Saturday, March 1, 2008

വീക്ഷണകോണ്‍ തെറ്റുമ്പോള്‍!

വെളുക്കാന്‍ തേച്ചത്‌ പാണ്ടായി. കോണ്‍ഗ്രസുകാരുടെ സംസ്ക്കാര സാഹിതി അഴീക്കോട്‌ മാഷിനെ കുപ്പീലിറക്കാന്‍ വേണ്ടി ചെയ്ത ചെയ്ത്താണ്‌ പുലിവാലായത്‌. തനിക്ക്‌ പനമ്പിള്ളി പുരസ്ക്കാരം വേണ്ടെന്ന്‌ പണ്ട്‌ എഴുത്തച്ഛന്‍ പുരസ്ക്കാരം വേണ്ടെന്നു പറഞ്ഞ അതേ ലാഘവത്തോടെയാണ്‌ അഴീക്കോട്‌ മാഷ്‌ പ്രസ്താവിച്ചിരിക്കുന്നത്‌.

ചെന്നിത്തലയില്‍ നിന്നൊരു ഫോണ്‍വിളി ചെന്നാല്‍ എഴുത്തച്ഛന്‍ പുരസ്ക്കാരം പോലെ പനമ്പിള്ളി പുരസ്ക്കാരവും വാങ്ങി ബാങ്കിലിടാന്‍ മാഷ്‌ തയ്യാര്‍!

കോണ്‍ഗ്രസുകാര്‍ക്ക്‌ പൊതുവെ വീക്ഷണം കുറവാണെങ്കിലും വീക്ഷണം പത്രത്തിനൊരു വീക്ഷണമുണ്ട്‌. ആ വീക്ഷണ കോണിലൂടെ നോക്കിയപ്പോള്‍ തോന്നിയതൊക്കെയും പത്രത്തിലെഴുതി എന്ന അപരാധമാണ്‌ മാഷ്‌ അവാര്‍ഡ്‌ നിഷേധിച്ചതിനു കാരണമായത്‌.

തന്നെക്കുറിച്ച്‌ തെറിയും ശകാരവും അധിക്ഷേപവുമടങ്ങിയ ലേഖനം വന്ന വീക്ഷണത്തോടുള്ള പ്രതിഷേധത്താല്‍ അഴീക്കോട്‌ മാഷ്‌ പനമ്പിള്ളി പുരസ്ക്കാരം വേണ്ടെന്നു വച്ചതു കൊണ്ട്‌, നഷ്ടമായ സുജനമര്യാദയുടെയും സംസ്ക്കാരത്തിന്റെയും അവസാന കണിക കോണ്‍ഗ്രസിനു തിരിച്ചു കിട്ടുമോ എന്ന ചോദ്യമാണിനി ബാക്കി!

കോണ്‍ഗ്രസിനു തിരിച്ചെടുത്തും, പിരിച്ചെടുത്തും സമ്പന്നമായൊരു പാരമ്പര്യമുണ്ട്‌. കോണ്‍ഗ്രസിലിപ്പോഴുള്ള പുലികളിലേറെയും പാര്‍ട്ടിയെ തെറിപറഞ്ഞ്‌ പടിയിറങ്ങുകയും മാപ്പുപറഞ്ഞ്‌ തിരിച്ചെത്തുകയും ചെയ്തവരാണ്‌.

പിരിച്ചെടുത്തു തിന്നുന്ന കാര്യത്തിലും ബൂത്തുതലം മുതല്‍ മുകളിലോട്ടുള്ളവര്‍ മേറ്റ്ല്ലാ പാര്‍ട്ടിക്കാരെയും വെട്ടിക്കും!

അഴീക്കോട്‌ മാഷ്ക്ക്‌ ഇതൊക്കെയറിയാം. എന്തൊക്കെയാണെങ്കിലും മാഷൊരു ഗാന്ധിയനാണ്‌. ഇതുവരെ അക്ഷരാര്‍ത്ഥത്തില്‍ ആരെയും ഹിംസിച്ചിട്ടില്ല. മാഷ്‌ വായിലെ നാവുകൊണ്ട്‌ ഹിംസിച്ചിട്ടുള്ളവര്‍ കോണ്‍ഗ്രസില്‍ മാത്രമല്ല, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും ജനതാദളിലും വരെയുണ്ട്‌?

മെത്രാനച്ചന്മാര്‍ മുതല്‍ വെള്ളാപ്പള്ളി നടേശന്‍ വരെയും പാവം പയ്യന്‍ മുതല്‍ വീരേന്ദ്രകുമാരന്‍ വരെയും മാഷുടെ നാവിനാല്‍ ഹിംസിക്കപ്പെട്ടിട്ടുള്ളവരാണ്‌.

മാഷെന്നാലും അഹിംസാവാദിയാണ്‌. കുറെനാള്‍ കഴിഞ്ഞ്‌ ഹൈമവതഭൂവിലെത്തുമ്പോഴേക്കും കോപമെല്ലാം ആറിത്തണുക്കും!

സംസ്ക്കാര സാഹിതിക്കാര്‍ വ്യസനിക്കേണ്ട. പുരസ്ക്കാരം രണ്ടാഴ്ചകൂടി കാത്തുവയ്ക്കുക. അവാര്‍ഡു വാങ്ങിച്ചാലും ആ അമ്പതിനായിരം രൂപേടെ കാര്യം പിന്നൊരിക്കലും ആരോടും മിണ്ടില്ലെന്ന്‌ മാഷോടു പറയുക. മാഷ്‌ ഗാന്ധിയനാണ്‌ ഒക്കെയും ക്ഷമിക്കും!

കൊക്കെത്ര കുളം കണ്ടിരിക്കുന്നു. മാഷെത്ര പുരസ്ക്കാരം കണ്ടിരിക്കുന്നു. പനമ്പിള്ളി പുരസ്ക്കാരം എന്നൊരു പുരസ്ക്കാരം രണ്ടായിരത്തെട്ടില്‍ നിലവിലുണ്ടെന്ന്‌ നാട്ടാരറിഞ്ഞത്‌ മാഷിന്റെ മിടുക്കിനാലല്ലയോ!

ചെന്നിത്തലേ ഒന്നു വിളിക്കൂ....
മാഷേ ഒന്നു ക്ഷമിക്കു....!

1 comments :

  1. വിന്‍സ് said...

    ഈ പന്നനെ കേരളം ഇപ്പോളും സഹിക്കുന്നുണ്ടല്ലോ. അതു തന്നെ വലിയ കാര്യം.