Saturday, March 22, 2008

കേരം തിങ്ങും കോരന്‍ തേങ്ങും...

തിന്നാനൊന്നുമില്ലെങ്കില്‍ പിന്നെ ഒരു വഴിയേ മുന്നിലുള്ളൂ. പട്ടിണി കിടക്കുക എന്നതാണ്‌ ആ എളുപ്പവഴി.

പട്ടിണി കിടക്കുന്നവരുടെ മുന്നില്‍ വേറൊരു വഴികൂടിയുണ്ട്‌, ഇടയ്ക്കിടെ വെള്ളം കുടിക്കുക എന്നതാണ്‌ ആ ലളിതവഴി.

ആന്ധ്രക്കാരുടെ കരുണകൊണ്ടു മാത്രം കഞ്ഞി കുടിച്ചു പോരുന്ന മലയാളിയുടെ മേല്‍ വേനല്‍മഴ, തുലാവര്‍ഷത്തെ വെല്ലുന്ന കരുത്തോടെയാണ്‌ തകര്‍ത്തു പെയ്യുന്നത്‌. കോടിക്കണക്കിനു രൂപയുടെ നെല്‍കൃഷി നാശത്തിന്റെ കണക്കെടുപ്പു നടത്തി ഉദ്യോഗസ്ഥര്‍ അനുദിനം അവശരായിക്കൊണ്ടിരിക്കുന്നു. പരമപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസു പോലും മറന്ന്‌ സിപിഐക്കാരായ മന്ത്രിമാര്‍ രാജേന്ദ്രനും രത്നാകരനും കണക്കെടുത്തും പ്രസ്താവനയിറക്കിയും തളര്‍ന്നു കഴിഞ്ഞു.

ഇനിയിപ്പോള്‍ മലയാളിക്ക്‌ തിന്നു വിശപ്പടക്കാന്‍ തേങ്ങമാത്രമേ നാട്ടിലുള്ളൂ. തേങ്ങ സുലഭമാക്കാന്‍ എന്തു ചെയ്യേണ്ടൂ എന്നാലോചിച്ച്‌ തലപുകച്ച കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക്‌ രണ്ടു സഹായമാണ്‌ മലയാളികള്‍ക്ക്‌ ചെയ്തു തന്നത്‌.

ഒരു വര്‍ഷം മുമ്പ്‌ അറുപത്തഞ്ച്‌ ശതമാനമായിരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 20 ശതമാനമാക്കി വെട്ടിക്കുറച്ചു. വെളിച്ചെണ്ണയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തു. പാമോയില്‍ വിലക്കുറവിനു കിട്ടിയാല്‍ വെളിച്ചെണ്ണ ഉപയോഗം കുറയുമെന്ന്‌ അന്തോണിച്ചന്‍, അഹമ്മദിക്കാ, രവിയച്ചന്‍ എന്നീ മലയാളി മന്ത്രിമാരാണ്‌ കേന്ദ്രത്തോടു മന്ത്രിച്ചു കൊടുത്തത്‌. കയറ്റുമതി ചെയ്യാനും കൂടി പറ്റാതായാല്‍ വെളിച്ചെണ്ണ ഉല്‍പ്പാദനവും കുറഞ്ഞു കിട്ടും.

അങ്ങിനെ വന്നാല്‍ തേങ്ങാവില കുറയും. വില കുറഞ്ഞാല്‍ കാലത്തും ഉച്ചയ്ക്കും വൈകുന്നേരവും മലയാളികള്‍ തേങ്ങാ തിന്നു ജീവിച്ചുകൊള്ളും!

തേങ്ങാ മാത്രം തിന്ന്‌ തമിഴ്‌നാട്ടിലൊരാള്‍ വര്‍ഷങ്ങളായി ജീവിച്ചിരിപ്പുണ്ട്‌. പിന്നെന്തുകൊണ്ട്‌ കേരം തിങ്ങും കേരള നാട്ടില്‍ തേങ്ങാ തിന്നു ജീവിച്ചുകൂടാ?

ആകെ ഒരു കുഴപ്പമേ വരാനുള്ളൂ. തേങ്ങാ വിലയിടിഞ്ഞാല്‍ വെറും മുപ്പത്തഞ്ചു ലക്ഷം തേങ്ങാ കര്‍ഷകര്‍ പെരുവഴിയിലാവും. നെല്‍കര്‍ഷകര്‍, കുരുമുളകുകര്‍ഷകര്‍, ഇഞ്ചികര്‍ഷകര്‍, കശുവണ്ടികര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങി ഒരുമാതിരി കര്‍ഷകരെല്ലാം തെണ്ടി കുത്തുപാളയെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യനീതി നടപ്പാക്കണമെങ്കില്‍ തേങ്ങാ കര്‍ഷകര്‍ കൂടി തെണ്ടിപ്പോയാല്‍ മതിയെന്ന്‌ കേന്ദ്രം ഭരിക്കുന്നവര്‍ക്കറിയാം!

ആകെ പേടിക്കേണ്ടത്‌ ചാണ്ടിക്കുഞ്ഞിനെയാണ്‌. കുഞ്ഞൂഞ്ഞിന്‌ ഡല്‍ഹി ഡര്‍ബാറില്‍ വലിയ പിടിപാടാണ്‌. ആളെങ്ങാനും ഡല്‍ഹിക്കു വണ്ടികയറി പരിപാടിയാകെ അട്ടിമറിച്ചു കളയുമോ എന്നാണ്‌ പേടി!

ആണവക്കരാറിന്റെ പേരില്‍ പിന്തുണ ദിപ്പൊ പിന്‍വലിക്കും ദിപ്പൊ പിന്‍വലിക്കും എന്നു പറഞ്ഞ്‌ അഞ്ചാറു മാസമായി വണ്‍ ടൂ ത്രീ പറഞ്ഞു നടക്കുന്ന ഇടതുപക്ഷ എംപിമാര്‍ തേങ്ങാ വിലയിടിവിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചു കളയുമോ എന്ന പേടിയും ഇല്ലാതില്ല!

എന്തായാലും മലയാളിക്ക്‌ രണ്ടു യോഗമാണ്‌; പ്രകൃതിയുടെ വികൃതിയും കേന്ദ്രത്തിന്റെ തകൃതിയും. എല്ലാം കൂടി മലയാളിക്കിപ്പോള്‍ അനുകൂല സമയമാണ്‌.

ആനന്ദലബ്ധിക്ക്‌ ഇനിയെന്തു തേങ്ങാക്കൊല വേണം!

0 comments :