Friday, July 4, 2008

സ്റ്റുപ്പിഡ്‌ പൊളിറ്റീഷ്യൻസ്‌; ഇഡിയോട്ടിക്‌ ബ്യൂറോക്രാറ്റ്സ്‌

കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ടുകുത്തി കടിവാങ്ങിക്കുന്ന വികൃതിപ്പിള്ളേരേക്കാൾ ബുദ്ധിശ്യൂന്യരായിട്ടാണ്‌ പലപ്പോഴും നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങൾ, മതവും രാഷ്ട്രീയവും ഒരുപോലെ ഇഴപാകുന്ന പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത്‌.

ഇന്ത്യ കണ്ട ഊർജ്ജസ്വലനും ചെറുപ്പക്കാരനുമായിരുന്ന രാജീവ്ഗാന്ധിയുടെ സമീപനവൈകല്യമാണ്‌ അടഞ്ഞുകിടന്നിരുന്ന ബാബറി മസ്ജിദ്‌ ആരാധനയ്ക്കായി തുറന്നുകൊടുക്കാനിടയായതും, പിന്നെ അതിന്റെ ഉന്മൂലനത്തിന്‌ കാരണമായതും അത്‌ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും നീചമായ വർഗീയ മുന്നേറ്റത്തിന്‌ ആരൂഢമായതും.

കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നു ശഠിക്കുന്ന ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വങ്ങളുമാണ്‌ ഭാരതീയരുടെ ശാപം. ആ ശാപം അയോധ്യവിട്ട്‌ അമർനാഥിലെത്തിയിരിക്കുകയാണിപ്പോൾ. വിഎച്ച്പി അടക്കമുള്ള സംഘപരിവാർ സംഘടനകൾ ആ പ്രശ്നം അവരുടെ പ്രസ്റ്റീജ്‌ ഇഷ്യുവാക്കിമാറ്റി അഖിലേന്ത്യാ ബന്ദ്‌ വരെ നടത്തിക്കഴിഞ്ഞു. ഇതിനിടയിൽ രൂപം കൊണ്ട സംഘട്ടനത്തിൽ ആൾനാശവും സംഭവിച്ചിട്ടുണ്ട്‌. വരാനിരിക്കുന്ന ദിവസങ്ങൾ അയോധ്യയ്ക്കുശേഷമുള്ള ചോരക്കളിയുടെ കിരാത ദിനങ്ങളായിരിക്കുമെന്നാണ്‌ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ.

അമർനാഥ്‌ ക്ഷേത്രബോർഡിന്‌ ഭൂമിനിഷേധിച്ച പ്രശ്നം രാജ്യമെമ്പാടും ആളിക്കത്തിക്കാൻ സംഘപരിവാർ തീരുമാനിച്ചുകഴിഞ്ഞുവെന്നതാണ്‌ ഭീഷണമായ ഈ അവസ്ഥയിലേക്ക്‌ ഭാരതം വഴുതിവീഴുമെന്ന ആശങ്കയ്ക്ക്‌ കാരണം.

അയ്യായിരം വർഷം പഴക്കമുള്ളതാണ്‌ അമർനാഥ്‌ ക്ഷേത്രം. സമുദ്രനിരപ്പിൽനിന്ന്‌ 3888 മീറ്റർ ഉയരത്തിൽ, ശ്രീനഗറിൽനിന്ന്‌ 141 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗുഹാക്ഷേത്രത്തിൽ മഞ്ഞിൽ സ്വയംഭൂവാകുന്ന ശിവലിംഗം ദർശിച്ച്‌ അനുഗ്രഹം നേടാൻ ലക്ഷക്കണക്കിന്‌ ഭക്തന്മാരാണ്‌ പ്രതിവർഷം എത്തുന്നത്‌. ഇവിടെ എത്തുന്ന ഭക്തന്മാർക്ക്‌ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്‌ 40 ഹെക്ടർ വനഭൂമി, ക്ഷേത്രബോർഡ്‌ സർക്കാരിനോട്‌ ആവശ്യപ്പെടുകയും സർക്കാർ അത്‌ അനുവദിക്കുകയും ചെയ്തതാണ്‌ പ്രശ്നത്തിന്റെ തുടക്കം.

ഈ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തുകയും ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിഡിപി (മുഫ്തിമുഹമ്മദ്‌ സെയ്ദ്‌) പിൻവലിക്കുകയും ചെയ്തപ്പോൾ ഭൂമിനൽകാനുള്ള ഉത്തരവ്‌ സർക്കാർ പിൻവലിച്ചു. ഇതാണ്‌ പ്രശ്നം രൂക്ഷമാക്കിയത്‌.

