Monday, March 17, 2008

ദൈവമേ വേളാങ്കണ്ണി മാതാവിനെ കാത്തോളണേ!

റോഡുവക്കിലെ കപ്പേളകളില്‍ നിന്നും പരിശുദ്ധ വേളാങ്കണ്ണി മാതാവു മുതല്‍ വിശുദ്ധ അന്തോണീസു പുണ്യവാന്‍ വരെ മിനിസ്ക്രീനിലേക്ക്‌ ഇറങ്ങിവരുന്നു!
സഹനങ്ങളുടെ കണ്ണീര്‍ കയങ്ങള്‍ താണ്ടി ഏകപുത്രന്റെ ക്രൂശുമരണത്തോളം നിഴലായ്‌ നടന്ന മറിയത്തെ വേളാങ്കണ്ണിയില്‍ വച്ച്‌ സ്വര്‍ണത്തില്‍ കുളിപ്പിച്ചെടുത്ത സൂത്രശാലികള്‍ ഇനിയും എന്തെന്തു ക്രൂരകൃത്യങ്ങള്‍ പരിശുദ്ധ മാതാവിനോടു ചെയ്യുകയില്ല എന്നേ വിചാരിക്കേണ്ടതുള്ളൂ!

നന്മനിറഞ്ഞ മറിയമേ സ്വസ്തി. സ്ത്രീകളില്‍ നീ അനുഗ്രഹീത!
കുടിയന്മാരെയും മന്ത്രവാദക്കാരെയും പെണ്ണുപിടിയന്മാരെയും മാനസാന്തരപ്പെടുത്താനായി നീ മിനിസ്ക്രീനില്‍ നടത്തുന്ന സൂപ്പര്‍ മാജിക്കുകള്‍, സ്പെഷ്യല്‍ ഇഫക്ടുകള്‍, ഭൂമിയിലേപ്പോലെ സ്വര്‍ഗത്തിലും സംപ്രേഷണം ചെയ്യപ്പെടട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കയല്ലാതെ വിശ്വാസികള്‍ എന്തുചെയ്യും!

കയ്യില്‍ കാശുള്ള പ്രൊഡ്യൂസറുടെ ഇംഗിതം പോലെ പരിശുദ്ധമാതാവിനുമേല്‍ കഥകളൊരായിരം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്‌. സ്വര്‍ണ വസ്ത്രാങ്കിതയായതിനാല്‍ തന്നെയാവാം പ്രമുഖരായ സ്വര്‍ണവ്യാപാരികള്‍ തന്നെയാണ്‌ വേളാങ്കണ്ണി മാതാവിന്റെ സ്പോണ്‍സര്‍മാര്‍!

വിശുദ്ധ ബൈബിളില്‍ ആരോ ഒരാള്‍ ജീസസ്‌ ക്രൈസ്റ്റിന്‌ ഒരു ദിവസത്തെ ആവശ്യത്തിന്‌ ഒരു കഴുതക്കുട്ടിയെ സ്പോണ്‍സര്‍ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ അജ്ഞാതന്‍ ഒരുപക്ഷെ ഒരു സ്വര്‍ണവ്യാപാരിതന്നെയായിരിക്കാം. പക്ഷെ ഈ കഴുതക്കുട്ടിയുടെ പ്രായോജകര്‍ 'ഞാറ്റുകണ്ടത്തില്‍' ജ്വല്ലറി എന്ന്‌ കഴുതപ്പുറത്ത്‌ എഴുതിവച്ചതായി ബൈബിളിലില്ല. ഇന്നായിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി. ജീസസിന്റെ മരക്കുരിശും ചുമന്നുള്ള പീഡാസഹനയാത്രവരെ ലൈവ്‌ ടെലികാസ്റ്റ്‌ ചെയ്ത്‌ കാശെത്രയുണ്ടാക്കാമായിരുന്നു എന്നാവും മീഡിയാകളുടെ ദുഷ്ടചിന്ത!

ശ്രീരാമനും ശ്രീകൃഷ്ണനും മുതല്‍ ജയ്ഹനുമാന്‍വരെ അമ്പും വില്ലും വായില്‍കൊള്ളാത്ത പേരുകളുള്ള നൂറുകൂട്ടം ആയുധങ്ങളുമായി അടിച്ചുപൊളിച്ച മിനിസ്ക്രീനില്‍ നിരായുധരായ പരിശുദ്ധ വേളാങ്കണ്ണി മാതാവിനും വി. അന്തോണീസു പുണ്യവാനും സാധാരണ കണ്ണീര്‍ പരമ്പരകളിലെ കഥാപാത്രങ്ങള്‍ മാത്രമാകാനേ പറ്റുന്നുള്ളൂ എന്നതാണ്‌ ഒരേയൊരു കുഴപ്പം!

