Friday, March 7, 2008

പ്രകൃതി മാഫിയയുടെ ഗൂഢ തന്ത്രങ്ങള്‍ക്കെതിരെ...

കപ്പലണ്ടിപ്പിണ്ണക്കില്ലെങ്കില്‍
പണ്ടേ ചത്തേനെ...
അതിലൊരു കല്ലുണ്ടെങ്കില്‍
പല്ലും പോയേനെ...
എന്നൊരു നാടന്‍ പാട്ടുണ്ടായിരുന്നു പണ്ടുകാലത്ത്‌. മലയാളിയുടെ ഒരുപാടു സംഗതികള്‍ അന്യം നിന്നും അന്യന്‍ തിന്നും പോയ കൂട്ടത്തില്‍ ഈ പാട്ടിന്റെയും പണി തീര്‍ന്നു!

കയ്യിലൊരു മൊബെയിലില്ലെങ്കില്‍
പണ്ടേ ചത്തേനെ... എന്നാണീ റീയാലിറ്റി യുഗത്തിലെ സോങ്ങ്‌ ഓഫ്‌ ദ ഡേ!

ഒരു മൊബെയില്‍ സ്വന്തമായുണ്ടെങ്കില്‍ എന്തും നടക്കും.

ആരെയും ഏതു നേരവും പിന്തുടര്‍ന്നു പിടികൂടാം. ആര്‍ക്കും ഒരുകാലത്തും പിടികൊടുക്കാതെയും നടക്കാം!

ഓണംകേറാ മൂലയിലെ ഇടിഞ്ഞു നിലംപൊത്താറായ പുരാതന തറവാട്ടില്‍ ചൊറികുത്തിയിരുന്ന്‌ 'ഞാന്‍ ഡെല്‍ഹിയില്‍ മിനിസ്റ്ററുമായി മീറ്റിംഗിലാണ്‌' എന്ന്‌ കാച്ചാം!

സ്റ്റേഷനില്‍ നിന്നും ജീപ്പ്പ്പിറക്കുമ്പോള്‍ 'ഞങ്ങള്‍ ദാ പുറപ്പെട്ടു' എന്ന്‌ കോണ്‍സ്റ്റബിള്‍മാര്‍ക്ക്‌ മണല്‍ മാഫിയാ ഗുണ്ടയോട്‌ വിളിച്ചു പറയാം!

ഏതു പേടിത്തൂറനും ഏതു സുന്ദരിക്കോതയോടും 'ഐ ലവ്‌ യൂ' വിളമ്പരം നടത്താം!

'വേഷം കെട്ടിയാല്‍ തന്തയാണെന്ന്‌ ഞാന്‍ ഓര്‍ക്കൂലാ...' എന്ന്‌ സ്വന്തം പ്രൊഡ്യൂസര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാം!

അങ്ങനെയങ്ങനെ അനന്തസാധ്യതകളാണ്‌ മൊബെയില്‍ ഫോണ്‍ വഴി തുറന്നു കിടക്കുന്നത്‌.

അങ്ങിനെയിരിക്കെ ഗ്രേറ്റ്‌ ബ്രിട്ടനില്‍ നിന്നും ഒരു വാര്‍ത്ത വന്നിരിക്കുന്നു. പരിസരബോധമില്ലാതെ മൊബെയിലില്‍ സംസാരിച്ചു നടന്ന അറുപതു ലക്ഷം ബ്രിട്ടീഷുകാര്‍ക്ക്‌ കഴിഞ്ഞ വര്‍ഷം അപകടം പറ്റിയെന്നാണ്‌ വാര്‍ത്ത.

നിലാവെട്ടത്തില്‍ കോഴിയെ വിട്ടപോലെ പരിസരം മറന്നു ഫോണില്‍ കിന്നാരം പറഞ്ഞു നടക്കവേ കാനയില്‍ വീണും വണ്ടി തട്ടിയും ടെലിഫോണ്‍ പോസ്റ്റിലിടിച്ചുമൊക്കെയാണ്‌ പാവം ബ്രിട്ടീഷുകാരന്മാരും കാരികളും അപകടത്തില്‍ പെട്ടുപോയത്‌!

യാതൊരു വെളിവുമില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന, കല്ല്സോഡാക്കുപ്പിക്കഴുത്തു പോലെ ഇടുങ്ങിയ നമ്മുടെ റോഡുകളിലൂടെ ഉറക്കത്തില്‍ എണീറ്റു നടക്കുന്ന 'സോമ്നാമ്പുലിഷ്ട'രേപ്പോലെ നമ്മളും വെളിവില്ലാതെ നടക്കുന്നുണ്ട്‌. ഒരുപാടുപേര്‍ക്ക്‌ പണി കിട്ടുന്നുമുണ്ട്‌!

മേടിച്ചതിനും കൊടുത്തതിനും കണക്കെഴുതിവച്ചു ശീലമില്ലാത്തതിനാല്‍ മൊബെയില്‍ അപകട കണക്കെടുക്കാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമില്ലാത്തത്‌ ഭാഗ്യം! ഇല്ലേല്‍ ബ്രിട്ടണ്‍ ഞെട്ടിയ പോലെ നമ്മള്‍ എന്നേ ഞെട്ടിപ്പൊട്ടിപ്പോയേനെ!

തോമസ്‌ മാല്‍ത്തൂസ്‌ എന്നൊരു ബ്രിട്ടണ്‍ ചേട്ടന്‍ വെറുതേയിരുന്ന്‌ ഗവേഷിച്ച്‌ ഒരു തിയറി ഉണ്ടാക്കിയിട്ടുണ്ട്‌. ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ മനുഷ്യന്‍ വഴി കണ്ടുപിടിക്കാതെ വരുമ്പോള്‍ പ്രകൃതിക്ഷോഭം മുതല്‍ മഹാരോഗങ്ങള്‍ വരെ ഉപയോഗിച്ച്‌ കുറേപ്പേരെ തെക്കോട്ടെടുത്ത്‌ പ്രകൃതി തന്നെ അവളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തും എന്നാണാ തിയറി.

മൊബെയില്‍ ഫോണ്‍ ഇങ്ങനെ പെരുകുന്നതിനു പിന്നില്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള പ്രകൃതിയുടെ ഉഡായിപ്പ്‌ ആണോ എന്ന്‌ നിശ്ചയമായും സംശയിക്കേണ്ടിയിര്‍ക്കുന്നു!

സംശയം അധികനേരം വച്ചുകൊണ്ടിരിക്കേണ്ട. മാല്‍ത്തൂസിനെ വിളിച്ചു ചോദിക്കാമെന്നു വച്ചാല്‍ 1834 ഡിസംബര്‍ 23ന്‌ 'മോളീന്ന്‌' വിളിച്ചപ്പോള്‍ അദ്ദേഹം 'പരിധിക്ക്‌ പുറത്ത്‌' പോയതാണ്‌. ഇനി എസ്സെമ്മെസ്‌ ട്രൈ ചെയ്യാം, ഫോര്‍മാറ്റ്‌...

0 comments :