സർക്കാരിന്റെ പുതിയ തീരുമാനത്തെ ഹിന്ദുസംഘടനകൾ വൈകാരിക പ്രശ്നമാക്കിമാറ്റി പ്രക്ഷോഭം ആരംഭിച്ചതോടെ താഴ്‌വരയിൽ വീണ്ടും അശാന്തി പുകയാൻ തുടങ്ങി. ഇവിടെ ഏറെ ശ്രദ്ധേയമായ വസ്തുത, സംസ്ഥാന ഗവർണർ എൻ.എൻ. വോറയാണ്‌ ക്ഷേത്രബോർഡ്‌ ചെയർമാൻ. ഇദ്ദേഹം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഗുലാംനബി ആസാദ്‌ സർക്കാർ ക്ഷേത്രത്തിന്‌ 40 ഏക്കർ സ്ഥലം വിട്ടുകൊടുക്കാൻ ആദ്യം തീരുമാനിച്ചത്‌. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയപ്പോൾ സ്ഥലം വേണമെന്ന ആവശ്യത്തിൽനിന്ന്‌ ക്ഷേത്രബോർഡ്‌ പിൻവാങ്ങുകയും ചെയ്തു. ഇതിനെ ഗവർണർ ബോധപൂർവം കളിച്ച രാഷ്ട്രീയ നാടകമാണെന്ന്‌ വ്യാഖ്യാനിച്ചാണ്‌ സംഘപരിവാർ സംഘടനകൾ ഇപ്പോൾ പുതിയ പ്രക്ഷോഭത്തിന്‌ വഴിമരുന്നിട്ടിരിക്കുന്നത്‌. കാശ്മീർ പണ്ഡിറ്റുകളെ താഴ്‌വരയിൽനിന്ന്‌ തുരത്തിയോടിക്കുന്നു എന്ന സംഘപരിവാറിന്റെ ആരോപണത്തിന്‌ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്‌. ആ തുരത്തലിന്റെ തുടർച്ചയാണ്‌ ഇപ്പോൾ ഭൂമി നിഷേധിച്ച നടപടിയെന്ന്‌ വ്യാഖ്യാനിച്ചാണ്‌, തെരഞ്ഞെടുപ്പ്‌ വർഷത്തിൽ ബിജെപി അടക്കമുള്ളവർ പുതിയ രഥയാത്രയ്ക്ക്‌ സാഹചര്യം സൃഷ്ടിക്കുന്നത്‌.

ക്ഷേത്രത്തിന്‌ ഭൂമി ആവശ്യമുണ്ടെങ്കിൽ അത്‌ വിലകൊടുത്തുവാങ്ങണം എന്ന്‌ ഹുറിയത്ത്‌ കോൺഫറൻസ്‌ ചെയർമാൻ മിർവായിസ്‌ ഉമർ ഫറൂഖ്‌ പ്രസ്താവനയിറക്കിയതോടെ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണന നടപടിയാണ്‌ ഭൂമി നിഷേധിച്ചതെന്ന്‌ വ്യാഖ്യാനിക്കാൻ സംഘപരിവാർ സംഘടനകൾക്ക്‌ അവസരവും നൽകി.

ഇപ്പോൾ ഈ പ്രശ്നം സംഘപരിവാർ ഉയർത്തിക്കൊണ്ടുവന്നതിന്റെ പിന്നിൽ അമർനാഥ്‌ തീർത്ഥാടക ഭക്തന്മാരോടുള്ള പ്രതിബദ്ധതയൊന്നുമല്ല ഉള്ളത്‌. മറിച്ച്‌ ആണവപ്രശ്നത്തിൽ തട്ടി മൻമോഹൻസിംഗ്‌ സർക്കാർ താഴെവീഴുമെന്നും ഉടനെ തെരഞ്ഞെടുപ്പ്‌ ഉണ്ടാകുമെന്നുമുള്ള പൊതുവായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലുള്ള വോട്ടുബാങ്ക്‌ രാഷ്ട്രീയത്തിന്റെ നീചമായ മാനിഫെസ്റ്റോയാണിത്‌.

രാമജന്മഭൂമി പ്രശ്നത്തിന്‌ ഇനി ഓളം സൃഷ്ടിക്കാൻ കഴിയുകയില്ലായെന്ന്‌ പ്രവീൺകുമാർ തൊഗാഡിയ അടക്കമുള്ള സംഘപരിവാർ ശിങ്കങ്ങൾക്കും അദ്വാനിയുൾപ്പെടെയുള്ള ബിജെപി നേതൃത്വത്തിനും അറിയാം. ഇടയ്ക്കുയർത്തികൊണ്ടുവന്ന രാമസേതുപ്രശ്നം ക്ലച്ചുപിടിച്ചതുമില്ല. ഇതിനിടയിൽ നേപ്പാൾ പ്രശ്നം ചൂടുപിടിച്ച ചർച്ചയാക്കാൻ ആർഎസ്‌എസ്‌ സർസംഘചാലക്‌ കെ.എസ്‌. സുദർശൻ നടത്തിയ നീക്കങ്ങൾ പാളിപ്പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്‌ അമർനാഥ്‌ പ്രശ്നം ആളിക്കത്തിക്കാൻ സംഘപരിവാർ തീരുമാനിച്ചിട്ടുള്ളതും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടുള്ളതും. ഓർക്കണം അമർനാഥ്‌ തീർത്ഥാടകർക്കുനേരെ ഭീകരാക്രമണം ഉണ്ടായപ്പോൾ നിശബ്ദത പാലിച്ചവരാണ്‌ ഇപ്പോൾ അഖിലേന്ത്യാ ബന്ദ്‌ അടക്കമുള്ള സമരപരിപാടികളുമായി ഈ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്‌.

