Saturday, March 22, 2008

നിന്ദിതരുടെ, പീഡിതരുടെ പുനരുത്ഥാനം

നിലത്തു വീണ്‌ അഴുകിയ ഒരു ഗോതമ്പുമണി-രാഷ്ട്രീയ അധികാരവും സംഘടിത മതവ്യവസ്ഥയുടെ കാര്‍ക്കശ്യവും അതിനിന്ദ്യമായി കുരിശിലേറ്റി കൊലപ്പെടുത്തിയ ക്രിസ്തു.

ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നുവെങ്കില്‍ ലോകത്തിന്‌ നഷ്ടമാവുമായിരുന്നത്‌ സത്യത്തിലും നീതിയിലുമുള്ള വിശ്വാസമായിരുന്നു.

അധികാരങ്ങളുടെ അധിപനും, സദാ യുദ്ധ സന്നദ്ധനും, വാനമേഘങ്ങളിലും അഗ്നിയിലും മുഴങ്ങുന്ന ഗംഭീര വചനവുമായിരുന്നു അവനു മുമ്പുവരെ സെമിറ്റിക്‌ മതങ്ങളിലെ ശാഠ്യക്കാരനായ ദൈവം.

ദൈവത്തെ അറിയുക അല്ലെങ്കില്‍ സ്നേഹിക്കുക എന്നുവച്ചാല്‍ ദരിദ്രരോട്‌ നീതി പുലര്‍ത്തുക എന്നതാണെന്ന്‌ ക്രിസ്തു പഠിപ്പിച്ചു. ഹോമബലികളിലും യാഗബലികളിലും സംപ്രീതനായിരുന്ന പഴയ നിയമത്തിലെ ദൈവം കരുണാമയനും കാവല്‍ വിളക്കുമായി ലോകത്തിനു മുന്നില്‍ വന്നു നിറഞ്ഞത്‌ അവന്‍ വഴിയായിരുന്നു.

ഞാന്‍ വഴിയും സത്യവും ജീവനുമാണെന്ന്‌ ക്രിസ്തു പറഞ്ഞു. ആകാശത്തിലെ പറവകളെപ്പോലെ അന്നന്നത്തെ അപ്പത്തിനു വേണ്ടി മാത്രം വിയര്‍പ്പൊഴുക്കാന്‍ അവന്‍ പഠിപ്പിച്ചു. മറ്റുള്ളവരുടെ കടങ്ങളും പാപങ്ങളും ഞാന്‍ പൊറുക്കുന്നതുപോലെ എന്റെ കടങ്ങളും പാപങ്ങളും പൊറുക്കണമേയെന്നു പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചു.

കാനായില്‍ കലവറയില്‍ വീഞ്ഞുകാലിയായ ഗൃഹനാഥന്റെ ഉള്ളിലെ നീറ്റലില്‍ ക്രിസ്തു വെള്ളം വീഞ്ഞാക്കിയതോ, കുരുടനെയും മുടന്തനെയും രക്തസ്രാവക്കാരി സ്ത്രീയെയും ലാസറിനെയും ജീവിതത്തിലേക്ക്‌ കൊണ്ടുവന്നതോ അല്ല, അന്നത്തെ അധികാരവ്യവസ്ഥയെ പ്രകോപിപ്പിച്ചത്‌.

സക്കേവൂസിനെപ്പോലെ ഉയരം കുറഞ്ഞ, മനുഷ്യനും ദൈവത്തിനുമിടയില്‍ കാഴ്ച മറച്ച്‌ മതിലു തീര്‍ത്ത പുരോഹിതരെയും അധികാരികളെയും ക്രിസ്തു ഇകഴ്ത്തി. ലോകം പകല്‍ മാത്രം വെറുത്ത പാപിനിയെ പുകഴ്ത്തി. ആരും കിണറ്റിന്‍ ചുവട്ടിലെത്താത്ത നട്ടുച്ചനേരത്ത്‌ മാത്രം വെള്ളമെടുക്കേണ്ടിവന്ന പാവപ്പെട്ട അഭിസാരികയ്ക്ക്‌ ജീവന്റെ ജലത്തെ കുറിച്ച്‌ പറഞ്ഞുകൊടുത്തു.

