Monday, March 31, 2008

കവിയരങ്ങുകളുടെ കുലപതി വേദിയൊഴിഞ്ഞു

പത്തനംതിട്ട: മലയാള കവിതയില്‍ പരമ്പരാഗത ശീലങ്ങള്‍ മറികടന്ന്‌ ആധുനിക കവിതകളെ സാധാരണക്കാരിലെത്തിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്‍ നിര്യാതനായി.

പടയണി പാട്ടുകളുടെ സ്വാധീനം തുളുമ്പി നിന്ന കവിതകളിലൂടെ സാധാരണക്കാരില്‍ ശക്ത മായ സ്വാധീനം ചെലുത്തിയ കടമനിട്ട സ്വന്ത മായ കവിതാലാപന ശൈലിയിലൂടെ കവിയര ങ്ങുകള്‍ക്ക്‌ ആവേശം പകര്‍ന്നിരുന്നു.

ആ സാന്നിധ്യവും ശബ്ദഗാംഭീര്യവും ഇനി മുഴങ്ങുന്ന സ്മരണകള്‍.

പത്തനംതിട്ടയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന്‌ രാവിലെ 8.50 നാണ്‌ മരണം സംഭവിച്ചത്‌. കഴിഞ്ഞ മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായി രുന്നു. മൂന്ന്‌ ദിവസം മുന്‍പാണ്‌ അദ്ദേഹത്തെ പത്തനംതിട്ടയില്‍ എത്തിച്ചത്‌. രോഗം മൂര്‍ഛിച്ച തിനെ തുടര്‍ന്ന്‌ ഞായറാഴ്ച രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1935 മാര്‍ച്ച്‌ 22ന്‌ പത്തനംതിട്ടയ്ക്കടുത്തുള്ള കടമ്മനിട്ടയില്‍ ജനിച്ചു. പടയണി ആശാനാ യിരുന്ന കാട്ടൂര്‍ കാരുവള്ളില്‍ മേലത്തറയില്‍ രാമന്‍ നായരാണ്‌ പിതാവ്‌. മാതാവ്‌ കുട്ടിയമ്മ. വടക്കേമുറിയില്‍ കേശവക്കുറുപ്പാശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം ആരംഭിച്ചു. കടമ്മനിട്ട ഗവ. മിഡില്‍ സ്കൂള്‍, പത്തനംതിട്ട ഗവ. ഹൈസ്കൂള്‍, മെയിലപ്ര സേക്രഡ്‌ ഹാര്‍ട്‌ ഹൈസ്കൂള്‍, കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയം സിഎംഎസ്‌ കോളജിലും ചങ്ങനാശേരി എന്‍എസ്‌എസ്‌ ഹിന്ദു കോള ജിലുമായി കോളജ്‌ വിദ്യാഭ്യാസം.

1957 ല്‍ ബിഎ പൊളിറ്റിക്സ്‌ പാസായി. ഒരു കൊല്ലത്തോളം നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ കഴിഞ്ഞ ശേഷം തൊഴിലന്വേഷിച്ച്‌ നാടുവിട്ട കടമ്മനിട്ട കൊല്‍ക്കത്തയിലാണെത്തിയത്‌. അവി ടെ ഒരു ഖാദി ഭണ്ഡാറില്‍ തൊഴില്‍ പരിശീലനം നേടി. 1959 ല്‍ മദിരാശിയില്‍ പോസ്റ്റല്‍ അക്കൗ ണ്ട്സ്‌ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1967 ല്‍ തിരുവനന്തപുരത്തേക്ക്‌ മാറിയ അദ്ദേഹം 1992 ലാണ്‌ ജോലിയില്‍ നിന്നും വിരമിച്ചത്‌.

ശാന്ത, കുറത്തി, കാട്ടാളന്‍, കടമ്മനിട്ട, ചാക്കാല, കിരാതവൃത്തം തുടങ്ങിയവയാണ്‌ പ്രധാന കവിതകള്‍.

1992 ല്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വൈസ്‌ പ്രസിഡന്റും 2002 ല്‍ പ്രസിഡന്റുമായി.

1996 ല്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ നേടി.

മദിരാശി ജീവിതത്തിനിടെയാണ്‌ കടമ്മനിട്ട ഗൗരവമായി കവിതയെഴുതി തുടങ്ങിയത്‌. തന്റെ കവിതകള്‍ സ്വകീയമായ ശൈലിയില്‍ ചൊല്ലുന്നതിലൂടെ മലയാളത്തില്‍ പുതിയൊരു കാവ്യസംസ്കാരം വളര്‍ത്തിയ കടമ്മനിട്ടയുടെ പുസ്തക രൂപത്തിലായ ആദ്യ കൃതി കേരള കവിതാ ഗ്രന്ഥവരിയുടെ കവിതയാണ്‌.

കടമ്മനിട്ടയുടെ കവിതകള്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിശ്രതാളം, കടിഞ്ഞൂല്‍പൊട്ടന്‍, എന്നിവയാണ്‌ മറ്റ്‌ കാവ്യ സമാഹാരങ്ങള്‍. സൂര്യശില(ഒക്ടാവിയോ പാസ്‌), ഗോദോയെ കാത്ത്‌(സാമുവല്‍ ബക്കറ്റ്‌) എന്നിവ പരിഭാഷകളാണ്‌. ആശാന്‍ പ്രൈസ്‌, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, ന്യൂയോര്‍ക്ക്‌ മലയാളി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്‌, ഒമാന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്‌, അബുദാബി മലയാളി സമാജം അവാര്‍ഡ്‌ എന്നീ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

1996 ലെ തിരഞ്ഞെടുപ്പില്‍ എം.വി.രാഘവനെ ആറന്‍മുളയില്‍ തോല്‍പിച്ച്‌ അദ്ദേഹം നിയമസഭയിലെത്തി. 2001 ല്‍ കോന്നിയില്‍ നിന്നു വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സിലെ അടൂര്‍ പ്രകാശിനോടു തോറ്റു .

ഭാര്യ: ശാന്ത. മക്കള്‍: ഗീതാ ദേവി, ഗീതാകൃഷ്ണന്‍.

അവനവന്‌ ഫത്‌വ

'അവനവന്‍ നന്നായാല്‍ മതി,
ലോകം നന്നായിക്കൊള്ളും'

ലോകത്തെ സകല മൂരാച്ചികളും പുതുതലമുറയെ ഉപദേശിക്കുന്നൊരു സൂത്രവാക്യമാണിത്‌. കേട്ടാല്‍, അതാണല്ലൊ അതിന്റെയൊരു ശരി എന്ന്‌ ഏത്‌ പൊട്ടനും തോന്നിപ്പോകും. കാരണം വ്യക്തി നന്നായാല്‍ വ്യക്തികള്‍ ചേര്‍ന്ന കുടുംബം നന്നാവും. കുടുംബം നന്നായാല്‍ കുടുംബങ്ങള്‍ ചേര്‍ന്ന സമൂഹം നന്നാവും. സമൂഹങ്ങള്‍ നന്നായാല്‍ സമൂഹങ്ങള്‍ ചേര്‍ന്ന രാജ്യങ്ങള്‍ നന്നാവും. രാജ്യങ്ങള്‍ നന്നായാല്‍ ലോകം ആകെ മൊത്തം ടോട്ടല്‍ നന്നാവും! കേള്‍ക്കാന്‍ എന്തു സുഖം!

വ്യക്തി നന്നായിട്ട്‌ ലോകത്തിന്നുവരെ യാതൊരു വിപ്ലവവും നടന്നിട്ടില്ലെന്നത്‌ സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു യാഥാര്‍ത്ഥ്യമത്രെ! ലോകത്തെ നവീകരിച്ചത്‌ സംഘടിതമായ മുന്നേറ്റങ്ങളാണ്‌. സ്വാതന്ത്ര്യസമരത്തില്‍ സിഗരറ്റുവലിക്കാര്‍, മദ്യപാനികള്‍, സ്വയംഭോഗികള്‍ ഒന്നും വേണ്ട, നൂറുശതമാനം നല്ല മനുഷ്യര്‍ മാത്രം മതിയെന്ന്‌ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നുവെങ്കിലത്തെ സ്ഥിതി വെറുതെയെന്നാലോചിക്കുക!

സായിപ്പിവിടെ കിടന്ന്‌ 2008ലും ഭരിച്ചു നരകിച്ചേനെ!

ലോകമെമ്പാടും നടന്ന വിപ്ലവങ്ങളൊക്കെ നോക്കുക. നല്ലവരും ചീത്തവരുമൊക്കെ കൂടി നടത്തിയ ശ്രമങ്ങളാണ്‌ അവിടെയൊക്കെ വിജയം കണ്ടത്‌.

ഇന്നത്തെ പത്രങ്ങളില്‍ ഉള്‍പ്പേജില്‍ ഒറ്റകോളത്തില്‍ ഒരു വാര്‍ത്തയുണ്ട്‌. ദില്ലിയില്‍ ദേവ്ബന്ദില്‍ ദാരുല്‍ ഉലമയുടെ മതശാസനയാണത്‌. കാര്യം കേട്ടാല്‍ നിസാരമെന്നു തോന്നും. വൈദ്യുതി മോഷ്ടിക്കുന്നത്‌ ഇസ്ലാം മതവിരുദ്ധമാണെന്നാണ്‌ ആ ശാസന.

നമ്മുടെ രാജ്യത്തുള്ള മതനേതാക്കള്‍ ഇങ്ങനെ ഓരോരോ വിഷയത്തില്‍ കൃത്യം കൃത്യമായ ശാസനകള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ എന്ന്‌ ഏതു പരമ ദുഷ്ടനും ആശിച്ചുപോകും.

എലിപ്പനിക്കെതിരെ ബോധവല്‍ക്കരിക്കാനും, സാമൂഹ്യതിന്മകള്‍ക്കെതിരെ ബോധവല്‍ക്കരിക്കാനും ആഹ്വാനം ചെയ്യുന്ന മതനേതാക്കളേ, ഞായറാഴ്ച പ്രസംഗങ്ങളില്‍, പൊതുയോഗങ്ങളില്‍ ഒക്കെ കാര്യങ്ങള്‍ കൃത്യമായി പറയൂ, കൊതുകിനെ തല്ലിക്കൊല്ലണമെന്ന്‌, വീടും പരിസരവും വൃത്തിയാക്കിയിടണമെന്ന്‌ ആഹ്വാനം ചെയ്തുനോക്കൂ!

കൈക്കൂലി വാങ്ങുന്നതും പാപമാണെന്ന്‌ ശാസന പുറപ്പെടുവിക്കൂ!

മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ബോധവല്‍ക്കരിക്കാന്‍ നടക്കുംമുന്‍പ്‌ നടക്കാവുന്ന ഇത്തരം പണികള്‍ വല്ലതും ചെയ്താലെന്താവും സ്ഥിതി. സമൂഹം അടിമുടി നവീകരിക്കപ്പെടില്ലേ? നിരീശ്വരവാദികള്‍ നടത്തുന്ന ഈശ്വരവിരുദ്ധ പ്രവര്‍ത്തനങ്ങളേക്കാള്‍ ഭീകരം ഈശ്വര വിശ്വാസികള്‍ നടത്തുന്ന ഈശ്വരവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന്‌ പുറപ്പെടുവിക്കൂ ഒരു ഫത്‌വ അല്ലെങ്കില്‍ ഒരിടയലേഖനം!

സുമിയുടെ ആത്മഹത്യയും മരിക്കാത്ത ചില സത്യങ്ങളും

സുമി സുരേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയും അനന്തര സംഭവങ്ങളും ഒട്ടനവധി സന്ദേശങ്ങളാണ്‌ സമൂഹത്തിന്‌ നല്‍കുന്നത്‌.

സുമി പഠിച്ചിരുന്നത്‌ ക്രൈസ്തവ മാനേജുമെന്റിന്‌ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനത്തിലായിരുന്നു. എംസിഎ പഠനത്തിന്റെ ഭാഗമായി സുമി ഉപയോഗിച്ചിരുന്ന ലാപ്പ്ടോപ്പ്‌ മോഷ്ടിക്കപ്പെട്ടു. ഇക്കാര്യം കുട്ടി കോളേജ്‌ അധികൃതരെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തിന്‌ കോളേജ്‌ അധികൃതര്‍ വലിയ ഗൗരവമൊന്നും നല്‍കിയില്ല. പകരം സുമിയെ മാനസികമായി പീഡിപ്പിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ വാര്‍ത്തകള്‍ പറയുന്നു. ഏതായാലും തുടര്‍ന്നുണ്ടായ മാനസിക ക്ലേശങ്ങള്‍ മൂലം, മാതാപിതാക്കള്‍ കണ്ടുകൂട്ടിയ സ്വപ്നങ്ങളൊക്കെ തകര്‍ത്തെറിഞ്ഞ്‌ സുമി ആത്മഹത്യയില്‍ അഭയം തേടി.

ഈ സംഭവത്തില്‍ ഉടനടിയുണ്ടായ പ്രതികരണം എസ്‌എഫ്‌ഐയുടെ ഭാഗത്തുനിന്നായിരുന്നു. വളരെ വികാരപരമായിരുന്നു അവരുടെ പ്രതികരണം. ആ ആക്രമണത്തെ കേരളത്തിലെ ക്രൈസ്തവ സമൂഹം ഏറെ വികാരപരമായിട്ടാണ്‌ നേരിട്ടത്‌. കായിക ആക്രമണമോ തല്ലിത്തകര്‍ക്കലുകളോ ഉണ്ടായില്ലെങ്കിലും ആക്രമണോത്സുകമായ ഭാഷയും സമീപനവുമായിരുന്നു ഇക്കാര്യത്തില്‍ സഭയിലെ പ്രമുഖരായ ബിഷപ്പുമാരുള്‍പ്പെടെയുള്ള നേതൃത്വം കൈക്കൊണ്ടത്‌.

ഈ വികാര പ്രകടനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെ പോയ സുപ്രധാന സംഗതികളുണ്ട്‌.

ഒന്ന്‌, പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിക്കുവേണ്ട ആത്മധൈര്യവും മൂല്യബോധവും സുമിക്ക്‌ ഉണ്ടാകാതെ പോയത്‌ എന്തുകൊണ്ടാണ്‌? അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം ആത്മഹത്യയാണെന്ന്‌ ആ കുട്ടി പഠിച്ചെടുത്തതെവിടെ നിന്നാണ്‌? നമ്മുടെ ഭരണാധികാരികളും സാംസ്കാരിക പ്രവര്‍ത്തകരും അദ്ധ്യാപക ശ്രേഷ്ഠരും ഗൗരവമായി പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണിത്‌.

ജീവിതത്തെക്കുറിച്ച്‌ ക്രിയാത്മകമായ കാഴ്ചപ്പാട്‌ സൃഷ്ടിക്കാനും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവയെ നേ്ി‍ടാനുമുള്ള അവബോധമുണ്ടാക്കാനും പര്യാപ്തമല്ല നമ്മുടെ വിദ്യഭ്യാസ രീതിയെന്ന്‌ സുമിയുടെ ആത്മഹത്യ വ്യക്തമാക്കുന്നു.

രണ്ട്‌, ഈ പ്രശ്നത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കൈക്കൊണ്ട വികാരപരമായ സമീപനമാണ്‌. തീര്‍ത്തും വികാരപരമായ തീരുമാനമായിരുന്നു സുമിയുടേതെങ്കില്‍ അതിലും ബാലിശമായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതികരണം. മികച്ച സംഘടനാ സംവിധാനങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളുടെ നേതാക്കള്‍ക്ക്‌ നല്‍കുന്ന പരിശീലനത്തിലെ അപാകമാണ്‌ ഈ നിലപാടിലൂടെ വ്യക്തമായത്‌.

സുമിയുടെ ആത്മഹത്യയെത്തുടര്‍ന്ന്‌ പ്രതിസ്ഥാനത്തു വന്ന കോളേജ്‌ മാനേജുമെന്റിനെ സംരക്ഷിക്കാന്‍ കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വം കൈക്കൊണ്ട അതീവ വികാരപരമായ നിലപാടാണ്‌ മൂന്നാമത്തെ വസ്തുത.

അക്ഷരം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന്‌ ശഠിച്ച വര്‍ണ്ണ വ്യവസ്ഥാകാലത്ത്‌ അവര്‍ണ്ണനും ഊരും പേരും ഇല്ലാത്തവനും അക്ഷരത്തിന്റെ ഈശ്വരാംശം പകര്‍ന്ന്‌ നല്‍കിയ സമ്പന്ന പാരമ്പര്യത്തിന്റെ പിന്‍മുറക്കാരാണ്‌ കേരളത്തിലെ ക്രൈസ്തവ സഭകള്‍.

എന്നാല്‍ ഇന്ന്‌ വന്‍തുക കോഴ നല്‍കാന്‍ കഴിയാത്തവര്‍ക്ക്‌ അക്ഷരം നിഷേധിച്ചും ഫീസടയ്ക്കാന്‍ വൈകുന്ന വ്യദ്യാര്‍ത്ഥികളെ പുറത്താക്കിയും സഭകളുടെ വിദ്യഭ്യാസ മാനേജുമെന്റുകള്‍ സമ്പന്നമായിരുന്ന പാരമ്പര്യത്തെ വ്യഭിചരിക്കുകയാണ്‌.

ഇന്നലെ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികരിച്ച സഭാമേലധ്യക്ഷന്മാര്‍ ഉപയോഗിച്ച ഭാഷയും നിലപാടുകളും എസ്‌എഫ്‌ഐയുടേതില്‍ നിന്ന്‌ വ്യത്യസ്ഥമാകുന്നത്‌ കായികമായ ആക്രമണം നടത്തിയില്ല എന്നതില്‍ മാത്രമാണ്‌.

നേരത്തേ ചെങ്ങറയിലെ ഭൂരഹിത സമരക്കാരും ഇന്നലെ കുട്ടനാട്ടിലെ എല്ലാം നഷ്ടപ്പെട്ട കര്‍ഷകരും ആത്മഹത്യാ ഭീഷണി ഉയര്‍ത്തി നേടിയ വിജയങ്ങളും ആശങ്കാജനകമാണ്‌.

വിദ്യാസമ്പന്നരും സാംസ്കാരിക പ്രബുദ്ധരുമായ മലയാളി സമൂഹം ഇത്തരത്തില്‍ ജീവന്റെ മൂല്യത്തെ നിഷേധിക്കുന്ന നിലപാടുകളിലേക്ക്‌ കൂപ്പു കുത്തുമ്പോള്‍ അടിയന്തിരമായ ഇടപെടല്‍ നടത്താന്‍ മാധ്യമങ്ങളെങ്കിലും മുന്നോട്ട്‌ വരേണ്ടതുണ്ട്‌. കാരണം മൂല്യങ്ങള്‍ പഠിപ്പിക്കേണ്ട മതദര്‍ശനങ്ങള്‍ വഴിവിട്ട്‌ നടക്കുന്ന ഈ ലോകത്ത്‌ പിന്നെ ആരാണ്‌ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുക.

Saturday, March 29, 2008

സൈമണ്‍ ബ്രിട്ടോയും പതിമൂന്നും

രാഷ്ട്രീയ വൈരത്തിന്റെ ബലിയാട്‌ എന്ന നിലയില്‍ മാത്രമല്ല; പ്രതികൂലമായ ഭൗതികാവസ്ഥകളെ മനസ്ഥൈര്യം ഒന്നുകൊണ്ടുമാത്രം നേരിടുകയും സമാന ദുഃഖിതരായ ഒരുപാടു മനുഷ്യര്‍ക്ക്‌ പ്രത്യാശയുടെ തിരിനാളമാവുകയും ചെയ്തതിനാലാണ്‌ കേരളീയ സമൂഹം സൈമണ്‍ ബ്രിട്ടോയെ മനസില്‍ സൂക്ഷിക്കുന്നത്‌.

വാനിറയെ വിപ്ലവം പറയുകയും തലയില്‍ മുണ്ടിട്ട്‌ അബദ്ധജടിലമായ ആചാരാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി പണവും സമയവും ചെലവാക്കുകയും ചെയ്യുന്ന പകല്‍ മാന്യന്മാരുടെ ഇടയില്‍ ചെറിയൊരു ഇടപെടലിലൂടെ സൈമണ്‍ ബ്രിട്ടോ വലിയൊരു സന്ദേശം കൂടി നല്‍കിയിരിക്കുന്നു.

തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ തനിക്കുലഭിച്ച 'പന്ത്രണ്ട്‌ - എ' നമ്പറിലുള്ള മുറി 'പതിമൂന്നാം' നമ്പറാക്കി മാറ്റിത്തരണമെന്ന ബ്രിട്ടോയുടെ ആവശ്യത്തിന്‌ നിവര്‍ത്തിയായതിലൂടെയാണിത്‌. തുടക്കകാലം മുതല്‍ എംഎല്‍എ ഹോസ്റ്റലില്‍ പന്ത്രണ്ടുകഴിഞ്ഞാല്‍ പന്ത്രണ്ട്‌ എ ആണുണ്ടായിരുന്നത്‌. നൂറ്റിനാല്‍പത്‌ വിപ്ലവകാരികള്‍ക്കും പതിമൂന്ന്‌ എന്ന 'അശുഭ' സംഖ്യയെ പേടിയാണെന്ന കാരണത്താലാണ്‌ പതിമൂന്നാം നമ്പറിന്‌ അയിത്തം കല്‍പ്പിക്കപ്പെട്ടിരുന്നത്‌.

സയന്‍സും ടെക്നോളജിയും ഇത്രയേറെ വികസിച്ച ആധുനികയുഗത്തില്‍ പതിമൂന്നിനെ പേടിച്ച്‌ നമ്മുടെ ഹൈക്കോടതി മന്ദിരത്തിലും ആ അക്കം ഒഴിവാക്കിയിരുന്നത്‌ നേരത്തെ വിവാദമായിരുന്നു.

പതിമൂന്ന്‌ എന്ന അക്കത്തോട്‌ ഇത്രയേറെ ഭയം ജനിക്കുന്നതിന്‌ പിന്നില്‍ നിരവധി കാരണങ്ങള്‍ പ്രചാരത്തിലുണ്ട്‌. സാത്താന്‍ ദൈവത്തിന്റെ പതിമൂന്നാമനായ മാലാഖയായിരുന്നു എന്നതാണ്‌ അതിലൊന്ന്‌. ക്രിസ്തുവിന്റെ അന്ത്യ അത്താഴ മേശയില്‍ യൂദാസ്‌ പതിമൂന്നാമതായാണ്‌ ഇരുന്നതെന്ന കഥയും പ്രചാരത്തിലുണ്ട്‌. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ എന്നിവിടങ്ങളില്‍ ബഹുനില മന്ദിരങ്ങളില്‍ പന്ത്രണ്ടാം നില കഴിഞ്ഞാല്‍ പതിനാലാം നിലയാണുള്ളത്‌. കോണ്‍ടിനെന്റല്‍ എയര്‍ലൈന്‍സ്‌, എയര്‍ ന്യൂസിലന്റ്‌ തുടങ്ങിയ കമ്പനികള്‍ വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ സീറ്റും പതിമൂന്നാം നിരയും ഒഴിവാക്കിയിരിക്കുന്നു.

അമേരിക്കയും കാനഡയും ന്യൂസിലാന്റും വിശ്വസിക്കുന്ന ഒരു അബദ്ധത്തെ നമ്മള്‍ ഇന്ത്യക്കാര്‍, അതില്‍തന്നെ പ്രബുദ്ധരും വിദ്യാസമ്പന്നരും ഇടതുപക്ഷമനോഭാവമുള്ളവരുമായ മലയാളികള്‍ ഇത്രയേറെ ഭയപ്പെടുകയും കൊണ്ടാടുകയും ചെയ്യുന്നതിന്റെ ഭീകരമായ ഫലിതത്തെയാണ്‌ സൈമണ്‍ബ്രിട്ടോ എന്ന എംഎല്‍എ തന്റെ നിലപാടിലൂടെ കണക്കിനു പരിഹസിച്ചിരിക്കുന്നത്‌.

ഒരു മനുഷ്യന്‌ കൂടിയാല്‍ സംഭവിക്കാവുന്ന കെടുതി മരണമാണെന്നാവും സാധാരണഗതിയില്‍ നാം ചിന്തിക്കുക. എന്നാല്‍ മരണത്തേക്കാള്‍ ഭയാനകവും ദുരിതപൂര്‍ണവുമായ ഒരു ജീവിതത്തെ പ്രണയപൂര്‍വം വാരിപ്പുണര്‍ന്ന മനുഷ്യനാണ്‌ ബ്രിട്ടോ.

ബ്രിട്ടോ നല്‍കുന്ന ഈ പാഠം വിധിയെ പഴിച്ച്‌ അലസതയിലേക്കും അനാചാരങ്ങളിലേക്കും കൂപ്പുകുത്തുന്ന കേരളീയസമൂഹം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. കേവലം അക്കങ്ങളും അടയാളങ്ങളുമല്ല; വ്യക്തമായ ജീവിതാവബോധവും ലക്ഷ്യബോധവും മൂല്യബോധവുമാണ്‌ നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നതെന്ന്‌ വരും തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ന്യായാധിപന്മാരും നിയമനിര്‍മാതാക്കളായ ജനപ്രതിനിധികളും തുടരുന്ന അപരാധം അവസാനിപ്പിച്ചേ തീരൂ.

റെയില്‍വേ ഗേറ്റിലെ മനഃശാസ്ത്ര ചികിത്സ!

സര്‍ക്കാര്‍ ചില നേരങ്ങളില്‍ മജീഷ്യന്‍ സര്‍ക്കാരിനെ വെല്ലുന്ന ചില മാജിക്കുകള്‍ കാണിക്കും. അത്തരത്തിലൊരു മാജിക്കാണ്‌ ഇടപ്പള്ളി റെയില്‍വേ ഗേറ്റ്‌!

ചില നേരങ്ങളില്‍ തുറന്നാലടയില്ല; ചില നേരങ്ങളില്‍ അടഞ്ഞാല്‍ തുറയില്ല! ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള രാജപാതയില്‍ നാട്ടുകാര്‍ കാറിലും ബസിലും ബൈക്കിലും ഓട്ടോയിലുമൊക്കെയിരുന്ന്‌ മണിക്കൂറുകളോളം നരകിക്കും.

പുതിയൊരു ഗേറ്റ്‌ പിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാഞ്ഞിട്ടല്ല. പിടിപ്പിക്കില്ല; ഒരു കാരണവശാലും!

തൊട്ടപ്പുറത്ത്‌ ഒരു റെയില്‍വേ മേല്‍പ്പാലം പണി കാലമേറെയായി ധ്രുതഗതിയില്‍ നടക്കുന്നു. പത്തുനാല്‍പത്‌ സൂപ്പര്‍വൈസര്‍മാരും എഞ്ചിനീയര്‍മാരും മേല്‍നോട്ടം വഹിച്ച്‌ അവിടെയുണ്ടാകും. പാലം പണിയാന്‍ മൂന്നോ നാലോ ബീഹാറികളും!

അതും വേഗത്തില്‍ പണിതീര്‍ക്കാന്‍ കാശില്ലാഞ്ഞിട്ടല്ല; പണിയില്ല ഒരു കാരണവശാലും!

നമ്മള്‍ വിചാരിക്കും സര്‍ക്കാരിന്‌ നമ്മുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും താല്‍പ്പര്യവുമില്ലെന്ന്‌.

നമ്മള്‍ക്കുതെറ്റി.

സര്‍ക്കാരിനെപ്പോലെ നമ്മുടെ കാര്യത്തില്‍ ശുഷ്കാന്തി സാക്ഷാല്‍ ദൈവം തമ്പുരാനുപോലുമുണ്ടാകില്ല!