ഒരു നൂറ്റാണ്ടുമുൻപ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി 60 ലക്ഷം രൂപയും, കാശ്മീർ പർവതനിരകളിൽ മേഞ്ഞുനടന്നിരുന്ന ആടുകളുടെ കഴുത്തിൽനിന്നു മുറിച്ചെടുത്ത ലോലമായ 'പഷ്മിന' രോമം കൊണ്ടുതുന്നിയ ആറ്‌ ഉത്തരീയങ്ങളും കപ്പമായി നിശ്ചയിച്ച്‌ രാജ ഹരിസംഗിന്‌ വിട്ടുകൊടുത്തതാണ്‌ കാശ്മീർ. മുസ്ലീങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ഒരു പ്രദേശത്തിന്റെ ഭരണനേതൃത്വം ഒരു ഹിന്ദുവിന്‌ വിട്ടുകൊടുത്തപ്പോൾ സായിപ്പിന്റെ മനസിൽ വിഭജിച്ചുഭരിക്കുന്ന വൃത്തികേടായിരുന്നു ആളിക്കത്തിയത്‌. അതിന്റെ ജ്വാലകൾ ഇനിയും അടങ്ങിയിട്ടില്ല. ഭാരതം സ്വതന്ത്രമാകുകയും ഒരു ഭരണഘടനയ്ക്കുകീഴിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തപ്പോഴും കാശ്മീർ ഒരു പ്രത്യേക പ്രദേശമായി നിലനിൽക്കുകയും അവിടത്തെ പൗരന്മാർ വേറിട്ട ഇന്ത്യക്കാരായി ജീവിക്കുകയും അവർക്ക്‌ വ്യത്യസ്തമായ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുക്കുകയും ചെയ്തതിന്റെയൊക്കെ തിരിച്ചടിയാണ്‌ താഴ്‌വരയിൽനിന്ന്‌ ഭീകരവാദത്തിന്റെ രൂപത്തിൽ ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്‌.

കൂനിന്‌ മുകളിൽ കുരുവെന്നപോലെ ഇപ്പോൾ അമർനാഥ്‌ പ്രശ്നവും രൂക്ഷമായിരിക്കുന്നു. വിവരം കെട്ട രാഷ്ട്രീയ നേതൃത്വവും ബുദ്ധിയില്ലാത്ത ഉദ്യോഗസ്ഥ സംഘവും ഒന്നിച്ചുചേരുമ്പോൾ എന്തെല്ലാം അപാകങ്ങളും അപായങ്ങളും ഉണ്ടാകാമോ അതാണിപ്പോൾ അമർനാഥ്‌ പ്രശ്നമായി ആളിക്കത്താൻപോകുന്നത്‌. ഗവർണർ ക്ഷേത്രബോർഡിന്റെ ചെയർമാനായതാണ്‌ ഏറ്റവും ബുദ്ധിശൂന്യമായ നടപടി. അദ്ദേഹം ഒരു അപേക്ഷ മുന്നോട്ടുവയ്ക്കുകയും സർക്കാർ അത്‌ അനുവദിക്കുകയും മുസ്ലീങ്ങൾ അതിനെതിരെ പ്രതികരിക്കുകയും അപ്പോൾ അപേക്ഷ പിൻവലിക്കുകയും ചെയ്തതൊക്കെ ശീർഷകത്തിൽ പറഞ്ഞ സ്റ്റുപ്പിഡ്‌ പൊളിറ്റീഷ്യൻസിന്റെയും ഇഡിയോട്ടിക്‌ ബ്യൂറോക്രാറ്റ്സിന്റെയും രാഷ്ട്രബോധവും പൗരസ്നേഹവുമില്ലാത്ത അവസരവാദ നടപടികളായിരുന്നു.

സംഘപരിവാർ വടിവെട്ടാൻ പോയിട്ടേയുള്ളൂ. അടിവരാൻ ഇരിക്കുന്നതേയുള്ളൂ.