അതിനാല്‍ തന്നെയാവണം ഇന്നലെ രാത്രി പരിശുദ്ധ വേളാങ്കണ്ണി മാതാവ്‌ ഒരു കടുംകൈ ചെയ്തത്‌. അലക്സു കുട്ടിച്ചായനെ കബളിപ്പിച്ച്‌ ഡെന്നീസുകുട്ടി തട്ടിയെടുത്ത പൊന്നും പണവുമെല്ലാം വേഷംമാറിച്ചെന്ന്‌ മാതാവുതന്നെ അടിച്ചുമാറ്റി അലക്സുകുട്ടിക്കു കൊണ്ടു കൊടുത്തതാണ്‌ ആ പരിശുദ്ധ കടുംകൈ!

എന്റെ ദൈവമേ...
പരിശുദ്ധ വേളാങ്കണ്ണി മാതാവിനെ കാത്തോളണേ!

4 comments :

 1. സഞ്ചാരി said...

  "വിശ്വാസമില്ലാത്ത യുക്തി അപൂര്‍ണ്ണവും യുക്തിയില്ലാത്ത വിശ്വാസവും അപകടകരവുമാണ്‌. ഇവ അനുക്രമം അധാര്‍മ്മികതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴിതെളിക്കും. ഇത്തരത്തിലുള്ള നിരവധി 'അക്രമങ്ങളും' രക്തചൊരിച്ചിലുകളും ചരിത്രം സക്ഷ്യപ്പെടുത്തുന്നുണ്ട്‌. മനുഷ്യന്റെ ശാശ്വതശാന്തിക്കും അത്യന്തികലക്ഷ്യപ്രാപ്തിക്കും ഉള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വസത്തിന്റേയും യുക്തിയുടേയും ഏകോപനമാണ്‌...”

  ഞാനിങ്ങനെയൊക്കെ എഴുതി അവസാനിപ്പിച്ച് പബ്ലീഷ് ചെയ്തതേയൊള്ളൂ,ഇവിടെ വായിക്കുക ,അപ്പോഴാണ് വാസ്തവ വിവരണം കണ്ടത്. ചരിത്രം തുടരട്ടേ... എങ്കിലും തുരിച്ചറിവുകള്‍ക്ക് പ്രേരിപ്പിക്കുന്നതിന് അഭിനന്ദനങ്ങള്‍.

 2. അപ്പു said...

  കലികാലം എന്നല്ലാതെ എന്താ പറയുക. സ്വര്‍ണ്ണത്തില്‍ കുളിച്ചിരിക്കുന്ന മാതാവിന്റെ രൂപവും വ്യക്തിത്വവും എനിക്കും തീരെ ഉള്‍ക്കൊള്ളാനാവുന്നില്ല.

 3. റോബി said...

  കഷ്ടം എന്നു പറയാതെ പോകാന്‍ തോന്നുന്നില്ല.

 4. sajan jcb said...

  മറിയത്തെ വേളാങ്കണ്ണിയില്‍ വച്ച്‌ സ്വര്‍ണത്തില്‍ കുളിപ്പിച്ചെടുത്ത സൂത്രശാലികള്‍ ഇനിയും എന്തെന്തു ക്രൂരകൃത്യങ്ങള്‍ പരിശുദ്ധ മാതാവിനോടു ചെയ്യുകയില്ല എന്നേ വിചാരിക്കേണ്ടതുള്ളൂ!

  മാതാവിനെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതാണൊ വിഷമമായതു്? ഒരു കീറതുണി ഉടുപ്പിച്ചാല്‍ പരാതി തീരുമോ?

  വെളിപ്പാടിന്റെ പുസ്തകത്തില്‍ സൂര്യനെ ഉടയാടയാക്കിയ സ്ത്രീ എന്നോ മറ്റോ ആണു് യോഹന്നാന്റെ വിവരണം ! അപ്പൊ പിന്നെ എങ്ങിനെ വേളാങ്കണി മാതാവ് ഒരു സീരിയലില്‍ വരണം?

  വിമര്‍ശ്ശിക്കുമ്പോള്‍ എങ്ങിനെ ചെയ്താല്‍ നന്നാകും എന്നു കൂടി പറയാനുള്ള ബാധ്യത താങ്കള്‍ക്കുണ്ടെന്നു് ഞാന്‍ കരുതുന്നു.