പിന്നെന്തുകൊണ്ടാണിങ്ങനെ?

ചോദ്യം സ്വാഭാവികം. ഉത്തരം മനസിലാവണമെങ്കില്‍ അല്‍പം മനഃശാസ്ത്രമറിയണം. ലോകത്തെങ്ങുമുള്ള പൗരന്മാര്‍ വലിയ ആത്മസംഘര്‍ഷങ്ങള്‍ - മലയാളത്തില്‍ പറഞ്ഞാല്‍ - ടെന്‍ഷന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അക്കാര്യത്തില്‍ കേരളത്തുകാരും പിന്നിലല്ല.

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു വഴിയേയുള്ളൂ. സ്വസ്ഥമായൊരിടത്ത്‌ ഇരിക്കണം. സ്വസ്ഥമായി വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആരുമതനുസരിക്കില്ല. പിന്നെന്താണൊരു പോംവഴി. പൗരന്മാരെ ബ്ലോക്കില്‍പെടുത്തുക എന്നതാണ്‌ ആ പോംവഴി!

ബ്ലോക്കില്‍ പെട്ടാല്‍ നമ്മള്‍ കുറച്ചുനേരം സര്‍ക്കാരിനെ പ്രാകും. അല്‍പം കഴിഞ്ഞ്‌ പ്രാകിയിട്ടൊന്നും ഒരു കാര്യവുമില്ലെന്ന്‌ ബോധ്യപ്പെടും. പിന്നെ നമ്മള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും ഇന്നലെയെ കുറിച്ചുമൊക്കെ ചിന്തിക്കും. ജീവിതത്തിലുണ്ടായ നന്മകളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും ചിന്തിക്കും. തിരിച്ചടികള്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ ആലോചിക്കും.

ചിലര്‍ മൂളിപ്പാട്ട്‌ പാടും. അടുത്തുനില്‍ക്കുന്നയാളെ നോക്കി ചിരിക്കും. തമാശപറയും അങ്ങനെ ടെന്‍ഷന്‍ പമ്പകടക്കും.

മനസിലായോ ഇടപ്പള്ളി റെയില്‍വേ ഗേറ്റിലെ മനഃശാസ്ത്ര ചികിത്സ?

Friday, March 28, 2008

മരണപ്പാച്ചില്‍ കവര്‍ന്നത്‌ 25 ജീവന്‍

വാഹനങ്ങളുടെ 'മരണപ്പാച്ചില്‍' കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയില്‍ എറണാകുളം ജില്ലയില്‍ 25 ജീവിതങ്ങളെയാണ്‌ കാലപുരിക്കയച്ചത്‌. മണല്‍ ലോറികളും ടിപ്പറുകളുമാണ്‌ ഈ ദുരന്തം വിതച്ച വാഹനങ്ങളില്‍ ഭൂരിപക്ഷവും. അനധികൃത മണല്‍ വ്യാപാരത്തിനും മണ്ണ്‌ വ്യാപാരത്തിനും ഉപയോഗിക്കുന്ന വാഹനങ്ങളാണ്‌ റോഡില്‍ കാലന്റെ രൂപത്തില്‍ അവതരിക്കുന്നത്‌.

അമിതവേഗം നിയന്ത്രിക്കാന്‍ വേഗപ്പൂട്ടുകളും നിയമവും ചട്ടങ്ങളും, അത്‌ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്താന്‍ ട്രാഫിക്‌ വകുപ്പുകളുമെല്ലാം ഈ നാട്ടിലുണ്ട്‌. പക്ഷെ...

ഏറ്റവും അധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലയാണ്‌ എറണാകുളമെന്നും അതുകൊണ്ട്‌ ടിപ്പര്‍ലോറികള്‍ ഉള്‍പ്പെടെയുള്ളവയെ നിരോധിക്കാന്‍ കഴിയുകയില്ല എന്നുമാണ്‌ എറണാകുളം ജില്ലാ കളക്ടര്‍ അഭിപ്രായപ്പെടുന്നത്‌.

വികസനത്തിന്റെ പാതയൊരുക്കാന്‍ സര്‍ക്കാരും റവന്യൂ അധികൃതരും അമിത താല്‍പ്പര്യം കാണിക്കുമ്പോള്‍ അനധികൃത മണല്‍-മണ്ണ്‌ വ്യാപാരം തകൃതിയായി നടക്കും.... ടിപ്പര്‍ ലോറികള്‍ അടക്കമുള്ളവ നിരത്തില്‍ മരണപ്പാച്ചില്‍ നടത്തും. അതിന്റെ ഒടുവിലത്തെ ബീഭത്സ പരിണതിയായിരുന്നു ഇന്നലെ പോത്താനിക്കാട്‌ സംഭവിച്ചത്‌.

പെരുവഴിയില്‍ പൊലിഞ്ഞ ഏഴു ജീവിതങ്ങള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം മരണദൂതന്മാരായി മരണപ്പാച്ചില്‍ നടത്തുന്ന ഈ വാഹനങ്ങളെ നിരോധിക്കാന്‍ കഴിയുകയില്ല എന്ന റവന്യൂ അധികൃതരുടെ ജനവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും നാട്ടുകാര്‍ മുന്നോട്ട്‌ വരണമെന്ന്‌ ആഹ്വാനം ചെയ്യാനും ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ.

കലികാലവല്‍ക്കരണകാലത്തെ നക്ഷത്രപ്പിരിവുകള്‍

ഇന്ത്യാമഹാരാജ്യത്തെ പൗരന്മാരുടെ പൊതുവായുള്ള സവിശേഷത നക്ഷത്രമെണ്ണുന്ന കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്‌ എന്നതത്രെ!

കൂലിവേലക്കാരും സര്‍ക്കാരുദ്യോഗസ്ഥരും ബിസിനസുകാരുമെല്ലാം 'നക്ഷത്രമെണ്ണിപ്പോകുന്ന' ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ, കലികാലവല്‍ക്കരണമാണ്‌ പത്തിരുപതു കൊല്ലമായി നടമാടുന്നത്‌!

ഈ നക്ഷത്രമെണ്ണല്‍ വിദഗ്ധന്മാരെയെല്ലാം നക്ഷത്രമെണ്ണിക്കാന്‍ സാമ്രാജ്യത്വ കുത്തകകള്‍, ആഭ്യന്തര കുത്തകകള്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചില വ്യക്തികളെയും സ്ഥാപനങ്ങളെയും ഈ കലികാലവല്‍ക്കരണ കാലഘട്ടം പടച്ചെടുത്തിട്ടുണ്ട്‌!

വരേണ്യവര്‍ഗത്തിന്റെ വളര്‍ച്ചാ സൂചിക മോളിലോട്ട്‌ ഉയര്‍ന്നുയര്‍ന്നുപോവുകയും ബാക്കിയുള്ളവന്മാരുടെ സൂചിക പാതാളക്കുഴിയിലേക്ക്‌ താഴുകയും ചെയ്യുന്നതിനെയാണ്‌ മന്‍മോഹന്‍സിംഗുമാര്‍ പുരോഗതി എന്നു പറയുന്നത്‌.

ഇങ്ങനിരിക്കുന്ന സാഹചര്യത്തിങ്കല്‍, ഒന്നുകില്‍ ബൈക്കില്‍പോയി മാലപൊട്ടിക്കുക, അല്ലെങ്കില്‍ ഭവനഭേദനമോ ബാങ്കുകൊള്ളയോ നടത്തുക, അതുമല്ലെങ്കില്‍ അനധികൃത മണല്‍മാഫിയയാവുക, കഞ്ചാവുകച്ചവടം തുടങ്ങുക തുടങ്ങിയ എളുപ്പവഴികളാണ്‌ ചില പൗരന്മാര്‍ തെരഞ്ഞെടുക്കുന്നത്‌. ഉദ്യോഗസ്ഥരാവട്ടെ പറ്റാവുന്നവരില്‍നിന്നെല്ലാം കിട്ടാവുന്നിടത്തോളം കൈക്കൂലി വാങ്ങിയാണ്‌ അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുന്നത്‌.

ഈ വക ഉഡായിപ്പുകള്‍ ചെയ്യാന്‍ ആമ്പിയറില്ലാത്ത പാവങ്ങള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം കിട്ടാവുന്നിടത്തോളം കടം വാങ്ങിയാണ്‌ ജീവിതം കൊഴുപ്പിച്ചുപോരുന്നത്‌.

ഏതു വഴി തെരഞ്ഞെടുത്താലും തലക്കുമുകളില്‍ ഭീതി ഡമോക്ലീസിന്റെ വാള്‍പോലെ തൂങ്ങിനില്‍ക്കും. ഉറക്കം കുറയും, വെള്ളമടി, സിഗരറ്റ്‌ വലി, ജോത്സ്യന്മാരെ കാണല്‍, ക്ഷേത്ര, ദേവാലയദര്‍ശനം എന്നിവ കൂടും.

ഇങ്ങനിരിക്കണ രാജ്യത്ത്‌ അതിവിപ്ലവകാരികള്‍ പോലും നക്ഷത്രപ്പിരിവിനിറങ്ങിപ്പോകും. പണ്ടത്തെപ്പോലെ നാലണ, എട്ടണ പിരിച്ചുകൊണ്ടിരുന്നാല്‍ ഈസ്റ്റ്മാന്‍ കളറില്‍ പോസ്റ്റര്‍ പോലും അടിക്കാന്‍ പറ്റില്ല!

പാര്‍ട്ടി കോണ്‍ഗ്രസില്‍ 'നക്ഷത്രപ്പിരിവ്‌' വിവാദമാക്കിയ വയസന്മാര്‍ യഥാര്‍ത്ഥത്തില്‍ സ്വപ്നലോകത്തെ ബാലഭാസ്ക്കരന്മാരത്രെ!

പിരിക്കണമെങ്കില്‍ നക്ഷത്രപ്പിരിവുതന്നെ പിരിക്കണം. ഉറങ്ങണമെങ്കില്‍ നക്ഷത്രഹോട്ടലില്‍ തന്നെ ഉറങ്ങണം!

Thursday, March 27, 2008

അശാസ്ത്രീയമായ തീപിടുത്തങ്ങള്‍

കെബിപിഎസ്‌ എന്ന കേരള സര്‍ക്കാര്‍ വക കാക്കനാട്ടെ അച്ചുകൂടത്തിനു തീ പിടിച്ചത്‌ കഴിഞ്ഞ ജനുവരി 22നായിരുന്നു.

തീപിടുത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ മതിയായ തെളിവില്ലെന്ന്‌ രണ്ടു മാസം കിണഞ്ഞു പരിശ്രമിച്ചാണ്‌ പോലീസ്‌ അന്വേഷണ സംഘം കണ്ടുപിടിച്ചത്‌!

പ്രതിപ്പട്ടികയില്‍ അച്ചുകൂടത്തിലെ ജീവനക്കാരായ അഞ്ചു പൗരന്മാര്‍ ഉണ്ടെങ്കിലും സാക്ഷിമൊഴികളും 'ശാസ്ത്രീയ തെളിവുകളും' ലഭ്യമല്ലാത്തതിനാലാണ്‌ അറസ്റ്റു ചെയാനാവാത്തതെന്നും പോലീസ്‌ വെളിപ്പെടുത്തുന്നു.

അച്ചുകൂടത്തിലെ കൊള്ള-കൊടുക്കലുകള്‍ സംബന്ധിച്ച സകലമാന രേഖകളും കത്തിച്ചു കളയുകയായിരുന്നു 'അശാസ്ത്രീയമായ' ഈ തീപിടുത്തത്തിന്റെ പിന്നാമ്പുറ രഹസ്യമെന്നത്‌ പരസ്യമാണ്‌!

ഇനി മുതല്‍ ഇങ്ങനെയുള്ള തീപിടുത്തങ്ങള്‍ 'സംഘടിപ്പിക്കുന്ന' യൂണിയന്‍ നേതാക്കള്‍ സംഭവം 'ശാസ്ത്രീയമായി' ആവിഷ്കരിക്കണമെന്ന്‌ സര്‍ക്കാരിന്‌ ഒരു ഉത്തരവിറക്കാവുന്നതാണ്‌!

അതിനിടെ, അത്യാവശ്യം കത്തിച്ചു കളയേണ്ടതൊക്കെ കത്തിച്ചുകളഞ്ഞ സാഹചര്യത്തില്‍ അച്ചുകൂടത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കാന്‍ പോലീസ്‌ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സുരക്ഷാചുമതല സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നതാണതില്‍ ഒരു പ്രധാന നിര്‍ദ്ദേശം. ജനുവരി 22ലെ തീപിടുത്തത്തേക്കുറിച്ചു സ്വകാര്യ ഏജന്‍സി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികളെ പിടികൂടാന്‍ പറ്റുമായിരുന്നു എന്നൊരു 'പാര' ഈ നിര്‍ദ്ദേശത്തിന്റെ വരികള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ട്‌!

തീപിടുത്തം 'അശാസ്ത്രീയമായി' ആസൂത്രണം ചെയ്ത പുള്ളികള്‍ പോലീസിനുമേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതയി നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു.

ആക്ഷേപിക്കാന്‍ ഏത്‌ പോലീസുകാരനും പറ്റും. എന്നാല്‍ അടുത്തൂണ്‍ പറ്റുംവരെ മോളിലുള്ള ഏമാന്മാര്‍ പറയുന്നപോലൊക്കെ തിരക്കഥയെഴുതിയും ആടിയും പാടിയും സര്‍വീസ്‌ തികയ്ക്കണമെങ്കില്‍ നല്ല പെടാപ്പാട്‌ തന്നെ പെടേണ്ടിവരും. വെറുതെ രണ്ടുമാസം അന്വേഷണം നടത്തി പ്രതിയെ കിട്ടില്ല എന്നു കണ്ടുപിടിക്കാന്‍വേണ്ടും മരമണ്ടന്മാരല്ല അന്വേഷണത്തിനുപോയ കേരള പോലീസ്‌. പോലീസിനെ നിയന്ത്രിക്കുന്ന ഏമാന്മാരെ ചുമന്നുനടക്കുന്ന പൗരന്മാര്‍ മണ്ടന്മാരായതുതന്നെയാണ്‌ പ്രശ്നം. ഈ പ്രശ്നം ബാലചന്ദ്രമേനോന്‍ സില്‍മയിലൂടെ പറഞ്ഞതിലും ഗുരുതരമാണ്‌.

Sistar Abhaya: 16th Anniversary

സിസ്റ്റര്‍ അഭയയെ അതിനീചമായി കൊലചെയ്ത ചെകുത്താന്മാര്‍ ളോഹയണിഞ്ഞ്‌ ദൈവത്തെപ്പോലും വഞ്ചിച്ചതിന്റെ 16th Anniversary

തല്ലിത്തകര്‍ക്കണം ഇത്തരം ആതുര സേവകരെ!

ചികിത്സയിലെ അപാകം, ചികിത്സകന്റെ അശ്രദ്ധ, ചികിത്സാ സ്ഥാപനങ്ങളുടെ സൗകര്യക്കുറവ്‌ തുടങ്ങിയവ മൂലം ചികിത്സ തേടി എത്തുന്നവര്‍ നിത്യരോഗികളായി മാറുന്നതും അല്ലെങ്കില്‍ നിത്യനിദ്രയിലേക്ക്‌ വീഴുന്നതും ഇന്ന്‌ കേരളത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ നടക്കുന്ന ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌.

നഷ്ടം സംഭവിക്കുന്ന വ്യക്തിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ചികിത്സിച്ച ഡോക്ടറെ കൈയേറ്റം ചെയ്യുന്നതും ചികിത്സാലയം തല്ലിത്തകര്‍ക്കുന്നതും അതുപോലെ തന്നെ സ്ഥിരം പരിപാടിയാണ്‌.

ഇത്തരം സംഭവങ്ങളുടെ പേരില്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി മറ്റു രോഗികളെയും അവരുടെ ബന്ധുക്കളെയും തീ തീറ്റിക്കുന്നത്‌ ഡോക്ടര്‍മാരുടെ സംഘടനാബലത്തിന്റെ മുഷ്കാണ്‌.

സാധാരണഗതിയില്‍ ഏതൊരു രോഗിയെയും മനുഷ്യസാധ്യമായ ചികിത്സയിലൂടെ രക്ഷിക്കാനാണ്‌ ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ശ്രമിക്കുന്നത്‌. എന്നാല്‍ മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത, ധനാര്‍ത്തി മൂത്ത, തൊഴിലിനോട്‌ ആത്മാര്‍ത്ഥതയോ സമര്‍പ്പണമോ ഇല്ലാത്ത, കാലന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും മറ്റ്‌ ചികിത്സാ ജീവനക്കാരും ദൈവത്തിന്റെ സ്വന്തം നാടിന്റെ ശാപമാണ്‌.

മുന്നിലെത്തുന്ന രോഗിയുടെ അവസ്ഥയെക്കാള്‍ മറ്റുചില താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുന്ന ഇത്തരം മനുഷ്യാധമന്മാരാണ്‌ എന്തുകൊണ്ടോ സര്‍ക്കാര്‍ ധര്‍മാശുപത്രികളില്‍ ഇന്ന്‌ ജോലിചെയ്യുന്നത്‌. സംഘാടക ശേഷിയുടെ കരുത്തില്‍ സര്‍ക്കാരിനെയും രോഗികളെയും അവരുടെ ആശ്രിതരെയും മാത്രമല്ല, ഹിപ്പോക്രാറ്റസിന്റെ പേരില്‍ എടുത്തിട്ടുള്ള ധാര്‍മിക പ്രതിജ്ഞയെയും ചവുട്ടിയരച്ചാണ്‌ ഈ ഭിഷഗ്വരശ്രേഷ്ഠന്മാര്‍ കേരളീയര്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങി സുഖിച്ച്‌ വാഴുന്നത്‌.

നെറികെട്ട ആ വാഴ്‌വിന്റെ വേദന അനുഭവിക്കാന്‍ വിധിക്കപ്പെട്ടത്‌ കോട്ടയം മറ്റക്കര ഇഞ്ചിനാടിയില്‍ ഹരിയുടെ മകനായ അശ്വിനായിരുന്നു. ഞായറാഴ്ച ഉച്ചക്ക്‌ മൂന്ന്‌ മണിയോടെ വായില്‍ ടൂത്ത്ബ്രഷും കടിച്ചു പിടിച്ച്‌ കളിച്ചുകൊണ്ടിരിക്കെ കാല്‍തെറ്റി വീണ്‌ ബ്രഷ്‌ വായില്‍ തറഞ്ഞു. നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും ചേര്‍ന്ന്‌ അശ്വിനെ ഉടന്‍തന്നെ കോട്ടയത്ത്‌ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍മാര്‍ അവരെ മെഡിക്കല്‍ കോളേജിലേക്ക്‌ പറഞ്ഞുവിട്ടു. എന്നാല്‍ അവിടത്തെ ഡോക്ടര്‍മാര്‍ അശ്വിനെയും മാതാപിതാക്കളെയും കുട്ടികളുടെ ആശുപത്രിയിലേക്കുതന്നെ തിരിച്ചയച്ചു. വീണ്ടും അവിടെ നിന്ന്‌ മെഡിക്കല്‍ കോളേജിലേക്ക്‌. ഇങ്ങനെ അഞ്ചിലേറെ തവണ ഈ രണ്ട്‌ ആശുപത്രികളിലായി രണ്ടുവയസുകാരനായ മകനെയും എടുത്തുകൊണ്ട്‌ മാതാപിതാക്കള്‍ക്ക്‌ പായേണ്ടി വന്നു. പിന്നീടാണ്‌ പ്രാഥമിക പരിശോധന നടത്തിയതും കുട്ടിയെ മെഡിക്കല്‍ കോളേജില്‍ 19-ാ‍ം വാര്‍ഡിലേക്ക്‌ റഫര്‍ ചെയ്തതും.

എന്നാല്‍ കുട്ടിക്ക്‌ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന്‌ അവിടെയുണ്ടായിരുന്ന രോഗികളും അവരുടെ കൂട്ടിരുപ്പുകാരും ബഹളം വച്ചപ്പോഴാണ്‌ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം അശ്വിനെ രാത്രി പതിനൊന്നരയോടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്‌. പിറ്റേന്ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയാണ്‌ ശസ്ത്രക്രിയ ചെയ്ത്‌ ബ്രഷ്‌ പുറത്തെടുത്തത്‌. പത്തുമിനിറ്റു മാത്രമാണ്‌ ശസ്ത്രക്രിയയ്ക്ക്‌ വേണ്ടിവന്നത്‌.

ഇത്തരത്തില്‍ നിസാരമായ ചികിത്സ നല്‍കേണ്ടതിനു പകരം അശ്വിനെയും മാതാപിതാക്കളെയും അക്ഷരാര്‍ത്ഥത്തില്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു കോട്ടയം കുട്ടികളുടെ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും 'ബഹുമാന്യരായ' ഭിഷഗ്വര വിദഗ്ദന്മാര്‍.

ഈ ക്രൂരത ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഉണ്ണാനോ ഉറങ്ങാനോ പച്ചവെള്ളം പോലും കുടിക്കാനോ കഴിയാതെ 15 മണിക്കൂറോളം വായില്‍ ബ്രഷുമായി ആശുപത്രികള്‍ കയറിയിറങ്ങാനായിരുന്നു അശ്വിന്റെ വിധി.

ഇത്‌ വിധിയല്ല, മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ലാത്ത ചില ചെകുത്താന്മാരുടെ അഹന്തയും അവരുടെ പ്രതിബദ്ധതാ കുറവുമാണ്‌ അശ്വിന്‍ അനുഭവിച്ചത്‌. ഇതിനെതിരെ കേരള സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ന്നേ തീരൂ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക്‌ വിദഗ്ദ ചികിത്സ നല്‍കാനുള്ളതാണ്‌ ഗാന്ധിനഗറിനടുത്തുള്ള കുട്ടികളുടെ ആശുപത്രി. എന്നാല്‍ അശ്വിനെ പ്രാഥമിക പരിശോധന നല്‍കാനോ ചികിത്സ നല്‍കാനോ ഇവിടത്തെ ഡോക്ടര്‍മാര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ്‌ അവിടുത്തെ ഡോക്ടര്‍മാര്‍ അശ്വിനെ തിരസ്കരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ളവര്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. അതിനും പറയുന്നത്‌ സാങ്കേതിക കാരണങ്ങളാണ്‌.

ഇത്തരം സാങ്കേതികതകളുടെ മറവില്‍ കൊച്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക്‌ ചികിത്സ നിഷേധിക്കുന്ന ഈ കാപാലികരെ തല്ലിത്തകര്‍ക്കുക തന്നെ വേണം. എങ്കില്‍ മാത്രമെ ഇതേ സ്വഭാവമുള്ള മനുഷ്യാധമന്മാര്‍ മാന്യമായി രോഗികളോട്‌ പെരുമാറുകയുള്ളൂ. മാന്യതയുടെയും ധാര്‍മികതയുടെയും പേരില്‍ ഏതു തിരിച്ചടിയോടും സമരസപ്പെടുന്ന നമ്മുടെയാക്കെ വികല മാനസികാവസ്ഥകളാണ്‌ അശ്വിനെപ്പോലുള്ളവരെ തീ തീറ്റിക്കുന്നത്‌. ഇത്തരം പ്രശ്നങ്ങളില്‍ സമവായവും സമരസപ്പെടലുമല്ല വേണ്ടത്‌. മറിച്ച്‌ സമരവും നേരിട്ടുള്ള ഇടപെടലുമാണ്‌. അതിന്‌ മുതിരാത്തിടത്തോളം കാലം ഇത്തരം അനുഭവങ്ങള്‍ക്ക്‌ വഴങ്ങിയേ തീരൂ.

Wednesday, March 26, 2008

അച്യുതാനന്ദന്റെ പൂച്ചയ്ക്ക്‌ അബ്കാരികള്‍ മണികെട്ടി

സഹമന്ത്രിമാരുടെയും വിവിധ വകുപ്പ്‌ തലവന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും പാരപണിയില്‍ നാണംകെട്ട്‌ പൊതുജനമധ്യത്തില്‍ നഗ്നനെപ്പോലെ നില്‍ക്കാനാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‌ യോഗം. മധുരിച്ചിട്ട്‌ തുപ്പാനും കയ്ച്ചിട്ട്‌ ഇറക്കാനും കഴിയാത്ത വസ്തുവാണ്‌ ഭരണാധികാരമെന്ന്‌ സഖാവും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട്‌ അടിക്കടിയുണ്ടാകുന്ന തിരിച്ചടികളും നാണക്കേടുകളും മുമ്പ്‌ പോലീസിന്റെ ബയനറ്റ്‌ കുത്തേറ്റുവാങ്ങിയ അതേ തന്റേടത്തോടെ സ്വീകരിക്കുകയാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍.

എന്നാല്‍ അച്യുതാനന്ദന്റെ ഈ മലക്കംമറിച്ചിലുകളില്‍ തിരിച്ചടി ഏല്‍ക്കുന്നതും ഒതുക്കപ്പെടുന്നതും ആത്മാര്‍ത്ഥതയും ആര്‍ജവവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരാണ്‌. ആ ദുരന്ത നായകന്മാരുടെ പട്ടികയില്‍ ഒരിക്കല്‍കൂടി ഋഷിരാജ്‌ സിംഗിന്റെ പേര്‌ അച്യുതാനന്ദന്‍ തന്നെ എഴുതി ചേര്‍ത്തിരിക്കുന്നു.

സ്പിരിറ്റ്‌ മാഫിയക്കെതിരെ ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡ്‌ ഏറെ വിവാദവും അതുപോലെതന്നെ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. ഒരു സര്‍ക്കാരിനും അതിന്റെ മെഷിനറികള്‍ക്കും ഒരിക്കലും വരുതിക്ക്‌ നിര്‍ത്താന്‍ കഴിയുകയില്ല എന്നു കരുതിയിരുന്ന സ്പിരിറ്റ്‌ ലോബിയുടെ അടിത്തറ ഇളക്കാന്‍ ഋഷിരാജ്‌ സിംഗ്‌ എന്ന ഒറ്റയാള്‍ പോരാട്ടവീരനും അദ്ദേഹത്തോടൊപ്പം, അതേ ആര്‍ജ്ജവത്തോടെ ജോലിചെയ്ത പോലീസ്‌ സംഘത്തിനും സാധിച്ചിരുന്നു. കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച്‌ സ്പിരിറ്റ്‌ മാഫിയ നടത്തിയിരുന്ന അധോലോക പ്രവര്‍ത്തനത്തെ വിറപ്പിക്കാനും അനധികൃതമായി സ്റ്റോര്‍ ചെയ്തിരുന്ന സ്പിരിറ്റ്‌ ശേഖരം കണ്ടെത്താനും ഈ റെയ്ഡിലൂടെ കഴിഞ്ഞിരുന്നു.