ജെറുസലേം ദേവാലയത്തിലെ വിധവയുടെ ചില്ലിക്കാശിനെ പ്രകീര്‍ത്തിച്ചു. ദൈവത്തിന്റെ ആലയം കച്ചവടക്കാരുടെ ഗുഹയാക്കിയവരെ ചാട്ടവാറിനടിച്ചു പുറത്താക്കി. അങ്ങനെ ക്രിസ്തു പഠിപ്പിച്ച ഈശ്വരാന്വേഷണത്തിന്റെ സാമൂഹിക പാഠങ്ങള്‍ അധികാര വ്യവസ്ഥയെ പ്രകോപിപ്പിക്കുകതന്നെ ചെയ്തു.

ക്രിസ്തു മരണത്തിനു വിധിക്കപ്പെട്ടത്‌ അങ്ങനെയാണ്‌. ഒരുവനെ മരണത്തിനു വിധിക്കാന്‍ മാത്രമെ കഴിയൂ എന്ന്‌, സത്യത്തെ മൂടിവയ്ക്കാന്‍ മാത്രമെ കഴിയൂ എന്ന്‌, നീതിയെ തടഞ്ഞുവയ്ക്കാന്‍ മാത്രമെ കഴയൂവെന്ന്‌ അവന്റെ ഉയിര്‍പ്പ്‌ സാക്ഷ്യപ്പെടുത്തി.

ലോകം ഹൃദയത്തില്‍ ഏറ്റുവാങ്ങിയത്‌ ആ നീതിമാന്റെ ഉത്ഥാനം തന്നെയാണ്‌. ലോകമെമ്പാടുമുള്ള അവശരും ആര്‍ത്തരും ആലംബഹീനരുമായ മനുഷ്യര്‍ക്ക്‌ പ്രത്യാശയിലേക്കുള്ള പടിവാതില്‍ തുറന്നത്‌ ക്രിസ്തുവിന്റെ ഉയിര്‍പ്പായിരുന്നു.

വിശ്വാസം എന്നു പറഞ്ഞിട്ട്‌ എന്തു പ്രയോജനം, ഒരുവന്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കിയില്ലെങ്കില്‍ പ്രവൃത്തിയില്ലാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമെന്ന്‌ ക്രിസ്തു ശിഷ്യനായിരുന്ന യാക്കോബ്‌ ലോകത്തോട്‌ പറഞ്ഞു.

വിശ്വാസികള്‍ ഏറിവരുകയും ആചാരങ്ങള്‍ ഏറിവരികയും ചെയ്യുന്ന വര്‍ത്തമാന കാലത്ത്‌ പ്രവൃത്തിയില്ലാത്ത നിര്‍ജീവമായ വിശ്വാസം കൊണ്ട്‌ ക്രിസ്തു സാക്ഷ്യം പറയാനാണ്‌ ശ്രമങ്ങള്‍ നടക്കുന്നത്‌. ഈ വിശ്വാസം മരിച്ചു മണ്ണടിഞ്ഞുപോകുന്നവരുടെ വിശ്വാസമാണ്‌. കെട്ടുപോയ ഗോതമ്പുമണിപോലെ അതൊരിക്കലും മുളപൊട്ടാതെ ഒടുങ്ങിപ്പോകും.

"ദൈവ രാജ്യം നിങ്ങളുടെ ഇടയില്‍തന്നെയുണ്ടെന്ന്‌" ക്രിസ്തു പറഞ്ഞത്‌ ഓര്‍ത്തിരിക്കുക. ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ പോന്ന ഹൃദയ നൈര്‍മല്യം മാത്രമേ എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന പുതുലോക ക്രമത്തിലെ സുവിശേഷ പ്രഘോഷണമാകുന്നുള്ളൂ.

വീണ്ടുമൊരു ഉയര്‍പ്പു ഞായറാഴ്ച കടന്നു പോകുമ്പോള്‍ നീതി ജലം പോലെ ഒഴുകട്ടെ എന്ന്‌ ഉദ്ഘോഷിക്കാന്‍ വേണ്ടും ആത്മധൈര്യമുള്ളവരായി നമുക്ക്‌ മാറാനാവുമോ എന്ന ചോദ്യമാണ്‌ ഉയര്‍ന്നുവരുന്നത്‌.