Tuesday, March 18, 2008

എം.എ. ബേബിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളും സാധാരണക്കാരുടെ വ്യസനങ്ങളും

പിഞ്ഞാണക്കടയില്‍ കയറിയ കാളയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്‌ എം.എ. ബേബിയുടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങള്‍. താന്തോന്നിത്തത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാ എന്ന അഹന്തയോടെയാണ്‌ എം.എ. ബേബി വിദ്യാഭ്യാസവകുപ്പില്‍ ഓരോ ദിവസവും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്‌. ഇതുമൂലം കഷ്ടപ്പെടുന്നത്‌ സാധാരണക്കാരായ വിദ്യാര്‍ഥികളും അവരുടെ രക്ഷകര്‍ത്താക്കളും അധ്യാപകരുമാണ്‌.

സ്വാശ്രയ വിദ്യാഭ്യാസമേഖല പൊളിച്ചടക്കി മാനേജ്മെന്റുകള്‍ക്ക്‌ എന്ത്‌ തോന്ന്യാസവും കാണിക്കാനുള്ള അവസരം കോടതി വിധികളിലൂടെ നേടിക്കൊടുത്ത 'വിദ്വാനാ'ണ്‌ എം.എ. ബേബി. വിവേകമുള്ളവരുമായി ചര്‍ച്ച ചെയ്യാതെയും വിദ്യാഭ്യാസ രംഗത്ത്‌ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളവരോട്‌ ആലോചിക്കാതെയും അഹന്ത നിറഞ്ഞ എടുത്തുചാട്ടത്തോടെ ബേബി അവതരിപ്പിച്ച സ്വാശ്രയ ബില്ലാണ്‌ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ തിരിച്ചടികളേറ്റുവാങ്ങി അതിന്റെ ഉദ്ദേശ്യശുദ്ധിയെ തകര്‍ത്തതും ഉന്നത വിദ്യാഭ്യാസരംഗം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാക്കിയതും അവിടം വിദ്യാഭ്യാസ വാണിക്കുകളുടെ ആവാസ കേന്ദ്രമാക്കിയതും.

അതിനു പിന്നാലെയാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷ പരിഷ്ക്കരിച്ച്‌ ഇപ്പോള്‍ ഒരു അരുക്കാക്കിയിരിക്കുന്നത്‌. ദശാബ്ദങ്ങളായി തുടര്‍ന്നു പോന്ന രീതി ലംഘിച്ച്‌ പരീക്ഷ ഉച്ച കഴിഞ്ഞ്‌ ആക്കിയതോടെ ഉള്‍നാടന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ്‌ ഏറെ വലയുന്നത്‌. ഇതേക്കുറിച്ചും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അധ്യാപക സംഘടനകളും മുന്നോട്ടുവച്ച ആശങ്കകളെല്ലാം പുറംകാല്‍കൊണ്ട്‌ തട്ടിത്തെറിപ്പിച്ചാണ്‌ ബേബി തന്റെ തീരുമാനവുമായി മുന്നോട്ടുപോകുന്നത്‌. ഇതിന്റെ തിരിച്ചടി കഴിഞ്ഞ ദിവസം എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ അനുഭവിക്കുകതന്നെ ചെയ്തു. പെട്ടെന്നുണ്ടായ വേനല്‍മഴ മൂലം അന്തരീക്ഷം ഇരുണ്ടുകറുത്തപ്പോള്‍ കേരളത്തിലെ മിക്ക ജില്ലകളിലേയും സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ വല്ലാതെ വലഞ്ഞു. ചോദ്യപ്പേപ്പര്‍ വായിക്കാന്‍പോലുമുള്ള പ്രകാശമില്ലാതെ പരീക്ഷയെഴുതാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ഥികളെയോ അവര്‍ക്ക്‌ ചോദ്യം പറഞ്ഞുകൊടുക്കാന്‍ കഷ്ടപ്പെട്ട അധ്യാപകരെയോ കണ്ടതായിപോലും ഭാവിക്കാന്‍ ഇനിയും ബേബി തയ്യാറായിട്ടില്ല.