തീര്‍ച്ചയായും സര്‍ക്കാരിന്‌ അഭിമാനിക്കാവുന്ന നേട്ടവും നടപടി ക്രമങ്ങളുമായിരുന്നു ഇക്കാര്യത്തില്‍ ഋഷിരാജ്‌ സിംഗ്‌ സ്വീകരിച്ചത്‌. സര്‍ക്കാരിന്‌ നികുതിയിനത്തില്‍ ലഭിക്കേണ്ട കോടികളുടെ ചോര്‍ച്ച തടയാന്‍ ഉതകുന്നതും, തുടര്‍ന്നിരുന്നെങ്കില്‍ സ്പിരിറ്റ്‌ മാഫിയയ്ക്ക്‌ ഭരണത്തിലുണ്ടായിരുന്ന സ്വാധീനം പൊളിച്ചടക്കാനും ശക്തമായിരുന്നു ഈ നീക്കം. എന്നാല്‍ സ്പിരിറ്റ്‌ മാഫിയയുടെ കാലുനക്കികളായി അച്യുതാനന്ദനടക്കമുള്ളവര്‍ നിലപാട്‌ മാറ്റിയപ്പോള്‍ ഋഷിരാജ്‌ സിംഗും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അന്വേഷണ സംഘവും ഒറ്റപ്പെടുകയായിരുന്നു, നീചമായി വഞ്ചിക്കപ്പെടുകയായിരുന്നു. ഋഷിരാജ്‌ സിംഗിനെ കുടുക്കാന്‍ പോലീസിലെയും എക്സൈസ്‌ വിഭാഗത്തിലെയും ഉന്നതന്മാരെ തന്നെ സ്പിരിറ്റ്‌ മാഫിയയും സര്‍ക്കാരും കരുക്കളാക്കി എന്നതാണ്‌ മറ്റൊരു ജുഗുപ്സാവഹമായ നീക്കം. ഈ ഗര്‍ഹണീയമായ അണിയറ നാടകത്തില്‍ ഐജി വിന്‍സെന്‍ എം പോളും അഡീഷണല്‍ ഡിജിപി രാജന്‍ മഥേക്കറുമൊക്കെ വിദൂഷക വേഷം കെട്ടി ആടുകയും ചെയ്തു.

ആദ്യം വിന്‍സെന്‍ എം പോളാണ്‌ ഋഷിരാജ്‌ സിംഗിന്റെ നീക്കങ്ങള്‍ക്ക്‌ പാരവയ്ക്കാന്‍ തയ്യാറായത്‌. അതീവ തന്ത്രശാലിത്തത്തോടെ രഹസ്യമായി നടത്തിയ ഈ നീക്കം കഴിഞ്ഞ ജനുവരി 16-ാ‍ം തീയതി വാസ്തവം പുറത്തുകൊണ്ടുവന്നിരുന്നു. കല്ല്യാണസൗഗന്ധിക പുഷ്പം തേടിപ്പോയ ഭീമന്റെ വഴി തടയാനെത്തിയ വൃദ്ധവാനരന്റെ വേഷമായിരുന്നു വിന്‍സെന്‍ എം പോളിന്റേത്‌. മഹാഭാരത കഥയില്‍ വാനരന്റെ വാലുപോലും ഇളക്കാന്‍ അതികായനും ശക്തനുമായ ഭീമന്‌ കഴിഞ്ഞില്ലെങ്കിലും സ്പിരിറ്റ്‌ വേട്ടയില്‍ വാനരവാലുമാത്രമല്ല വാനരനെത്തന്നെയും മറികടന്ന്‌ മുന്നോട്ട്‌ പോകാന്‍ ഋഷിരാജ്‌ സിംഗിന്‌ നട്ടെല്ലും ഇച്ഛാശക്തിയും ലക്ഷ്യബോധവുമുണ്ടായിരുന്നു.

ഇതില്‍ ഭരണകൂടത്തിലെ സ്പിരിറ്റ്‌ മാഫിയ സുഹൃത്തുക്കളും സ്പിരിറ്റ്‌ ലോബിയും തെല്ലൊന്നുമല്ല പകച്ചത്‌. അതോടെ അവര്‍ അടുത്ത പാരപണിക്ക്‌ അഡീഷണല്‍ ഡിജിപി രാജന്‍ മഥേക്കറെ വാടകയ്ക്കെടുത്തു. ഋഷിരാജ്‌ സിംഗിന്റെ അന്വേഷണ രീതി പ്രായോഗിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നതാണെന്നും അബ്കാരി കേസുകളുടെ ചുമതലയില്‍ നിന്ന്‌ ക്രൈംബ്രാഞ്ചിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ അങ്ങനെ മഥേക്കര്‍ സര്‍ക്കാരിലേക്ക്‌ റിപ്പോര്‍ട്ടയച്ചു.

ഈ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ്‌ സ്പിരിറ്റ്‌ വേട്ടയില്‍ നിന്ന്‌ ഋഷിരാജ്‌ സിംഗിനെ കെട്ടുകെട്ടിക്കാനുള്ള തീരുമാനത്തില്‍ അച്യുതാനന്ദന്‍ ഒപ്പുവച്ചത്‌. മൂന്നാറിലെ കയ്യേറ്റക്കാരായ എലികളെ പിടിക്കാന്‍ അച്യുതാനന്ദന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം അയക്കപ്പെട്ട മുഖ്യ പൂച്ചയായിരുന്നു ഋഷിരാജ്‌ സിംഗ്‌. അന്ന്‌ സിംഗിനെ മണികെട്ടാന്‍ കൊണ്ടുപിടിച്ച്‌ ശ്രമിച്ചത്‌ മന്ത്രിമാരായ കെ പി രാജേന്ദ്രനും ബിനോയി വിശ്വവും എംപി പന്ന്യന്‍ രവീന്ദ്രനും സിപിഐ നേതാക്കളായ വെളിയം ഭാര്‍ഗവനും കെ ഇ ഇസ്മായേലുമൊക്കെയായിരുന്നു. മണികെട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ഋഷിരാജ്‌ സിംഗിനെ മൂന്നാറില്‍ നിന്ന്‌ പായിക്കാന്‍ ഈ സംഘത്തിന്‌ കഴിഞ്ഞു.

വ്യത്യസ്തവും വ്യതിരിക്തവുമായ അന്വേഷണ ശൈലിയാണ്‌ ഋഷിരാജ്‌ സിംഗിന്റേത്‌. എസി മുറിയിലിരുന്ന്‌ കീഴ്‌ ജീവനക്കാര്‍ക്ക്‌ കേസന്വേഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ തെളിയിക്കപ്പെടുന്ന കേസുകളുടെ ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്ന രാജന്‍ മഥേക്കര്‍ക്കൊന്നും ഋഷിരാജ്‌ സിംഗ്‌ അഭിമതനാവുകയില്ല. ഹൈവേയിലെ കൈക്കൂലി സംഘത്തെ ഒതുക്കാന്‍ വേഷംമാറി നടത്തിയ നീക്കങ്ങളും ഐജി ടോമിന്‍ തച്ചങ്കരിയുടെ വ്യാജ സിഡി നിര്‍മാണം തടയാന്‍ നടത്തിയ റെയ്ഡുമൊക്കെ ഇവരില്‍ പലരുടെയും ഉറക്കം കെടുത്തിയിരുന്നു. അതിന്റെയെല്ലാം പരിണതിയാണ്‌ ഇപ്പോള്‍ സംഭവിച്ചിട്ടുള്ള ഈ കെട്ടുകെട്ടിക്കല്‍. നാണമില്ലാത്തവന്റെ മാത്രമല്ല, അച്യുതാനന്ദന്റെയും എവിടെയെല്ലാമോ ആലു കിളിര്‍ക്കുന്നുണ്ടെന്നും ആ ആല്‍ത്തണലില്‍ മയങ്ങാനാണ്‌ അച്യുതാനന്ദനും താല്‍പ്പര്യമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഋഷിരാജ്‌ സിംഗിനെതിരായ ഈ മൃഗീയ നടപടി.

നീതിമാന്റെ ഓര്‍മപോലും അണ്‍സഹിക്കബിള്‍!

പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യം ഉത്തരമില്ലാത്തൊരു ചോദ്യമായി ഉയര്‍ന്നു നില്‍ക്കുന്നത്‌ പാവം എലികള്‍ക്കു മുന്നില്‍ മാത്രമാണ്‌!

പുലികളെ സംബന്ധിച്ചിടത്തോളം ഇന്നുവരെ ഒരു പൂച്ചയ്ക്കും മണികെട്ടേണ്ട വിഷയമുദിച്ചിട്ടില്ല. എത്ര ശല്യക്കാരനായ പൂച്ചയെയും ഒറ്റയടിക്ക്‌ കഥകഴിക്കാന്‍ ഒരു പുലിക്കുട്ടിക്കാവും എന്നതു തന്നെ കാരണം.

ഋഷിരാജ്‌ സിംഗ്‌ എന്ന അച്യുമ്മാന്റെ പൂച്ചയെ ആദ്യം തച്ചങ്കരി തല്ലിയോടിച്ചു. പിന്നെ സിപിഐക്കാര്‍ ആട്ടിയോടിച്ചു. ഒടുവില്‍ കള്ളുകച്ചവടക്കാര്‍ അടിച്ചൊതുക്കി!

ഋഷിരാജ്‌ സിംഗ്‌ എന്ന ഐപിഎസ്‌ ഓഫീസറെ കേരളത്തിലെ സാധാരണക്കാര്‍ ഇഷ്ടപ്പെട്ടത്‌ ആളുടെ കൊമ്പന്‍മീശ കണ്ടിട്ടല്ല. സുരേഷ്ഗോപി ഷാജികൈലാസ്‌ ചിത്രങ്ങളിലെ ധീരനായ പോലീസ്‌ ഓഫീസറുടെ നിഴല്‍ ആളില്‍ കണ്ടിട്ടാണ്‌!

കള്ളുഷാപ്പില്‍ തോന്നുമ്പോഴൊക്കെ കയറിച്ചെന്നു കള്ളുകുടിച്ചു എന്നതല്ല; വെറുതെ സെക്യൂരിറ്റിക്കാരനായി ഈ സിംഗിനെ ഒതുക്കിയതിനു പിന്നില്‍. പിന്നെയോ, കള്ളുകച്ചവടക്കാരെ ശല്യപ്പെടുത്തി എന്ന ഒറ്റക്കാരണത്താലാണ്‌!

ഒരു ഋഷിയേപ്പോലെ നിസംഗതയോടെ, ഒരു രാജാവിനെപ്പോലെ കണിശതയോടെ ഒരു സിംഹത്തേപ്പോലെ വേഗതയോടെ പ്രവര്‍ത്തിച്ച ഋഷിരാജ്‌ സിംഗ്‌, പേരില്‍ എന്തിരിക്കുന്നു എന്ന പുണ്യപുരാതന ചോദ്യത്തെതന്നെ തകിടം മറിച്ചു. ആളുടെ പേരില്‍തന്നെ എല്ലാമിരിക്കുന്നു!

സിംഗിനെ ഒതുക്കിയതാരായാലും അച്യുമ്മാന്റെ പിടിവാശികള്‍ നടക്കാന്‍ പോണില്ല എന്ന ഒരു സന്ദേശമാണ്‌ അവര്‍ നമുക്കു തരുന്നത്‌!

ഭരണകൂടം അതിന്റെ കൂടം കൊണ്ട്‌ സാധാരണക്കാരനെ അടിച്ചൊതുക്കുന്ന കാലത്ത്‌, സാധാരണക്കാരുടെ സ്വപ്നങ്ങളില്‍ ഋഷിരാജ്‌ സിംഗുമാര്‍ വേണ്ട.

മണിയടിക്കാരും പാദസേവകരും തലവന്മാരായിരിക്കുന്ന പോലീസ്‌ സൈന്യം തന്നെയാണ്‌ കരുണാകരന്‍ മുതല്‍ കോടിയേരി വരെയുള്ള സകല ആഭ്യന്തര മന്ത്രിസത്തമന്മാര്‍ക്കും പഥ്യം!

നീതിമാന്റെ ഓര്‍മ വാഴ്‌വിനായ്‌ തീരും. അനീതിക്കാരുടെ കോലുകളിക്കാലത്ത്‌ നീതിമാന്റെ ഓര്‍മപോലും അണ്‍സഹിക്കബിളാണ്‌!

പത്തുപതിനാറു വര്‍ഷം മുന്‍പ്‌ സിസ്റ്റര്‍ അഭയയെന്ന പാവത്തെ കൊന്നു കിണറ്റിലെറിഞ്ഞ മഹാപാപികളെ രക്ഷിക്കാന്‍വേണ്ടി മാത്രം കോടികള്‍ തുലച്ച്‌ അന്വേഷണ പരമ്പരകള്‍ നടത്തി വിജയം കണ്ട പോലീസുദ്യോഗസ്ഥരാണ്‌ ശരിക്കും പുലികള്‍!

ഈ ഉദ്യോഗസ്ഥ പ്രമാണിമാര്‍ രക്ഷപ്പെടുകയും ഋഷിരാജ്‌ സിംഗന്മാര്‍ക്ക്‌ ഒക്കെയും നഷ്ടപ്പെടുകയും പാവങ്ങള്‍ പൗരന്മാര്‍ കഷ്ടപ്പെടുകയും ചെയ്യുകയെന്നതാണ്‌ ഈ കലികാലത്തെ ഒരു കളി!

Tuesday, March 25, 2008

തവളക്കാലും കരിമീനും തിന്ന്‌ ക്ഷേത്ര ദര്‍ശനം നടത്താന്‍ കേന്ദ്രത്തില്‍നിന്ന്‌ ഒരുത്തനും വരണ്ട

കാലംതെറ്റി പെയ്ത മീനമഴ സൃഷ്ടിച്ച കനത്ത നഷ്ടത്തിലാണ്‌ കേരളത്തിലെ കര്‍ഷകരെല്ലാം തന്നെ. പ്രാഥമികമായ കണക്കെടുപ്പില്‍ 150 കോടി രൂപയുടെ നഷ്ടമാണ്‌ സംഭവിച്ചിട്ടുള്ളത്‌. നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ച കര്‍ഷകര്‍ക്ക്‌ ഏക്കറൊന്നിന്‌ 10,000 രൂപ വീതം സമാശ്വാസ തുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ കര്‍ഷകരുടെ നഷ്ടം പൂര്‍ണ്ണമായല്ലെങ്കിലും മാന്യമായി പരിഹരിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. 150 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പേമാരി ദുരിതാശാ്വ‍സത്തിനായി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.

ചട്ടങ്ങളും നടപടി ക്രമങ്ങളുമനുസരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന നിരീക്ഷകസംഘം ഇവിടെയെത്തി കണക്കെടുപ്പ്‌ നടത്തിയ ശേഷമേ ദുരിതാശ്വാസ തുക ലഭിക്കുകയുള്ളൂ. ഈ ആവശ്യം ഉന്നയിച്ച്‌ മന്ത്രിമാരായ കെ.പി.രാജേന്ദ്രനും മാത്യു പി. തോമസും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയുമടക്കം നിരവധി നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കാണാന്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലുണ്ട്‌. ഇവരുടെ ദൗത്യം ഫലവത്താകുമെന്ന്‌ തന്നെ പ്രതീക്ഷിക്കുക.

ഇപ്പോള്‍ കഴിഞ്ഞ മഴക്കാലത്തുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ തോന്ന്യാസങ്ങളാണ്‌ ഞങ്ങളുടെ മനസില്‍ മുള പൊട്ടുന്നത്‌. വെള്ളപ്പൊക്കക്കെടുതി നേരിട്ടു കാണാനെന്ന വ്യാജേന നാടാകെ സഞ്ചരിച്ച്‌ തവളക്കാലും കരിമീനും തിന്ന്‌ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം തൊഴുത്‌ അവിടെനിന്ന്‌ പ്രസാദം വാങ്ങി സന്തുഷ്ടരായാണ്‌ ആ സംഘം മടങ്ങിപ്പോയത്‌. അന്ന്‌ അവരെ അനുയാത്ര ചെയ്ത മന്ത്രി ജി. സുധാകരന്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ ഈ സംഘത്തിന്റെ 'തീറ്റി' ചെലവിനായി 60 ലക്ഷം രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്‌. അന്ന്‌ ഇവിടെനിന്ന്‌ വയറുനിറയെ വിശിഷ്ട ഭോജ്യങ്ങള്‍ കഴിച്ച്‌ ഏമ്പക്കവും വിട്ട്‌ തലസ്ഥാന നഗരിയിലേക്ക്‌ വിമാനം കയറിയ ആ ഉദ്യോഗസ്ഥ ഭീകരന്മാര്‍ കേരളത്തിന്റെ നഷ്ടം വേണ്ട രീതിയില്‍ വിലയിരുത്തുകയും അത്‌ പരിഹരിക്കുന്നതിനാവശ്യമായ പണം അനുവദിക്കാനുള്ള ശിപാര്‍ശ നല്‍കുകയോ ഉണ്ടായില്ല. എങ്കിലും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ച്‌ അവര്‍ അല്‍പ്പം തുകയ്ക്ക്‌ കേരളത്തിനര്‍ഹതയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഒരിക്കലും കേരളത്തിന്റെ ആവശ്യത്തിന്‌ ഉതകുന്നതായിരുന്നില്ല അവര്‍ ശിപാര്‍ശ ചെയ്ത തുക. എന്നിട്ടും ആ തുകയില്‍ 84 കോടി രൂപ ഇനിയും കേരളത്തിന്‌ കിട്ടാനുണ്ട്‌.

ഈ അനുഭവം ഉള്ളതുകൊണ്ടാണ്‌ തവളക്കാലും കരിമീനും തിന്നാന്‍ കേന്ദ്രത്തില്‍ നിന്ന്‌ ഒരുത്തനും ഇങ്ങോട്ട്‌ വരേണ്ട എന്ന ജി. സുധാകരന്റെ നിലപാട്‌ സ്വീകാര്യമായി തീരുന്നത്‌.

കേന്ദ്രന്മാരുടെ നടപടി ഇത്തരത്തില്‍ കേരളവിരുദ്ധമാകുമ്പോള്‍ അതിനെ തോല്‍പ്പിക്കാനുള്ള മത്സരത്തിലാണെന്ന്‌ തോന്നുന്നു സംസ്ഥാനത്തെ ഭരണകക്ഷിയും പ്രതിപക്ഷവും. മീനമഴയില്‍ തകര്‍ന്നു തരിപ്പണമായ കര്‍ഷകമനസുകളില്‍ വികല രാഷ്ട്രീയത്തിന്റെ വിത്തുവിതച്ച്‌ നൂറുമേനി കൊയ്യാനാണ്‌ ഇവരുടെ ശ്രമം.

കേരളത്തിന്റെ നഷ്ടം ബൃഹത്താണ്‌. അതുകൊണ്ടുതന്നെ തീര്‍ച്ചയായും ഒരു സര്‍വ്വകക്ഷി സംഘമായിരുന്നു കേരളത്തിന്റെ അവസ്ഥ കേന്ദ്രത്തെ ബോധിപ്പിക്കാന്‍ ഇവിടെ നിന്ന്‌ പോകേണ്ടിയിരുന്നത്‌. ആ സംഘത്തെ മുഖ്യമന്ത്രി തന്നെ നയിക്കുകയും വേണമായിരുന്നു. എന്നാല്‍ 'കൃത്യാന്തര ബാഹുല്യം' മൂലം കേരളകര്‍ഷകന്റെ അപരിഹാര്യമായ നഷ്ടങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കെണ്ടുവരാനായി ന്യൂഡല്‍ഹി വരെ പോകാന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‌ സമയമില്ലാതെ പോയി. കെ.പി.രാജേന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘത്തെക്കാണാന്‍ കൃഷിമന്ത്രി ശരത്‌ പവാറിന്‌ സമയവും ഉണ്ടായില്ല. ക്രിക്കറ്റ്‌ മത്സരമായിരുന്നു അദ്ദേഹത്തിന്‌ പ്രധാനം. അതിന്റെ ചര്‍ച്ചക്കായി മുംബൈയ്ക്ക്‌ പോകാനായിരുന്നു പവാറിന്‌ താല്‍പ്പര്യം.

പവാറിനെ നേരിട്ട്‌ കാണാനാവാതെ രാജേന്ദ്രനും മാത്യു പി.തോമസും അടങ്ങുന്ന സംഘം ഇളിഭ്യരായപ്പോള്‍ എന്‍സിപി നേതാക്കളായ കെ.മുരളീധരനും കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിക്കും ശരത്‌ പവാറിനെ നേരിട്ട്‌ കണ്ട്‌ കേരളത്തിന്റെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചു!

ഇതേ അനുഭവമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക സംഘത്തിനുണ്ടായത്‌. പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയ്ക്കും മന്‍മോഹന്‍ സിംഗിനെ നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ മാത്രമാണ്‌ കെ.പി.രാജേന്ദ്രനടക്കമുള്ള ഔദ്യോഗിക സംഘത്തിന്‌ അവസരം ലഭിച്ചത്‌.

അതായത്‌ ഒരു തൊമ്മനും ഭേദമല്ല എന്ന്‌ ഒരിക്കല്‍ കൂടി നമ്മെയൊക്കെ ബോധ്യപ്പെടുത്താന്‍ മാത്രമെ ഇവരുടെ ഈ നാട്യങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളൂ. തവളക്കാല്‌ തിന്നാനെത്തുന്ന കേന്ദ്രനും പേമാരിദുരന്തത്തില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ഇവിടുത്തെ നേതാക്കളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌. നഷ്ടം സംഭവിക്കാന്‍ എന്നും കര്‍ഷകര്‍ മാത്രം. ഈ ദുരന്തത്തില്‍ നിന്ന്‌ കേരളീയര്‍ക്ക്‌ മോചനമില്ല.

പവാറിനെ കാണാന്‍ പോലും കൊടുത്തില്ല!

ഗണപതി കല്യാണം പോലെയാണ്‌ പണ്ടേ കേരളത്തിനുള്ള കേന്ദ്ര സഹായം. നാളെ നാളെ... നീളെ നീളെ...

കേന്ദ്ര സാഹായം കാത്തു കിടക്കുന്നതിലും ഭേദം നാളെ നാളെ നറുക്കെടുപ്പ്‌ എന്ന്‌ വിളിച്ചു പറഞ്ഞു നടക്കുന്ന ലോട്ടറി കച്ചവടക്കാരനോട്‌ രണ്ട്‌ ലോട്ടറി വാങ്ങി പരീക്ഷിക്കുന്നതു തന്നെയാണ്‌!

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതി കണ്ടു പഠിക്കാന്‍ വന്ന കേന്ദ്ര പഠന സംഘം കോഴിക്കാലും തവളയിറച്ചിയും തിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉല്ലസിച്ചും മടങ്ങിയത്‌ നാം കണ്ടതാണ്‌. നാവിനെല്ലില്ലെന്നതിനാല്‍ മന്ത്രി സുധാകരന്‍ ആ തീറ്റിപ്പണ്ടാരങ്ങളെ കണക്കിനു 'കൊട്ടു'കയും ചെയ്തിരുന്നു.

തിന്നുമുടിച്ചു പോയ പഠന സംഘം കനിഞ്ഞു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുവദിച്ച നക്കാപ്പിച്ച സഹായത്തില്‍ ഇനിയും എണ്‍പത്തിനാലു കോടി കിട്ടാനുണ്ട്‌!

ഇക്കാര്യത്തില്‍ കേരളത്തിന്‌ യാതൊരു ഉറപ്പും കിട്ടിയിട്ടില്ലെന്ന്‌ നമ്മുടെ മന്ത്രി സത്തമന്മാര്‍ തുറന്നു സമ്മതിക്കുന്നു!

അതിനിടെയാണ്‌ കേരളത്തിന്റെ നട്ടെല്ലൊടിച്ച്‌ വേനല്‍മഴ നാശനഷ്ടം വിതച്ചത്‌.

'കേന്ദ്രത്തിലെ പഹയന്മാര്‍' വരും; വരാതിരിക്കില്ല, പ്രതീക്ഷമാത്രം ആശ്രയം എന്ന പല്ലവി പാടി പ്രശ്നത്തില്‍ നിന്നും മുഖം തിരിക്കുകയാണ്‌ കേരളത്തിലെ ഇടതു വലതു നേതാക്കള്‍.

ഇന്നലത്തെ കാര്യം തന്നെ നോക്കുക. ശരത്‌ പവാര്‍ എന്ന പവറു കൂടിയ മന്ത്രിയെ കാണാന്‍ പോയ നമ്മുടെ രാജേന്ദ്രന്‍, മാത്യു ടി തോമസ്‌ എന്നീ പുംഗവന്മാര്‍ക്ക്‌ പണ്ടാരോ കൊച്ചിയില്‍ കോണകം വാങ്ങാന്‍ പോയ ഗതിയാണു വന്നത്‌!
പവാറിനെ കാണാന്‍ പോലും കൊടുത്തില്ല!

അതേസമയം നമ്മുടെ കിങ്ങിണിക്കുട്ടന്‍ മുരളീധരന്‍ നേരെ പവാറിനെപ്പോയി കണ്ട്‌ 'ഉറപ്പു' വാങ്ങിയതു കണ്ടോ?

അതാണ്‌ ബ്ലഡ്ഗ്രൂപ്പിന്റെ ഗുണം. ഭരിക്കാനറിയാവുന്ന തന്തയുടെ മകനാണ്‌ കിങ്ങിണിക്കുട്ടന്‍!

കേരളത്തില്‍ തേരാപ്പാര നടന്ന്‌ പ്രസംഗവെടി ഉതിര്‍ക്കാനല്ലാതെ ഇവിടത്തെ ഇടതു വലതു നേതാക്കളെക്കൊണ്ട്‌ ഒരു ചുക്കിനും കൊള്ളില്ലെന്ന്‌ കേന്ദ്രം ഭരിക്കുന്ന മാടമ്പിമാര്‍ക്ക്‌ അന്നുമറിയാം ഇന്നുമറിയാം!

ഒന്നുമറിയാത്തത്‌ നമ്മള്‍ വോട്ടര്‍മാര്‍ക്കു മാത്രമാണ്‌!

Monday, March 24, 2008

ഇനിയെങ്കിലും കെഎസ്‌കെടിയുവിന്റെ കണ്ണുതുറക്കുമോ?

ഓര്‍മ്മയില്‍ ഒരിക്കലും പെയ്തിറങ്ങിയിട്ടില്ലാത്ത മീനമഴ വരുത്തിവച്ച കഷ്ടപ്പാടിലും കണ്ണീര്‍ കായലിലുമാണ്‌ കേരളത്തിലെ എല്ലാ വിഭാഗം കര്‍ഷകരും.

എന്നാല്‍ ഏറ്റവും അധികം തിരിച്ചടി ഏറ്റത്‌ നെല്‍ കര്‍ഷകര്‍ക്കാണ്‌; പ്രത്യേകിച്ച്‌ കുട്ടനാട്ടിലെ നെല്‍കൃഷിക്കാര്‍.

കാലം തെറ്റിയെത്തിയ മീനമഴ 15 പേരുടെ ജീവന്‍ അപഹരിക്കുകയും 110 കോടിരൂപയുടെ നഷ്ടം സംസ്ഥാനത്തിന്‌ വരുത്തിവയ്ക്കുകയും ചെയ്തു. ഇതില്‍ 50 കോടിയും കുട്ടനാട്ടിലെ നെല്‍കൃഷിക്കാരുടെ നഷ്ടമാണ്‌.

കൃഷി പൂര്‍ണ്ണമായി നശിച്ചവര്‍ക്ക്‌ നഷ്ടം മുഴുവന്‍ നല്‍കുമെന്നുള്ള കേരളസര്‍ക്കാരിന്റെ തീരുമാനവും വിളനഷ്ടം സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മന്ത്രിമാരും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ ന്യൂഡല്‍ഹിയിലേക്ക്‌ തിരിച്ചതും ആശാവഹമായ നടപടികളാണ്‌.

