Saturday, March 29, 2008

റെയില്‍വേ ഗേറ്റിലെ മനഃശാസ്ത്ര ചികിത്സ!

സര്‍ക്കാര്‍ ചില നേരങ്ങളില്‍ മജീഷ്യന്‍ സര്‍ക്കാരിനെ വെല്ലുന്ന ചില മാജിക്കുകള്‍ കാണിക്കും. അത്തരത്തിലൊരു മാജിക്കാണ്‌ ഇടപ്പള്ളി റെയില്‍വേ ഗേറ്റ്‌!

ചില നേരങ്ങളില്‍ തുറന്നാലടയില്ല; ചില നേരങ്ങളില്‍ അടഞ്ഞാല്‍ തുറയില്ല! ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള രാജപാതയില്‍ നാട്ടുകാര്‍ കാറിലും ബസിലും ബൈക്കിലും ഓട്ടോയിലുമൊക്കെയിരുന്ന്‌ മണിക്കൂറുകളോളം നരകിക്കും.

പുതിയൊരു ഗേറ്റ്‌ പിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാഞ്ഞിട്ടല്ല. പിടിപ്പിക്കില്ല; ഒരു കാരണവശാലും!

തൊട്ടപ്പുറത്ത്‌ ഒരു റെയില്‍വേ മേല്‍പ്പാലം പണി കാലമേറെയായി ധ്രുതഗതിയില്‍ നടക്കുന്നു. പത്തുനാല്‍പത്‌ സൂപ്പര്‍വൈസര്‍മാരും എഞ്ചിനീയര്‍മാരും മേല്‍നോട്ടം വഹിച്ച്‌ അവിടെയുണ്ടാകും. പാലം പണിയാന്‍ മൂന്നോ നാലോ ബീഹാറികളും!

അതും വേഗത്തില്‍ പണിതീര്‍ക്കാന്‍ കാശില്ലാഞ്ഞിട്ടല്ല; പണിയില്ല ഒരു കാരണവശാലും!

നമ്മള്‍ വിചാരിക്കും സര്‍ക്കാരിന്‌ നമ്മുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും താല്‍പ്പര്യവുമില്ലെന്ന്‌.

നമ്മള്‍ക്കുതെറ്റി.

സര്‍ക്കാരിനെപ്പോലെ നമ്മുടെ കാര്യത്തില്‍ ശുഷ്കാന്തി സാക്ഷാല്‍ ദൈവം തമ്പുരാനുപോലുമുണ്ടാകില്ല!

പിന്നെന്തുകൊണ്ടാണിങ്ങനെ?

ചോദ്യം സ്വാഭാവികം. ഉത്തരം മനസിലാവണമെങ്കില്‍ അല്‍പം മനഃശാസ്ത്രമറിയണം. ലോകത്തെങ്ങുമുള്ള പൗരന്മാര്‍ വലിയ ആത്മസംഘര്‍ഷങ്ങള്‍ - മലയാളത്തില്‍ പറഞ്ഞാല്‍ - ടെന്‍ഷന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അക്കാര്യത്തില്‍ കേരളത്തുകാരും പിന്നിലല്ല.

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു വഴിയേയുള്ളൂ. സ്വസ്ഥമായൊരിടത്ത്‌ ഇരിക്കണം. സ്വസ്ഥമായി വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആരുമതനുസരിക്കില്ല. പിന്നെന്താണൊരു പോംവഴി. പൗരന്മാരെ ബ്ലോക്കില്‍പെടുത്തുക എന്നതാണ്‌ ആ പോംവഴി!

ബ്ലോക്കില്‍ പെട്ടാല്‍ നമ്മള്‍ കുറച്ചുനേരം സര്‍ക്കാരിനെ പ്രാകും. അല്‍പം കഴിഞ്ഞ്‌ പ്രാകിയിട്ടൊന്നും ഒരു കാര്യവുമില്ലെന്ന്‌ ബോധ്യപ്പെടും. പിന്നെ നമ്മള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും ഇന്നലെയെ കുറിച്ചുമൊക്കെ ചിന്തിക്കും. ജീവിതത്തിലുണ്ടായ നന്മകളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും ചിന്തിക്കും. തിരിച്ചടികള്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ ആലോചിക്കും.

ചിലര്‍ മൂളിപ്പാട്ട്‌ പാടും. അടുത്തുനില്‍ക്കുന്നയാളെ നോക്കി ചിരിക്കും. തമാശപറയും അങ്ങനെ ടെന്‍ഷന്‍ പമ്പകടക്കും.

മനസിലായോ ഇടപ്പള്ളി റെയില്‍വേ ഗേറ്റിലെ മനഃശാസ്ത്ര ചികിത്സ?