തലക്കനം നിറഞ്ഞ ഈ സമീപനങ്ങളെ കൂടുതല്‍ രൗദ്രമാക്കുന്ന തുഗ്ലഖ്‌ നടപടികളും ബേബിയുടെ ഭാഗത്തു നിന്നുണ്ടായി. ഇതുവരെ വെള്ളിയാഴ്ച പരീക്ഷ മാറ്റിവയ്ക്കണമെന്ന്‌ മുസ്ലീം വിദ്യാര്‍ഥികളോ സംഘടനകളോ മതപണ്ഡിതന്മാരോ ആവശ്യപ്പെട്ടിരുന്നില്ല. വെള്ളിയാഴ്ച മുസ്ലീങ്ങളുടെ ആരാധന ദിവസമാണെങ്കില്‍പോലും പരീക്ഷയെഴുതുന്ന കാര്യത്തില്‍ വിശ്വാസം വിലങ്ങുതടിയാക്കരുതെന്ന ഉന്നതമായ നീതിബോധം അവര്‍ക്കുണ്ടായിരുന്നു. അതിനെ കുളമാക്കുന്ന നടപടിയാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കിടയില്‍ ബേബി പരീക്ഷിച്ചത്‌. ഗള്‍ഫിലെ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥമെന്ന്‌ പറഞ്ഞ്‌ വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കുകയും അത്‌ ശനിയാഴ്ച നടത്തുകയും ചെയ്തു. ലഭിച്ച അറിവുകള്‍ വിശ്വസിക്കാമെങ്കില്‍ ഗള്‍ഫില്‍ നിന്ന്‌ ഒരു വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും അധ്യാപകരും ഇത്തരമൊരു ആവശ്യം വിദ്യാഭ്യാസ മന്ത്രിയോട്‌ ഉന്നയിച്ചിരുന്നില്ല. ഉണ്ടിരുന്ന നായര്‍ക്ക്‌ ഒരു വിളി വന്നു എന്നു പറഞ്ഞപോലെ ബേബിയുടെ തലമണ്ടയില്‍നിന്ന്‌ ഉദിച്ചതായിരുന്നു ആ വിചാരവിപ്ലവം.

അത്‌ നിയമനടപടിക്ക്‌ വിധേയമാകുകയും ചെയ്തു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കരിക്കകം സെവന്ത്‌ ഡേ അഡ്വന്റിസ്റ്റ്‌ സ്കൂളിലെ പത്ത്‌ എ ഡിവിഷനിലെ ജിന്‍സി മോനച്ചനും രമ്യാ രാജുവും ഈ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി അവരുടെ വാദം അംഗീകരിച്ച്‌ ശനിയാഴ്ച വൈകീട്ട്‌ പരീക്ഷ നടത്താന്‍ അനുവദിക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ച്‌ ഇങ്ങനെ ഉത്തരവ്‌ പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയും വൈകി വാദം കേട്ട ഡിവിഷന്‍ ബെഞ്ച്‌ സിംഗിള്‍ ബെഞ്ച്‌ വിധി അംഗീകരിക്കുകയും സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയുമായിരുന്നു. ആരുടെ ആവശ്യപ്രകാരമാണ്‌ വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവച്ചതെന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‌ കഴിഞ്ഞില്ല. ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി വെള്ളിയാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കാമെങ്കില്‍ സെവന്ത്‌ ഡേ അഡ്വന്റിസ്റ്റ്‌ വിശ്വാസികളായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശനിയാഴ്ച വൈകിയാണെങ്കിലും പരീക്ഷ നടത്താം എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചും വിധിച്ചത്‌.

ഏറെ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒരു കീഴ്‌വഴക്കമാണ്‌ മന്ത്രി ബേബിയുടെ തന്നിഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഈ കോടതിവിധിയുടെ ബലത്തില്‍ നാളെ ഏതെങ്കിലും ഒരു സമുദായത്തിലെ വിദ്യാര്‍ഥി വിശ്വാസപരമായ കാരണങ്ങളാല്‍ പകല്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുകയില്ലെന്നും തങ്ങള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്താല്‍ അത്‌ നടത്തിക്കൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നിര്‍ബന്ധിതമായിരിക്കുകയാണ്‌. ആരും ഇത്തരത്തിലൊരു സാഹസത്തിന്‌ മുതിരുകയില്ല എന്നു തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. കാരണം ബേബിയെപോലെ ഇത്തരം കാര്യങ്ങളില്‍ ഹ്രസ്വദൃഷ്ടിയും പിടിവാശിയുമൊന്നുമുള്ളവരല്ല കേരളത്തിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും. എങ്കിലും ബേബിയെപോലെയുള്ള ഏതെങ്കിലുമൊരു വികടബുദ്ധി അതിനൊരുമ്പെട്ടാലുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ സൂചിപ്പിച്ചു എന്നേയുള്ളൂ.