പക്ഷെ ഇതുകൊണ്ടൊന്നും നഷ്ടം സംഭവിച്ച കര്‍ഷകരുടെ കഷ്ടം ഉടനെയൊന്നും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ബാങ്കുകളില്‍ നിന്ന്‌ വായ്പ്പയെടുത്തും ആഭരണവും പറമ്പും പണയപ്പെടുത്തിയുമാണ്‌ കുട്ടനാട്ടിലേതുള്‍പ്പെടെയുള്ള നെല്‍കൃഷിക്കാരും മറ്റു കര്‍ഷകരും ഇത്തവണ കൃഷിയിറക്കിയത്‌. എല്ലാ കൃഷിയും വിളവെടുപ്പിന്‌ പാകമായപ്പോഴാണ്‌ പ്രകൃതിയുടെ തിരിച്ചടിയായി മീനമഴ എത്തിയതും പ്രതീക്ഷകളില്‍ മടവീണതും.

പ്രകൃതി ദുരന്തമായി പൊതുവെ ഈ തിരിച്ചടിയെ വിശേഷിപ്പിക്കാമെങ്കിലും കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന്‌ പ്രാഥമികമായി ഉത്തരവാദികള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ്‌ കര്‍ഷക തൊഴിലാളി യൂണിയനാണ്‌. ഇന്നും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും ജീര്‍ണ്ണത ബാധിച്ചതുമായ തൊഴില്‍ മൂല്യങ്ങളെ മുറുകെപിടിച്ച്‌ ഇവര്‍ നടത്തിയ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളാണ്‌ കുട്ടനാട്ടില്‍ വന്‍ നാശത്തിന്‌ കളമൊരുക്കിയത്‌. നശിച്ച ഈ ട്രേഡ്‌ യൂണിയന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ തോരാമഴയും മടവീഴ്ചയുമൊന്നും കര്‍ഷകരെ കണ്ണീര്‍ക്കയത്തില്‍ ആഴ്ത്തുമായിരുന്നില്ല.

115 ദിവസം കൊണ്ട്‌ പാകമാകുന്ന നെല്‍വിത്താണ്‌ ഇത്തവണ കുട്ടനാട്ടിലെ കര്‍ഷകര്‍ വിതച്ചത്‌. പ്രതീക്ഷിച്ചതുപോലെ കഠിനാദ്ധ്വാനത്തിന്‌ നൂറ്‌ മേനിക്കടുത്ത്‌ വിളവ്‌ ലഭിക്കുകയും ചെയ്തു. എന്നാല്‍ കഷ്ടപ്പാടിന്റെ പാടത്ത്‌ വിരിഞ്ഞ കതിരുകള്‍ കൃത്യസമയത്ത്‌ കൊയ്തെടുക്കാന്‍ കെഎസ്കെടിയു വിന്റെ നെറികെട്ട തൊഴിലാളി പ്രേമം സമ്മതിക്കാതിരുന്നതാണ്‌ നഷ്ടങ്ങള്‍ക്കെല്ലാം കാരണമായത്‌. കൊയ്ത്തു തൊഴിലാളികളെ ലഭിക്കാനില്ല എന്നത്‌ കേരളത്തില്‍ പൊതുവെയുള്ള പ്രശ്നമാണ്‌. അതുകൊണ്ട്‌ കുട്ടനാടുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ്‌ കുറേ നാളുകളായി കൊയ്ത്തു നടത്തുന്നത്‌. എന്നാല്‍ ഇത്തവണ തൊഴിലാളികളെ കൊണ്ട്‌ തന്നെ കണ്ടം കൊയ്യിക്കണമെന്ന കെഎസ്കെടിയുവിന്റെ പിടവാശി മൂലമാണ്‌ കൊയ്തെടുത്ത കറ്റകളെല്ലാം മീനമഴയില്‍ കുതിര്‍ന്ന്‌ കിളിര്‍ത്തതും പലയിടത്തും കൊയ്ത്ത്‌ നടക്കാതെ പോയതും. വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച്‌ കതിരുകള്‍ കൊയ്തെടുത്ത്‌ പാടവരമ്പത്ത്‌ സൂക്ഷിച്ചവര്‍ക്കാണ്‌ മീനമഴയില്‍ കനത്ത നഷ്ടമുണ്ടായത്‌.

കൊയ്ത്തുയന്ത്രം ഉപയോഗിച്ച്‌ കൊയ്യണമെങ്കില്‍ കെഎസ്കെടിയുവിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്ന നിര്‍ബന്ധവും അതിന്‌ പ്രത്യേക ലെവിയും കൂടാതെ കൊയ്ത്തുതൊഴിലാളികള്‍ക്ക്‌ നോക്കുകൂലി നല്‍കണമെന്ന വാശിയുമൊക്കെയാണ്‌ കുട്ടനാട്ടില്‍ കൊയ്തെടുത്ത കതിരുകള്‍ കിളിര്‍ത്തുപോകാന്‍ കാരണമായത്‌.

ഇന്നിപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിപോലും ഈ നഷ്ടത്തിന്റെ ഉത്തരവാദിത്തം കെഎസ്കെടിയുവിന്റെ തലയില്‍ കെട്ടിവച്ച്‌ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌. നെറികേടിന്റെ ഈ രാഷ്ട്രീയം ഇത്‌ ആദ്യമായിട്ടല്ല പാര്‍ട്ടി പയറ്റുന്നത്‌. വെട്ടിനിരത്തല്‍ സംഭവമുണ്ടായപ്പോഴും ഇതേ നിലപാടാണ്‌ പാര്‍ട്ടി സ്വീകരിച്ചത്‌. അന്ന്‌ അതിന്‌ നേതൃത്വം നല്‍കിയത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളായ അച്യുതാനന്ദന്‍ അടക്കമുള്ളവരായിരുന്നു. എന്നാല്‍ ജനവികാരം ഈ നടപടിക്ക്‌ എതിരായി എന്ന്‌ കണ്ടപ്പോള്‍ വെട്ടിനിരത്തലിനെ തള്ളിപ്പറയുകയും പഴി കെഎസ്കെടിയുവിന്റെ പിടലിക്ക്‌ കെട്ടിവയ്ക്കുകയുമാണുണ്ടായത്‌. അതേ തന്ത്രമാണ്‌ ഇപ്പോഴും പാര്‍ട്ടി നേതൃത്വം അവലംബിച്ചിട്ടുള്ളത്‌. മാത്രമല്ല ഈ പൊതുനഷ്ടത്തിന്റെ പാടത്ത്‌ പാര്‍ട്ടിപ്പോരിന്റെ വിത്തുവിതയ്ക്കാനും ഔദ്യോഗികപക്ഷം ശ്രമിക്കുന്നുണ്ട്‌. കുട്ടനാട്ടിലും പരിസരങ്ങളിലും അച്യുതാനന്ദന്‍ വിഭാഗത്തിനാണ്‌ മേല്‍ക്കൈ ഉള്ളത്‌. അത്‌ ലാക്കാക്കിയാണ്‌ ഔദ്യോഗികപക്ഷത്തിന്റെ നീക്കം.

അതേസമയം വയല്‍നികത്തി അവിടെ പാര്‍ട്ടിഓഫീസ്‌ പണിയാനും ബാര്‍ഹോട്ടലുകള്‍ പണിയാനും കുട്ടനാട്ടിലെ എല്ലാപഞ്ചായത്തുകളും അനുമതി നല്‍കിയതിനുപിന്നില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയാണുള്ളത്‌. പാടശേഖരങ്ങള്‍ തരിശിടുന്നതിന്‌ പിന്നിലും ഇവരുടെയൊക്കെ കുരുട്ടുബുദ്ധികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കര്‍ഷകനെ ദ്രോഹിച്ച്‌ നേതാക്കന്മാര്‍ ലാഭത്തിന്റെ കൊയ്ത്തുത്സവമായിരുന്നു കുട്ടനാട്ടില്‍ ആഘോഷിച്ചിരുന്നത്‌. അതിന്റെയെല്ലാം തിരിച്ചടിയാണ്‌ ഇപ്പോഴുണ്ടായത്‌. ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ കെഎസ്കെടിയു മാന്യമായി കര്‍ഷകത്തൊഴിലാളികളോടുള്ള പ്രതിബദ്ധത പാലിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

ആര്‍ട്ട്‌ ഓഫ്‌ അഡ്ജസ്റ്റ്മെന്റ്‌

യുര്‍ചിക്‌ വ്ലാഡിഡാവ്‌, സെര്‍ജിനിക്‌ വലേറി എന്നിവ ചൊറുതണം നായ്ക്കുരണം തുടങ്ങിയ ചൊറിച്ചിലുണ്ടാക്കുന്ന സസ്യങ്ങളുടെ ശാസ്ത്രനാമമാണെന്നു കരുതരുത്‌.

മഹത്തായ സോവ്യറ്റ്‌ യൂണിയന്റെ പരിപ്പെടുത്തശേഷം ബാക്കിയായ ഇന്നത്തെ റഷ്യയില്‍ നിലവിലുള്ള കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാക്കളാകുന്നു യുര്‍ചിക്‌ വ്ലാഡിഡാവും, സെര്‍ജിനിക്‌ വലേറിയും. ഇരുവരും കമ്യൂണിസ്റ്റുകാരായ മനുഷ്യന്മാരാണെങ്കിലും കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വച്ചു ചെയ്ത 'ചെയ്ത്ത്‌' ഇന്ത്യാ മഹാരാജ്യത്തെ കമ്യൂണിസ്റ്റുകാരായ മനുഷ്യന്മാര്‍ക്കൊക്കെ ചൊറിച്ചിലുണ്ടാക്കുന്നതായിരുന്നു.

ബാംഗ്ലൂരില്‍ ഇരുന്നും ലോകമെങ്ങും നടന്നും 'ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌' എന്ന അഭ്യാസം നാട്ടുകാരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഡബിള്‍ ശ്രീ രവിശങ്കറെ കാണാനായിരുന്നു റഷ്യന്‍ സഖാക്കള്‍ എത്തിയത്‌.

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന ചെങ്കൊടിയില്‍ സമര പരമ്പരകളുടെ, തൊഴിലാളി വര്‍ഗബോധത്തിന്റെ അടയാളമായ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ഷാള്‍ പുതപ്പിച്ചാണ്‌ സഖാക്കള്‍ ഡബിള്‍ ശ്രീയെ ആദരിച്ചത്‌! ജ്യോതി ബസു മുതല്‍ പിണറായി വരെയുള്ള ഇന്ത്യന്‍ സഖാക്കളെ ആരെയും കാണാനില്ലാതെ, ഡബിള്‍ ശ്രീയോട്‌ 'ആത്മീയത'യെക്കുറിച്ചു ചര്‍ച്ച ചെയ്ത്‌ സഖാക്കള്‍ സ്വര്‍ഗരാജ്യത്തിന്‌ അവകാശികളായി.

പണക്കാരനും പാവപ്പെട്ടവനും വിവരംകെട്ടവനും ബുദ്ധിജീവിക്കും ഇനി ആത്മീയജ്ഞാനമാണ്‌ വേണ്ടതെന്ന്‌ സഖാക്കള്‍ പറഞ്ഞു!

റഷ്യയില്‍ ആരാധനാ സ്വാതന്ത്ര്യത്തിന്‌ വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നിലപാടുകളില്‍ ഉത്കണ്ഠയുണ്ടെന്നും സഖാക്കള്‍ ഗദ്ഗദകണ്ഠരായി!

നോക്കണേ, കാര്യങ്ങളുടെ കിടപ്പ്‌. ആത്മീയതയും കമ്യൂണിസവും ഇക്കാലമത്രയും ആലുവയും മത്തിക്കറിയും പോലെ വിരുദ്ധധ്രുവങ്ങളില്‍ നിലകൊള്ളുന്നു എന്നു കരുതിയ നമ്മള്‍ക്കിട്ടാണ്‌ പണി!

ഇനിയിപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ സകല മത, മദ, ജാതിക്കാരായ 'ആത്മീയ'ക്കാരെയൊക്കെ പോയി കാണുക, കൊടി പുതപ്പിക്കുക. കാര്യങ്ങള്‍ ഒക്കെയും നേരാംവഴിക്കു വരും!

ഇതിനെയാണ്‌ ആര്‍ട്ട്‌ ഓഫ്‌ അഡ്ജസ്റ്റ്മെന്റ്‌ എന്നു പറയുന്നത്‌. മതം കൊണ്ടും ദര്‍ശനം കൊണ്ടും വയറ്റുപിഴപ്പു കഴിച്ചുപോകുന്നവര്‍ തമ്മില്‍ ഒരഡ്ജസ്റ്റ്മെന്റ്‌!

നാട്ടുകാരെ സംബന്ധിച്ചിടത്തോളം ആത്മീയതയായാലും കമ്യൂണിസമായാലും പൊതിയാത്തേങ്ങയാണ്‌. എന്താണ്ടൊക്കെ മനസിലായപോലെ തോന്നും! ഒന്നും മനസിലായില്ല എന്നുമാത്രം. മനസിലാവുകയുമില്ല. എന്തായാലും, വിപ്ലവം ജയിക്കട്ടെ!

Saturday, March 22, 2008

കേരം തിങ്ങും കോരന്‍ തേങ്ങും...

തിന്നാനൊന്നുമില്ലെങ്കില്‍ പിന്നെ ഒരു വഴിയേ മുന്നിലുള്ളൂ. പട്ടിണി കിടക്കുക എന്നതാണ്‌ ആ എളുപ്പവഴി.

പട്ടിണി കിടക്കുന്നവരുടെ മുന്നില്‍ വേറൊരു വഴികൂടിയുണ്ട്‌, ഇടയ്ക്കിടെ വെള്ളം കുടിക്കുക എന്നതാണ്‌ ആ ലളിതവഴി.

ആന്ധ്രക്കാരുടെ കരുണകൊണ്ടു മാത്രം കഞ്ഞി കുടിച്ചു പോരുന്ന മലയാളിയുടെ മേല്‍ വേനല്‍മഴ, തുലാവര്‍ഷത്തെ വെല്ലുന്ന കരുത്തോടെയാണ്‌ തകര്‍ത്തു പെയ്യുന്നത്‌. കോടിക്കണക്കിനു രൂപയുടെ നെല്‍കൃഷി നാശത്തിന്റെ കണക്കെടുപ്പു നടത്തി ഉദ്യോഗസ്ഥര്‍ അനുദിനം അവശരായിക്കൊണ്ടിരിക്കുന്നു. പരമപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസു പോലും മറന്ന്‌ സിപിഐക്കാരായ മന്ത്രിമാര്‍ രാജേന്ദ്രനും രത്നാകരനും കണക്കെടുത്തും പ്രസ്താവനയിറക്കിയും തളര്‍ന്നു കഴിഞ്ഞു.

ഇനിയിപ്പോള്‍ മലയാളിക്ക്‌ തിന്നു വിശപ്പടക്കാന്‍ തേങ്ങമാത്രമേ നാട്ടിലുള്ളൂ. തേങ്ങ സുലഭമാക്കാന്‍ എന്തു ചെയ്യേണ്ടൂ എന്നാലോചിച്ച്‌ തലപുകച്ച കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക്‌ രണ്ടു സഹായമാണ്‌ മലയാളികള്‍ക്ക്‌ ചെയ്തു തന്നത്‌.

ഒരു വര്‍ഷം മുമ്പ്‌ അറുപത്തഞ്ച്‌ ശതമാനമായിരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 20 ശതമാനമാക്കി വെട്ടിക്കുറച്ചു. വെളിച്ചെണ്ണയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തു. പാമോയില്‍ വിലക്കുറവിനു കിട്ടിയാല്‍ വെളിച്ചെണ്ണ ഉപയോഗം കുറയുമെന്ന്‌ അന്തോണിച്ചന്‍, അഹമ്മദിക്കാ, രവിയച്ചന്‍ എന്നീ മലയാളി മന്ത്രിമാരാണ്‌ കേന്ദ്രത്തോടു മന്ത്രിച്ചു കൊടുത്തത്‌. കയറ്റുമതി ചെയ്യാനും കൂടി പറ്റാതായാല്‍ വെളിച്ചെണ്ണ ഉല്‍പ്പാദനവും കുറഞ്ഞു കിട്ടും.

അങ്ങിനെ വന്നാല്‍ തേങ്ങാവില കുറയും. വില കുറഞ്ഞാല്‍ കാലത്തും ഉച്ചയ്ക്കും വൈകുന്നേരവും മലയാളികള്‍ തേങ്ങാ തിന്നു ജീവിച്ചുകൊള്ളും!

തേങ്ങാ മാത്രം തിന്ന്‌ തമിഴ്‌നാട്ടിലൊരാള്‍ വര്‍ഷങ്ങളായി ജീവിച്ചിരിപ്പുണ്ട്‌. പിന്നെന്തുകൊണ്ട്‌ കേരം തിങ്ങും കേരള നാട്ടില്‍ തേങ്ങാ തിന്നു ജീവിച്ചുകൂടാ?

ആകെ ഒരു കുഴപ്പമേ വരാനുള്ളൂ. തേങ്ങാ വിലയിടിഞ്ഞാല്‍ വെറും മുപ്പത്തഞ്ചു ലക്ഷം തേങ്ങാ കര്‍ഷകര്‍ പെരുവഴിയിലാവും. നെല്‍കര്‍ഷകര്‍, കുരുമുളകുകര്‍ഷകര്‍, ഇഞ്ചികര്‍ഷകര്‍, കശുവണ്ടികര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങി ഒരുമാതിരി കര്‍ഷകരെല്ലാം തെണ്ടി കുത്തുപാളയെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യനീതി നടപ്പാക്കണമെങ്കില്‍ തേങ്ങാ കര്‍ഷകര്‍ കൂടി തെണ്ടിപ്പോയാല്‍ മതിയെന്ന്‌ കേന്ദ്രം ഭരിക്കുന്നവര്‍ക്കറിയാം!

ആകെ പേടിക്കേണ്ടത്‌ ചാണ്ടിക്കുഞ്ഞിനെയാണ്‌. കുഞ്ഞൂഞ്ഞിന്‌ ഡല്‍ഹി ഡര്‍ബാറില്‍ വലിയ പിടിപാടാണ്‌. ആളെങ്ങാനും ഡല്‍ഹിക്കു വണ്ടികയറി പരിപാടിയാകെ അട്ടിമറിച്ചു കളയുമോ എന്നാണ്‌ പേടി!

ആണവക്കരാറിന്റെ പേരില്‍ പിന്തുണ ദിപ്പൊ പിന്‍വലിക്കും ദിപ്പൊ പിന്‍വലിക്കും എന്നു പറഞ്ഞ്‌ അഞ്ചാറു മാസമായി വണ്‍ ടൂ ത്രീ പറഞ്ഞു നടക്കുന്ന ഇടതുപക്ഷ എംപിമാര്‍ തേങ്ങാ വിലയിടിവിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചു കളയുമോ എന്ന പേടിയും ഇല്ലാതില്ല!

എന്തായാലും മലയാളിക്ക്‌ രണ്ടു യോഗമാണ്‌; പ്രകൃതിയുടെ വികൃതിയും കേന്ദ്രത്തിന്റെ തകൃതിയും. എല്ലാം കൂടി മലയാളിക്കിപ്പോള്‍ അനുകൂല സമയമാണ്‌.

ആനന്ദലബ്ധിക്ക്‌ ഇനിയെന്തു തേങ്ങാക്കൊല വേണം!

നിന്ദിതരുടെ, പീഡിതരുടെ പുനരുത്ഥാനം

നിലത്തു വീണ്‌ അഴുകിയ ഒരു ഗോതമ്പുമണി-രാഷ്ട്രീയ അധികാരവും സംഘടിത മതവ്യവസ്ഥയുടെ കാര്‍ക്കശ്യവും അതിനിന്ദ്യമായി കുരിശിലേറ്റി കൊലപ്പെടുത്തിയ ക്രിസ്തു.

ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നുവെങ്കില്‍ ലോകത്തിന്‌ നഷ്ടമാവുമായിരുന്നത്‌ സത്യത്തിലും നീതിയിലുമുള്ള വിശ്വാസമായിരുന്നു.

അധികാരങ്ങളുടെ അധിപനും, സദാ യുദ്ധ സന്നദ്ധനും, വാനമേഘങ്ങളിലും അഗ്നിയിലും മുഴങ്ങുന്ന ഗംഭീര വചനവുമായിരുന്നു അവനു മുമ്പുവരെ സെമിറ്റിക്‌ മതങ്ങളിലെ ശാഠ്യക്കാരനായ ദൈവം.

ദൈവത്തെ അറിയുക അല്ലെങ്കില്‍ സ്നേഹിക്കുക എന്നുവച്ചാല്‍ ദരിദ്രരോട്‌ നീതി പുലര്‍ത്തുക എന്നതാണെന്ന്‌ ക്രിസ്തു പഠിപ്പിച്ചു. ഹോമബലികളിലും യാഗബലികളിലും സംപ്രീതനായിരുന്ന പഴയ നിയമത്തിലെ ദൈവം കരുണാമയനും കാവല്‍ വിളക്കുമായി ലോകത്തിനു മുന്നില്‍ വന്നു നിറഞ്ഞത്‌ അവന്‍ വഴിയായിരുന്നു.

ഞാന്‍ വഴിയും സത്യവും ജീവനുമാണെന്ന്‌ ക്രിസ്തു പറഞ്ഞു. ആകാശത്തിലെ പറവകളെപ്പോലെ അന്നന്നത്തെ അപ്പത്തിനു വേണ്ടി മാത്രം വിയര്‍പ്പൊഴുക്കാന്‍ അവന്‍ പഠിപ്പിച്ചു. മറ്റുള്ളവരുടെ കടങ്ങളും പാപങ്ങളും ഞാന്‍ പൊറുക്കുന്നതുപോലെ എന്റെ കടങ്ങളും പാപങ്ങളും പൊറുക്കണമേയെന്നു പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചു.

കാനായില്‍ കലവറയില്‍ വീഞ്ഞുകാലിയായ ഗൃഹനാഥന്റെ ഉള്ളിലെ നീറ്റലില്‍ ക്രിസ്തു വെള്ളം വീഞ്ഞാക്കിയതോ, കുരുടനെയും മുടന്തനെയും രക്തസ്രാവക്കാരി സ്ത്രീയെയും ലാസറിനെയും ജീവിതത്തിലേക്ക്‌ കൊണ്ടുവന്നതോ അല്ല, അന്നത്തെ അധികാരവ്യവസ്ഥയെ പ്രകോപിപ്പിച്ചത്‌.

സക്കേവൂസിനെപ്പോലെ ഉയരം കുറഞ്ഞ, മനുഷ്യനും ദൈവത്തിനുമിടയില്‍ കാഴ്ച മറച്ച്‌ മതിലു തീര്‍ത്ത പുരോഹിതരെയും അധികാരികളെയും ക്രിസ്തു ഇകഴ്ത്തി. ലോകം പകല്‍ മാത്രം വെറുത്ത പാപിനിയെ പുകഴ്ത്തി. ആരും കിണറ്റിന്‍ ചുവട്ടിലെത്താത്ത നട്ടുച്ചനേരത്ത്‌ മാത്രം വെള്ളമെടുക്കേണ്ടിവന്ന പാവപ്പെട്ട അഭിസാരികയ്ക്ക്‌ ജീവന്റെ ജലത്തെ കുറിച്ച്‌ പറഞ്ഞുകൊടുത്തു.

ജെറുസലേം ദേവാലയത്തിലെ വിധവയുടെ ചില്ലിക്കാശിനെ പ്രകീര്‍ത്തിച്ചു. ദൈവത്തിന്റെ ആലയം കച്ചവടക്കാരുടെ ഗുഹയാക്കിയവരെ ചാട്ടവാറിനടിച്ചു പുറത്താക്കി. അങ്ങനെ ക്രിസ്തു പഠിപ്പിച്ച ഈശ്വരാന്വേഷണത്തിന്റെ സാമൂഹിക പാഠങ്ങള്‍ അധികാര വ്യവസ്ഥയെ പ്രകോപിപ്പിക്കുകതന്നെ ചെയ്തു.

ക്രിസ്തു മരണത്തിനു വിധിക്കപ്പെട്ടത്‌ അങ്ങനെയാണ്‌. ഒരുവനെ മരണത്തിനു വിധിക്കാന്‍ മാത്രമെ കഴിയൂ എന്ന്‌, സത്യത്തെ മൂടിവയ്ക്കാന്‍ മാത്രമെ കഴിയൂ എന്ന്‌, നീതിയെ തടഞ്ഞുവയ്ക്കാന്‍ മാത്രമെ കഴയൂവെന്ന്‌ അവന്റെ ഉയിര്‍പ്പ്‌ സാക്ഷ്യപ്പെടുത്തി.

ലോകം ഹൃദയത്തില്‍ ഏറ്റുവാങ്ങിയത്‌ ആ നീതിമാന്റെ ഉത്ഥാനം തന്നെയാണ്‌. ലോകമെമ്പാടുമുള്ള അവശരും ആര്‍ത്തരും ആലംബഹീനരുമായ മനുഷ്യര്‍ക്ക്‌ പ്രത്യാശയിലേക്കുള്ള പടിവാതില്‍ തുറന്നത്‌ ക്രിസ്തുവിന്റെ ഉയിര്‍പ്പായിരുന്നു.

വിശ്വാസം എന്നു പറഞ്ഞിട്ട്‌ എന്തു പ്രയോജനം, ഒരുവന്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കിയില്ലെങ്കില്‍ പ്രവൃത്തിയില്ലാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമെന്ന്‌ ക്രിസ്തു ശിഷ്യനായിരുന്ന യാക്കോബ്‌ ലോകത്തോട്‌ പറഞ്ഞു.

വിശ്വാസികള്‍ ഏറിവരുകയും ആചാരങ്ങള്‍ ഏറിവരികയും ചെയ്യുന്ന വര്‍ത്തമാന കാലത്ത്‌ പ്രവൃത്തിയില്ലാത്ത നിര്‍ജീവമായ വിശ്വാസം കൊണ്ട്‌ ക്രിസ്തു സാക്ഷ്യം പറയാനാണ്‌ ശ്രമങ്ങള്‍ നടക്കുന്നത്‌. ഈ വിശ്വാസം മരിച്ചു മണ്ണടിഞ്ഞുപോകുന്നവരുടെ വിശ്വാസമാണ്‌. കെട്ടുപോയ ഗോതമ്പുമണിപോലെ അതൊരിക്കലും മുളപൊട്ടാതെ ഒടുങ്ങിപ്പോകും.

"ദൈവ രാജ്യം നിങ്ങളുടെ ഇടയില്‍തന്നെയുണ്ടെന്ന്‌" ക്രിസ്തു പറഞ്ഞത്‌ ഓര്‍ത്തിരിക്കുക. ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ പോന്ന ഹൃദയ നൈര്‍മല്യം മാത്രമേ എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന പുതുലോക ക്രമത്തിലെ സുവിശേഷ പ്രഘോഷണമാകുന്നുള്ളൂ.

വീണ്ടുമൊരു ഉയര്‍പ്പു ഞായറാഴ്ച കടന്നു പോകുമ്പോള്‍ നീതി ജലം പോലെ ഒഴുകട്ടെ എന്ന്‌ ഉദ്ഘോഷിക്കാന്‍ വേണ്ടും ആത്മധൈര്യമുള്ളവരായി നമുക്ക്‌ മാറാനാവുമോ എന്ന ചോദ്യമാണ്‌ ഉയര്‍ന്നുവരുന്നത്‌.

Thursday, March 20, 2008

പെസഹാ

ആദ്യമനുഷ്യനായ ആദാമിലൂടെ മനുഷ്യരാശിക്കുമേല്‍ പതിച്ച പാപത്തില്‍നിന്ന്‌ ലോകത്തെ രക്ഷിക്കാന്‍ മനുഷ്യപുത്രനായി അവതാരമെടുത്ത യേശുക്രിസ്തു, തന്റെ കുരിശുമരണത്തിനുമുമ്പ്‌ ശിഷ്യന്മാരുമായി അന്ത്യഅത്താഴം പങ്കുവച്ചതിന്റെ ഓര്‍മ്മപുതുക്കുന്ന പെസഹാ തിരുനാള്‍...

