Saturday, March 8, 2008

ചിരിച്ചുചിരിച്ചു മരിക്കാന്‍ ഈ സുന്ദരസുദിനം!

ഇന്ന്‌ ലോക വനിതാദിനമാണ്‌. സംസ്ഥാന വനിതാ കമ്മീഷന്‍ ഇന്നത്തെ പ്രഭാതപത്രങ്ങളില്‍ കാല്‍പേജ്‌ പരസ്യം നല്‍കി വനിതാ ദിനാചരണം ഗംഭീരമാക്കിയിരിക്കുന്നു!

പരസ്യത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണം വിളമ്പുന്ന വനിതാരത്നം, ചിരിച്ചുകൊണ്ടിരിക്കുന്നു.

വച്ചും വിളമ്പിയും വിഴുപ്പലക്കിയും ചിരിച്ചുചിരിച്ചു മരിക്കാനാണ്‌ സകല വനിതാരത്നങ്ങളെയും പടച്ചുവിട്ടിരിക്കുന്നതെന്ന്‌ വനിതാ കമ്മീഷനും അറിയാം. പരസ്യവാചകമാണടിപൊളി. 'ഈ സുന്ദര നിമിഷം നിങ്ങളുടേതാണ്‌'.

ഭര്‍ത്താവോ മക്കളോ ആ വനിതാ രത്നത്തിനു ചോറുവിളമ്പിക്കൊടുക്കുന്ന 'സുന്ദരനിമിഷം' ആരും സ്വപ്നം കാണേണ്ട!

കണ്ണൂരിലെ വനിതകള്‍, മൂലമ്പിള്ളിയിലെ വനിതകള്‍, എരയാംകുടിയിലെ വനിതകള്‍, ചെങ്ങറയിലെ വനിതകള്‍ തുടങ്ങി കണ്ണീരൊലിപ്പിച്ചു നടക്കുന്ന ഗതികെട്ടവളുമാരെ ഹര്‍ത്താലില്‍നിന്ന്‌ 'മരണവണ്ടികളെ' ഒഴിവാക്കിക്കൊടുക്കുംപോലെ വനിതാ കമ്മീഷന്‍ വനിതാദിനാഘോഷത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടോയെന്നു പരസ്യത്തിലില്ല!

ഇന്നു രാവിലെ തിരുവനന്തപുരത്തുനടന്ന അന്താരാഷ്ട്ര വനിതാദിന ആഘോഷത്തിന്റെ കാര്യപരിപാടി നോക്കുക. ഒന്‍പതു പ്രമാണിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മന്ത്രിണി ശ്രീമതിയും ഉപദേശി (ജെന്റര്‍) ലിഡാജേക്കബും ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ്‌ പെണ്ണുങ്ങളായിട്ടുള്ളത്‌.

ജോലികിട്ടാന്‍വേണ്ടി ശ്രീശാന്ത്‌ എന്ന പേരില്‍ ആണ്‍വേഷം കെട്ടിനടന്ന ഒരു വനിതാരത്നം അപകടത്തില്‍പെട്ട്‌ ആശുപത്രിയില്‍ ചെന്നപ്പോള്‍ കള്ളിയുടെ 'കള്ളി' വെളിച്ചത്തായത്‌ കഴിഞ്ഞ ദിവസമാണ്‌. എംഎല്‍എയും മേയറുമൊക്കെയാവാന്‍ ആണ്‍വേഷം കെട്ടിനടക്കുന്ന കള്ളിമാരാണോ ശിവന്‍കുട്ടി, സുരേന്ദ്രന്‍പിള്ള, ജയന്‍ബാബു, ആനാവൂര്‍ നാഗപ്പന്‍, ബിശ്വാസ്‌ മേത്ത, കെ.കെ. മണി എന്നീ പ്രമാണിമാരെന്ന്‌ പരിശോധിച്ചുതന്നെ കണ്ടെത്തണം!

അന്താരാഷ്ട്ര വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടി അംഗന്‍വാടികള്‍ക്കുള്ള ആനുകൂല്യ വിതരണമാണ്‌. വനിതാ ശാക്തീകരണം അങ്ങനെ അംഗന്‍വാടികളിലൂടെ നടപ്പിലായിക്കൊള്ളും!

ഒരു വനിതാരത്നം പ്രസിഡന്റായിരിക്കുന്ന രാജ്യത്ത്‌, ഒരു വനിതാരത്നത്തിന്റെ പാര്‍ട്ടി ഭരണം നടത്തുന്ന രാജ്യത്ത്‌, പാര്‍ലമെന്റില്‍ വനിതാരത്നങ്ങള്‍ക്ക്‌ മുപ്പത്തിമൂന്നു ശതമാനം സംവരണം വേണമെന്ന്‌ മഹിളാ കോണ്‍ഗ്രസുവരെ അലമുറയിട്ടുനടക്കുന്നു.

സംവരണം നടപ്പുസമ്മേളനത്തില്‍ നടപ്പിലാക്കണമെന്നാണ്‌ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ വനിതാരത്നങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഇതൊന്നും നടപ്പുള്ള കാര്യമല്ല മോളേ....

0 comments :