WELL DONE BOYS!!!
ട്വന്റി20 ലോകകപ്പില്‍ ധോണിയുടെ കുട്ടികള്‍ നേടിയ കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു ഓസ്ട്രേലിയയിലെ വിജയം. ഫൈനലിന്റെ ആദ്യ രണ്ടു മത്സരങ്ങളില്‍ കളിയുടെ എല്ലാ രംഗങ്ങളിലും ആധികാരികമായ മികവ് പുലര്‍ത്തിയാണ് പോണ്ടിംഗിന്റെ വായാടികള്‍ക്ക് ഇന്ത്യ ഞെട്ടിക്കുന്ന പ്രഹരമേല്‍പ്പിച്ചത്. സീനിയര്‍ താരങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യയുടെ കൊടി ക്രിക്കറ്റ് ഫീല്‍ഡില്‍ പാറിക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് എന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കും അഭിമാനത്തിന്റെ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, ഇശാന്ത് ശര്‍മ, പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ ഈ പര്യടനത്തിലെ കണ്ടുപിടുത്തങ്ങളായിരുന്നു. വളരെ ഇംപള്‍സീവായിട്ടാണ് ക്യാപ്റ്റന്‍ ധോണി തീരുമാനങ്ങളെടുക്കുന്നതെന്ന് ആരോപണമുണ്ടെങ്കിലും ഓസ്ട്രേലിയയില്‍ അദ്ദേഹം ഉപയോഗിച്ച തന്ത്രങ്ങള്‍ നൂറുശതമാനം വിജയം കണ്ടു. ബുദ്ധികൊണ്ടുകൂടി കളിക്കുന്ന ക്യാപ്റ്റനാണ് താനെന്ന് ഒരിക്കല്‍കൂടി ധോണി വ്യക്തമാക്കി. മാത്രമല്ല, യുവതാരങ്ങളെ വിശ്വാസത്തിലെടുക്കാനും അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ അവസരങ്ങള്‍ നല്‍കാനും ധോണി പ്രദര്‍ശിപ്പിച്ച ഔചിത്യം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
എക്കാലത്തേയും ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ഫോമിലേക്ക് മടങ്ങിയെത്തി എന്നത് ഈ പരമ്പരയുടെ സവിശേഷതയായിരുന്നു. രണ്ടു ഫൈനലുകളിലും ഇന്ത്യയുടെ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത് ലിറ്റില്‍മാസ്റ്റര്‍ തന്നെയായിരുന്നു. ഈ പ്രകടനം മൂലം ഐസിസിയുടെ ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനും സച്ചിനു കഴിഞ്ഞു.
ഇതിനു മുന്‍പാണ് അണ്ടര്‍-19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയത്. ശോഭനമായ ഒരു ഭാവിയാണ് ഇന്ത്യന്‍ ക്രിക്കറ്റിനുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഈ ആധികാരിക വിജയങ്ങള്‍.
ബാറ്റുകൊണ്ടും ബോളുകൊണ്ടും മാന്യമായി ക്രിക്കറ്റ് കളിക്കേണ്ടതിനുപകരം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഓസ്ട്രേലിയന്‍ കളിക്കാരും മാധ്യമങ്ങളും തയ്യാറായത് ഈ കളിയുടെ അന്തസിനെത്തന്നെ ഇടിച്ചുതാഴ്ത്തുകയുണ്ടായി. ഇന്ത്യയുടെ എയ്സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഈ ആക്രമണം. ഏതായാലും കളിക്കളത്തിനു പുറത്തും കളിക്കളത്തിലും ഇന്ത്യക്കാര്‍ക്ക് ആകെ അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവച്ച ധോണിയേയും കുട്ടികളേയും നമുക്ക് ഹാര്‍ദ്ദമായി അഭിനന്ദിക്കാം.
