ആര്‍ട്ട് ഓഫ് അഡ്ജസ്റ്റ്മെന്റ്
യുര്‍ചിക് വ്ലാഡിഡാവ്, സെര്‍ജിനിക് വലേറി എന്നിവ ചൊറുതണം നായ്ക്കുരണം തുടങ്ങിയ ചൊറിച്ചിലുണ്ടാക്കുന്ന സസ്യങ്ങളുടെ ശാസ്ത്രനാമമാണെന്നു കരുതരുത്.
മഹത്തായ സോവ്യറ്റ് യൂണിയന്റെ പരിപ്പെടുത്തശേഷം ബാക്കിയായ ഇന്നത്തെ റഷ്യയില്‍ നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളാകുന്നു യുര്‍ചിക് വ്ലാഡിഡാവും, സെര്‍ജിനിക് വലേറിയും. ഇരുവരും കമ്യൂണിസ്റ്റുകാരായ മനുഷ്യന്മാരാണെങ്കിലും കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വച്ചു ചെയ്ത 'ചെയ്ത്ത്' ഇന്ത്യാ മഹാരാജ്യത്തെ കമ്യൂണിസ്റ്റുകാരായ മനുഷ്യന്മാര്‍ക്കൊക്കെ ചൊറിച്ചിലുണ്ടാക്കുന്നതായിരുന്നു.
ബാംഗ്ലൂരില്‍ ഇരുന്നും ലോകമെങ്ങും നടന്നും 'ആര്‍ട്ട് ഓഫ് ലിവിംഗ്' എന്ന അഭ്യാസം നാട്ടുകാരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഡബിള്‍ ശ്രീ രവിശങ്കറെ കാണാനായിരുന്നു റഷ്യന്‍ സഖാക്കള്‍ എത്തിയത്.
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന ചെങ്കൊടിയില്‍ സമര പരമ്പരകളുടെ, തൊഴിലാളി വര്‍ഗബോധത്തിന്റെ അടയാളമായ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ഷാള്‍ പുതപ്പിച്ചാണ് സഖാക്കള്‍ ഡബിള്‍ ശ്രീയെ ആദരിച്ചത്! ജ്യോതി ബസു മുതല്‍ പിണറായി വരെയുള്ള ഇന്ത്യന്‍ സഖാക്കളെ ആരെയും കാണാനില്ലാതെ, ഡബിള്‍ ശ്രീയോട് 'ആത്മീയത'യെക്കുറിച്ചു ചര്‍ച്ച ചെയ്ത് സഖാക്കള്‍ സ്വര്‍ഗരാജ്യത്തിന് അവകാശികളായി.
പണക്കാരനും പാവപ്പെട്ടവനും വിവരംകെട്ടവനും ബുദ്ധിജീവിക്കും ഇനി ആത്മീയജ്ഞാനമാണ് വേണ്ടതെന്ന് സഖാക്കള്‍ പറഞ്ഞു!
റഷ്യയില്‍ ആരാധനാ സ്വാതന്ത്ര്യത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളില്‍ ഉത്കണ്ഠയുണ്ടെന്നും സഖാക്കള്‍ ഗദ്ഗദകണ്ഠരായി!
നോക്കണേ, കാര്യങ്ങളുടെ കിടപ്പ്. ആത്മീയതയും കമ്യൂണിസവും ഇക്കാലമത്രയും ആലുവയും മത്തിക്കറിയും പോലെ വിരുദ്ധധ്രുവങ്ങളില്‍ നിലകൊള്ളുന്നു എന്നു കരുതിയ നമ്മള്‍ക്കിട്ടാണ് പണി!
ഇനിയിപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ സകല മത, മദ, ജാതിക്കാരായ 'ആത്മീയ'ക്കാരെയൊക്കെ പോയി കാണുക, കൊടി പുതപ്പിക്കുക. കാര്യങ്ങള്‍ ഒക്കെയും നേരാംവഴിക്കു വരും!
ഇതിനെയാണ് ആര്‍ട്ട് ഓഫ് അഡ്ജസ്റ്റ്മെന്റ് എന്നു പറയുന്നത്. മതം കൊണ്ടും ദര്‍ശനം കൊണ്ടും വയറ്റുപിഴപ്പു കഴിച്ചുപോകുന്നവര്‍ തമ്മില്‍ ഒരഡ്ജസ്റ്റ്മെന്റ്!
നാട്ടുകാരെ സംബന്ധിച്ചിടത്തോളം ആത്മീയതയായാലും കമ്യൂണിസമായാലും പൊതിയാത്തേങ്ങയാണ്. എന്താണ്ടൊക്കെ മനസിലായപോലെ തോന്നും! ഒന്നും മനസിലായില്ല എന്നുമാത്രം. മനസിലാവുകയുമില്ല. എന്തായാലും, വിപ്ലവം ജയിക്കട്ടെ!
1 comments :
അതിനിപ്പോ കേരളത്തിലെ ക്ഷേത്രങ്ങളുടെ കുറെയേറെ എണ്ണത്തിന്റെ എങ്കിലും മേല്നോട്ടം കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാണല്ലോ. ഞങ്ങളുടെ അമ്പലത്തിലെ ഉത്സവകമ്മിറ്റി വരെ കമ്മ്യൂണിസ്റ്റ് ആള്ക്കാര് തന്നെ. ഇതു ആ "ആര്‍ട്ട് ഓഫ് അഡ്ജസ്റ്റ്മെന്റ് / അധികാരം " തന്നല്ലേ. പിന്നെ ഇനിയിപ്പോ ചൊറിയേണ്ടത് നമുക്കറിയാവുന്ന, പണ്ടേ പ്രവര്ത്തി പഥത്തില് കൊണ്ടു വന്ന കാര്യം പിന്നെയും വല്യ കാര്യമായി അവതരിപ്പിച്ചതിനല്ലേ?
Post a Comment