Monday, March 3, 2008

സൂര്യനില്‍ Virgin Mary ദൈവികമായ ഇടപെടലല്ല: സഭ

പ്രസീദ പത്മ
കൊച്ചി: എരുമേലി മഞ്ഞളരുവിയിലെ ഒരുവീട്ടില്‍ കന്യകാമറിയത്തിന്റെ ചിത്രവും രൂപവുമായി ബന്ധപ്പെട്ട പ്രതിഭാസം ദൈവികമായ ഇടപെടലായി കാണുന്നില്ലെന്ന്‌ കാഞ്ഞിരപ്പള്ളി രൂപത.

കന്യകാമറിയത്തിന്റെ രൂപം കണ്ടുവെന്നതും ചിത്രത്തില്‍നിന്ന്‌ രക്തവും തേനും എണ്ണയും ഒഴുകിയെന്നതും വേണ്ടത്ര ശാസ്ര്തീയ വിശകലനങ്ങള്‍ക്ക്‌ വിധേയമാക്കിയിട്ടില്ല. ഇവിടെവന്നു പ്രാര്‍ത്ഥിച്ചതുകൊണ്ട്‌ രോഗം മാറിയെന്ന അവകാശവാദങ്ങളും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഇതുസംബന്ധിച്ച പഠനത്തിനുനിയോഗിച്ച മൂന്നംഗ കമ്മീഷനാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

റോസാമിസ്റ്റിക്കാ മാതാവിന്റെ ചിത്രത്തിലും രൂപത്തിലും ഉണ്ടായതായി പറയപ്പെടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല. മഞ്ഞളരുവിയില്‍ നടന്നുവെന്ന്‌ പറയപ്പെടുന്ന അത്ഭുതങ്ങളും ദര്‍ശനങ്ങളും ജനക്കൂട്ടത്തിന്റെ ദര്‍ശനമായാണ്‌ കാണുന്നത്‌.

സൂര്യനിലും ആകാശത്തിലും മാതാവിനെ കാണുന്നുവെന്നതും പ്രകാശഗോളങ്ങളും വര്‍ണ്ണരാജികളും ദര്‍ശിക്കുന്നുവെന്നതും ശാസ്ര്തീയമായി പല രീതികളിലും വിശദീകരിക്കാവുന്നതാണ്‌. ഇതിന്‌ ആത്മീയപരിവേഷം നല്‍കുന്നത്‌ ഉചിതമല്ല.

സൂര്യനെ നഗ്നനേത്രങ്ങള്‍കൊണ്ട്‌ നോക്കുന്നത്‌ കാഴ്ചക്കുറവുള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന്‌ സഭ നേരത്തേ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളതാണ്‌.

സഭാ പാരമ്പര്യമനുസരിച്ച്‌ മാനസാന്തരത്തിലേക്ക്‌ നയിക്കാത്തതും സാര്‍വത്രിക സ്വഭാവമുള്ള വ്യക്തമായ സന്ദേശങ്ങള്‍ കൊടുക്കാത്തതുമായ ദര്‍ശനങ്ങളെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നില്ല.

മഞ്ഞളരുവിയിലെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോ സി.ഡി.കള്‍ ഇന്റര്‍നെറ്റിലുള്‍പ്പെടെ പ്രചരിപ്പിക്കുന്നതും അത്‌ വില്‍ക്കുന്നതും രൂപതയുടെ അറിവോടെയല്ല. ഇവിടെ നേര്‍ച്ചയ്ക്കായി എണ്ണ വിതരണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും രൂപത കേന്ദ്രം അറിയിച്ചു.

ജപമാലപോലെയുള്ള സാധാരണപ്രാര്‍ത്ഥനകളേ മഞ്ഞളരുവിയില്‍ അനുവദിച്ചിട്ടുള്ളൂ. കുമ്പസാരം തുടങ്ങിയ കൂദാശകളോ കൂദാശാനുകരണങ്ങളോ ഇവിടെ പാടില്ല.

മഞ്ഞളരുവിയിലെ പ്രതിഭാസങ്ങള്‍ സഭയുടെ നിരീക്ഷണത്തിലും പഠനത്തിലുമാണ്‌. ലൂര്‍ദ്ദ്‌, ഫാത്തിമ ഉള്‍പ്പെടെ മാതാവ്‌ പ്രത്യക്ഷപ്പെട്ടുവെന്ന്‌ സ്ഥിരീകരിച്ച തീര്‍ത്ഥാടനസ്ഥലങ്ങള്‍ സഭയുടെ അംഗീകാരത്തോടെയാണ്‌ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്‌. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

കന്യാമറിയത്തെ കാണാന്‍ സൂര്യനെ നോക്കി 48 പേര്‍ക്ക്‌ കാഴ്ച്ചത്തകരാറുണ്ടായ വാര്‍ത്ത ഫെബ്രുവരി 27-ാ‍ം തീയതി വാസ്തവം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

0 comments :