Wednesday, July 2, 2008

കൊലയാളികൾ ഫാ. കോട്ടൂരും ഫാ. പൂതൃക്കയും സി. സെഫിയുമെന്ന്‌ സിബിഐ

ടൈറ്റസ്‌ കെ.വിളയിൽ
കൊച്ചി: സിസ്റ്റർ അഭയ കൊലപ്പെടുത്തിയതിനുപിന്നൽ ക്നാനായ സഭയുടെ മോഡറേറ്റർ ഫാ. തോമസ്‌ എം. കോട്ടൂർ, ബി.സി.എം കോളേജ്‌ അദ്ധ്യാപകനായിരുന്ന ഫാ. ജോസ്‌ പൂതൃക്ക, പയസ്‌ ടെന്ത്‌ ഹോസ്റ്റലിലെ സിസ്റ്റർ സെഫി എന്നിവർക്ക്‌ പങ്കുണ്ടെന്ന്‌ സിബിഐ കണ്ടെത്തി. അന്വേഷണം കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കി, പ്രതികൾക്ക്‌ കുറ്റപത്രം നൽകാനാണ്‌ സിബിഐ തീരുമാനം. അന്വേഷണ പുരോഗതി സിബിഐ മേധാവി ഹൈക്കോടതിയെ അറിയിച്ചു.

ഫാദർ തോമസ്‌ കോട്ടൂർ ഉൾപ്പെടെ മൂന്നുപേരെ നാർക്കോ പരിശോധനയ്ക്ക്‌ വിധേയരാക്കിയതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരങ്ങൾ സിബിഐസംഘത്തെ സഹായിച്ചിട്ടുണ്ട്‌. അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അന്വേഷണം അപൂർണമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ ആയിരുന്ന പി.ഡി.ശാർൻങ്ഗധരൻ 2006 ആഗസ്ത്‌ 21ന്‌ അതിനിശിതമായി സിബിഐയെ കുറ്റപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്നാണ്‌ കഴിഞ്ഞവർഷം ജൂണിൽ സിബിഐ ഡൽഹി യൂണിറ്റിലെ എസ്പി കൃഷ്ണയുടെ നേതൃത്വത്തിൽ പുതിയ സംഘം കേസ്‌ അന്വേഷിക്കാൻ തുടങ്ങിയത്‌. അന്വേഷണം പുനരാരംഭിച്ച ശേഷമാണ്‌ ഫാദർ കോട്ടൂർ ഉൾപ്പെടെ മൂന്നുപേരെ നാർക്കോ പരിശോധനയ്ക്ക്‌ വിധേയരാക്കിയത്‌. അറ്റുപോയ തെളിവിന്റെ കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അറിയിച്ചുകൊണ്ട്‌ എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ സിബിഐ ഇക്കഴിഞ്ഞ ജൂൺ 4ന്‌ അന്വേഷണപുരോഗതി റിപ്പോർട്ട്‌ നൽകിയിരുന്നു.

ഇതുവരെയായി 30ഓളം സാക്ഷികളെ സിബിഐ സംഘം ചോദ്യംചെയ്ത്‌ തെളിവെടുത്തിട്ടുണ്ട്‌. മുൻ സംഘങ്ങൾക്ക്‌ ലഭിച്ച വിവരങ്ങളിൽ കൂടുതൽ പുതിയ സംഘത്തിന്‌ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌. നാർക്കോ പരിശോധനയിൽനിന്ന്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്‌ ആഴം കൂടുകയും ചെയ്തിട്ടുണ്ട്‌.

1992 മാർച്ച്‌ 27 നാണ്‌ കോട്ടയത്തെ പയസ്‌ ടെന്ത്‌ കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്‌.

കൂത്തമ്പലം അനാഥമായി...




കൂടിയാട്ടത്തെ ജനകീയമാക്കുകയും, കടലുകൾക്കപ്പുറത്തും ഈ കലയ്ക്ക്‌ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത കുലപതി അമ്മന്നൂർ മാധവ ചാക്യാർ ഇനി നിറസ്മരണ....!

എട്ടു പതിറ്റാണ്ട്‌ അരങ്ങിൽ ജ്വലിച്ച അഭിനയപൂർണിമ അസ്തമിച്ചു....!!

വാചികാഭിനയത്തിലും രസികാഭിനയത്തിലും കാലാതിവർത്തിയായ ഓർമകൾ, കൂടിയാട്ടപ്രേമികൾക്ക്‌ പകർന്നുനൽകിയശേഷമാണ്‌ ആ ജീവിതത്തിന്‌ കാലം തിരശീലയിട്ടത്‌.

ഉദ്യാനപ്രവേശനത്തിലെ കാമലോലുപനായ രാവണൻ, ബാലിവധത്തിലെ ബാലി, തോരണയുദ്ധത്തിലെ പാർവതീ വിരഹം, കൈലാസോദ്ധാരണത്തിലെ ഉദ്ധൃതനായ ലങ്കാപതി... അമ്മന്നൂരിന്റെ അനന്യവും അനുപമവുമായ അഭിനയസിദ്ധികൊണ്ട്‌ അനശ്വരരായ കഥാപാത്രങ്ങൾ.

കൂടിയാട്ടത്തിന്റെ കുലപതിസ്ഥാനം അലങ്കരിച്ചപ്പോഴും അഭിനയത്തിന്റെ നവീനസാധ്യതകൾ നിരന്തരം ആരാഞ്ഞുകൊണ്ടിരുന്ന വിനീതനായ കലാകാരൻ.