ശിഷ്യന്മാര്‍ യേശു കല്‍പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു. അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍: "നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു" എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു: "ഞാനോ, ഞാനോ, കര്‍ത്താവേ" എന്നു ഓരോരുത്തന്‍ പറഞ്ഞുതുടങ്ങി. അവന്‍ ഉത്തരം പറഞ്ഞതു: "എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു." അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: "ഞാനോ, റബ്ബീ" എന്നു പറഞ്ഞതിന്ന്‌: "നീ തന്നേ" എന്നു അവന്‍ പറഞ്ഞു. അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കും കൊടുത്തു: "വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം" എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: "എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.... പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ്‌ മലയ്ക്കു പുറപ്പെട്ടുപോയി. (മത്തായിയുടെ സുവിശേഷം, അദ്ധ്യായം 26, 19 മുതല്‍ 30 വരെയുള്ള വാക്യങ്ങള്‍)

"നിങ്ങളവരുടെ കാലുകള്‍ കഴുകി വെള്ളം കുടിക്കുവിന്‍..."

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഴങ്ങികേട്ടൊരു വാക്യം: "ഞാന്‍ മാസത്തില്‍ മൂന്നാലുതവണ വിദേശത്തു പോവുന്ന ആളാണ്‌ സാര്‍".

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രാരാബ്ധങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുകയായിരുന്നു സാമാജികന്‍. അവിടെ ഏസിയില്ല, ടാക്സി വേ ഇല്ല, ലഗേജ്‌ ഇറക്കാന്‍ അര മണിക്കൂര്‍ താമസം നേരിടുന്നു, രണ്ടാമതൊരു റണ്‍വേ ഇല്ല എന്നിങ്ങനെ നീളുന്നു പരിദേവനങ്ങള്‍.

വിമാനക്കമ്പനികളോടൊപ്പം വിമാനത്താവളങ്ങളും ഇങ്ങനെ പീഡനപര്‍വ്വം തുടര്‍ന്നാല്‍ പ്രവാസി എങ്ങനെ പിഴയ്ക്കും? ആരെ പഴിയ്ക്കും? അതിനാല്‍ പ്രവാസി നിയോജക മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്ന പ്രവാസികളുടെ സ്വന്തം പ്രതിനിധി ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചു എന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ വാസ്തവം അതല്ല.

കുട്ടനാടിന്റെ പ്രതിനിധിയാകുന്നു ഈ പ്രതി. ജീവിതം വെള്ളത്തിലായിപ്പോയ നെല്‍ക്കര്‍ഷകരുടെ സ്വന്തം നിധി!

നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ച ഇദ്ദേഹം പക്ഷേ ഉന്നയിച്ചത്‌ വിമാനത്താവള പ്രാരാബ്ധം! കുട്ടനാട്ടിലെ വിമാനത്താവളത്തില്‍ വെള്ളം കയറി, വിമാനങ്ങള്‍ ചെളിയില്‍ താണു, ചിലത്‌ ഒലിച്ചുപോയി, മറ്റു ചിലതിനു മുള പൊട്ടി, പെയിലറ്റുമാരുടെ കുരു പൊട്ടി, വടം കെട്ടി വിമാനം കരയ്ക്കു കയറ്റാന്‍ സീപീയെം പാര്‍ട്ടീ ആപ്പീസീന്ന്‌ കടലാസു കിട്ടണം, എന്നൊക്കെയായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു!

ഇനി മറ്റൊരു താരം; ഊര്‍ജമന്ത്രി. അദ്ദേഹത്തിന്റെ പ്രകടനത്തില്‍നിന്ന്‌: "സൗരോര്‍ജം ശേഖരിച്ച്‌ ഒരു ടര്‍ബൈന്‍ കറക്കും. ടര്‍ബൈന്‍ കറങ്ങുമ്പോള്‍ വൈദ്യുതി ഉണ്ടാകും". തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒരു ഉപചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ ഈ സുപ്രധാന കണ്ടുപിടുത്തം. സൂര്യപ്രകാശം ശേഖരിക്കാനും അത്‌ ശക്തിയായി ഒഴുക്കി ടര്‍ബൈന്‍ കറക്കാനുള്ള ഡാമും മിറ്റേം ആകാശത്ത്‌ പണിയാന്‍ ബജറ്റില്‍ തുക നീക്കിവച്ചുവോ ആവോ!

പെസഹാത്തിരുനാളിന്‌ ക്രൈസ്തവ ദേവാലയങ്ങളില്‍ 'കാലു കഴുകല്‍' ചടങ്ങ്‌ നടക്കാറുണ്ട്‌.

ചാണ്ടിക്കുഞ്ഞിനേയും ബാലനേയും പോലുള്ള നിയമസഭാ സാമാജികരുടെ കാലുകള്‍ കഴുകിയാല്‍ മാത്രം പോരാ, ആ വെള്ളവും കുടിക്കണം!!!

കേരളത്തിന്റെ പീഡാനുഭവ മാസം

ലോക രക്ഷയ്ക്കായി, മനുഷ്യപുത്രനായി അവതരിച്ച യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോടനുബന്ധിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മയില്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം കേരളത്തിലെ ക്രൈസ്തവരും ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഈ വിശുദ്ധ ദിനങ്ങളില്‍, കേരളത്തിലെ ഒരുകൂട്ടം ദുര്‍ബലര്‍ക്ക്‌ ഇത്‌ അതിജീവനത്തിനായുള്ള പീഡാനുഭവത്തിന്റെയും കൈപ്പുനീരിന്റെയും; അധികാര വര്‍ഗ്ഗക്കൊതി നടത്തുന്ന ക്രൂശീകരണത്തിന്റെയും ദുര്‍ദിനങ്ങള്‍.

ഒഴിവാക്കാമായിരുന്ന പല ദുരന്തങ്ങളും ഭരണകൂടത്തിന്റെയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ഹ്രസ്വദൃഷ്ടികളുടെയും പിടിവാശിമൂലം ഒരിക്കലും പരിഹരിക്കാനാവാത്ത സംഘര്‍ഷങ്ങളായും പ്രശ്നങ്ങളായും പരിണമിച്ചു കഴിഞ്ഞു. ഭരണകൂട ഭീകരതയുടെ ഈ ചാട്ടവാറടിയില്‍ പുളയുന്നത്‌ സമൂഹത്തിലെ നിര്‍ധനരും നിസഹായരുമായ ദുര്‍ബല വിഭാഗങ്ങളാണ്‌.

കഴിഞ്ഞ അരനൂറ്റാണ്ടായി കയറിക്കിടക്കാനൊരു വീടും കൃഷി ചെയ്യാനിത്തിരി മണ്ണും കൊതിക്കുന്നവരാണ്‌ ആദിവാസികളും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും അധസ്ഥിത വിഭാഗങ്ങളില്‍ നിന്ന്‌ പരിവര്‍ത്തനം ചെയ്ത ക്രൈസ്തവരുമടങ്ങുന്ന ജനസമൂഹം. മാറി മാറി വന്ന പരിഷ്കൃത ഭരണകൂടങ്ങളെല്ലാം അനുവര്‍ത്തിച്ച ആദിവാസി വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലം മൂന്ന്‌ സെന്റ്‌ ഭൂമിയും അതിലൊരു കൂരയും അതടങ്ങുന്ന ലക്ഷംവീട്‌ കോളനിയും മാത്രമായി ഇവരുടെ അതിജീവന താല്‍പ്പര്യങ്ങള്‍ ഭരണവര്‍ഗ്ഗവും ഉദ്യോഗസ്ഥ മേധാവിത്തവും തളച്ചിടുകയായിരുന്നു. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും മുറവിളികളാണ്‌ ചെങ്ങറയില്‍ നിന്നും കേള്‍ക്കുന്നത്‌. എന്നാല്‍ അതിന്‌ ചെവിടോര്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക്‌ മാന്യമായ പരിഹാരം കണ്ടെത്താനും അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണകൂടത്തിനും മനസില്ല. വലിയൊരു രക്തച്ചൊരിച്ചിലിന്റെ സാഹചര്യമാണ്‌ ഇതുമൂലം സംജാതമായിട്ടുള്ളത്‌. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്‌ എന്ന പുതിയ നിലവിളിയാണ്‌ ഇവരില്‍ നിന്ന്‌ ഉയരുന്നത്‌.

ഇതിന്‌ സമാനമായ പീഡന പര്‍വ്വമാണ്‌ മൂലമ്പിള്ളിയിലെ നിസ്സഹായരും ഈ ഈസ്റ്റര്‍ ദിനങ്ങളില്‍ നേരിടുന്നത്‌. വല്ലാര്‍പാടം പദ്ധതിയോടനുബന്ധിച്ചുള്ള നാലുവരി പാത നിര്‍മ്മിക്കാന്‍ കുടിയിറക്കപ്പെട്ടവര്‍ പെരുവഴിയോരത്ത്‌ വേനല്‍മഴ നനഞ്ഞ്‌ നഷ്ടപ്പെട്ട തങ്ങളുടെ ജീവനോപാധികളെയും പഠനോപാധികളെയും കുറിച്ച്‌ ഓര്‍ത്ത്‌ കണ്ണീര്‍ വാര്‍ത്ത്‌ കഴിയുകയാണ്‌. ഈ ദുഃഖവെള്ളിയും ഈസ്റ്ററുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തിലുള്ള ക്രൂശീകരണമാണ്‌. അവരുടെയും ന്യായമായ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത പീലാത്തോസായി ഭരണകൂടവും യൂദാസായി ജില്ലാ റവന്യൂ ഭരണ നേതൃത്വവും വിലസുകയാണിവിടെ.

ഇതിനിടയിലാണ്‌ അപ്രതീക്ഷിതമായി കടന്നുവന്ന വേനല്‍മഴ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കുമേല്‍ നഷ്ടത്തിന്റെ ചാട്ടവാറടികള്‍ വീഴ്ത്തിയത്‌. ബാങ്കുകളില്‍ നിന്ന്‌ ലോണെടുത്തും ബ്ലേഡു കമ്പനികളില്‍ നിന്ന്‌ കൊള്ളപ്പലിശക്ക്‌ കടം വാങ്ങിയുമാണ്‌ കുട്ടനാട്ടിലെ കര്‍ഷകര്‍ ഇത്തവണ വിത്തു വിതച്ചത്‌. 115 ദിവസം കൊണ്ട്‌ മൂപ്പെത്തുന്നതും അധിക വിള നല്‍കുന്നതുമായ നെല്ലായിരുന്നു ഇവരെല്ലാം വിതച്ചത്‌. അവരുടെ അത്യധ്വാനം നൂറുമേനിയായി കതിരണിഞ്ഞപ്പോള്‍ അത്‌ കൊയ്തെടുക്കാന്‍ കുട്ടനാട്ടിലെ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ സമ്മതിച്ചില്ല. കൊയ്ത്തു യന്ത്രം ഉപയോഗിക്കാന്‍ അനുവദിച്ചില്ല. മൂന്നാം തീയതി മുതല്‍ 15-ാ‍ം തീയതി വരെ കൊയ്ത കറ്റകളില്‍ ഒരു മണിപോലും അവര്‍ക്ക്‌ ലഭിച്ചില്ല. വേനല്‍മഴയില്‍ എല്ലാം നശിച്ചു. അപ്പോഴും ഹെറോദോസിനെ പോലെ നിസ്സംഗത പുലര്‍ത്തുകയായിരുന്നു ഭരണകൂടം. ഈ നഷ്ടത്തിന്റെ പാടത്തു നിന്ന്‌ രാഷ്ട്രീയ കതിരുകള്‍ കൊയ്യാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം....

അതെ കേരളം കടന്നു പോകുന്നത്‌ സമാനതകളില്ലാത്ത പീഡാനുഭവ ദിനങ്ങളിലൂടെയാണ്‌.

Wednesday, March 19, 2008

കളികള്‍ പരസ്യമാകുമ്പോള്‍!!!

പരസ്യ മയമാണ്‌ ഉലകം.

മൊട്ടുസൂചി മുതല്‍ എയ്‌റോപ്ലെയ്ന്‍ വരെ പരസ്യത്തിന്റെ പിന്‍ബലമുണ്ടെങ്കിലേ വിറ്റുപോകു. ജാതിമതഭേദമില്ലാതെ ദൈവങ്ങള്‍ പോലും പരസ്യം കൊണ്ടു മാത്രമാണ്‌ നിലനില്‍ക്കുന്നതെന്നറിയുമ്പോള്‍ ബാക്കി പറയേണ്ടതുണ്ടോ!

കുളിക്കാന്‍ എന്തുവേണം എന്നു ചോദിച്ചാല്‍ നമ്മുടെ കുടുംബശ്രീ ചേച്ചിമാര്‍ വെള്ളം വേണം എന്നുമാത്രം പറയില്ല; അവര്‍ സോപ്പുവേണം എന്നു പറയുന്നതിനു പിന്നില്‍ സോപ്പുകമ്പനികള്‍ മുടക്കിയ കോടികളുടെ പരസ്യ പിന്തുണയുണ്ട്‌.

മലയാളികളെ ഏറ്റവും കൂടുതല്‍ സോപ്പിട്ട 'ലക്സ്‌' സോപ്പ്‌ നിര്‍മാതാക്കള്‍ നമ്മുടെ കൊച്ചീക്കാരന്‍ കൊച്ചുപയ്യന്‍ ശ്രീക്കുട്ടനെന്ന ക്രിക്കറ്റുകളിക്കാരനെ വച്ചു പരസ്യം ചെയ്തതാണ്‌ പുതിയ വാര്‍ത്ത.

ഇക്കഥയില്‍ പരസ്യമല്ല വിവാദമായത്‌. പരസ്യത്തില്‍ പ്രണയിനിയായ പ്രിയങ്കാ ചോപ്രയും നമ്മുടെ കൊച്ചുപയ്യനും തമ്മില്‍ അതിരുവിട്ട പ്രണയമാണെന്ന്‌ കഥകളൊരായിരം പുറത്തായി എന്നതാണ്‌ വിവാദം!

ക്രിക്കറ്റ്‌ പ്രേമികളായ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, മുറുക്കാന്‍ കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ള മനുഷ്യന്മാരും മനുഷ്യത്തികളും തച്ചിനു കുത്തിയിരുന്ന്‌ ശ്രീക്കുട്ടന്റെ ലീലാവിലാസങ്ങള്‍ ചര്‍ച്ച തുടങ്ങി.

അങ്ങനിരിക്കെ, ലക്സുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. കൊച്ചീക്കാരന്‍ കൊച്ചുപയ്യനും നടി പ്രിയങ്കാ ചോപ്രയും തമ്മില്‍ പ്രണയ ലീലകളാടിയ കഥകള്‍ തങ്ങള്‍ പടച്ചുവിട്ടതാണെന്നു വെളിപ്പെടുത്തി!

ഒറ്റ വെളിപ്പെടുത്തല്‍കൊണ്ടു ചീറ്റിപ്പോയത്‌ രണ്ടുമൂന്നു കാര്യങ്ങളാണ്‌.

ഒന്ന്‌ ക്രിക്കറ്റിന്റെ അന്തസ്‌, പരസ്യത്തിന്റെ മാന്യത, രാജാവെന്നു പറയപ്പെടുന്ന ഉപഭോക്താവിന്റെ മൂല്യം!

അതിനിടെ ലക്ഷ്മീറായ്‌ എന്നു പേരുകേട്ട ലാലേട്ടന്റെ റോക്ക്‌ ആന്റ്‌ റോള്‍ നായിക കൊച്ചിയിലെ താജ്മഹലുകാരുടെ ഉല്ലാസ നൗകയില്‍ നമ്മുടെ കൊച്ചീക്കാരനുമായി ഒരു പകല്‍കാലം രാസലീലകളാടിയെന്ന കഥ കൂടി രഹസ്യത്തില്‍ പരസ്യമായിരിക്കുന്നു!

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നിനു സര്‍വ വസ്ത്രധാരിണിയായി നൗകയില്‍ കയറിപ്പോയ നടി, വെടിതീര്‍ന്ന മട്ടില്‍ അല്‍പ വസ്ത്രയായി ഉച്ചയ്ക്ക്‌ മൂന്നരയോടെയാണ്‌ കരയ്ക്കടുത്തതത്രെ!

കൊച്ചീക്കാരന്‍ കൊച്ചുപയ്യന്റെ ഒരുപാടു കഥകള്‍ പരസ്യമാകാന്‍ കിടക്കുന്നുവെന്നാണ്‌ ആശാന്‍ അംഗമായ കൊച്ചീ മഹാനഗരത്തിലെ ഒരു പ്രമുഖ നിശാക്ലബ്ബിലെ സഹകലാകാരന്മാരുടെ അസൂയ നിറഞ്ഞ വെളിപ്പെടുത്തല്‍!

പെറ്റതള്ളയും തന്തയും പള്ളിയായ പള്ളിമുഴുവനും മെഴുതിരി കത്തിച്ചും അമ്പലമായ അമ്പലം മുഴുവന്‍ തേങ്ങായുടച്ചും പുന്നാരമോനുവേണ്ടി ഉറഞ്ഞു നടക്കുമ്പോള്‍ കൊച്ചീക്കാരന്‍ കൊച്ചുപയ്യന്‍ ക്രിക്കറ്റിനെ വെല്ലുന്ന കോലുകളിയുമായി പരസ്യ ജീവിതം തുടരുക തന്നെയാണ്‌!

എല്ലിനിടയില്‍ വറ്റു കയറിയാല്‍ കൊച്ചീക്കാര്‍ ഇങ്ങനെയാണ്‌; അടിച്ചുപൊളിക്കും! സംഭവാമി യൂ ഗോ യൂ ഗോ!

Tuesday, March 18, 2008

യൂണിയന്‍ പുലികളും കര്‍ഷക നായ്ക്കളും

വെള്ളത്തില്‍ വീണ പുലിയെ കരകയറ്റാന്‍ എന്തായിരുന്നു ഉത്സാഹം! വനം വകുപ്പ്‌, മൃഗസംരക്ഷണ വകുപ്പ്‌, തീ ശക്തി വകുപ്പ്‌ തുടങ്ങി ഒരുപാടു വകുപ്പുകള്‍ ഒത്തു പിടിച്ചാണ്‌ ഇന്നലെ, നായയെ പിടിക്കാനോടി കിണറ്റില്‍ വീണൊരു പുലിയെ കരകയറ്റി ടിഎ/ഡിഎ കൊടുത്ത്‌ മുത്തങ്ങാ കാട്ടിലേക്ക്‌ യാത്രയയച്ചത്‌!

കുട്ടനാട്ടില്‍ ഒന്നല്ല ഒരുനൂറു കര്‍ഷകര്‍ വെള്ളത്തിലായിട്ട്‌ തിരിഞ്ഞു നോക്കാന്‍ പോലും ഒരു വകുപ്പുമില്ലാത്തതു കാണുമ്പോള്‍ പുലിയുടെ ഭാഗ്യമോര്‍ത്താരും അസൂയപ്പെട്ടുപോകും!

വേനല്‍ മഴയാണ്‌ കുട്ടനാട്ടിലെ കര്‍ഷകരെ വെള്ളത്തിലാക്കിയതെന്നാണ്‌ സര്‍ക്കാര്‍ വകുപ്പുകള്‍ പറഞ്ഞു പരത്തുന്നത്‌. വേനല്‍ ഉണ്ടായ കാലം മുതല്‍ വേനല്‍ മഴയും നിലവിലുള്ളൊരു സംസ്ഥാനമാണ്‌ കേരളം.

കേരളം ഉണ്ടായതിനു മുമ്പെ കൃഷി തുടങ്ങിയവരാണ്‌ കുട്ടനാട്ടിലെ കര്‍ഷകര്‍. വേനല്‍മഴയ്ക്കു മുമ്പെ വിളവെടുപ്പു നടത്തണമെന്നും കര്‍ഷകര്‍ക്കറിയാം. എന്നിട്ടെന്തേ വിളവെടുത്തില്ല എന്ന ചോദ്യത്തിന്‌ കര്‍ഷകര്‍ നല്‍കുന്ന ഉത്തരം, ഉത്തരം താങ്ങികളായ യൂണിയന്‍ നേതാക്കള്‍ക്കു നേരെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌!

വിളവെടുപ്പിന്‌ തൊഴിലാളികള്‍ ഇല്ലതായെന്ന ഭീഷണമായ യാഥാര്‍ത്ഥ്യം എരയാംകുടിയില്‍ വിത്തെറിഞ്ഞു പോയ സാംസ്കാരിക പ്രവര്‍ത്തകരുടേയോ രാഷ്ട്രം ഭരിച്ചു വിലസുന്ന മന്തന്മാരുടെയോ വിഷയമാവുന്നില്ല.

കൊയ്ത്തിന്‌ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്‌ തൊഴിലില്ലായ്മയുണ്ടാക്കുമെന്ന്‌ യൂണിയന്‍കാര്‍ പറയാന്‍ തുടങ്ങിയിട്ട്‌ അര നൂറ്റാണ്ടിലേറെയായി. കൊയ്ത്തിന്‌ യന്ത്രങ്ങള്‍ ഉപയോഗിച്ച പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃഷിയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇനിയും കണ്ടു പഠിക്കാത്ത കഴുതകള്‍ നേതാക്കളായി നടക്കുന്നതാണ്‌ കൃഷിനാശത്തിനു കാരണം എന്നുമാത്രം ആരും കണ്ടുപിടിക്കുന്നില്ല!

കൃഷിനാശം വന്നവര്‍ക്ക്‌ നഷ്ടം കൊടുക്കണം. അതിലും വേഗം യൂണിയന്‍ നേതാക്കള്‍ക്ക്‌ വിദ്യാഭ്യാസം കൊടുക്കണം.

ഉള്ള കൃഷികൂടി ഇല്ലാതായിപ്പോയിട്ട്‌ പിന്നെവിടെപ്പോയി കൊടികുത്തും, എവിടെപ്പോയി സമരം ചെയ്യും എന്നെങ്കിലും നേതാക്കള്‍ ഓര്‍ക്കണം!

'ഇ-കൃഷി' ചെയ്യാന്‍ നടക്കുന്ന ഇടതു സര്‍ക്കാരേ, ഈ കൃഷി കൂടി ഇല്ലാതാക്കിയേ അടങ്ങൂ എന്നുണ്ടോ???

എം.എ. ബേബിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളും സാധാരണക്കാരുടെ വ്യസനങ്ങളും

പിഞ്ഞാണക്കടയില്‍ കയറിയ കാളയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്‌ എം.എ. ബേബിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങള്‍. താന്തോന്നിത്തത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാ എന്ന അഹന്തയോടെയാണ്‌ എം.എ. ബേബി വിദ്യാഭ്യാസവകുപ്പില്‍ ഓരോ ദിവസവും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്‌. ഇതുമൂലം കഷ്ടപ്പെടുന്നത്‌ സാധാരണക്കാരായ വിദ്യാര്‍ഥികളും അവരുടെ രക്ഷകര്‍ത്താക്കളും അധ്യാപകരുമാണ്‌.

സ്വാശ്രയ വിദ്യാഭ്യാസമേഖല പൊളിച്ചടക്കി മാനേജ്മെന്റുകള്‍ക്ക്‌ എന്ത്‌ തോന്ന്യാസവും കാണിക്കാനുള്ള അവസരം കോടതി വിധികളിലൂടെ നേടിക്കൊടുത്ത 'വിദ്വാനാ'ണ്‌ എം.എ. ബേബി. വിവേകമുള്ളവരുമായി ചര്‍ച്ച ചെയ്യാതെയും വിദ്യാഭ്യാസ രംഗത്ത്‌ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളവരോട്‌ ആലോചിക്കാതെയും അഹന്ത നിറഞ്ഞ എടുത്തുചാട്ടത്തോടെ ബേബി അവതരിപ്പിച്ച സ്വാശ്രയ ബില്ലാണ്‌ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ തിരിച്ചടികളേറ്റുവാങ്ങി അതിന്റെ ഉദ്ദേശ്യശുദ്ധിയെ തകര്‍ത്തതും ഉന്നത വിദ്യാഭ്യാസരംഗം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാക്കിയതും അവിടം വിദ്യാഭ്യാസ വാണിക്കുകളുടെ ആവാസ കേന്ദ്രമാക്കിയതും.

അതിനു പിന്നാലെയാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷ പരിഷ്ക്കരിച്ച്‌ ഇപ്പോള്‍ ഒരു അരുക്കാക്കിയിരിക്കുന്നത്‌. ദശാബ്ദങ്ങളായി തുടര്‍ന്നു പോന്ന രീതി ലംഘിച്ച്‌ പരീക്ഷ ഉച്ച കഴിഞ്ഞ്‌ ആക്കിയതോടെ ഉള്‍നാടന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ്‌ ഏറെ വലയുന്നത്‌. ഇതേക്കുറിച്ചും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അധ്യാപക സംഘടനകളും മുന്നോട്ടുവച്ച ആശങ്കകളെല്ലാം പുറംകാല്‍കൊണ്ട്‌ തട്ടിത്തെറിപ്പിച്ചാണ്‌ ബേബി തന്റെ തീരുമാനവുമായി മുന്നോട്ടുപോകുന്നത്‌. ഇതിന്റെ തിരിച്ചടി കഴിഞ്ഞ ദിവസം എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ അനുഭവിക്കുകതന്നെ ചെയ്തു. പെട്ടെന്നുണ്ടായ വേനല്‍മഴ മൂലം അന്തരീക്ഷം ഇരുണ്ടുകറുത്തപ്പോള്‍ കേരളത്തിലെ മിക്ക ജില്ലകളിലേയും സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ വല്ലാതെ വലഞ്ഞു. ചോദ്യപ്പേപ്പര്‍ വായിക്കാന്‍പോലുമുള്ള പ്രകാശമില്ലാതെ പരീക്ഷയെഴുതാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ഥികളെയോ അവര്‍ക്ക്‌ ചോദ്യം പറഞ്ഞുകൊടുക്കാന്‍ കഷ്ടപ്പെട്ട അധ്യാപകരെയോ കണ്ടതായിപോലും ഭാവിക്കാന്‍ ഇനിയും ബേബി തയ്യാറായിട്ടില്ല.

തലക്കനം നിറഞ്ഞ ഈ സമീപനങ്ങളെ കൂടുതല്‍ രൗദ്രമാക്കുന്ന തുഗ്ലഖ്‌ നടപടികളും ബേബിയുടെ ഭാഗത്തു നിന്നുണ്ടായി. ഇതുവരെ വെള്ളിയാഴ്ച പരീക്ഷ മാറ്റിവയ്ക്കണമെന്ന്‌ മുസ്ലീം വിദ്യാര്‍ഥികളോ സംഘടനകളോ മതപണ്ഡിതന്മാരോ ആവശ്യപ്പെട്ടിരുന്നില്ല. വെള്ളിയാഴ്ച മുസ്ലീങ്ങളുടെ ആരാധന ദിവസമാണെങ്കില്‍പോലും പരീക്ഷയെഴുതുന്ന കാര്യത്തില്‍ വിശ്വാസം വിലങ്ങുതടിയാക്കരുതെന്ന ഉന്നതമായ നീതിബോധം അവര്‍ക്കുണ്ടായിരുന്നു. അതിനെ കുളമാക്കുന്ന നടപടിയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കിടയില്‍ ബേബി പരീക്ഷിച്ചത്‌. ഗള്‍ഫിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥമെന്ന്‌ പറഞ്ഞ്‌ വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കുകയും അത്‌ ശനിയാഴ്ച നടത്തുകയും ചെയ്തു. ലഭിച്ച അറിവുകള്‍ വിശ്വസിക്കാമെങ്കില്‍ ഗള്‍ഫില്‍ നിന്ന്‌ ഒരു വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും അധ്യാപകരും ഇത്തരമൊരു ആവശ്യം വിദ്യാഭ്യാസ മന്ത്രിയോട്‌ ഉന്നയിച്ചിരുന്നില്ല. ഉണ്ടിരുന്ന നായര്‍ക്ക്‌ ഒരു വിളി വന്നു എന്നു പറഞ്ഞപോലെ ബേബിയുടെ തലമണ്ടയില്‍നിന്ന്‌ ഉദിച്ചതായിരുന്നു ആ വിചാരവിപ്ലവം.

