ഉള്ളതു പറയുമ്പോള്‍ പിണറായി തുള്ളുന്നതെന്തിന്?
കണ്ണൂരിലെ ചാവേര്‍ രാഷ്ട്രീയത്തെക്കുറിച്ചും അതിന് തന്ത്രങ്ങളൊരുക്കുന്ന ചേകവന്മാരെക്കുറിച്ചും അവരുടെ പാദസേവകരായി മാറിയ പോലീസിനെക്കുറിച്ചും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വി. രാം കുമാര്‍ നടത്തിയ ഗൗരവമേറിയ ചില നിരീക്ഷണങ്ങളുടെ പേരില്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പിന്നെയുള്ള സഖാക്കളെല്ലാവരും.
കോഴികട്ടവന്‍ മാത്രമെ തലയില്‍ തപ്പുകയുള്ളൂ എന്ന ഗ്രാമീണ ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിധി വന്ന അന്നുതന്നെ പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം. ഹൈക്കോടതിയെയും ന്യായാധിപനെയും അതിനിശിതവും ഭീഷണവുമായ ഭാഷയിലായിരുന്നു പത്രസമ്മേളനത്തില്‍ പിണറായി വിമര്‍ശിച്ചത്. കോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി തലയിട്ടു എന്നും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം കൊടുത്തുവെന്നും കോടതിയുടെ ഈ കടന്നുകയറ്റം അംഗീകരിക്കുന്ന പ്രശ്നമില്ല എന്നുമൊക്കെയായിരുന്നു വിജയന്റെ ഭാഷ്യം. ഇതേ വേവ്ലംഗ്ത്തില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമസഭയില്‍ ഹൈക്കോടതിയെ അധിക്ഷേപിച്ചത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന തലശ്ശേരി സെയ്താര്‍പള്ളി സ്വദേശി മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22-നു പുലര്‍ച്ചെ തലശ്ശേരി ജെ.സി റോഡിലെ ലിബര്‍ട്ടി ക്വാട്ടേഴ്സിനു സമീപത്തു വച്ച് അരുംകൊല ചെയ്യപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിധവ മറിയു നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചപ്പോഴായിരുന്നു കണ്ണൂരിലെ കപാല രാഷ്ട്രീയത്തിന്റെ ബീഭത്സത ജസ്റ്റിസ് വി. രാം കുമാര്‍ വിലയിരുത്തിയത്. ഈ വിലയിരുത്തല്‍ ഏതെങ്കിലും പത്രവാര്‍ത്തയുടെയോ ചാനല്‍ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല. ഫസല്‍ വധത്തെക്കുറിച്ച് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും ഈ കേസ് സംബന്ധിച്ച് കോടതിയില്‍ നടന്ന ഇരുവിഭാഗത്തിന്റെയും വാദങ്ങളും പഠിച്ച ശേഷമായിരുന്നു ജസ്റ്റിസ് വി. രാം കുമാര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയത്.
അത് ഒരിക്കലും സര്‍ക്കാരിനെതിരായ ഉത്തരവോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരായ കുറ്റപത്രമോ ആയിരുന്നില്ല. കണ്ണൂരില്‍ അരുംകൊല രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, അവരുടെ വിശ്വസ്ത 'നായ'കളായി കേസന്വേഷണം നടത്തുന്ന പോലീസിനും എതിരായിട്ടുള്ള, കേരളത്തിന്റെ മനസാക്ഷിയുടെ വിധിയെഴുത്തായിരുന്നു ജസ്റ്റിസ് രാം കുമാറിന്റെ വാക്കുകളിലുണ്ടായിരുന്നത്. വിധി പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം പത്രസമ്മേളനം വിളിച്ചുകൂട്ടി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചപ്പോള്‍ കേരളത്തിന് ഒരു കാര്യം ബോധ്യമായി. കണ്ണൂരിലെ കാലുഷ്യാവസ്ഥ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂടി സൃഷ്ടിയാണെന്ന്. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഏഴുപേരെ വെട്ടിയരിഞ്ഞു വീഴ്ത്തിയപ്പോഴും വ്യാസന് തുല്യം മൗനം പുലര്‍ത്തിയ വ്യക്തിയാണ് കോടതിക്കെതിരെ കുരച്ചു ചാടിയതെന്നോര്‍ക്കണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും അനുകൂലമല്ലാത്ത വിധി പ്രഖ്യാപിക്കുന്ന ന്യായാസനങ്ങള്‍ക്കെതിരെയും ന്യായാധിപന്മാര്‍ക്കെതിരെയും രോഷത്തിന്റെയും ക്രോധത്തിന്റെയും വാക്കുകളാല്‍ പ്രതികരിക്കുന്നതും, പ്രതീകാത്മകമായി അവരെ നാടുകടത്തുന്നതും മുമ്പും കേരളം കണ്ടിട്ടുണ്ട്. അതിന്റെ തനിയാവര്‍ത്തനമായിരുന്നു പിണറായിയും വിഎസും കോടിയേരിയും ലജ്ജാരഹിതമായി നടത്തിയത്.
