Wednesday, March 26, 2008

നീതിമാന്റെ ഓര്‍മപോലും അണ്‍സഹിക്കബിള്‍!

പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യം ഉത്തരമില്ലാത്തൊരു ചോദ്യമായി ഉയര്‍ന്നു നില്‍ക്കുന്നത്‌ പാവം എലികള്‍ക്കു മുന്നില്‍ മാത്രമാണ്‌!

പുലികളെ സംബന്ധിച്ചിടത്തോളം ഇന്നുവരെ ഒരു പൂച്ചയ്ക്കും മണികെട്ടേണ്ട വിഷയമുദിച്ചിട്ടില്ല. എത്ര ശല്യക്കാരനായ പൂച്ചയെയും ഒറ്റയടിക്ക്‌ കഥകഴിക്കാന്‍ ഒരു പുലിക്കുട്ടിക്കാവും എന്നതു തന്നെ കാരണം.

ഋഷിരാജ്‌ സിംഗ്‌ എന്ന അച്യുമ്മാന്റെ പൂച്ചയെ ആദ്യം തച്ചങ്കരി തല്ലിയോടിച്ചു. പിന്നെ സിപിഐക്കാര്‍ ആട്ടിയോടിച്ചു. ഒടുവില്‍ കള്ളുകച്ചവടക്കാര്‍ അടിച്ചൊതുക്കി!

ഋഷിരാജ്‌ സിംഗ്‌ എന്ന ഐപിഎസ്‌ ഓഫീസറെ കേരളത്തിലെ സാധാരണക്കാര്‍ ഇഷ്ടപ്പെട്ടത്‌ ആളുടെ കൊമ്പന്‍മീശ കണ്ടിട്ടല്ല. സുരേഷ്ഗോപി ഷാജികൈലാസ്‌ ചിത്രങ്ങളിലെ ധീരനായ പോലീസ്‌ ഓഫീസറുടെ നിഴല്‍ ആളില്‍ കണ്ടിട്ടാണ്‌!

കള്ളുഷാപ്പില്‍ തോന്നുമ്പോഴൊക്കെ കയറിച്ചെന്നു കള്ളുകുടിച്ചു എന്നതല്ല; വെറുതെ സെക്യൂരിറ്റിക്കാരനായി ഈ സിംഗിനെ ഒതുക്കിയതിനു പിന്നില്‍. പിന്നെയോ, കള്ളുകച്ചവടക്കാരെ ശല്യപ്പെടുത്തി എന്ന ഒറ്റക്കാരണത്താലാണ്‌!

ഒരു ഋഷിയേപ്പോലെ നിസംഗതയോടെ, ഒരു രാജാവിനെപ്പോലെ കണിശതയോടെ ഒരു സിംഹത്തേപ്പോലെ വേഗതയോടെ പ്രവര്‍ത്തിച്ച ഋഷിരാജ്‌ സിംഗ്‌, പേരില്‍ എന്തിരിക്കുന്നു എന്ന പുണ്യപുരാതന ചോദ്യത്തെതന്നെ തകിടം മറിച്ചു. ആളുടെ പേരില്‍തന്നെ എല്ലാമിരിക്കുന്നു!

സിംഗിനെ ഒതുക്കിയതാരായാലും അച്യുമ്മാന്റെ പിടിവാശികള്‍ നടക്കാന്‍ പോണില്ല എന്ന ഒരു സന്ദേശമാണ്‌ അവര്‍ നമുക്കു തരുന്നത്‌!

ഭരണകൂടം അതിന്റെ കൂടം കൊണ്ട്‌ സാധാരണക്കാരനെ അടിച്ചൊതുക്കുന്ന കാലത്ത്‌, സാധാരണക്കാരുടെ സ്വപ്നങ്ങളില്‍ ഋഷിരാജ്‌ സിംഗുമാര്‍ വേണ്ട.

മണിയടിക്കാരും പാദസേവകരും തലവന്മാരായിരിക്കുന്ന പോലീസ്‌ സൈന്യം തന്നെയാണ്‌ കരുണാകരന്‍ മുതല്‍ കോടിയേരി വരെയുള്ള സകല ആഭ്യന്തര മന്ത്രിസത്തമന്മാര്‍ക്കും പഥ്യം!

നീതിമാന്റെ ഓര്‍മ വാഴ്‌വിനായ്‌ തീരും. അനീതിക്കാരുടെ കോലുകളിക്കാലത്ത്‌ നീതിമാന്റെ ഓര്‍മപോലും അണ്‍സഹിക്കബിളാണ്‌!

പത്തുപതിനാറു വര്‍ഷം മുന്‍പ്‌ സിസ്റ്റര്‍ അഭയയെന്ന പാവത്തെ കൊന്നു കിണറ്റിലെറിഞ്ഞ മഹാപാപികളെ രക്ഷിക്കാന്‍വേണ്ടി മാത്രം കോടികള്‍ തുലച്ച്‌ അന്വേഷണ പരമ്പരകള്‍ നടത്തി വിജയം കണ്ട പോലീസുദ്യോഗസ്ഥരാണ്‌ ശരിക്കും പുലികള്‍!

ഈ ഉദ്യോഗസ്ഥ പ്രമാണിമാര്‍ രക്ഷപ്പെടുകയും ഋഷിരാജ്‌ സിംഗന്മാര്‍ക്ക്‌ ഒക്കെയും നഷ്ടപ്പെടുകയും പാവങ്ങള്‍ പൗരന്മാര്‍ കഷ്ടപ്പെടുകയും ചെയ്യുകയെന്നതാണ്‌ ഈ കലികാലത്തെ ഒരു കളി!

0 comments :