ഇതു പറയുമ്പോള്‍ മറ്റൊരു വലിയ സത്യം ഇന്ത്യന്‍ സ്പോര്‍ട്സിനുനേരെ ചില നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിന് പത്തുകോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. തീര്‍ച്ചയായിട്ടും ഈ തുക ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നതിനു മുന്‍പുതന്നെ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകാം.
ക്രിക്കറ്റിനോട് പുലര്‍ത്തുന്ന ഈ താല്‍പ്പര്യവും ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന പ്രോല്‍സാഹനവും മറ്റ് കായികമേഖലകളിലും കായികതാരങ്ങള്‍ക്കും നല്‍കാത്തത് തീര്‍ച്ചയായും ചിറ്റമ്മനയം തന്നെയാണ്. ക്രിക്കറ്റില്‍ ഇന്ത്യ ലോകപ്രശസ്തരാകും മുന്‍പ് ഇന്ത്യന്‍ കായികരംഗത്തിന്റെ പതാക അന്താരാഷ്ട്ര വേദികളില്‍ പാറിച്ചിട്ടുള്ള കായിക താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ അവര്‍ക്ക് അന്നൊക്കെ വാഗ്ദാനം ചെയ്ത പാരിതോഷികങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. വാഗ്ദാന ലംഘനത്തിന്റെയും വഞ്ചനയുടേയും കായിക ഭരണം ഇങ്ങനെ നീളുമ്പോഴാണ് ക്രിക്കറ്റ് താരങ്ങളെ തലയിലെടുത്തുവച്ച് ആദരിക്കുന്നത്. ഇത് ആരോഗ്യകരമായ പ്രവണതയല്ല.
മാത്രമല്ല ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ലക്ഷങ്ങളുടെയും കോടികളുടെയും പണത്തിനു പിന്നില്‍ കറുത്ത കരങ്ങളുടെ സ്വാധീനവും വലുതാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ ചിലര്‍ക്കെല്ലാം അവസരമൊരുക്കുകയാണ് മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കായിക മേഖല. ഉടനെ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കരാറിലേര്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്ക് കോടികളാണ് പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ പണം എവിടെനിന്നു വരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. വാതുവയ്പ്പിന്റെയും അധോലോക ബിസിനസുകളുടെയും ലാഭത്തുകകളാണ് ഇങ്ങനെ ലോപമില്ലാതെ ക്രിക്കറ്റിലേക്ക് ഒഴുക്കുന്നത്. ഇതും അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ല.
തീരുന്നില്ല, മറ്റ് ക്രിക്കറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതിലും വലിയ സ്വീകരണമാണ് ഇന്ത്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്നത്. ഉണ്ടില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും തൊഴിലില്ലെങ്കിലും ക്രിക്കറ്റ് കളികാണാന്‍ ഊര്‍ജവും സമ്പത്തും സമയവും ചെലവിടാന്‍ ഇന്ത്യക്കാര്‍ക്ക് മടിയില്ല. ഇതാകട്ടെ ഇന്ത്യന്‍ യുവത്വത്തിന്റെ ക്രയശേഷി ശോഷിപ്പിക്കുന്ന മുതലെടുപ്പുകൂടിയാണ്. ആ മുതലെടുപ്പിന് പുതിയ മേഖലകള്‍ തുറക്കാതെ, ഇന്ത്യയിലെ മറ്റ് കായികരംഗങ്ങള്‍ക്കും താരങ്ങള്‍ക്കും ഇതേപോലെയുള്ള അംഗീകാരവും പ്രോല്‍സാഹനവും ലഭിക്കാന്‍ ഇടയുണ്ടാകുന്നുവെങ്കില്‍ ഈ വിജയങ്ങള്‍ തികച്ചും അനുഗ്രഹങ്ങളാണ്. അല്ലെങ്കില്‍ കൊടിയ ശാപങ്ങളും.
2 comments :
please correct the name sunil kumar to praveen kumar
തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. അംഗീകരിക്കുന്നു.
Post a Comment