അത്‌ നിയമനടപടിക്ക്‌ വിധേയമാകുകയും ചെയ്തു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കരിക്കകം സെവന്ത്‌ ഡേ അഡ്വന്റിസ്റ്റ്‌ സ്കൂളിലെ പത്ത്‌ എ ഡിവിഷനിലെ ജിന്‍സി മോനച്ചനും രമ്യാ രാജുവും ഈ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി അവരുടെ വാദം അംഗീകരിച്ച്‌ ശനിയാഴ്ച വൈകീട്ട്‌ പരീക്ഷ നടത്താന്‍ അനുവദിക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ച്‌ ഇങ്ങനെ ഉത്തരവ്‌ പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയും വൈകി വാദം കേട്ട ഡിവിഷന്‍ ബെഞ്ച്‌ സിംഗിള്‍ ബെഞ്ച്‌ വിധി അംഗീകരിക്കുകയും സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയുമായിരുന്നു. ആരുടെ ആവശ്യപ്രകാരമാണ്‌ വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവച്ചതെന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‌ കഴിഞ്ഞില്ല. ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കാമെങ്കില്‍ സെവന്ത്‌ ഡേ അഡ്വന്റിസ്റ്റ്‌ വിശ്വാസികളായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശനിയാഴ്ച വൈകിയാണെങ്കിലും പരീക്ഷ നടത്താം എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചും വിധിച്ചത്‌.

ഏറെ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒരു കീഴ്‌വഴക്കമാണ്‌ മന്ത്രി ബേബിയുടെ തന്നിഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഈ കോടതിവിധിയുടെ ബലത്തില്‍ നാളെ ഏതെങ്കിലും ഒരു സമുദായത്തിലെ വിദ്യാര്‍ഥി വിശ്വാസപരമായ കാരണങ്ങളാല്‍ പകല്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുകയില്ലെന്നും തങ്ങള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്താല്‍ അത്‌ നടത്തിക്കൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നിര്‍ബന്ധിതമായിരിക്കുകയാണ്‌. ആരും ഇത്തരത്തിലൊരു സാഹസത്തിന്‌ മുതിരുകയില്ല എന്നു തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. കാരണം ബേബിയെപോലെ ഇത്തരം കാര്യങ്ങളില്‍ ഹ്രസ്വദൃഷ്ടിയും പിടിവാശിയുമൊന്നുമുള്ളവരല്ല കേരളത്തിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും. എങ്കിലും ബേബിയെപോലെയുള്ള ഏതെങ്കിലുമൊരു വികടബുദ്ധി അതിനൊരുമ്പെട്ടാലുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ സൂചിപ്പിച്ചു എന്നേയുള്ളൂ.

തീര്‍ന്നില്ല ബേബിയുടെ വികടത്തരം. ഹയര്‍ സെക്കന്ററി പരീക്ഷയുടെ മേല്‍നോട്ടത്തിന്‌ ഹയര്‍ സെക്കന്ററി അധ്യാപകരെ നിയമിക്കാതെ എല്‍പി, യുപി സ്കൂളുകളിലെ അധ്യാപകരെയാണ്‌ നിയമിച്ചിരിക്കുന്നത്‌. ഹൈസ്കൂളുകളോട്‌ ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്കൂളുകളിലെ വര്‍ഷാവസാന പരീക്ഷ നാളെ ആരംഭിക്കും. 31-ാ‍ം തീയതി അവസാനിക്കും. എന്നാല്‍ ഈ പരീക്ഷയ്ക്ക്‌ മേല്‍നോട്ടം വഹിക്കേണ്ടവര്‍ക്കാണ്‌ ഹയര്‍ സെക്കന്ററി പരീക്ഷാഡ്യൂട്ടി നല്‍കിയിരിക്കുന്നത്‌. 27-ാ‍ം തീയതിയാണ്‌ ഹയര്‍ സെന്ററി പരീക്ഷകള്‍ അവസാനിക്കുക. എല്‍പി, യുപി സ്കൂളുകളിലെ അധ്യാപകരെ ഹയര്‍ സെക്കന്ററി പരീക്ഷാഡ്യൂട്ടിക്ക്‌ നിയോഗിക്കരുതെന്ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിര്‍ബന്ധിച്ചു പറഞ്ഞിട്ടും അത്‌ ശ്രദ്ധിക്കാനുള്ള വകതിരിവുപോലും ബേബിക്ക്‌ ഉണ്ടായിരുന്നില്ല.

കേരളത്തിന്‌ എക്കാലത്തും എവിടെയും അഭിമാനിക്കാവുന്ന വിദ്യാഭ്യാസമേഖല കുട്ടിച്ചോറാക്കിയശേഷമേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു എം.എ. ബേബി. അല്ലെങ്കില്‍ ഇത്തരം തലതിരിഞ്ഞ നടപടികള്‍ അദ്ദേഹം നടപ്പിലാക്കുമായിരുന്നില്ല. രണ്ടാം മുണ്ടശേരി എന്നാണ്‌ അദ്ദേഹം സ്വയം അഭിമാനിക്കുന്നതും വിശേഷിപ്പിക്കുന്നതും. മുണ്ടശേരി മാഷിനെക്കുറിച്ച്‌ മുന്‍പ്‌ സുകുമാര്‍ അഴീക്കോട്‌ നടത്തിയ ഒരു നിരീക്ഷണം അല്‍പം ഭേദഗതിവരുത്തിയാല്‍ അത്‌ ബേബിക്ക്‌ നന്നേ ഇണങ്ങുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. "മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും. കമ്യൂണിസ്റ്റ്‌ അധഃപതിച്ചാല്‍ മുണ്ടശേരിയാകും" എന്നായിരുന്നു അഴീക്കോട്‌ പറഞ്ഞുവച്ചത്‌. അതിന്റെ കൂടെ ഞങ്ങള്‍ ഇതുകൂടി ചേര്‍ക്കുന്നു "മുണ്ടശേരി അധഃപതിച്ചാല്‍ എം.എ. ബേബിയാകും".

ഇത്രയൊക്കെ ശിക്ഷയനുഭവിക്കാന്‍ നാം മലയാളികള്‍ എന്തുതെറ്റാണ്‌ ചെയ്തത്‌.

Monday, March 17, 2008

മതിയായില്ലേ?

ഇത്‌ കണ്ണൂര്‍ കാഴ്ച;
നിണക്കൊയ്ത്ത്‌!
കണ്‍നിറയെ കണ്ട്‌
ചെവി നിറയെ കേട്ട്‌
മനം നിറയെ നിറച്ച്‌
നേതാക്കള്‍
സര്‍വ്വകക്ഷി സമാധാനയോഗം
നടത്തി പിരിഞ്ഞു.
അവര്‍ക്ക്‌
മൃത്യുതാണ്ഡവം മതിയായി കാണുമായിരിക്കാം.....
.....................................................
.....................................................,
അടങ്ങാത്ത ഒരു നിലവിളി,
ഒടുങ്ങാത്ത ഒരു ഗദ്ഗദം,
ഒരു പിഞ്ചു കുഞ്ഞിന്റെ അനാഥത്വം,
ഒരു ഭാര്യയുടെ നിത്യ വൈധവ്യം,
കൂടപ്പിറപ്പിന്റെ നിലയ്ക്കാത്ത രോദനം,
സുഹൃത്തിന്റെ അടക്കാനാവാത്ത കണ്ണീര്‍.....

മതിയായി കാണുമായിരിക്കും,
മൃത്യുവിന്റെ
ചെങ്കൊടിച്ചതികള്‍ക്കും
കാവികാപട്യങ്ങള്‍ക്കും..!

കണ്ണൂരിലെ ഈ
നിണക്കളികള്‍....

ദൈവമേ വേളാങ്കണ്ണി മാതാവിനെ കാത്തോളണേ!

റോഡുവക്കിലെ കപ്പേളകളില്‍ നിന്നും പരിശുദ്ധ വേളാങ്കണ്ണി മാതാവു മുതല്‍ വിശുദ്ധ അന്തോണീസു പുണ്യവാന്‍ വരെ മിനിസ്ക്രീനിലേക്ക്‌ ഇറങ്ങിവരുന്നു!
സഹനങ്ങളുടെ കണ്ണീര്‍ കയങ്ങള്‍ താണ്ടി ഏകപുത്രന്റെ ക്രൂശുമരണത്തോളം നിഴലായ്‌ നടന്ന മറിയത്തെ വേളാങ്കണ്ണിയില്‍ വച്ച്‌ സ്വര്‍ണത്തില്‍ കുളിപ്പിച്ചെടുത്ത സൂത്രശാലികള്‍ ഇനിയും എന്തെന്തു ക്രൂരകൃത്യങ്ങള്‍ പരിശുദ്ധ മാതാവിനോടു ചെയ്യുകയില്ല എന്നേ വിചാരിക്കേണ്ടതുള്ളൂ!

നന്മനിറഞ്ഞ മറിയമേ സ്വസ്തി. സ്ത്രീകളില്‍ നീ അനുഗ്രഹീത!
കുടിയന്മാരെയും മന്ത്രവാദക്കാരെയും പെണ്ണുപിടിയന്മാരെയും മാനസാന്തരപ്പെടുത്താനായി നീ മിനിസ്ക്രീനില്‍ നടത്തുന്ന സൂപ്പര്‍ മാജിക്കുകള്‍, സ്പെഷ്യല്‍ ഇഫക്ടുകള്‍, ഭൂമിയിലേപ്പോലെ സ്വര്‍ഗത്തിലും സംപ്രേഷണം ചെയ്യപ്പെടട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കയല്ലാതെ വിശ്വാസികള്‍ എന്തുചെയ്യും!

കയ്യില്‍ കാശുള്ള പ്രൊഡ്യൂസറുടെ ഇംഗിതം പോലെ പരിശുദ്ധമാതാവിനുമേല്‍ കഥകളൊരായിരം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്‌. സ്വര്‍ണ വസ്ത്രാങ്കിതയായതിനാല്‍ തന്നെയാവാം പ്രമുഖരായ സ്വര്‍ണവ്യാപാരികള്‍ തന്നെയാണ്‌ വേളാങ്കണ്ണി മാതാവിന്റെ സ്പോണ്‍സര്‍മാര്‍!

വിശുദ്ധ ബൈബിളില്‍ ആരോ ഒരാള്‍ ജീസസ്‌ ക്രൈസ്റ്റിന്‌ ഒരു ദിവസത്തെ ആവശ്യത്തിന്‌ ഒരു കഴുതക്കുട്ടിയെ സ്പോണ്‍സര്‍ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ അജ്ഞാതന്‍ ഒരുപക്ഷെ ഒരു സ്വര്‍ണവ്യാപാരിതന്നെയായിരിക്കാം. പക്ഷെ ഈ കഴുതക്കുട്ടിയുടെ പ്രായോജകര്‍ 'ഞാറ്റുകണ്ടത്തില്‍' ജ്വല്ലറി എന്ന്‌ കഴുതപ്പുറത്ത്‌ എഴുതിവച്ചതായി ബൈബിളിലില്ല. ഇന്നായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി. ജീസസിന്റെ മരക്കുരിശും ചുമന്നുള്ള പീഡാസഹനയാത്രവരെ ലൈവ്‌ ടെലികാസ്റ്റ്‌ ചെയ്ത്‌ കാശെത്രയുണ്ടാക്കാമായിരുന്നു എന്നാവും മീഡിയാകളുടെ ദുഷ്ടചിന്ത!

ശ്രീരാമനും ശ്രീകൃഷ്ണനും മുതല്‍ ജയ്ഹനുമാന്‍വരെ അമ്പും വില്ലും വായില്‍കൊള്ളാത്ത പേരുകളുള്ള നൂറുകൂട്ടം ആയുധങ്ങളുമായി അടിച്ചുപൊളിച്ച മിനിസ്ക്രീനില്‍ നിരായുധരായ പരിശുദ്ധ വേളാങ്കണ്ണി മാതാവിനും വി. അന്തോണീസു പുണ്യവാനും സാധാരണ കണ്ണീര്‍ പരമ്പരകളിലെ കഥാപാത്രങ്ങള്‍ മാത്രമാകാനേ പറ്റുന്നുള്ളൂ എന്നതാണ്‌ ഒരേയൊരു കുഴപ്പം!

അതിനാല്‍ തന്നെയാവണം ഇന്നലെ രാത്രി പരിശുദ്ധ വേളാങ്കണ്ണി മാതാവ്‌ ഒരു കടുംകൈ ചെയ്തത്‌. അലക്സു കുട്ടിച്ചായനെ കബളിപ്പിച്ച്‌ ഡെന്നീസുകുട്ടി തട്ടിയെടുത്ത പൊന്നും പണവുമെല്ലാം വേഷംമാറിച്ചെന്ന്‌ മാതാവുതന്നെ അടിച്ചുമാറ്റി അലക്സുകുട്ടിക്കു കൊണ്ടു കൊടുത്തതാണ്‌ ആ പരിശുദ്ധ കടുംകൈ!

എന്റെ ദൈവമേ...
പരിശുദ്ധ വേളാങ്കണ്ണി മാതാവിനെ കാത്തോളണേ!

Saturday, March 15, 2008

ഇ ഫോര്‍ ഇല! ഇ-കൃഷി ഫോര്‍ ഇല്ലാകൃഷി!

ഇ-കൃഷി; ഇ....ത്‌ കൃഷി?

നെല്‍കൃഷി, കപ്പകൃഷി, പച്ചക്കറികൃഷി എന്നിവയൊക്കെ ചെയ്യാന്‍ വല്യ ബദ്ധപ്പാടും കഷ്ടപ്പാടും ആയതിനാല്‍ കേരളത്തിലിനി 'ഇ-കൃഷി' നടത്താന്‍ പോണെന്ന്‌ വാര്‍ത്ത!

ഇ-കൃഷിയെന്നാല്‍ 'ഇ ഫോര്‍ ഇല' എന്ന പോഷകസമ്പന്നമായ എന്തെങ്കിലും തീറ്റിസാധനം കൃഷിചെയ്യുന്ന സൂത്രപ്പണിയാണെന്ന്‌ കരുതിയാല്‍ തെറ്റി. കേരളത്തിലെ പ്രധാനപ്പെട്ട പതിനേഴ്‌ പച്ചക്കറിച്ചന്തകളിലെ വിലനിലവാരവും സ്ഥിതിവിവരവും മാളോരെ അറിയിക്കാനുള്ള വിദ്യയെയാണ്‌ 'ഇ-കൃഷി' എന്നു പറയുന്നത്‌.

പഴം-പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ ബജറ്റില്‍ നിന്നും കോടിക്കണക്കിനു രൂപാ ചെലവാക്കുന്ന വലിയൊരു സംവിധാനമാകുന്നു വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്‌ പ്രൊമോഷന്‍ കൗണ്‍സില്‍ കേരള എന്ന വെള്ളാന!

ഗൗരിയമ്മ തുടങ്ങിവച്ച ഈ സംഗതി കുറെയേറെ ഉദ്യോഗസ്ഥര്‍ക്ക്‌ ഉപജീവനത്തിനുള്ള മാര്‍ഗമായി എന്നതല്ലാതെ നാളിതുവരെ കാര്യമായ കാര്‍ഷിക വിപ്ലവമൊന്നും നടത്തിയതായി അറിവില്ല. കേരളം ഇപ്പോഴും തമിഴന്റെ പഴം-പച്ചക്കറി കൃഷിയെ പ്രൊമോട്ടു ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു!

തിന്നാനുള്ളതു കൃഷി ചെയ്തില്ലെങ്കില്‍ പോട്ടെ, നേരെ ചൊവ്വെ പൂകൃഷിയെങ്കിലും നടന്നിരുന്നെങ്കില്‍ നാലു പുത്തനുണ്ടാക്കാന്‍ പറ്റിയ മണ്ണാണ്‌ കേരളത്തിലേത്‌. കേരളത്തിലെ മണ്ണിലിപ്പോള്‍ വിളയുന്നത്‌ ചുടുകട്ടയാണെന്നതാണ്‌ വാസ്തവം.

കര്‍ഷകര്‍ കൃഷിയൊക്കെ നിര്‍ത്തി ഇഷ്ടികക്കളത്തില്‍ പണിക്കുപോവുകയും സ്വന്തം കൃഷിയിടത്തിലെ മണ്ണുമാന്തി വിറ്റുതിന്നും 'ഒരു കണക്കിന്‌' പുലര്‍ന്ന്‌ പോവുകയാണ്‌.

നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടി ആവേശം കൊണ്ടവരുടെ പിന്‍തലമുറ, വയലും കിളിയുമില്ലാത്ത കോണ്‍ക്രീറ്റ്‌ കാടുകളിലെ അന്തേവാസികളാവുകയാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വികാസത്തോടെ ഇനി കൃഷിവേണ്ട ഇ-കൃഷി മതി. തിന്നാനൊന്നുമില്ലെങ്കിലും ഇന്‍ഫര്‍മേഷന്‍ കൊണ്ടു വിശപ്പുമാറ്റാം. കേരള ഐടി മിഷന്‍ എന്ന മെഷീനാണ്‌ വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്‌ പ്രൊമോഷന്‍ കൗണ്‍സിലിനുവേണ്ടി 'ഇ-കൃഷി' എന്ന വിവര വിതരണ പോര്‍ട്ടല്‍ ഉണ്ടാക്കിയത്‌. ഇതൊരു 'ഭയങ്കര' സംഭവമാണെന്നാണ്‌ അധികൃതര്‍ അധഃകൃതരായ കര്‍ഷകരോട്‌ പറഞ്ഞു തന്നിരിക്കുന്നത്‌.

ഇ-കൃഷി എന്നാല്‍ ഇല്ലാത്ത കൃഷി എന്നാണര്‍ഥമെന്ന്‌ തമിഴന്റെ പച്ചക്കറിവണ്ടി വരുന്നതും കാത്തിരിക്കുന്ന മലയാളി മനസിലാക്കില്ലെന്ന്‌ അധികൃതര്‍ക്കല്ലേ അറിയൂ!

ബുഷ്‌ അല്ല; മന്‍മോഹനും സോണിയയുമാണ്‌ ശാപങ്ങള്‍

ലോകപോലീസ്‌ ചമയുന്ന 'അങ്കിള്‍ സാമിന്റെ' യാങ്കി കഴുകന്‍ കണ്ണുകള്‍, ഇപ്പോള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ഇന്ത്യയിലേക്ക്‌, പ്രത്യേകിച്ച്‌ കേരളത്തിലേക്കും ബംഗാളിലേക്കും തിരിഞ്ഞതിനു പിന്നിലെ നീചവും നികൃഷ്ടവുമായ ലക്ഷ്യം ലോകത്തിനു മുഴുവന്‍ ബോധ്യമാകുന്നതാണ്‌.

ആഗോളീകരണത്തിന്റെയും മൂലധന സമാഹരണത്തിന്റെയും അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യത്തിന്റെയും സേവകരാക്കി മന്‍മോഹന്‍ സിംഗിനെയും സോണിയയെയും പരിണമിപ്പിച്ച്‌ അമേരിക്കന്‍ ആയുധവ്യാപാര താല്‍പ്പര്യങ്ങള്‍ക്ക്‌ ഇന്ത്യയെ അടിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ വിഘാതം നില്‍ക്കുന്നത്‌ ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളാണ്‌. അമേരിക്കന്‍ നിര്‍ബദ്ധങ്ങളും സമ്മര്‍ദ്ദങ്ങളും നിരന്തരം, നിരവധിയുണ്ടായിട്ടും ആണവകരാറില്‍ ഇന്ത്യ ഒപ്പിടാത്തത്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ്‌ മൂലമാണ്‌. ഈ കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്‌ വരുംകാലത്ത്‌ അതേ സ്വയംശീര്‍ഷതയോടെ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാനാവില്ല എന്ന്‌, ചതുരുപായങ്ങളിലൂടെ, കോണ്ടലിസ റൈസും അവരുടെ വാലാട്ടിയായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ റൊണന്‍ സെന്‍ ഉള്‍പ്പെടെയുള്ളവരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

ഈ നിര്‍ബന്ധത്തിന്‌ മറ്റൊരു മാനം നല്‍കാനാണ്‌ ഇപ്പോള്‍ കേരളത്തിലെയും ബംഗാളിലെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ റിപ്പോര്‍ട്ട്‌ ബോധപൂര്‍വ്വം അമേരിക്ക പുറത്തുവിട്ടിട്ടുള്ളത്‌. അബു ഗരീബും ഗ്വാണ്ടനാമയും അമേരിക്കക്ക്‌ വരുത്തിവച്ച നാണക്കേടും ഇറാക്ക്‌ അധിനിവേശ കാലത്ത്‌ അമേരിക്കന്‍ പട്ടാളക്കാര്‍ യുദ്ധത്തടവുകാരോട്‌ അനുവര്‍ത്തിച്ച മൃഗീയതകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ലോകത്തൊരിടത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവയ്ക്കുമുന്നില്‍ ഒന്നുമല്ലെന്ന്‌ വ്യക്തമാണ്‌.

അമേരിക്കക്ക്‌ എന്നല്ല ഏതു രാഷ്ട്രത്തിനും മറ്റൊരു രാഷ്ട്രത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാം, പുറത്തുവിടാം. അമേരിക്ക എല്ലാവര്‍ഷവും ഇത്തരം റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌ അമേരിക്കന്‍ കോണ്‍സ്രസിന്റെ ആവശ്യപ്രകാരമാണ്‌. ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ നിന്ന്‌ സാമ്പത്തിക സഹായം പറ്റിയിരുന്ന രാഷ്ട്രങ്ങളെക്കുറിച്ചായിരുന്നു ഇങ്ങനെ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരുന്നത്‌. പിന്നീടത്‌ യുഎന്നിലെ എല്ലാ അംഗരാഷ്ട്രങ്ങളെക്കുറിച്ചുമായി. ശീതസമരം ഒഴിഞ്ഞ്‌ ഏകധ്രുവ ലോകം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തില്‍ ലോകപോലീസ്‌ ചമയുന്ന അമേരിക്കക്ക്‌ ഇത്തരം റിപ്പോര്‍ട്ട്‌ അവരുടെ വാണിജ്യ-സാമ്പത്തികാധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക്‌ യോജിക്കും വിധം തയ്യാറാക്കാന്‍ കഴിയും.

എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കടന്നുകയറ്റത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാനാണ്‌ ബുഷും മറ്റ്‌ ആരാച്ചാര്‍മാരും ശ്രമിക്കുന്നതെങ്കില്‍ അതംഗീകരിക്കാന്‍ അഭിമാനബോധവും സ്വയം ശീര്‍ഷത്വവുമുള്ള ഒരു രാഷ്ട്രവും അതിലെ പൗരന്മാരും തയ്യാറാവുകയില്ല. അമേരിക്കന്‍ ജനതയെ അല്ല ലോകം വെറുക്കുന്നത്‌, മറിച്ച്‌ അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്ന അധികാര വ്യാപന താല്‍പ്പര്യങ്ങളെയാണ്‌.

ഈ പശ്ചാത്തലത്തില്‍ വേണം അമേരിക്ക പുറത്തുവിട്ടിട്ടുള്ള കേരളത്തിലെയും ബംഗാളിലെയും മനുഷ്യാവകാശ ധ്വംസനങ്ങളെ വിലയിരുത്തേണ്ടത്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയും നന്ദിഗ്രാമിലെ 'പാര്‍ട്ടിക്കൊല'യും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു; എന്നെന്നും എതിര്‍ക്കപ്പെടേണ്ടതുമാണ്‌. ഇതുപറയുമ്പോഴും ഗുജറാത്തടക്കമുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിന്റെ അനുമതിയോടെയും അറിവോടെയും നടന്നിട്ടുള്ളതും നടക്കുന്നതുമായ പൗരാവകാശ ലംഘനങ്ങളുടെ ഏഴ്‌ അയലത്തെത്തുന്നതല്ല അമേരിക്ക പുറത്തുവിട്ടിട്ടുള്ള കേരളത്തിലെയും ബംഗാളിലെയും മനുഷ്യാവകാശ പ്രശ്നങ്ങള്‍. വെടക്കാക്കി തനിക്കാക്കുന്ന നിന്ദ്യമായ നടപടിക്കാണ്‌ ഈ റിപ്പോര്‍ട്ടിലൂടെ അമേരിക്ക ശ്രമിക്കുന്നത്‌. വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തെക്കാള്‍ അശ്ലീലഭരിതമാണ്‌ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ ഈ കരുതലും വിങ്ങലുമൊക്കെ.

അമേരിക്കയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ്‌ ഈ റിപ്പോര്‍ട്ട്‌ തള്ളിക്കളയുന്നു എന്നുപറയാന്‍ ലോകസഭ സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയും പ്രിയരഞ്ജന്‍ ദാസ്‌ മുന്‍ഷിയും തയ്യാറായി എന്നത്‌ നല്ലകാര്യം തന്നെ. എന്നാല്‍ ലോകസമക്ഷം ഇന്ത്യയുടെ യശസ്സിനെയും സ്വയംശീര്‍ഷത്വത്തെയും അധിക്ഷേപിക്കുന്ന ഈ റിപ്പോര്‍ട്ടിനെ അപലപിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗോ യുപിഎ അദ്ധ്യക്ഷ സോണിയയോ തയ്യാറായിട്ടില്ല എന്നതാണ്‌ ഇന്ത്യക്കാരെ മുഴുവന്‍ വേദനിപ്പിക്കുന്ന വിഷയം. അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ അഞ്ചാം പത്തികളാകാന്‍ അഭിമാനക്ഷതമില്ലാത്ത ഇത്തരം നപുംസകങ്ങളാണ്‌ ഇന്ത്യയുടെ എക്കാലത്തെയും ശാപം. നപുംസകങ്ങളെ മുന്നില്‍ നിര്‍ത്തി യുദ്ധം ജയിച്ച പാരമ്പര്യമുള്ള ഒരു സംസ്കാരത്തെ അതേ തന്ത്രങ്ങളിലൂടെ കീഴടക്കാനാണ്‌ അങ്കിള്‍ സാം ശ്രമിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ കുറ്റപ്പെടുത്തേണ്ടതും അപലപിക്കേണ്ടതും ബുഷിനെയല്ല മറിച്ച്‌ കളിമണ്‍ പാദങ്ങളുള്ള നേതാക്കളായ മന്‍മോഹനെയും സോണിയയെയുമാണ്‌.

Friday, March 14, 2008

മദാമ്മ പുല്ല്‌, (സുല്ല്‌) മദാമ്മപ്പുല്ല്‌...

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റെ തലപ്പത്ത്‌ സോണിയാഗാന്ധിയെന്ന 'മദാമ്മ' കേറി ഇരിപ്പുറപ്പിച്ചിട്ട്‌ ഒന്നല്ല, രണ്ടല്ല വര്‍ഷം പത്ത്‌!

