ഛായാമുഖി: എന്താ അതിന്റെ ഒരിത് !!!
മൂന്ന് രൂപ അമ്പതു പൈസ കൊടുത്ത് കാലിച്ചായ കുടിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക് കാണാനുള്ളതല്ല 'ഛായാമുഖി'.
സിനിമാക്കാരായ മോഹന്‍ലാല്‍, മുകേഷ് മുതല്‍ പേര്‍ നടിച്ച ഛായാമുഖി കാണണമെങ്കില്‍ നിങ്ങള്‍ ചുരുങ്ങിയത് ഒരു സിനിമാ സംവിധായകന്‍/ നിര്‍മാതാവ്/ നടന്‍/ രാഷ്ട്രീയക്കാരന്‍ എങ്കിലും ആയിരിക്കണം.
കഥകളി മുതലായ മനുഷ്യന്മാര്‍ക്കു മനസിലാകാത്ത 'പൈതൃക' കലാരൂപങ്ങള്‍ നാട്ടുകാരെ കാണിക്കാതെ കൊട്ടാരവളപ്പുകളില്‍ കൂത്തമ്പലങ്ങളില്‍ തിമിര്‍ത്താടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
അങ്ങനിരിക്കണ കാലത്താണ് കാണാന്‍ ഭംഗിയില്ലാത്തവനും കൈയില്‍ കാശില്ലാത്തവനും കാണാന്‍ പറ്റിയ തരം കലാരൂപമായ 'നാടകം' രംഗത്തുവന്നത്!
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നാടകമെന്ന കലാരൂപം നല്‍കിയ സംഭാവനകള്‍ സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബൂബക്കറും നല്‍കിയ സംഭാവനകളോളം വരില്ലയെങ്കിലും തരക്കേടില്ലാത്ത സംഭാവനകള്‍ തന്നെയായിരുന്നല്ലോ.
ഛായാമുഖിയെന്ന മായക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍ നോക്കുന്നവരെല്ലാവരും കാണുന്നത് അവരവരുടെ പ്രണയിനികളെയാണ്.
ഭീമന്‍ കാണുന്നത് പാഞ്ചാലിയെ, പാഞ്ചാലി കാണുന്നത് അര്‍ജ്ജുനനെ.
പാഞ്ചാലിയെ അതിരറ്റു പ്രണയിച്ച കീചകന്‍ മാത്രം ഒന്നും കണ്ടില്ല!
കിലോമീറ്ററുകള്‍ നടന്ന് സൈക്കിള്‍ ചവിട്ടിയും മഞ്ഞുകൊണ്ടും ഉത്സവപ്പറമ്പുകളില്‍ പോയി പൊടിമണ്ണിലിരുന്ന് നാടകം കാണുന്ന കീചകന്മാര്‍ക്കാര്‍ക്കും തങ്ങളുടെ പ്രണയിനിയായ നാടകത്തെ ഛായാമുഖിയില്‍ കാണാന്‍ പറ്റില്ല!
അതാണ് അതിന്റെ ഒരിത്!
കല്ല്യാണ്‍ സില്‍ക്ക്സ് സ്പോണ്‍സര്‍ ചെയ്ത് ലുലു ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ കയറി ബ്രാഹ്മണനായിപ്പോയ നാടകത്തെ ദരിദ്രവാസികള്‍ ഇനി കാണില്ല!
അല്ലെങ്കിലും മെഗാതാരം മമ്മൂട്ടി, മെഗാതാരമെന്ന ഭാവത്തില്‍ നടക്കുന്ന ദിലീപുട്ടി, യഥാര്‍ത്ഥത്തില്‍ താരമായ ശ്രീനിവാസലു തുടങ്ങിയ നടികര്‍ തിലകങ്ങള്‍ക്കും, ലോഹിതദാസര്‍, സത്യന്‍ അന്തിക്കാടര്‍, ലെനിന്‍ രാജേന്ദ്രര്‍, രഞ്ജിത്തര്‍, രാജീവ് നാഥര്‍, രണ്‍ജി പണിക്കര്‍ജി തുടങ്ങിയ മഹാസംവിധായകര്‍ക്കും, എം വി ശ്രേയാംസ് കുമാര്‍ മുതല്‍ ഷിബു ബേബി ജോണ്‍ വരെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഒപ്പമിരുന്ന് ഛായാമുഖി കാണാന്‍ വേണ്ടും യോഗ്യതയുള്ള ഏത് നാടക പ്രേമിയുണ്ടീ ഭൂമി മലയാളത്തില്‍!!
2 comments :
നിങ്ങളേ പോലുള്ള ദരിദ്ര വാസികള്‍ ഇതൊക്കെ കണ്ടിട്ടെന്തു കാര്യം?
ഛായാമുഖി മികച്ച നാടകം.
Post a Comment