കണ്ണൂരിനെ മാത്രമല്ല കേരളത്തെത്തന്നെ അസ്തപ്രജ്ഞമാക്കുന്ന രാഷ്ട്രീയ കൊലപാതക പരമ്പര നടന്നിട്ടും അതിലൊരുകേസിലും യഥാര്‍ത്ഥ പ്രതികള്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഓരോ കൊലവിളിയും അവസാനിക്കുമ്പോള്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ ഹാജരാക്കുന്ന ഡമ്മി പ്രതികളെ മുന്‍നിര്‍ത്തി നടത്തുന്ന അന്വേഷണവും കുറ്റവിചാരണയും തെളിവുകളുടെ അഭാവത്തില്‍ ഫലം കാണാതെ പോയിട്ടുള്ള അനുഭവമാണ് കേരളത്തിന് ഓര്‍മ്മിക്കാനുള്ളത്.
ഇതിനിടയില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നേതാക്കള്‍ സംരക്ഷിക്കുകയും ഡമ്മി കുറ്റവാളികളെ ഉപയോഗിച്ചുള്ള കേസ് നടത്തിപ്പിന് കോടികള്‍ വാരി ചെലവാക്കുകയും ചെയ്യും. ഒരു പാര്‍ട്ടിയും ഇതിന് അപവാദമല്ല. മാത്രമല്ല കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞും കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയാണ് എല്ലാ പാര്‍ട്ടികള്‍ക്കുമുള്ളത്.
കേരളത്തെ അത്യന്തം നടുക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു 1999 ഡിസംബര്‍ ഒന്നിന് മൊകേരിയിലെ യുപി സ്കൂളില്‍ നടന്നത്. വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെടി ജയകൃഷ്ണന്‍ മാസ്റ്ററെ എതിരാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പോലീസ് ചാര്‍ജ് ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കാരണം, കുറ്റം ആരോപിക്കാനുള്ള സാഹചര്യ തെളിവുകളില്ലായിരുന്നു. അന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന സഹപ്രവര്‍ത്തകന്‍ വിജയന്‍ കൂറുമാറിയതായിരുന്നു പ്രശ്നം. ഇതിനുശേഷം 16 കൊലപാതകം കൂത്തുപറമ്പ് പാനൂര്‍ മേഖലയില്‍ നടന്നു. ആരും ശിക്ഷിക്കപ്പെട്ടില്ല. സിപിഎം പ്രവര്‍ത്തകനായ മല്ലൊളി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഡിവൈഎഫ്‌ഐ നേതാവായിരുന്നു സാക്ഷി. എന്നാല്‍ അയാളും കോടതിയില്‍ കൂറുമാറി.
ഇത്തരം വിധ്വംസക രാഷ്ട്രീയത്തിനെതിരായാണ് ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയത്. അത് സ്വീകാര്യമല്ലെങ്കില്‍ നേരിടാന്‍ നിയമ നടപടികള്‍ ഉണ്ടായിരിക്കെ പൊതുവേദിയിലും നിയമസഭയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കള്‍ ഹീനമായ പ്രതികരണങ്ങള്‍ നടത്തിയത് ഒരിക്കലും സ്വീകാര്യവും മാന്യവുമായ നടപടിയായിരുന്നില്ല.