ക്ഷേത്രമതിൽക്കെട്ടിനുളളിൽ സാങ്കേതിക ജഡിലതകളോടെ സാധാരണക്കാർക്ക്‌ അന്യമായിരുന്ന കൂത്തിനെ നവീകരിച്ച്‌ ജനകീയമാക്കി, ആ കലാരൂപത്തെ അന്യംനിന്നുപോകുന്നതിൽനിന്ന്‌ സംരഷിച്ച സമർപ്പിത തേജസ്‌.

ഭക്തിരസപ്രധാനമായ പുരാണകഥകളെ വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്ക്‌ നേരെനിർത്തി നർമത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിചേർത്ത്‌ മറ്റാർക്കും നടത്താനാവാത്ത സാമുഹിക വിമർശനം നടത്തിയ പ്രതിബദ്ധിതനായ കലാകാരൻ...

ഇനിയെല്ലാം ഓർമകൾ മാത്രം.

അനാഥമാക്കപ്പെട്ട കൂത്തമ്പലങ്ങൾക്കും മൗനം ഇനി പീഠമിട്ടിരിക്കുന്ന വേദികൾക്കും മുമ്പിൽ ആ അപൂർവകലാകാരനെ സ്മരിച്ച്‌ അഞ്ജലീബദ്ധരായി ഞങ്ങളും......
- വാസ്തവം ടീം

ഒരുവൻ എത്രത്തോളം കഞ്ഞികുടിക്കും...?

പത്തു ലഭിച്ചാൽ നൂറിനു ദാഹം
നൂറിനെ ആയിരമാക്കാൻ മോഹം
ആയിരമോ പതിനായിരമാകണം
ആശയ്ക്കുലകിതിൽ അളവുണ്ടാമോ...

കമുകറ പാടിയ ഈ പഴമ്പാട്ടിന്റെ ഈണം മലയാളിയുടെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട്‌.

ആർക്കും ഒന്നും മതിയാകില്ല എന്നത്‌ ഒരു ലോകതത്വമാണ്‌. അതാണീ പാട്ടിന്റെ പൊരുൾ! തൊണ്ണൂറിന്റെ നിറവിൽ കേരളത്തിന്റെ ലീഡർ സാക്ഷാൽ കെ. കരുണാകരനും പറയുന്നത്‌ ഇക്കാര്യം തന്നെയാണ്‌ 'ഞാൻ പൂർണ തൃപ്തനല്ല'.

രാഷ്ട്രീയത്തിൽ കരുണാകരൻ പ്രധാനമന്ത്രി, ഗവർണർ, രാഷ്ട്രപതി തുടങ്ങിയ സ്ഥാനങ്ങൾ കൂടിയേ വഹിക്കാനുള്ളൂ. ഈ മൂന്നു സ്ഥാനങ്ങളും ഒന്നൊന്നായി ഏറ്റെടുത്തു നടത്താനുള്ള ബാല്യം കെ. കരുണാകരന്‌ ഇനിയും ബാക്കിയുണ്ടുതാനും. അതിനുള്ള യോഗം നാട്ടുകാർക്കുണ്ടോ എന്നതു മാത്രമേ അറിയാനുള്ളൂ!

ഒരാളെക്കൊണ്ട്‌ 'എനിക്കു മതിയായേ....' എന്നു പറയിപ്പിക്കാനാവുമ്പോഴാണ്‌ ആ മനുഷ്യൻ പൂർണതൃപ്തനായി എന്നു തീർത്തു പറയാനാവൂ.

ഒരാൾക്ക്‌ അധികാരം കൊടുത്തുനോക്കൂ; ദേവേന്ദ്രന്റെ മുകളിൽ എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ അതുകൂടി കിട്ടിയാലും ആൾ 'എനിക്കുമതിയായേ....' എന്നു പറയണമെന്നില്ല. ആശാന്‌ അടക്കിഭരിക്കാൻ ഇനിയും കിടക്കുന്നു സൗരയൂഥങ്ങൾ!

ഒരുവൾക്ക്‌ സൗന്ദര്യം വാരിക്കോരി കൊടുത്തുനോക്കൂ; ലോകസുന്ദരി, വിശ്വസുന്ദരി, പ്രപഞ്ചസുന്ദരി.... ഇനി വല്ല പട്ടവും ബാക്കിയുണ്ടോയെന്നു തേടി പാഞ്ഞു ദാഹിച്ചു മോഹിച്ചു വെടിതീർന്നുപോകും ആ പാവം!

ഒരുവന്‌ കയ്യും കണക്കുമില്ലാതെ സ്വത്തുകൊടുക്കൂ; ആദ്യം ആളുതാമസിക്കുന്ന പഞ്ചായത്തും വന്നുവന്ന്‌ ഇന്ത്യാ മഹാരാജ്യം അങ്ങനെതന്നെ തന്റെ പേരിൽ വാങ്ങിക്കൂട്ടിയാലും ലോകം മുഴുവനും, പറ്റിയാൽ ചൊവ്വയും പ്ലൂട്ടോയും വരെ വിലപറയാൻ നടക്കും ആ 'വേദനിക്കുന്ന കോടീശ്വരൻ'!