തീര്‍ന്നില്ല ബേബിയുടെ വികടത്തരം. ഹയര്‍ സെക്കന്ററി പരീക്ഷയുടെ മേല്‍നോട്ടത്തിന്‌ ഹയര്‍ സെക്കന്ററി അധ്യാപകരെ നിയമിക്കാതെ എല്‍പി, യുപി സ്കൂളുകളിലെ അധ്യാപകരെയാണ്‌ നിയമിച്ചിരിക്കുന്നത്‌. ഹൈസ്കൂളുകളോട്‌ ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍പി, യുപി സ്കൂളുകളിലെ വര്‍ഷാവസാന പരീക്ഷ നാളെ ആരംഭിക്കും. 31-ാ‍ം തീയതി അവസാനിക്കും. എന്നാല്‍ ഈ പരീക്ഷയ്ക്ക്‌ മേല്‍നോട്ടം വഹിക്കേണ്ടവര്‍ക്കാണ്‌ ഹയര്‍ സെക്കന്ററി പരീക്ഷാഡ്യൂട്ടി നല്‍കിയിരിക്കുന്നത്‌. 27-ാ‍ം തീയതിയാണ്‌ ഹയര്‍ സെന്ററി പരീക്ഷകള്‍ അവസാനിക്കുക. എല്‍പി, യുപി സ്കൂളുകളിലെ അധ്യാപകരെ ഹയര്‍ സെക്കന്ററി പരീക്ഷാഡ്യൂട്ടിക്ക്‌ നിയോഗിക്കരുതെന്ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിര്‍ബന്ധിച്ചു പറഞ്ഞിട്ടും അത്‌ ശ്രദ്ധിക്കാനുള്ള വകതിരിവുപോലും ബേബിക്ക്‌ ഉണ്ടായിരുന്നില്ല.

കേരളത്തിന്‌ എക്കാലത്തും എവിടെയും അഭിമാനിക്കാവുന്ന വിദ്യാഭ്യാസമേഖല കുട്ടിച്ചോറാക്കിയശേഷമേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു എം.എ. ബേബി. അല്ലെങ്കില്‍ ഇത്തരം തലതിരിഞ്ഞ നടപടികള്‍ അദ്ദേഹം നടപ്പിലാക്കുമായിരുന്നില്ല. രണ്ടാം മുണ്ടശേരി എന്നാണ്‌ അദ്ദേഹം സ്വയം അഭിമാനിക്കുന്നതും വിശേഷിപ്പിക്കുന്നതും. മുണ്ടശേരി മാഷിനെക്കുറിച്ച്‌ മുന്‍പ്‌ സുകുമാര്‍ അഴീക്കോട്‌ നടത്തിയ ഒരു നിരീക്ഷണം അല്‍പം ഭേദഗതിവരുത്തിയാല്‍ അത്‌ ബേബിക്ക്‌ നന്നേ ഇണങ്ങുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. "മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും. കമ്യൂണിസ്റ്റ്‌ അധഃപതിച്ചാല്‍ മുണ്ടശേരിയാകും" എന്നായിരുന്നു അഴീക്കോട്‌ പറഞ്ഞുവച്ചത്‌. അതിന്റെ കൂടെ ഞങ്ങള്‍ ഇതുകൂടി ചേര്‍ക്കുന്നു "മുണ്ടശേരി അധഃപതിച്ചാല്‍ എം.എ. ബേബിയാകും".

ഇത്രയൊക്കെ ശിക്ഷയനുഭവിക്കാന്‍ നാം മലയാളികള്‍ എന്തുതെറ്റാണ്‌ ചെയ്തത്‌.

3 comments :

  1. മായാവി.. said...

    കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുംഭനഓ വെറും ശുനകനോ.... എന്ന്‌ പണ്ട് പാടിയത് ഈ വിവരം കെട്ടവനെ കുറിച്ചാവും

  2. Nishedhi said...

    പറഞ്ഞതെല്ലാം ശരി തന്നെ! പക്ഷേ മുണ്ടശ്ശേരിയെ ഒഴിവാക്കാമായിരുന്നു!

  3. riyaz ahamed said...

    കേരളത്തിലെ വിദ്യാഭ്യാസ പ്രശ്ന പരിസരങ്ങളില്‍ ലേഖകന്‍ എവിടെ നില്ക്കുന്നു എന്ന് വ്യക്തമാവുന്നില്ല.

    "മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും. കമ്യൂണിസ്റ്റ്‌ അധഃപതിച്ചാല്‍ മുണ്ടശേരിയാകും" എന്നായിരുന്നു അഴീക്കോട്‌ പറഞ്ഞുവച്ചത്‌.

    എപ്പോഴാണു അഴീക്കോട് ആ പ്രസ്താവന നടത്തിയത് എന്ന് വ്യക്തമാക്കണം.