാർ വ്യാജമായി ഉണ്ടാക്കിയാണ് പ്രമോഷൻ, ബന്ധപ്പെട്ടവർക്ക് തരപ്പെടുത്തി നൽകിയിട്ടുള്ളത്. ഒന്നരലക്ഷം രൂപ കൊടുത്താൽ വകുപ്പിലെ പാചകക്കാരനും ഡ്രൈവർക്കും ഹെൽത്ത് ഇൻസ്പെക്ടർ ആകാം എന്നതാണ് ശ്രീമതിയുടെ ഭരണപരിഷ്ക്കരണത്തിലെ 'ശ്രദ്ധേയമായ' നേട്ടം.
ഇത്തരത്തിൽ കോഴ നൽകാൻ തയ്യാറുള്ള 227 പേരുടെ ലിസ്റ്റുണ്ടാക്കി അതിൽനിന്ന് കൂടുതൽ പണം നൽകിയ 157 പേരെയാണ് ഹെൽത്ത് ഇൻസ്പെക്ടർമാരായി നിയമിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിൽ താഴ്‌ന്ന തസ്തികകളിൽ ജോലിക്ക് പ്രവേശിച്ചശേഷം വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവരിൽ പലരും നിയമനം നേടിയിട്ടുള്ളത്. വകുപ്പിലെ പ്രമുഖ വ്യക്തിയുടെ മകനാണ് കോടികൾ കോഴവാങ്ങി ഈ നിയമനത്തിന് ചുക്കാൻ പിടിക്കുന്നത്.
ഇതൊന്നും പി.കെ. ശ്രീമതി അറിയാതെയാണ് നടക്കുന്നതെന്ന് വിശ്വസിക്കാൻ മാത്രം വിധേയത്വമുള്ള പിണറായിപക്ഷക്കാരല്ല കേരളത്തിലെ പൊതുജനങ്ങൾ. "യഥാ രാജാ: തഥാ പ്രജ" എന്ന ചൊല്ല് വ്യാപകമായി നടപ്പാക്കുക മാത്രമാണ് ആരോഗ്യവകുപ്പിലെ അഴിമതിക്കോമരങ്ങൾ നടത്തുന്നത്. സ്വന്തം പേഴ്സണൽ സ്റ്റാഫിൽ മരുമകൾ ധന്യയെ 17,000 രൂപയ്ക്ക് നിയമിച്ച് മാതൃകകാട്ടിയത് പി.കെ. ശ്രീമതിയാണ്. അപ്പോൾപിന്നെ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിൽ മാത്രം അൽഭുതപ്പെട്ടാൽ മതിയല്ലോ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ അഗ്നിശലാകകളായി ജ്വലിക്കുകയും തൊഴിൽരഹിതർക്കുവേണ്ടി തെരുവിൽ പോലീസിന്റെ അടിയേറ്റുവീഴുകയും ചെയ്ത ഡിവൈഎഫ്‌ഐ സഖാക്കൾ പി.കെ. ശ്രീമതിയുടെയും വകുപ്പിലെ ഉന്നതന്റെ മകന്റെയും ഇത്തരത്തിലുള്ള അഴിമതി നിയമനങ്ങൾ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? വിപ്ലവവും സമഷ്ടിബോധവും അധികാരത്തിലേക്കും ആഢംബരത്തിലേക്കുമുള്ള വിശാലപാതയാണെന്ന് ശ്രീമതിയെപ്പോലെയുള്ളവർ പഠിപ്പിക്കുമ്പോൾ മണൽകടത്തും വ്യാജസ്പിരിറ്റ് കടത്തും പെൺവാണിഭവവും ഒക്കെയാണ് തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള കർത്തവ്യമെന്ന് ഈ കുട്ടി സഖാക്കൾ കരുതുന്നുവെങ്കിൽ അവരെയും കുറ്റം പറയാൻ കഴിയുകയില്ല.
"മുടിയാൻ നേരം മുച്ചീർപ്പൻ കുലയ്ക്കു"മെന്നുള്ള മലബാറിലെ ചൊല്ല് അന്വർത്ഥമാക്കുകയാണ് പി.കെ. ശ്രീമതിയും സംഘവും.
0 comments :
Post a Comment