ഒരാൾക്ക്‌ ഒരു കലം കഞ്ഞി കൊടുത്തുനോക്കൂ... ഒരു പാത്രം അതിവേഗത്തിൽ അകത്താക്കും. രണ്ടാമത്തെ പാത്രം പതിയെ അകത്താക്കാനാവും. മൂന്നാമത്തെ പാത്രത്തിൽ മുന്നേറാനാവാതെ ആൾ പറയും 'എനിക്കു മതിയായേ....'

ഇക്കാരണത്താലാവണം 'അന്നദാനം' എന്ന 'നേർച്ച' അല്ലെങ്കിൽ 'വഴിപാട്‌' കാരണവന്മാർ കണ്ടുപിടിച്ചുവച്ചത്‌.

ഒരാളെ പൂർണ തൃപ്തനാക്കാൻ വയറുനിറയെ കഞ്ഞികൊടുക്കലല്ലാതെ വേറൊരു വഴിയും മോഡേൺ സയൻസിലെ മഹാപരാക്രമികളായ ശാസ്ത്രജ്ഞർക്കുപോലും നാളിതുവരെ കണ്ടുപിടിക്കാനായിട്ടില്ല. അതുകൊണ്ടാണ്‌ 'മണ്ണിതു മായാ നാടകരംഗം...' എന്നു നാം പാടുന്നത്‌.

Tuesday, July 1, 2008

ഒരു ഡിവൈഎഫ്‌ഐ ഫലിതം

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ്‌ ഒരു ഹാസ്യകഥാപാത്രമൊന്നുമല്ല. പ്രശ്നങ്ങളെ അവയുടെ അർഹിക്കുന്ന ഗൗരവത്തിൽ കാണുകയും അദ്ദേഹം ഉൾക്കൊണ്ട മാർക്ക്സിയൻ വീക്ഷണം അനുസരിച്ച്‌ വിശകലനം ചെയ്യുകയും അദ്ദേഹം നേതൃത്വം നൽകുന്ന സംഘടനയുടെ താൽപര്യമനുസരിച്ച്‌ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഗൗരവസ്വഭാവമുള്ള സഖാവ്‌ തന്നെയാണ്‌. പാർട്ടിക്കുള്ളിലെ വിഭാഗീയതാ തർക്കത്തിൽ പിണറായിക്കൊപ്പം നിൽക്കുന്നത്‌ ആ സഖാവിന്റെ നിലപാടാണ്‌ പാർട്ടിക്കും പാർട്ടിയിലെ യുവനേതാക്കന്മാർക്കും അണികൾക്കും ഏറെ ഗുണകരമെന്ന്‌ തിരിച്ചറിഞ്ഞിട്ടുതന്നെയാണ്‌. സ്വരാജിനെപ്പോലെ വിടുവായിത്തം പറയുന്ന സ്വഭാവം രാജേഷിന്‌ ഇല്ലേയില്ല. എന്നിട്ടും കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ രണ്ട്‌ പ്രസ്താവനകൾ ചിരിച്ചുമണ്ണുകപ്പാൻ വകനൽകുന്നതാണ്‌.

ആത്മീയവ്യാപാരത്തിനും ആർഭാട വിവാഹത്തിനുമെതിരെ സംസ്ഥാനമൊട്ടാകെ ഡിവൈഎഫ്‌ഐ പ്രചാരണമാരംഭിക്കുമെന്നാണ്‌ പത്രസമ്മേളനം വിളിച്ചുകൂട്ടി അദ്ദേഹം പറഞ്ഞത്‌. കേരളത്തിന്‌ നഷ്ടമായ യുക്തിബോധം വീണ്ടെടുക്കുന്ന രണ്ടാം നവോത്ഥാന പ്രസ്ഥാനമായിരിക്കും ഇതെന്നും അദ്ദേഹം അഭിമാനപൂർവം അവകാശപ്പെട്ടു.

'ആചാരരഹിതം, ആർഭാടരഹിതം വിവാഹം' എന്ന മുദ്രാവാക്യം സംസ്ഥാനത്തൊട്ടാകെ പ്രചരിപ്പിക്കാൻ വേണ്ടി പഞ്ചായത്ത്‌-നഗരസഭാ തലത്തിൽ നവകേരള സമിതികൾ രൂപീകരിച്ചായിരിക്കും രാജേഷിയൻ നവോത്ഥാനപ്രസ്ഥാനത്തിന്റെ പടയോട്ടം ആരംഭിക്കുക. ആത്മീയവ്യാപാരത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളും ദുരൂഹതകളും പുറത്തുകൊണ്ടുവരുന്നതിനൊപ്പം ആഘോഷവേളകൾ മദ്യവിമുക്തമാക്കാനുള്ള പ്രചാരണവും നടത്തും. അരാജകത്വമാഫിയാ പ്രവർത്തനങ്ങൾക്ക്‌ മദ്യം ഇന്ധനമാകുമെന്നാണ്‌ രാജേഷിന്റെ പുതിയ കണ്ടുപിടുത്തം. വിവാഹധൂർത്തിനെതിരെ ഈ സമിതികൾ പോരാടുന്നതു കൂടാതെ ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ടവർ സ്ത്രീധനം വാങ്ങുന്നത്‌ ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നടപടിയുമെടുക്കും. തീർന്നില്ല, സമൂഹവിവാഹം പ്രോത്സാഹിപ്പിക്കുകയും മിശ്രവിവാഹിത സംഗമങ്ങൾ നടത്തുകയും ചെയ്യും.