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പരുവത്തില്‍ എണീറ്റു നടക്കാന്‍ ജീവനില്ലാതായ കോണ്‍ഗ്രസിനെ സീതാറാം എന്ന കേസരി 'നയിച്ചുകൊണ്ടിരുന്ന' ഒരു കഷ്ടകാലമുണ്ടായിരുന്നു.

അക്കാലത്ത്‌ കേസരിയെയും വെട്ടിക്കാന്‍ പോന്ന വാര്‍ദ്ധക്യ സഹജ അസുഖങ്ങളോടെ പതിനാറു ഭാഷയില്‍ മിണ്ടാണ്ടിരുന്നൊരു നരസിംഹം പ്രധാനമന്ത്രിയായും ഉണ്ടായിരുന്നു.

'ജീ ജീ കരുണാകര്‍' ഇടയ്ക്കിടയ്ക്ക്‌ പറഞ്ഞു പറഞ്ഞ്‌ നമ്മള്‍ കാണാപാഠം പഠിച്ച 'നെഹ്‌റു കുടുംബം' എന്ന മഹാകുടുംബത്തിന്‌ കേസരിയേയും സിംഹത്തേയും കൊണ്ടു അധികകാലം നടന്നാല്‍ പാര്‍ട്ടിയെ തെക്കോട്ടെടുക്കേണ്ടി വരുമെന്നൊരു ഉള്‍വിളിയുണ്ടായി!

പാര്‍ട്ടിയെ എങ്ങനെയെങ്കിലും കരകയറ്റിയെടുക്കാന്‍വേണ്ടി നെഹ്‌റു കുടുംബവും സില്‍ബന്ധികളും നട്ടെല്ലിനു കുഴപ്പമൊന്നുമില്ലാത്തൊരു ആണ്‍പിറന്നോനെ തപ്പിനടപ്പായി.

കിം ഫലം? നോ സ്യൂട്ടബിള്‍ മന്‍ഷ്യന്‍ അവയ്‌ലബിള്‍ ഇന്‍ ദിസ്‌ കണ്‍ട്രി!

അക്കാലത്ത്‌ നെഹ്‌റു കുടുംബക്കാര്‍ കോണ്‍ഗ്രസിന്റെ ചരിത്രവും പൗരധര്‍മ്മവും എടുത്തുവായിച്ചു പഠിക്കാന്‍ തുടങ്ങി. അന്നേരം രണ്ടു പ്രധാന കാര്യങ്ങള്‍ പുടികിട്ടി.

ഒന്ന്‌: കോണ്‍ഗ്രസിന്‌ വിദേശികളായ ആറു പേര്‍ പ്രസിഡന്റായിരുന്ന ചരിത്രവുമുണ്ട്‌.

രണ്ട്‌: അതിലൊരാള്‍ ഒരു പെണ്‍തരിയായിരുന്നു! 1888ല്‍ അലഹബാദ്‌ സമ്മേളനത്തില്‍ സ്കോട്ടിഷ്‌ വ്യാപാരിയായ ജോര്‍ജ്‌ യൂള്‍ കയറി പ്രസിഡന്റായതാണാദ്യ സംഭവം. 1917ല്‍ കല്‍ക്കട്ട സമ്മേളനത്തില്‍ ആനിബസന്റ്‌ പ്രസിഡന്റായതാണ്‌ ഒടുവിലെ സംഭവം. കൊള്ളാമല്ലോ ചരിത്രമെന്നു സോണിയാജിക്കും തോന്നിയതോടെയാണ്‌ കോണ്‍ഗ്രസിനു വീണ്ടും ജീവന്‍ വച്ചത്‌.

(ഇറ്റലി ലൂസിയാനയിലെ സ്റ്റെഫാനോ-പൗള മൈനോ ദമ്പതികള്‍ 'സോണിയാാ‍ന്ന്‌' പുന്നാര മോളെ നീട്ടി വിളിച്ചപ്പോള്‍ അത്‌ പഞ്ചാബി പേരാണെന്നോ, ഇന്ത്യയ്ക്കൊട്ടാകെ ഇവള്‍ പ്രിയങ്കരിയാകുമെന്നോ കവടി നിരത്തിയോ ആവോ!)

നീണ്ട പത്തുവര്‍ഷക്കാലം, സംഘപരിവാരവും കോണ്‍ഗ്രസുകാരായ പവാറും മമതാ ബാനര്‍ജിയും നട്‌വര്‍സിംഗും അവരുടെയൊക്കെ പരിവാരങ്ങളും ഒരുപാട്‌ കുഴപ്പമുണ്ടാക്കിയിട്ടുണ്ട്‌, കുഴലൂതിയിട്ടുണ്ട്‌. സോണിയ അചഞ്ചലയായിതന്നെ നിന്നു. ധീരമായി നയിച്ചു. തരക്കേടില്ലാതെ ഹിന്ദിയില്‍ പിടിച്ചു നിന്നു! രാജീവ്‌ ഗാന്ധിയെന്ന മിടുക്കനായ നേതാവിന്റെ സ്മരണകള്‍ നിറയുന്ന ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിച്ച്‌ സോണിയാ എന്ന പെണ്‍തരി ദശവത്സരം തികയ്ക്കുമ്പോള്‍ വല്യ പ്രമാണിമാരായി ഭാവിച്ചു നടന്ന ആണുങ്ങള്‍ പലരും ചിത്രത്തിലും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ പോലും ഇല്ലാതാവുന്നതാണ്‌ നാം കാണുന്നത്‌!

മദാമ്മ പുല്ലെന്ന്‌ പറഞ്ഞവരില്‍ ചിലരിപ്പോള്‍ 'മദാമ്മപ്പുല്ല്‌' എന്ന മധുരമിഠായി വില്‍ക്കുന്നവനെ പോലെ മണിയടിയുമായി പിറകെ നടപ്പാണ്‌!

ഉമ്മന്‍ ചാണ്ടിക്ക്‌ രാജിവച്ചുകൂടെ?

"ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യു"മെന്ന ചൊല്ലിനെ മുമ്പ്‌ അന്വര്‍ത്ഥമാക്കിയിരുന്നത്‌ എ കെ ആന്റണിയായിരുന്നു. അങ്ങോര്‍ കേന്ദ്രനായപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്‌ പുതുപ്പള്ളിക്കാരുടെ കണ്ണിലെ കൃഷ്ണമണിയും പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ ചാണ്ടിയാണ്‌. പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന ബാങ്ക്‌ ഓഫീസര്‍ മറിയാമ്മയുടെ ഭര്‍ത്താവിനും അവരുടെ കുഞ്ഞുങ്ങളുടെ പിതാവിനും ശുദ്ധനെന്ന തലക്കുറി നന്നായി ഇണങ്ങും.

എന്നാല്‍ രാഷ്ട്രീയക്കാരനായ ഈ ശുദ്ധനില്‍ നിന്ന്‌ കേരളം അനുഭവിക്കുന്നത്‌, അനുഭവിച്ചിട്ടുള്ളത്‌, ഇനി അനുഭവിക്കാന്‍ പോകുന്നത്‌ കറ തീര്‍ന്ന ദുഷ്ടത്തരമാണ്‌. ആന്റണിയെ കേന്ദ്രത്തിലേക്ക്‌ തള്ളി മുഖ്യമന്ത്രിയായശേഷം കുഞ്ഞൂഞ്ഞ്‌ നടത്തിയ 'അതിവേഗം-ബഹുദൂരം' എന്ന ജനസമ്പര്‍ക്ക പരിപാടിയിലെ വഞ്ചന ആരും മറന്നിട്ടില്ല. ഒട്ടേറെ പ്രതീക്ഷകളോടെയായിരുന്നു ജനസമ്പര്‍ക്ക പരിപാടിയിലെത്തി കണ്ണീരോടെ കേരളത്തിലെ സാധാരണക്കാര്‍, രാഷ്ട്രീയത്തിന്റെ വേര്‍തിരിവുകള്‍ വിസ്മരിച്ച്‌ ഉമ്മന്‍ചാണ്ടിയോട്‌ വാക്കായും രേഖാമൂലമായും പരാതികളും പരിദേവനങ്ങളും അറിയിച്ചത്‌. ഇപ്പോള്‍ത്തന്നെ അവയെല്ലാം പരിഹരിക്കണം എന്നമട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി ഓരോ സ്ഥലത്തുനിന്നും അതിവേഗത്തിലും പരാതി നല്‍കിയവരില്‍നിന്ന്‌ ബഹുദൂരത്തിലും ഓടി രക്ഷപെട്ട കൗശല സമ്പന്നതയായിരുന്നു കീറിയ ഖദറിടുന്ന, എളിമത്വം എല്ലാ പെരുമാറ്റ രീതിയിലും കാത്തുസൂക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടി.

അതിന്റെ തിരിച്ചടി സമ്മതിദാനത്തിലൂടെ ജനങ്ങള്‍ നല്‍കുകയും ചെയ്തു. അപ്പോഴെങ്കിലും കുഞ്ഞൂഞ്ഞിന്റെ കണ്ണു തുറക്കുമെന്നാണ്‌ കോണ്‍ഗ്രസുകാരും കേരളത്തിലെ കുറേ പേരും പുതുപ്പള്ളിക്കാരും ആത്മാര്‍ത്ഥമായി വിശ്വസിച്ചത്‌. എന്നാല്‍ പ്രസ്താവനകളിറക്കിയും പത്രസമ്മേളനങ്ങള്‍ നടത്തിയും കാലം കഴിക്കാനല്ലാതെ ജനങ്ങള്‍ക്കു വേണ്ടിയ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാനുള്ള മനസും തയ്യാറും പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കില്ല എന്ന്‌ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി.

ഇടതുപക്ഷ ഭരണം അതിന്റെ എല്ലാ ഏങ്കോണിപ്പുകളോടും കൂടെ മുന്നോട്ടു പോകുമ്പോള്‍, ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരുളുപ്പുമില്ലാതെ ലംഘിച്ചുകൊണ്ടിരിക്കുമ്പോള്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ഭൂരഹിത കര്‍ഷകരുടെയും ആദിവാസികളുടെയും സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍, വികസനത്തിന്റെ പേരില്‍ നാടിന്റെ ഈടുവയ്പ്പുകള്‍ വിറ്റു തുലയ്ക്കുന്നതു കൂടാതെ നിസ്സഹായരും നിര്‍ദ്ധനരുമായ ജനങ്ങളെ കിടക്കപ്പായില്‍ നിന്നും കുടിയിറക്കുമ്പോള്‍, കലാപ രാഷ്ട്രീയത്തിന്‌ ഔദ്യോഗിക പിന്‍ബലം നല്‍കി പ്രോത്സാഹിപ്പിക്കുമ്പോള്‍, ന്യായാസനങ്ങള്‍ക്ക്‌ നേരെ ക്ഷോഭത്തിന്റെയും ക്രോധത്തിന്റെയും നെറികേടുകളോടെ ആഞ്ഞടിക്കുമ്പോള്‍, അവയെ ജനപക്ഷത്തു നിന്നുകൊണ്ട്‌ പ്രതിരോധിക്കുകയും ഭണകൂടത്തിന്റെ ഇത്തരം ഭീകരതകള്‍ക്കെതിരെ ജനകീയ പോരാട്ടം ശക്തമാക്കുകയും ചെയ്യേണ്ട പ്രതിപക്ഷ നേതാവാണ്‌ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ കേവലം പ്രസ്താവനകളില്‍ തന്റെ പങ്കൊതുക്കി കേരളീയരെ വഞ്ചിക്കുന്നത്‌.

ഉമ്മന്‍ ചാണ്ടി അടങ്ങുന്ന കോണ്‍ഗ്രസുകാര്‍ക്ക്‌ അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ ഭരണം നല്‍കിയില്ലെങ്കിലും അവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാനുള്ള മാന്യത അതാതു മണ്ഡലങ്ങളിലെ സമ്മതിദായകര്‍ പ്രദര്‍ശിപ്പിച്ചു. അതാകട്ടെ പുതിയ ഭരണവര്‍ഗ്ഗത്തിന്റെ ജനവിരുദ്ധ നിലപാടുകളെ അവയുടെ ഉല്‍ഭവസ്ഥാനത്തുതന്നെ വച്ച്‌ ഉന്മൂലനം ചെയ്ത്‌ കേരളത്തിലെ ജനങ്ങളുടെ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ആ ഉത്തരവാദിത്തം പാടെ മറന്ന മുഖ്യമന്ത്രിക്ക്‌ ലഭിക്കുന്ന എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ആസ്വദിച്ച്‌ അഞ്ചുവര്‍ഷം കഴിച്ചുകൂട്ടാനാണ്‌ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്ന്‌ തോന്നുന്നു.

മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍, എച്ച്‌എംടി, മൂലമ്പിള്ളി, ചെങ്ങറ, കണ്ണൂര്‍ തുടങ്ങി എത്രയെത്ര പോരാട്ടമുഖങ്ങളാണ്‌ പ്രതിപക്ഷനേതാവിനായി ഈ ഭരണസംവിധാനം തുറന്നുകൊടുത്തത്‌. അതൊന്നുപോലും രാഷ്ട്രീയമായി ഉപയോഗിച്ച്‌ ജനങ്ങളുടെ ഇച്ഛയ്ക്കൊത്ത്‌ ഉയരാന്‍ ഉമ്മന്‍ ചാണ്ടി തെല്ലും ശ്രമിച്ചില്ല. കരുണാകരനെ തിരിച്ച്‌ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നടത്തിയ ലോബിയിംഗിന്റെ നൂറിലൊരംശം പ്രയത്നം ഇത്തരം വിഷയങ്ങളില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എങ്കില്‍ പ്രതിപക്ഷ നേതാവെന്ന തന്റെ ഉത്തരവാദിത്തത്തോട്‌ നീതി പുലര്‍ത്തിയെന്ന്‌ അദ്ദേഹത്തിനെങ്കിലും പറയാമായിരുന്നു. അതിനൊന്നും കഴിയാതെ വെറുതെ....

ഉമ്മന്‍ ചാണ്ടിക്ക്‌ രാജിവച്ച്‌ ഇറങ്ങിപൊയ്ക്കൂടെ....

Thursday, March 13, 2008

തിലകന്‌ വധഭീഷണി; ഷമ്മി തിലകനെതിരെ ജാതി വിവേചനം

സ്വന്തം ലേഖകന്‍
ദുബായ്‌: മലയാള സിനിമയിലെ ഒരു ഉപജാപക സംഘം തന്നെ വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്‌ നടന്‍ തിലകന്‍.

വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും പേടി തോന്നുന്നു. ഒരു പ്രമുഖ നടനാണ്‌ ഇതിന്റെ പിന്നിലെന്നും തിലകന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

മറ്റുള്ളവരേക്കാള്‍ നന്നായി അഭിനയിച്ച്‌ പേരെടുക്കുന്നതു മൂലമാകണം എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്‌. ഉപജാപക സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായതോടെ തനിക്ക്‌ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു.

ജാതി വേര്‍തിരിവിനെതിരെ പ്രതികരിച്ചതോടെ മകന്‍ ഷമ്മിയേയും ഇവര്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്‌.

സിനിമകളില്‍ ആരെല്ലാം അഭിനയിക്കണമെന്ന്‌ ഇപ്പോള്‍ തീരുമാനിയ്ക്കുന്നത്‌ സൂപ്പര്‍ സ്റ്റാറുകളാണ്‌. അതു തന്നെയാണ്‌ മലയാള സിനിമയുടെ ശാപമെന്നും തിലകന്‍ പറഞ്ഞു. ഇവര്‍ അഭിനിയക്കുന്ന സിനിമകള്‍ വിജയിക്കാതെ ഇക്കൂട്ടര്‍ വിജയിച്ചുവെന്ന്‌ വരുത്തി തീര്‍ക്കുകയാണ്‌- തിലകന്‍ കൂട്ടിച്ചേര്‍ത്തു.

ഉള്ളതു പറയുമ്പോള്‍ പിണറായി തുള്ളുന്നതെന്തിന്‌?

കണ്ണൂരിലെ ചാവേര്‍ രാഷ്ട്രീയത്തെക്കുറിച്ചും അതിന്‌ തന്ത്രങ്ങളൊരുക്കുന്ന ചേകവന്മാരെക്കുറിച്ചും അവരുടെ പാദസേവകരായി മാറിയ പോലീസിനെക്കുറിച്ചും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്‌ വി. രാം കുമാര്‍ നടത്തിയ ഗൗരവമേറിയ ചില നിരീക്ഷണങ്ങളുടെ പേരില്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പിന്നെയുള്ള സഖാക്കളെല്ലാവരും.

കോഴികട്ടവന്‍ മാത്രമെ തലയില്‍ തപ്പുകയുള്ളൂ എന്ന ഗ്രാമീണ ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിധി വന്ന അന്നുതന്നെ പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം. ഹൈക്കോടതിയെയും ന്യായാധിപനെയും അതിനിശിതവും ഭീഷണവുമായ ഭാഷയിലായിരുന്നു പത്രസമ്മേളനത്തില്‍ പിണറായി വിമര്‍ശിച്ചത്‌. കോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി തലയിട്ടു എന്നും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച്‌ ഗവര്‍ണ്ണര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്തുവെന്നും കോടതിയുടെ ഈ കടന്നുകയറ്റം അംഗീകരിക്കുന്ന പ്രശ്നമില്ല എന്നുമൊക്കെയായിരുന്നു വിജയന്റെ ഭാഷ്യം. ഇതേ വേവ്ലംഗ്ത്തില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമസഭയില്‍ ഹൈക്കോടതിയെ അധിക്ഷേപിച്ചത്‌.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിട്ട്‌ എന്‍ഡിഎഫില്‍ ചേര്‍ന്ന തലശ്ശേരി സെയ്താര്‍പള്ളി സ്വദേശി മുഹമ്മദ്‌ ഫസല്‍ 2006 ഒക്ടോബര്‍ 22-നു പുലര്‍ച്ചെ തലശ്ശേരി ജെ.സി റോഡിലെ ലിബര്‍ട്ടി ക്വാട്ടേഴ്സിനു സമീപത്തു വച്ച്‌ അരുംകൊല ചെയ്യപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിധവ മറിയു നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചപ്പോഴായിരുന്നു കണ്ണൂരിലെ കപാല രാഷ്ട്രീയത്തിന്റെ ബീഭത്സത ജസ്റ്റിസ്‌ വി. രാം കുമാര്‍ വിലയിരുത്തിയത്‌. ഈ വിലയിരുത്തല്‍ ഏതെങ്കിലും പത്രവാര്‍ത്തയുടെയോ ചാനല്‍ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല. ഫസല്‍ വധത്തെക്കുറിച്ച്‌ അന്വേഷിച്ച അഞ്ച്‌ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും ഈ കേസ്‌ സംബന്ധിച്ച്‌ കോടതിയില്‍ നടന്ന ഇരുവിഭാഗത്തിന്റെയും വാദങ്ങളും പഠിച്ച ശേഷമായിരുന്നു ജസ്റ്റിസ്‌ വി. രാം കുമാര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയത്‌.

അത്‌ ഒരിക്കലും സര്‍ക്കാരിനെതിരായ ഉത്തരവോ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കെതിരായ കുറ്റപത്രമോ ആയിരുന്നില്ല. കണ്ണൂരില്‍ അരുംകൊല രാഷ്ട്രീയത്തിന്‌ നേതൃത്വം നല്‍കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, അവരുടെ വിശ്വസ്ത 'നായ'കളായി കേസന്വേഷണം നടത്തുന്ന പോലീസിനും എതിരായിട്ടുള്ള, കേരളത്തിന്റെ മനസാക്ഷിയുടെ വിധിയെഴുത്തായിരുന്നു ജസ്റ്റിസ്‌ രാം കുമാറിന്റെ വാക്കുകളിലുണ്ടായിരുന്നത്‌. വിധി പുറത്തു വന്ന്‌ മണിക്കൂറുകള്‍ക്കകം പത്രസമ്മേളനം വിളിച്ചുകൂട്ടി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചപ്പോള്‍ കേരളത്തിന്‌ ഒരു കാര്യം ബോധ്യമായി. കണ്ണൂരിലെ കാലുഷ്യാവസ്ഥ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൂടി സൃഷ്ടിയാണെന്ന്‌. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഏഴുപേരെ വെട്ടിയരിഞ്ഞു വീഴ്ത്തിയപ്പോഴും വ്യാസന്‌ തുല്യം മൗനം പുലര്‍ത്തിയ വ്യക്തിയാണ്‌ കോടതിക്കെതിരെ കുരച്ചു ചാടിയതെന്നോര്‍ക്കണം. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും എല്‍ഡിഎഫ്‌ സര്‍ക്കാരിനും അനുകൂലമല്ലാത്ത വിധി പ്രഖ്യാപിക്കുന്ന ന്യായാസനങ്ങള്‍ക്കെതിരെയും ന്യായാധിപന്മാര്‍ക്കെതിരെയും രോഷത്തിന്റെയും ക്രോധത്തിന്റെയും വാക്കുകളാല്‍ പ്രതികരിക്കുന്നതും, പ്രതീകാത്മകമായി അവരെ നാടുകടത്തുന്നതും മുമ്പും കേരളം കണ്ടിട്ടുണ്ട്‌. അതിന്റെ തനിയാവര്‍ത്തനമായിരുന്നു പിണറായിയും വിഎസും കോടിയേരിയും ലജ്ജാരഹിതമായി നടത്തിയത്‌.

കണ്ണൂരിനെ മാത്രമല്ല കേരളത്തെത്തന്നെ അസ്തപ്രജ്ഞമാക്കുന്ന രാഷ്ട്രീയ കൊലപാതക പരമ്പര നടന്നിട്ടും അതിലൊരുകേസിലും യഥാര്‍ത്ഥ പ്രതികള്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഓരോ കൊലവിളിയും അവസാനിക്കുമ്പോള്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ ഹാജരാക്കുന്ന ഡമ്മി പ്രതികളെ മുന്‍നിര്‍ത്തി നടത്തുന്ന അന്വേഷണവും കുറ്റവിചാരണയും തെളിവുകളുടെ അഭാവത്തില്‍ ഫലം കാണാതെ പോയിട്ടുള്ള അനുഭവമാണ്‌ കേരളത്തിന്‌ ഓര്‍മ്മിക്കാനുള്ളത്‌.

ഇതിനിടയില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നേതാക്കള്‍ സംരക്ഷിക്കുകയും ഡമ്മി കുറ്റവാളികളെ ഉപയോഗിച്ചുള്ള കേസ്‌ നടത്തിപ്പിന്‌ കോടികള്‍ വാരി ചെലവാക്കുകയും ചെയ്യും. ഒരു പാര്‍ട്ടിയും ഇതിന്‌ അപവാദമല്ല. മാത്രമല്ല കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞും കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയാണ്‌ എല്ലാ പാര്‍ട്ടികള്‍ക്കുമുള്ളത്‌.

കേരളത്തെ അത്യന്തം നടുക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു 1999 ഡിസംബര്‍ ഒന്നിന്‌ മൊകേരിയിലെ യുപി സ്കൂളില്‍ നടന്നത്‌. വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ്‌ യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെടി ജയകൃഷ്ണന്‍ മാസ്റ്ററെ എതിരാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. പോലീസ്‌ ചാര്‍ജ്‌ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ അഞ്ച്‌ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കാരണം, കുറ്റം ആരോപിക്കാനുള്ള സാഹചര്യ തെളിവുകളില്ലായിരുന്നു. അന്ന്‌ സംഭവത്തിന്‌ ദൃക്‌സാക്ഷിയായിരുന്ന സഹപ്രവര്‍ത്തകന്‍ വിജയന്‍ കൂറുമാറിയതായിരുന്നു പ്രശ്നം. ഇതിനുശേഷം 16 കൊലപാതകം കൂത്തുപറമ്പ്‌ പാനൂര്‍ മേഖലയില്‍ നടന്നു. ആരും ശിക്ഷിക്കപ്പെട്ടില്ല. സിപിഎം പ്രവര്‍ത്തകനായ മല്ലൊളി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന്‌ ഡിവൈഎഫ്‌ഐ നേതാവായിരുന്നു സാക്ഷി. എന്നാല്‍ അയാളും കോടതിയില്‍ കൂറുമാറി.

ഇത്തരം വിധ്വംസക രാഷ്ട്രീയത്തിനെതിരായാണ്‌ ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയത്‌. അത്‌ സ്വീകാര്യമല്ലെങ്കില്‍ നേരിടാന്‍ നിയമ നടപടികള്‍ ഉണ്ടായിരിക്കെ പൊതുവേദിയിലും നിയമസഭയിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കള്‍ ഹീനമായ പ്രതികരണങ്ങള്‍ നടത്തിയത്‌ ഒരിക്കലും സ്വീകാര്യവും മാന്യവുമായ നടപടിയായിരുന്നില്ല.

കോഴികട്ടവന്‍ തലയില്‍ പൂട തപ്പുക തന്നെ ചെയ്യും.

ഛായാമുഖി: എന്താ അതിന്റെ ഒരിത്‌ !!!

മൂന്ന്‌ രൂപ അമ്പതു പൈസ കൊടുത്ത്‌ കാലിച്ചായ കുടിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക്‌ കാണാനുള്ളതല്ല 'ഛായാമുഖി'.

സിനിമാക്കാരായ മോഹന്‍ലാല്‍, മുകേഷ്‌ മുതല്‍ പേര്‍ നടിച്ച ഛായാമുഖി കാണണമെങ്കില്‍ നിങ്ങള്‍ ചുരുങ്ങിയത്‌ ഒരു സിനിമാ സംവിധായകന്‍/ നിര്‍മാതാവ്‌/ നടന്‍/ രാഷ്ട്രീയക്കാരന്‍ എങ്കിലും ആയിരിക്കണം.

കഥകളി മുതലായ മനുഷ്യന്മാര്‍ക്കു മനസിലാകാത്ത 'പൈതൃക' കലാരൂപങ്ങള്‍ നാട്ടുകാരെ കാണിക്കാതെ കൊട്ടാരവളപ്പുകളില്‍ കൂത്തമ്പലങ്ങളില്‍ തിമിര്‍ത്താടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

അങ്ങനിരിക്കണ കാലത്താണ്‌ കാണാന്‍ ഭംഗിയില്ലാത്തവനും കൈയില്‍ കാശില്ലാത്തവനും കാണാന്‍ പറ്റിയ തരം കലാരൂപമായ 'നാടകം' രംഗത്തുവന്നത്‌!

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നാടകമെന്ന കലാരൂപം നല്‍കിയ സംഭാവനകള്‍ സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ്‌ അബൂബക്കറും നല്‍കിയ സംഭാവനകളോളം വരില്ലയെങ്കിലും തരക്കേടില്ലാത്ത സംഭാവനകള്‍ തന്നെയായിരുന്നല്ലോ.

ഛായാമുഖിയെന്ന മായക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍ നോക്കുന്നവരെല്ലാവരും കാണുന്നത്‌ അവരവരുടെ പ്രണയിനികളെയാണ്‌.

ഭീമന്‍ കാണുന്നത്‌ പാഞ്ചാലിയെ, പാഞ്ചാലി കാണുന്നത്‌ അര്‍ജ്ജുനനെ.
പാഞ്ചാലിയെ അതിരറ്റു പ്രണയിച്ച കീചകന്‍ മാത്രം ഒന്നും കണ്ടില്ല!

കിലോമീറ്ററുകള്‍ നടന്ന്‌ സൈക്കിള്‍ ചവിട്ടിയും മഞ്ഞുകൊണ്ടും ഉത്സവപ്പറമ്പുകളില്‍ പോയി പൊടിമണ്ണിലിരുന്ന്‌ നാടകം കാണുന്ന കീചകന്മാര്‍ക്കാര്‍ക്കും തങ്ങളുടെ പ്രണയിനിയായ നാടകത്തെ ഛായാമുഖിയില്‍ കാണാന്‍ പറ്റില്ല!

