Wednesday, July 2, 2008

ഒരുവൻ എത്രത്തോളം കഞ്ഞികുടിക്കും...?

പത്തു ലഭിച്ചാൽ നൂറിനു ദാഹം
നൂറിനെ ആയിരമാക്കാൻ മോഹം
ആയിരമോ പതിനായിരമാകണം
ആശയ്ക്കുലകിതിൽ അളവുണ്ടാമോ...

കമുകറ പാടിയ ഈ പഴമ്പാട്ടിന്റെ ഈണം മലയാളിയുടെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട്‌.

ആർക്കും ഒന്നും മതിയാകില്ല എന്നത്‌ ഒരു ലോകതത്വമാണ്‌. അതാണീ പാട്ടിന്റെ പൊരുൾ! തൊണ്ണൂറിന്റെ നിറവിൽ കേരളത്തിന്റെ ലീഡർ സാക്ഷാൽ കെ. കരുണാകരനും പറയുന്നത്‌ ഇക്കാര്യം തന്നെയാണ്‌ 'ഞാൻ പൂർണ തൃപ്തനല്ല'.

രാഷ്ട്രീയത്തിൽ കരുണാകരൻ പ്രധാനമന്ത്രി, ഗവർണർ, രാഷ്ട്രപതി തുടങ്ങിയ സ്ഥാനങ്ങൾ കൂടിയേ വഹിക്കാനുള്ളൂ. ഈ മൂന്നു സ്ഥാനങ്ങളും ഒന്നൊന്നായി ഏറ്റെടുത്തു നടത്താനുള്ള ബാല്യം കെ. കരുണാകരന്‌ ഇനിയും ബാക്കിയുണ്ടുതാനും. അതിനുള്ള യോഗം നാട്ടുകാർക്കുണ്ടോ എന്നതു മാത്രമേ അറിയാനുള്ളൂ!

ഒരാളെക്കൊണ്ട്‌ 'എനിക്കു മതിയായേ....' എന്നു പറയിപ്പിക്കാനാവുമ്പോഴാണ്‌ ആ മനുഷ്യൻ പൂർണതൃപ്തനായി എന്നു തീർത്തു പറയാനാവൂ.

ഒരാൾക്ക്‌ അധികാരം കൊടുത്തുനോക്കൂ; ദേവേന്ദ്രന്റെ മുകളിൽ എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ അതുകൂടി കിട്ടിയാലും ആൾ 'എനിക്കുമതിയായേ....' എന്നു പറയണമെന്നില്ല. ആശാന്‌ അടക്കിഭരിക്കാൻ ഇനിയും കിടക്കുന്നു സൗരയൂഥങ്ങൾ!

ഒരുവൾക്ക്‌ സൗന്ദര്യം വാരിക്കോരി കൊടുത്തുനോക്കൂ; ലോകസുന്ദരി, വിശ്വസുന്ദരി, പ്രപഞ്ചസുന്ദരി.... ഇനി വല്ല പട്ടവും ബാക്കിയുണ്ടോയെന്നു തേടി പാഞ്ഞു ദാഹിച്ചു മോഹിച്ചു വെടിതീർന്നുപോകും ആ പാവം!

ഒരുവന്‌ കയ്യും കണക്കുമില്ലാതെ സ്വത്തുകൊടുക്കൂ; ആദ്യം ആളുതാമസിക്കുന്ന പഞ്ചായത്തും വന്നുവന്ന്‌ ഇന്ത്യാ മഹാരാജ്യം അങ്ങനെതന്നെ തന്റെ പേരിൽ വാങ്ങിക്കൂട്ടിയാലും ലോകം മുഴുവനും, പറ്റിയാൽ ചൊവ്വയും പ്ലൂട്ടോയും വരെ വിലപറയാൻ നടക്കും ആ 'വേദനിക്കുന്ന കോടീശ്വരൻ'!

ഒരാൾക്ക്‌ ഒരു കലം കഞ്ഞി കൊടുത്തുനോക്കൂ... ഒരു പാത്രം അതിവേഗത്തിൽ അകത്താക്കും. രണ്ടാമത്തെ പാത്രം പതിയെ അകത്താക്കാനാവും. മൂന്നാമത്തെ പാത്രത്തിൽ മുന്നേറാനാവാതെ ആൾ പറയും 'എനിക്കു മതിയായേ....'

ഇക്കാരണത്താലാവണം 'അന്നദാനം' എന്ന 'നേർച്ച' അല്ലെങ്കിൽ 'വഴിപാട്‌' കാരണവന്മാർ കണ്ടുപിടിച്ചുവച്ചത്‌.

ഒരാളെ പൂർണ തൃപ്തനാക്കാൻ വയറുനിറയെ കഞ്ഞികൊടുക്കലല്ലാതെ വേറൊരു വഴിയും മോഡേൺ സയൻസിലെ മഹാപരാക്രമികളായ ശാസ്ത്രജ്ഞർക്കുപോലും നാളിതുവരെ കണ്ടുപിടിക്കാനായിട്ടില്ല. അതുകൊണ്ടാണ്‌ 'മണ്ണിതു മായാ നാടകരംഗം...' എന്നു നാം പാടുന്നത്‌.

0 comments :