ശ്രീനാരായണ ഗുരുവിനുശേഷം സമഗ്രമായ സാമുഹിക പരിഷ്ക്കരണ പാക്കേജ്‌ മുന്നോട്ടുവയ്ക്കുന്നത്‌ ടി.വി. രാജേഷാണ്‌. അതിൽ അദ്ദേഹത്തിന്‌ എന്തുകൊണ്ടും അഭിമാനിക്കാം. മുൻപ്‌ കേരളത്തിലെ ചെറുപ്പക്കാർക്ക്‌ സർക്കാർ ജോലികൾ മാത്രം പ്രതീക്ഷിക്കാൻ കഴിഞ്ഞിരുന്ന കാലത്ത്‌ ഡിവൈഎഫ്‌ഐ നടത്തിയ പുളകകാരികളായ സമരപ്രക്ഷോഭങ്ങളുടെ ഓർമകളെ തട്ടിയുണർത്തുന്നതാണ്‌ ടി.വി. രാജേഷിന്റെ ഈ പത്രസമ്മേളന പ്രഖ്യാപനം. അഴിമതിക്കെതിരെ കാസർകോടുമുതൽ കന്യാകുമാരിവരെ മനുഷ്യച്ചങ്ങല തീർക്കുകയും വില്ലേജ്‌ ഓഫീസുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സക്രിയമായി ഇടപെടുകയും ചെയ്ത ഒരു കാലം ഡിവൈഎഫ്‌ഐക്കുണ്ടായിരുന്നു. അന്ന്‌ യുഡിഎഫ്‌ സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും എല്ലാ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ആദ്യം പിടഞ്ഞെതിർത്തിരുന്നത്‌ ഡിവൈഎഫ്‌ഐ ആയിരുന്നു. അതിന്റെ പേരിൽ അന്നത്തെ നേതാക്കന്മാരിൽ ഭൂരിപക്ഷത്തിനും പോലീസിന്റെ ലാത്തിയടി ഇഷ്ടം പോലെ ലഭിച്ചതാണ്‌. അങ്ങനെ അധികാരവർഗത്തിന്റെ മർദ്ദനോപാധികളെ അതിജീവിച്ച്‌ വിപ്ലവത്തിന്റെ തീയിൽ കുരുത്തവരുടെ സന്തതിപരമ്പരയ്ക്കാണ്‌ ടി.വി. രാജേഷ്‌ ഇപ്പോൾ നേതൃത്വം നൽകുന്നത്‌. സർക്കാർ ജോലി കൂടാതെ മറ്റു ജോലികൾ ഇന്ന്‌ സുലഭമായതുകൊണ്ട്‌ ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ സമരങ്ങൾക്ക്‌ ആളെ കിട്ടാനില്ലാത്തതുകൊണ്ടൊന്നുമല്ല സാമുഹിക പരിഷ്ക്കരണത്തിന്‌ ടി.വി. രാജേഷും ഡിവൈഎഫ്‌ഐയും ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്ന്‌ പ്രബുദ്ധരായ മലയാളികൾ പ്രത്യേകം മനസിലാക്കണം. ബോധവൽക്കരണമാണ്‌ സാമുഹികവും രാഷ്ട്രീയവും സാമുദായികവും സാംസ്ക്കാരികവുമായ വിപ്ലവത്തിന്‌ ഇന്റർനെറ്റിന്റെയും മൊബെയിൽഫോണിന്റെയും ലാപ്ടോപ്പിന്റെയും ഈ കാലഘട്ടത്തിൽ ഏറ്റവും ചെലവുകുറഞ്ഞതും മെനക്കേടില്ലാത്തതുമായ രീതിയെന്ന്‌ ടി.വി. രാജേഷും തിരിച്ചറിഞ്ഞിരിക്കുന്നു.

