Wednesday, March 5, 2008

ആമാശയത്തെ സാന്ത്വനിപ്പിക്കേണ്ടയോ?

യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നുപറഞ്ഞാല്‍ ഭൂമിമലയാളത്തിന്റെ സാന്ത്വന സ്പര്‍ശമാണ്‌. ഇവിടെ വേദനിക്കുന്ന ഒരു മനുഷ്യന്‍പോലും ബാക്കിയുണ്ടാവരുതെന്നു ദൃഢനിശ്ചയം ചെയ്തവരാണവര്‍!

അച്യുമാമ്മന്റെ കിരാത ഭരണത്തിനുകീഴില്‍ ദുഃഖിച്ചുജീവിച്ച സകലവന്മാരെയും സാന്ത്വനിപ്പിച്ചു കഴിഞ്ഞശേഷമാണ്‌ പശ്ചിമബംഗാളിലെ നന്ദിഗ്രാമത്തിലെ ദുഃഖിതരെ സാന്ത്വനിപ്പിക്കാന്‍ യൂത്തന്മാര്‍ തുനിഞ്ഞിറങ്ങിയത്‌.

അങ്ങനെ യൂത്തന്മാര്‍ നാടൊട്ടുക്കുനടന്ന്‌ നന്ദിഗ്രാം സാന്ത്വനഫണ്ട്‌ പിരിച്ചു. സാധാരണഗതിയില്‍ 'യൂത്തന്മാര്‍ ഫണ്ട്‌ പിരിച്ചു തിന്നു സുഖിച്ചു' എന്ന്‌ ശത്രുക്കള്‍ ഡിഫിക്കാര്‍പോലും ആരോപിക്കില്ല. എന്നിട്ടും ചില യൂത്തന്മാര്‍ തന്നെ നന്ദിഗ്രാം സാന്ത്വനഫണ്ടില്‍ അടിവലി നടന്നുവെന്ന്‌ കേന്ദ്ര നേതൃത്വത്തിനോട്‌ പരാതി പറഞ്ഞുകളഞ്ഞു!

വരവു ക. നൂറു ക., ചെലവു ക. നൂറു ക., ബാക്കി ക. ഇല്ല ക. - എന്നതാണ്‌ യൂത്തന്മാരുടെ പണ്ടേയുള്ള കണക്കെഴുത്തുരീതി. പിരിച്ചെടുത്തതു മുഴുവനും ചില വായില്‍ പോകുമെന്നര്‍ത്ഥം!

പക്ഷെ നന്ദിഗ്രാം സാന്ത്വനഫണ്ട്‌ അങ്ങനെ അല്ലേയല്ല. ഒരു ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരത്തി നാന്നൂറ്റി ഏഴുരൂപ പിരിഞ്ഞുകിട്ടിയെന്നു കണക്കുണ്ട്‌, കാശും കയ്യിലുണ്ട്‌!

എല്ലായിടത്തുമുണ്ടല്ലോ 'ഒരു വിഭാഗം പ്രവര്‍ത്തകര്‍' എന്ന 'എതിര്‍വിഭാഗം പാരകള്‍'! ആകെ നാലുലക്ഷത്തോളം പിരിച്ചുവെന്നും ബാക്കി നേതാക്കള്‍ പുട്ടടിച്ചുവെന്നുമാണ്‌ എതിര്‍വിഭാഗം പാരവച്ചത്‌.

എന്തിനേറെ പറയുന്നു, സാന്ത്വനഫണ്ടും കൊണ്ടുചെന്ന സംസ്ഥാന യൂത്ത്‌ പ്രസിഡന്റിന്റെ കയ്യില്‍നിന്നും ഫണ്ടേറ്റുവാങ്ങാതെ ഒഴിഞ്ഞുമാറി കേന്ദ്ര നേതാക്കള്‍. ഒടുവില്‍ സംസ്ഥാന യൂത്ത്‌ പ്രസിഡന്റ്‌ കൊല്‍കൊത്തയില്‍ പോയി. അവിടെ ദുഃഖിച്ചുനിന്ന ആരോ ഒരാള്‍ക്ക്‌ ഫണ്ടു കൈമാറി സാന്ത്വനിപ്പിച്ചു കൈ കൊടുത്ത്‌ മടങ്ങിയെന്നാണിപ്പോള്‍ വാര്‍ത്ത!

പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതില്‍ മറ്റാരെക്കാളും പ്രഗല്‍ഭന്മാരാണ്‌ മൂത്ത കോണ്‍ഗ്രസ്‌. മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലയെന്ന്‌ കൊച്ചിന്‍ ഹനീഫയ്ക്കുവരെ അറിയാം. എന്നാല്‍ പിരിച്ചെടുത്തതു തിരിച്ചുകൊടുത്ത ചരിത്രം മൂത്ത കോണ്‍ഗ്രസിനില്ല; യൂത്ത്‌ കോണ്‍ഗ്രസിനുമില്ല.

ആശയങ്ങള്‍ക്കു പഞ്ഞമുണ്ടെന്നാലും ആമാശയത്തെ സാന്ത്വനിപ്പിക്കേണ്ടയോ?

0 comments :