കോഴികട്ടവന്‍ തലയില്‍ പൂട തപ്പുക തന്നെ ചെയ്യും.
2 comments :
കണ്ണൂരിലെ കൊലകളോട് വിയോജിച്ചു കൊണ്ട് തന്നെ പറയട്ടെ, കോടതിയുടെ പരാമര്‍ശം കേസിനു പുറത്തു തന്നെ ആയിരുന്നു.
കോടതികള്‍ പ്രവര്‍ത്തിക്കുന്നത് സുരേഷ് ഗോപി ശൈലിയില്‍ അല്ല.അതിന് അതിന്റേതായ ഒരു വ്യവസ്ഥയുണ്ട്.തന്റെ മുന്നില്‍ പരിഗണനക്ക് വരാത്ത വിഷയങ്ങള്‍,ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് മൊഴിയോ സത്യവാങ്ങ്മൂലമോ വാങ്ങാതെ നടത്തുന്ന് പാസിംഗ് കമന്റുകള്‍ ഒക്കെ ഒഴിവാക്കേണ്ടതാണ്.ഹൈക്കോടതിയുടെ അത്തരത്തിലെ ഒരൂ അമിത അധികാരപ്രയോഗമാണ് മുരിങ്ങൂര്‍ കേസില്‍ സുപ്രീം കോടതി പൊളിച്ചടുക്കിയത്.
കണ്ണൂര്‍ അക്രമങ്ങളില്‍ ഒരു വശത്ത് സി.പി.എം ഉണ്ടെന്നത് കോടതി നിരീക്ഷിച്ചിട്ട് അറിയേണ്ട കാര്യമല്ല.പക്ഷെ അങ്ങനെ ഒരു നിരീക്ഷണം നടത്തുന്നതിനു മുന്‍പ് ബന്ധപ്പെട്ട കക്ഷികള്‍,ഗവണ്മെന്റടക്കം ഉള്ളവരെ കേള്‍ക്കണമെന്നത് വസ്തുത.ചായക്കടയില്‍ പത്രം വായിച്ചിട്ട് അഭിപ്രായം പറയുന്നത് പോലെ ആകരുത് കോടതി.പരിഗണനയില്‍ ഉള്ള കേസിനെ പ്രതി കോടതി എന്തും നിരീക്ഷിച്ചോട്ടെ,പക്ഷെ മാധ്യമങ്ങളില്‍ കാണുന്ന കാര്യങ്ങള്‍ വെച്ച് പരിഗണനക്ക് പുറത്തുള്ള കാര്യം പറഞ്ഞ് കൈയ്യടിക്ക് ശ്രമിക്കരുത്.തന്റെ മുന്‍പിലുള്ള വസ്തുതകള്‍ വെച്ച് വേണം കോടതികള്‍ തീരുമാനമെടുക്കാനെന്ന് അനേകം സുപ്രീം കോടതി വിധികള്‍ തന്നെ ഉണ്ട്.
ഇപ്പോള്‍ മാത്രമല്ല മൂന്നാര്‍ കുടിയൊഴിപ്പിക്കലിലും ഇപ്പോള്‍ അതു തടയുന്നതിലും വസ്തുതകളെക്കാള്‍ കോടതി ആശ്രയിച്ചത് പത്രങ്ങളെ ആണെന്ന് പറയാതെ വയ്യ.
ഇതൊക്കെ പറയുമ്പോഴും കോടതിയുടെ ഒരു പരാമര്‍ശം സത്യമാണ്-തലശ്ശേരിയില്‍ സ്വാഭാവിക മരണം ലഭിക്കുന്നവര്‍ ഭാഗ്യവാന്മാര്‍..
പൊതുവേദിയിലും നിയമസഭയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കള്‍ ഹീനമായ പ്രതികരണങ്ങള്‍ നടത്തിയത് ഒരിക്കലും സ്വീകാര്യവും മാന്യവുമായ നടപടിയായിരുന്നില്ല.,...ഉന്നതരായ? they are born criminals
Post a Comment