കേരള ചരിത്രത്തിൽ നാഴികക്കല്ലായ കുണ്ടറ വിളംബരം പോലെ നാളെ ചരിത്രം രേഖപ്പെടുത്താൻ പോകുന്നതാണ്‌ രാജേഷിന്റെ ഈ ആലപ്പുഴ വിളംബരം. ഈ വിളംബരത്തിൽ ഊന്നൽ നൽകിയിട്ടുള്ള ക്രിയാത്മകത സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട്‌. ആത്മീയതയും വിവാഹധൂർത്തും മദ്യപാനവും യുവജനങ്ങൾ അടക്കമുള്ളവരിൽ നേടിയിട്ടുള്ള സ്വാധീനത്തിന്റെ തായ്‌വേര്‌ പിഴുതെറിയാൻ സമരമല്ല മറിച്ച്‌ പ്രചാരണമാണ്‌ ഏറ്റവും ശക്തമായ ആയുധമെന്ന്‌ രാജേഷും കണ്ടെത്തിയിരിക്കുന്നു. രാജേഷിന്റെയും ഡിവൈഎഫ്‌ ഐയുടെയും ഈ പുതിയ നവോത്ഥാന വിപ്ലവം ഫലം കാണുമെന്നുതന്നെ വിശ്വസിക്കാനാണ്‌ ഞങ്ങൾക്കിഷ്ടം. വെറുതെ എന്തിന്‌ ദോഷൈക ദൃക്‌കാകണം. രാജേഷും ഡിവൈഎഫ്‌ഐയും മുന്നോട്ടുവയ്‌ ക്കുന്നതു കൊണ്ടുമാത്രം ഒരാശയവും നിരീശ്വരവാദപരമാണെന്നും അത്‌ വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുമെന്നുമൊക്കെ പറയാൻ ഞങ്ങൾ ബിഷപ്‌ ജോസഫ്‌ കാരക്കാശേരിയോ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തോ ഡോ. ഡാനിയേൽ അച്ചാരുപറമ്പിലോ മാർ ആൻഡ്രൂസ്‌ താഴത്തോ ഒന്നുമല്ല. അത്രയ്ക്ക്‌ സങ്കുചിതമൊന്നുമല്ല ഞങ്ങളുടെ മനസും വീക്ഷണവും.

അതിന്റെ ഫലശ്രുതി എന്തായിരിക്കുമെന്ന്‌ അദ്ദേഹം തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്‌. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ കോടിയേരിയുടെ നക്ഷത്രവിവാഹം ആഡംബരമേ ആയിരുന്നില്ലായെന്നാണ്‌ രാജേഷിന്റെ വാദം. വിവാഹത്തിനു പങ്കെടുക്കാൻ വന്നവർക്ക്‌ ഒരുപിടി ചോറും മറ്റും മറ്റും നൽകുന്നത്‌ മലബാറിന്റെ സംസ്‌ ക്കാരമാണെന്ന്‌ ബിനീഷ്‌ കോടിയേരിതന്നെ എത്ര ചാനലുകളിലൂടെയാണ്‌ പറഞ്ഞുറപ്പിച്ചത്‌. അതുതന്നെയാണ്‌ രാജേഷിന്റെയും നിലപാട്‌. സ്വരാജിനെപ്പോലെയുള്ളവർ നായർപെണ്ണിനെത്തന്നെ കണ്ടെത്തി നിറപറയും നിലവിളക്കും കുരവയുമൊക്കെയായി കല്യാണം കഴിച്ച സ്ഥിതിക്ക്‌ സിന്ധുജോയിയെപോലുള്ളവരുടെ കാര്യത്തിൽ അത്തരം ആർഭാടങ്ങളൊന്നും അനുവദിക്കുകയില്ലാ എന്നു പറയുന്നതിൽ യുക്തിയൊക്കെയുണ്ട്‌. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള മാർക്ക്സിസ്റ്റ്‌ മന്ത്രിമാർ വീട്‌ മോടിപിടിപ്പിക്കാൻ ചെലവിട്ട നികുതിപ്പണവും അവരുടെ യാത്രയും ജീവിതവും സുരക്ഷിതമാക്കാനുപയോഗിക്കുന്ന പോലീസ്‌ അകമ്പടിയുമൊന്നും ആഡംബരത്തിന്റെ ഭാഗമല്ല എന്നാണ്‌ ഭംഗ്യന്തരേണ രാജേഷ്‌ പറഞ്ഞുവയ്ക്കുന്നത്‌.

ഇപ്പോൾ വ്യക്തമാകുന്നില്ലേ രാജേഷും ഡിവൈഎഫ്‌ഐയും ആരംഭിക്കാൻ പോകുന്ന രണ്ടാം നവോത്ഥാന വിപ്ലവത്തിന്റെ ലക്ഷ്യമെന്താണെന്നും മാർഗമെന്തായിരിക്കുമെന്നും?

കെഎസ്‌യു പിള്ളേരും എംഎസ്ഫ്‌ പിള്ളേരും കുറെ പാതിരിമാരും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ പ്രക്ഷുബ്ധതകൾക്കിടയിൽ ഇത്തരം ചില നർമോക്തികൾ വീണുകിട്ടുന്നതുകൊണ്ടല്ലേ നമ്മളൊക്കെ പൂർണമായും അരസികന്മാരായി പരിണമിക്കാത്തത്‌....?