അതാണ്‌ അതിന്റെ ഒരിത്‌!

കല്ല്യാണ്‍ സില്‍ക്ക്സ്‌ സ്പോണ്‍സര്‍ ചെയ്ത്‌ ലുലു ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ കയറി ബ്രാഹ്മണനായിപ്പോയ നാടകത്തെ ദരിദ്രവാസികള്‍ ഇനി കാണില്ല!

അല്ലെങ്കിലും മെഗാതാരം മമ്മൂട്ടി, മെഗാതാരമെന്ന ഭാവത്തില്‍ നടക്കുന്ന ദിലീപുട്ടി, യഥാര്‍ത്ഥത്തില്‍ താരമായ ശ്രീനിവാസലു തുടങ്ങിയ നടികര്‍ തിലകങ്ങള്‍ക്കും, ലോഹിതദാസര്‍, സത്യന്‍ അന്തിക്കാടര്‍, ലെനിന്‍ രാജേന്ദ്രര്‍, രഞ്ജിത്തര്‍, രാജീവ്‌ നാഥര്‍, രണ്‍ജി പണിക്കര്‍ജി തുടങ്ങിയ മഹാസംവിധായകര്‍ക്കും, എം വി ശ്രേയാംസ്‌ കുമാര്‍ മുതല്‍ ഷിബു ബേബി ജോണ്‍ വരെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഒപ്പമിരുന്ന്‌ ഛായാമുഖി കാണാന്‍ വേണ്ടും യോഗ്യതയുള്ള ഏത്‌ നാടക പ്രേമിയുണ്ടീ ഭൂമി മലയാളത്തില്‍!!

Wednesday, March 12, 2008

കപ്പയാണ്‌ താരം

ടൈറ്റസ്‌ കെ വിളയില്‍
കൊച്ചി : ഉര്‍വശീ ശാപം ഉപകാരം-പിടിച്ചാല്‍ കിട്ടാത്തിടത്തേയ്ക്ക്‌ അരിവിലകുതിക്കുമ്പോള്‍, ഇടക്കാലത്ത്‌ ഉപേക്ഷിച്ച കപ്പയ്ക്ക്‌ ജനങ്ങളില്‍ പ്രിയം വര്‍ദ്ധിക്കുന്നു.കപ്പയ്ക്ക്‌ പുറമെ ചക്ക, ചേന, ചേമ്പ്‌, കാച്ചില്‍ എന്നിവയ്ക്കും ആവശ്യക്കാരേറുകയാണ്‌.

രണ്ടുമാസം മുന്‍പ്‌ വരെ 11 രൂപയുണ്ടായിരുന്ന അരിക്കിപ്പോള്‍ 9 മുതല്‍ 11 രൂപ വരെ വില വര്‍ദ്ധിച്ചു. പച്ചരിക്കുപോലും തീ വില-കിലോയ്ക്ക്‌ 18 രൂപ.

കപ്പ, ചക്ക, ചേന, ചേമ്പ്‌, കാച്ചില്‍ എന്നിവയ്ക്ക്‌ ഗ്രാമച്ചന്തകളിലാണ്‌ ഇപ്പോള്‍ ഏറെ പ്രിയം . എന്നാല്‍ നഗരങ്ങളിലേയ്ക്കും നാടന്‍ ഭക്ഷണ രീതി വ്യാപിക്കുകയാണ്‌.

രണ്ടുമാസം മുന്‍പ്‌ വരെ കിലോയ്ക്ക്‌ അഞ്ചു രൂപയുണ്ടായിരുന്ന കപ്പയ്ക്കിപ്പോള്‍ എട്ട്‌ രൂപയായി. മതിയായ വില കിട്ടാതെ കരഭൂമിയിലും വയലുകളിലും കൃഷി നിലച്ചുപോയ കപ്പയിപ്പോള്‍ കൃഷിയിടങ്ങളില്‍ മടങ്ങി വന്നിരിക്കുകയാണ്‌.

ഇപ്പോള്‍ ഗ്രാമീണമേഖലകളിലെയും നഗരപ്രദേശങ്ങളിലെയും ചന്തകളില്‍ കപ്പയാണ്‌ താരം. കപ്പയ്ക്ക്‌ പ്രിയം വര്‍ധിച്ചതോടെ കര്‍ഷകരും കച്ചവടക്കാരും ആഹ്ലാദത്തിലാണ്‌.

അരിവില സര്‍വകാല റെക്കോഡ്‌ സൃഷ്ടിച്ച്‌ 20 രൂപയിലധികമായി. ചില ജില്ലകളില്‍ 23 രൂപവരെ വിലവര്‍ധിച്ചു. മലയാളികളുടെ മുഖ്യാഹാരമായ അരിക്ക്‌ ഇത്രയേറെ വിലക്കയറ്റമുണ്ടായ കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്ത്‌ ആവശ്യമുള്ള അരിയുടെ 20 ശതമാനംപോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. നിലം നികത്തി കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിയുന്നു. നിലവിലുള്ള നിലങ്ങള്‍പോലും തരിശിടുന്നു. കൃഷി നഷ്ടമായതാണ്‌ കാരണം. ഈ സാഹചര്യത്തിലാണ്‌ വീണ്ടും കപ്പ താരമാകുന്നത്‌.

'റേറും നൊവാറും' മുതല്‍ പാപ പരിഷ്കരണം വരെ

കുരിശുയുദ്ധങ്ങള്‍ മുതല്‍ ഗലീലിയോയ്ക്ക്‌ വിഷം നല്‍കിയതുവരെയുള്ള മാരക പാപങ്ങള്‍ കത്തോലിക്ക സഭ ചെയ്തുകൂട്ടിയിട്ടുണ്ടെന്ന്‌ മാര്‍പ്പാപ്പമാര്‍ തന്നെ പശ്ചാത്തപിച്ച്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

കത്തോലിക്ക സഭ അതിന്റെ സംഘടിത രൂപത്തില്‍ പലപ്പോഴും അധികാര കേന്ദ്രീകരണത്തിന്റെയും അധിനിവേശ ശക്തികളുടെ വ്യാപനത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പര്യായമാണെന്ന്‌ ഉല്‍പതിഷ്ണുക്കളും വിപ്ലവകാരികളും പലവട്ടം ആരോപിച്ചിട്ടുണ്ട്‌. ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ സഭയുടെയും സഭാ നേതൃത്വത്തിന്റെയും നിലപാടുകളിലും നടപടികളിലും കണ്ടെത്താനും കഴിയുന്നുണ്ട്‌. ശാസ്ത്ര നേട്ടങ്ങളെ, പ്രത്യേകിച്ച്‌ വൈദ്യശാസ്ത്ര രംഗത്തെ കുതിപ്പുകളെ ഇന്നും തള്ളിപ്പറയുന്നതിലൂടെ സഭ പുലര്‍ത്തുന്ന നിലപാട്‌ തികച്ചും പ്രതിലോമകരം തന്നെയാണ്‌. പക്ഷെ ഈ നിലപാടിന്‌ സഭയ്ക്കൊരു ന്യായമുണ്ട്‌. നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന വിശ്വാസ പ്രമാണങ്ങളും സൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിലെ വിശദീകരണങ്ങളുമാണ്‌ ഈ നിലപാട്‌ സ്വീകരിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നതെന്നാണ്‌ ആ വിശദീകരണത്തിന്റെ വിശാലമായ അര്‍ത്ഥം.

എന്നാല്‍ അതിവിപ്ലവകരമെന്ന്‌ വ്യാഖ്യാനിക്കാവുന്നതും ചൂഷിത മനുഷ്യവര്‍ഗ്ഗത്തോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചൂഷിത ശക്തികളെ നിശിതമായി വിമര്‍ശിക്കുന്നതുമായ ചാക്രിക ലേഖനങ്ങള്‍ തന്നെ സഭ പുറപ്പെടുവിച്ചിട്ടുണ്ട്‌. 'റേറും നൊവാറും' എന്ന പ്രസിദ്ധമായ ചാക്രിക ലേഖനം അതിന്‌ ഒരു ഉദാഹരണം മാത്രം. 1891 മെയ്‌ മാസത്തില്‍ പോപ്പ്‌ ലൂയി 13-ാ‍മനാണ്‌ ഈ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്‌. "മൂലധനത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും" എന്നാണ്‌ ഈ ചാക്രികലേഖന ശീര്‍ഷകത്തിന്റെ അര്‍ത്ഥം. മൂലധനവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലും സര്‍ക്കാരും പൗരന്മാരും തമ്മിലുമുള്ള പാരസ്പര്യത്തെ ഇരുകൂട്ടരും പുലര്‍ത്തേണ്ട നീതി പൂര്‍വ്വകമായ നിലപാടുകളും നിഷ്ഠാബദ്ധമായിരിക്കേണ്ട ഉത്തരവാദിത്തങ്ങളുമാണ്‌ ഈ ചാക്രികലേഖനത്തിലുള്ളത്‌. തൊഴിലാളി വര്‍ഗ്ഗത്തെ അടിച്ചമര്‍ത്തുന്ന മൂലധന ശക്തികളുടെ അധിനിവേശത്തിനെതിരായ വിപ്ലവകരമായ ആഹ്വാനമായിരുന്നു റേറും നൊവാറും. 1848ല്‍ പുറത്തുവന്ന 'കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ' ലോകത്തിന്‌ മുന്നില്‍ അവതിരിപ്പിച്ച തൊഴിലാളി വര്‍ഗ്ഗ മോചനത്തിന്റെ അടിസ്ഥാന തത്വങ്ങളോട്‌ ഏറെ സൗഹൃദം ഭാവിക്കുന്നതായിരുന്നു ഈ ചാക്രിക ലേഖനത്തിലെ ഉദ്ബോധനങ്ങള്‍. തൊഴിലാളികള്‍ക്ക്‌ സംഘടിത വിലപേശല്‍ ശക്തി ആര്‍ജിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട്‌ പോപ്പ്‌ ലൂയി 13-ാ‍മന്റെ ചാക്രിക ലേഖനം. കമ്യൂണിസ്റ്റ്‌ കാഴ്ചപ്പാടുമായി അത്‌ വിഘടിക്കുന്നത്‌ ഒരേയൊരു ഘടകത്തിലാണ്‌- സഭ സോഷ്യലിസം അംഗീകരിക്കുന്നില്ല ഒപ്പം സ്വകാര്യ സ്വത്തവകാശം സംരക്ഷിക്കുകയും ചെയ്യുന്നു.

ഈ ഘടകം മാറ്റിനിര്‍ത്തിയാല്‍ ഏതാണ്ട്‌ 11 ദശകങ്ങള്‍ക്ക്‌ മുമ്പ്‌ സമൂഹത്തിലെ സാധാരണക്കാരായ തൊഴിലാളികളുടെ അവസ്ഥ തിരിച്ചറിഞ്ഞ്‌ പ്രതികരിച്ച സഭയാണ്‌ കത്തോലിക്ക സഭ. പക്ഷെ പോപ്പുമാരായ ലൂയി 13-ാ‍മനും 1931ല്‍ പയസ്‌ 11-ാ‍മനും 1961ല്‍ ജോണ്‍ 23-ാ‍മനും 1991ല്‍ ജോണ്‍പോള്‍ രണ്ടാമനും ഈ വിഷയത്തില്‍ സ്വീകരിച്ച വിപ്ലവകരമായ നിലപാടുകളെ സഭാ പിതാക്കന്മാര്‍ രഹസ്യമാക്കി വയ്ക്കുകയും വിശ്വാസികളില്‍നിന്ന്‌ ബോധപൂര്‍വ്വം തമസ്കരിച്ച്‌ നിര്‍ത്തുകയും ചെയ്തത്‌ സഭയുടെ പൊതുതാല്‍പ്പര്യത്തിനായിരുന്നില്ല മറിച്ച്‌ അവരില്‍ നിക്ഷിപ്തമായിരുന്ന അധികാരങ്ങള്‍ സംരക്ഷിക്കാനും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖഭോഗങ്ങള്‍ നിലനിര്‍ത്താനുമായിരുന്നു. എന്നാല്‍ സഭയുടെ നിലപാട്‌ എന്നും സാധാരണ ജനങ്ങളുടെ മനസിനൊപ്പമായിരുന്നു.

ഈ സത്യം ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വത്തിക്കാന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജിയാന്‍ ഫ്രാങ്കോ ഗിരോട്ടി വെളിപ്പെടുത്തിയ ചില വസ്തുതകള്‍. പരമ്പരാഗതമായുള്ള സഭാവിശ്വാസമനുസരിച്ചുള്ള ഏഴ്‌ മൂലപാപങ്ങള്‍ മാത്രമല്ല സമൂഹത്തില്‍ തിന്മ വിതയ്ക്കുന്നതെന്നും ആഗോളീകരണത്തിന്റെ തലത്തില്‍ മറ്റുചില സാമൂഹിക തിന്മകളും പുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സഭയുടെ സക്രിയമായ ഇടപെടല്‍ അനിവാര്യമാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഗിരോട്ടിയുടെ വെളിപ്പെടുത്തല്‍. പരിസര മലിനീകരണം, മൂലധന സമാഹരണം, മയക്കുമരുന്ന്‌ വ്യാപാരം തുടങ്ങി ആധുനിക മനുഷ്യകുലത്തിലെ വന്‍ വിപത്തുകള്‍ക്കെതിരെ സഭ പ്രതികരിക്കേണ്ടതുണ്ടെന്നും ദാരിദ്ര്യം അടിച്ചേല്‍പ്പിക്കുന്നതും ദരിദ്ര വിഭജനത്തിന്‌ കാരണമാകുന്നതുമായ വസ്തുതകള്‍ക്കെതിരെ നിലപാടെടുക്കേണ്ടതുണ്ടെന്നും അസന്ദിഗ്ദമായി വെളിപ്പെടുത്തുകയായിരുന്നു ഗിരോട്ടി.

ഇത്രയും സ്വീകാര്യം. എന്നാല്‍ ജനന നിയന്ത്രണം, ഭ്രൂണഹത്യ, ക്ലോണിംഗ്‌ തുടങ്ങിയ ചില വിഷയങ്ങളില്‍ ഇന്നും എതിര്‍പ്പിന്റെ നിലപാടാണ്‌ സഭയ്ക്ക്‌. കുരിശുയുദ്ധങ്ങളിലെ തെറ്റും ഗലീലിയോയോടുള്ള സമീപനത്തിലെ വീഴ്ചയും അംഗീകരിച്ച്‌ പശ്ചാത്തപിച്ച സഭ ഇക്കാര്യത്തില്‍ വരും നാളുകളില്‍ നിലപാട്‌ മാറ്റുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒരു CPI ഡയറിക്കുറിപ്പ്‌

എണ്ണത്തില്‍ കുറവാണെന്നാലും വണ്ണത്തില്‍ വിപ്ലവം പറയുന്നവരാണ്‌ സിപിഐക്കാര്‍ എന്നു പറഞ്ഞു പരത്തുന്നത്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധരായ കോണ്‍ഗ്രസുകാരല്ല. പിന്നെയാരാണെന്നു മാത്രം ചോദിക്കരുത്‌, പറയില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ക്കു വേറൊരുപാട്‌ പണികളുണ്ട്‌!

മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പ്രഭയില്‍, ശക്തി പ്രകടനത്തില്‍, സമാപന സമ്മേളനത്തില്‍, പെരുമഴയില്‍, കുപ്പിയേറില്‍, പിണറായിയുടെ സമാപന സന്ദേശത്തിന്റെ ആരവത്തില്‍ സിപിഐയുടെ സംസ്ഥാന സമ്മേളനം ശോഭിക്കാതെ പോയെന്നതു നേര്‌.

അതു പണ്ടേ അങ്ങനെയാണ്‌. നീതിമാന്മാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആളു കുറവായിരിക്കുമെന്ന്‌ ആര്‍ക്കാണറിയാത്തത്‌.

ചോരാന്‍ വേണ്ട രഹസ്യങ്ങള്‍ പണ്ടേ സിപിഐക്കില്ല. എന്നിട്ടും സംഘടനാ റിപ്പോര്‍ട്ട്‌ ചോര്‍ന്നു. ചോര്‍ന്നു കിട്ടിയ റിപ്പോര്‍ട്ട്‌ വച്ച്‌ ഇന്ത്യാ വിഷനില്‍ വാര്‍ത്തയും ചര്‍ച്ചയും വന്നു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പ്രകോപിപ്പിക്കുംപോലെ സിപിഐയെ പ്രകോപിപ്പിക്കാനാവില്ല. ഇരുത്തം വന്നവരാണ്‌ പണ്ടേയതിന്റെ നേതാക്കള്‍.

എന്തു കേട്ടാലും കുറെയേറെ നേരം ഇരുന്നിട്ടേ അതെക്കുറിച്ചു വെളിയം മിണ്ടൂ. വെളിയം മിണ്ടിയാല്‍ മിണ്ടിയപോലിരിക്കും. മന്ത്രി സുധാകരനോടു ചോദിച്ചാലറിയാം വെളിയത്തിന്റെ പവറ്‌!

സംഘടനാ റിപ്പോര്‍ട്ട്‌ ചോര്‍ത്തിയതാരാണെന്നു കണ്ടുപിടിക്കാന്‍ അന്വേഷണ കമ്മീഷനെ വയ്ക്കുക. അന്വേഷണ കമ്മീഷന്‍ എവിടെപോയൊളിച്ചു എന്നന്വേഷിക്കാന്‍ വേറൊരു കമ്മീഷനെ വയ്ക്കുക തുടങ്ങിയ സരളമായ വഴികളൊന്നും സിപിഐക്കു ശീലമില്ല.

വെളിയം എളുപ്പവഴിയില്‍ വേറൊരു ക്രിയ ചെയ്തു.

സമ്മേളനത്തില്‍ വിതരണം ചെയ്ത റിപ്പോര്‍ട്ടു ബുക്കുകള്‍ പ്രതിനിധികളില്‍ നിന്നും തിരിച്ചുവാങ്ങി.

അപ്പോഴല്ലേ യഥാര്‍ത്ഥ വിപ്ലവം നടന്നത്‌. ഒരു പ്രതിനിധി മാത്രം റിപ്പോര്‍ട്ട്‌ തിരിച്ചു കൊടുത്തില്ല. സഖാവേ റിപ്പോര്‍ട്ടെന്തിയേ എന്നു ചോദിച്ചപ്പോള്‍ 'കാണാനില്ലാ'യെന്ന്‌ നിഷ്കളങ്കമായ മറുപടി.

ചുരുക്കിപ്പറയാമല്ലോ; ആ സഖാവിപ്പോള്‍ നിയമസഭയിലുണ്ട്‌; സിപിഐ സ്റ്റേറ്റ്‌ കൗണ്‍സിലിലില്ല!

സിപിഐയെക്കുറിച്ച്‌ നിങ്ങള്‍ക്കെന്തറിയാം?

Tuesday, March 11, 2008

പിണറായി വിജയന്‍ അല്‍പ്പംകൂടി പക്വത കാണിക്കണമായിരുന്നു

ഏഴു നിരപരാധികളെ തെരുവില്‍ വെട്ടിവീഴ്ത്തിയ രാഷ്ട്രീയ പൈശാചികതയ്ക്കെതിരെ ജനമനസാക്ഷി ഉണര്‍ന്നിരുന്നപ്പോള്‍ പ്രതികരിക്കാനോ അരുംകൊലകളെ അപലപിക്കാനോ തയ്യാറാകാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങള്‍ എരിതീയില്‍ എണ്ണ പകരുന്നതായിരുന്നു.

കണ്ണൂരിലെ ചോരക്കളികള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടയിലാണ്‌ ധാര്‍ഷ്ട്യത്തിന്റെയും ഗുണ്ടാസംസ്കാരത്തിന്റെയും സ്വരത്തില്‍ ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ കരകുളത്ത്‌ സിപിഎം ലോക്കല്‍കമ്മറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ പ്രശ്നം കൂടുതല്‍ വഷളാക്കുന്ന രീതിയില്‍ പിണറായി വിജയന്‍ ചില പ്രസ്താവനകള്‍ നടത്തിയത്‌.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫുമായി ചേര്‍ന്ന്‌ ആര്‍എസ്‌എസ്‌ നടത്തിയ ഗൂഡാലോചനയാണ്‌ കണ്ണൂരിലെ കൊലപാതക പരമ്പരകള്‍ക്ക്‌ അടിസ്ഥാനമെന്ന്‌ അതിന്‌ വഴങ്ങില്ലെന്നും ആര്‍എസ്‌എസിന്റെ കൊലക്കത്തികണ്ട്‌ ഭയക്കുകയില്ലെന്നും കൊന്നുതള്ളാന്‍ വന്നാല്‍ നിന്നുതരില്ലെന്നുമൊക്കെയായിരുന്നു പിണറായി വിജയന്റെ പ്രഖ്യാപനം.

ആ പ്രഖ്യാപനങ്ങള്‍ കേട്ട്‌ അണികള്‍ അത്യാവേശപൂര്‍വ്വം കയ്യടിച്ചത്‌ സ്വാഭാവികം. പാര്‍ട്ടി അണികളെ തെരുവില്‍ കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധം ചമക്കാന്‍ നേതൃത്വം നല്‍കേണ്ടതും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്‌. അതും സ്വാഭാവികം. എന്നാല്‍ എരിരീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ അണികളില്‍ ആവേശം ഉണര്‍ത്താനുതകുന്ന പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മുന്നറിയിപ്പും വിലയിരുത്തലുകളും ഒരിക്കലും പിണറായി വിജയനെപോലെയുള്ള ഒരു നേതാവില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല.

കണ്ണൂര്‍ സംഭവം വലിച്ചുനീട്ടി ന്യൂഡല്‍ഹിയില്‍ വരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്‌എസും സംഘപരിവാറും ശ്രമിക്കുന്ന സാഹചര്യത്തിലാണ്‌ അതിനേക്കാള്‍ നികൃഷ്ടമായ രീതിയില്‍ അണികളെ ഇളക്കിവിടാന്‍ പിണറായിവിജയന്‍ ശ്രമിച്ചതെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല. കണ്ണൂരിലെ മനുഷ്യക്കുരുതിയെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു പാര്‍ട്ടി പ്രമുഖരും സാംസ്കാരിക സാമുദായിക നായകരും അപലപിച്ചപ്പോഴും മൗനം പാലിക്കുകയായിരുന്നു പിണറായി വിജയന്‍ എന്നോര്‍ക്കണം. ഇതേക്കുറിച്ച്‌ നിരവധി ഭാഗങ്ങളില്‍നിന്ന്‌ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതേതുടര്‍ന്ന്‌ അദ്ദേഹം മൗനം ഭഞ്ജിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത്‌ സഹനത്തിന്റെയോ സഹവര്‍ത്തിത്വത്തിന്റെയോ സഹകരണത്തിന്റേയോ അന്തരീക്ഷമല്ല, മറിച്ച്‌ പ്രതികാരദാഹികളായി പകരം ചോദിക്കാന്‍ അണികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള കൊലവിളിയായിരുന്നു അദ്ദേഹത്തില്‍നിന്നും ഉണ്ടായത്‌.

ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്‌ മുന്‍കൈ എടുക്കാമെന്നും അണികളെ അക്രമപാതയില്‍നിന്ന്‌ പിന്തിരിപ്പിക്കാമെന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ആര്‍എസ്‌എസും ബിജെപിയും സമ്മതിച്ചതില്‍നിന്ന്‌ ഒരുകാര്യം വ്യക്തമാണ്‌. കണ്ണൂരിലെ ചോരക്കളിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഈ പാര്‍ട്ടികളിലെ നേതാക്കളൊക്കെത്തന്നെയാണ്‌. ആ കുറ്റസമ്മതം ഒരുഭാഗത്ത്‌ നടക്കുമ്പോഴാണ്‌ ഒരുവിധത്തിലും അനുരഞ്ജനത്തിന്‌ തയ്യാറല്ല മാര്‍ക്സിസ്റ്റുപാര്‍ട്ടി എന്ന്‌ പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നു. വെട്ടിയും കുത്തിയും കൊന്ന്‌ പാര്‍ട്ടി വളര്‍ത്തുന്നതില്‍ നേതാക്കള്‍ക്ക്‌ അഭിമാനിക്കാമെങ്കിലും ഇരുവിഭാഗങ്ങളിലും പിടഞ്ഞുവീണുമരിക്കുന്നത്‌ നിരപരാധികളും സാധാരണക്കാരുമാണ്‌. അവരുടെ അമ്മയുടെ ഭാര്യയുടെ സഹോദരിയുടെ മകളുടെ അച്ഛന്റെ സഹോദരന്റെ മകന്റെ കണ്ണീര്‍തുടക്കാനോ തീരാനഷ്ടം പരഹരിക്കാനോ വിജയനെപ്പോലെയുള്ളവര്‍ നടത്തുന്ന കൊലവിളികള്‍ക്ക്‌ സാധിക്കുകയില്ല എന്നത്‌ മറ്റാരെക്കാളും നന്നായി അദ്ദേഹത്തിനറിയാം. എന്നിട്ടാണ്‌ ആയുധശക്തിയുടെ പാഞ്ചജന്യം മുഴക്കാന്‍ അദ്ദേഹം തയ്യാറായിട്ടുള്ളത്‌.

ഇവിടെ ഇന്ന്‌ കേരളഹൈക്കോടതി ജസ്റ്റിസ്‌ വി രാംകുമാര്‍ നടത്തിയ നിരീക്ഷണം ഏറെ ശ്രദ്ധേയമാകുന്നുണ്ട്‌. ജനപ്രതിനിധികളടക്കമുള്ളവരാണ്‌ കണ്ണൂരിലെ മനുഷ്യക്കുരുതിക്ക്‌ ആളും അര്‍ത്ഥവും സംരക്ഷണവും നല്‍കി അണികളെ ചാവേറുകളാക്കുന്നതെന്നാണ്‌ കോടതിയുടെ നിരീക്ഷണം. കേരളപോലീസ്‌ കഴിവുള്ള അന്വേഷകരുടെ സംഘമാണെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം അവര്‍ കളിപ്പാട്ടങ്ങളായി മാറിയിരിക്കുകയാണെന്നും അതുകൊണ്ട്‌ പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങാത്ത കേന്ദ്രസേനയെ ആവശ്യമെങ്കില്‍ കണ്ണൂരില്‍ ശ്രമസമാധാനം പാലിക്കാന്‍ നിയോഗിക്കണമെന്നുമാണ്‌ കോടതി വിലയിരുത്തിയത്‌.

വിവേകത്തിന്റെ ഈ സ്വരങ്ങളും കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുന്നവരുടെ നിലവിളികള്‍ ക്രമസമാധാനം പാടെ തകരുന്നതുകൊണ്ട്‌ കണ്ണൂര്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നവരുടെ നിസഹായതയും ഒന്നും പക്ഷെ പിണറായി വിജയനെപ്പോലെയുള്ള നേതാക്കള്‍ക്ക്‌ ശ്രദ്ധകൊടുക്കേണ്ട വിഷയമേ അല്ല എന്നു വരുമ്പോഴാണ്‌ തെരുവില്‍ കൊലവിളികള്‍ ഉയരുന്നത്‌ കബന്ധങ്ങള്‍ ചിതറിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ പിണറായിയെപോലെയുള്ള നേതാക്കള്‍ സംയമനം പാലിച്ചാല്‍ കണ്ണൂരിനെ മനുഷ്യക്കുരുതിയില്‍നിന്ന്‌ മോചിപ്പിക്കാനാവുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല.