HATS OFF TO YOU...!
സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായ ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യ ആസൂത്രകനടക്കം നാലു പ്രതികളെ പിടിച്ച കേരള പോലീസിന് ഞങ്ങളുടെ ഹാര്‍ദ്ദമായ അഭിനന്ദനം.
മുന്‍പ് പലപ്പോഴും ഈ പംക്തിയില്‍ കേരള പോലീസിന്റെ കേസന്വേഷണ മികവിനെയും അവരുടെ സമര്‍പ്പണത്തെയും ജോലിയോടുള്ള ആത്മാര്‍ഥതയേയും തൊഴില്‍പരമായി അവര്‍ പുലര്‍ത്തുന്ന ആര്‍ജവത്തേയും ഞങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ട്. ഒരിക്കല്‍കൂടി അഭിനന്ദനത്തിന്റെ തൂവലുകള്‍ പോലീസിന്റെ തൊപ്പിയില്‍ ഞങ്ങള്‍ അര്‍പ്പിക്കട്ടെ.
ശാസ്ത്രീയമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് അപാരമായ കണിശതയോടെ, നെടുനാളത്തെ ആസൂത്രണത്തിനുശേഷം, തെളിവുകള്‍ ഒന്നുപോലും അവശേഷിക്കാതെ അതീവ തന്ത്രശാലിയായ ഒരു മോഷ്ടാവ് നടത്തിയ ഏറ്റവും വലിയ കവര്‍ച്ചയുടെ വിശദാംശങ്ങള്‍ അതിലും മികവാര്‍ന്ന അന്വേഷണ രീതിയിലൂടെ കണ്ടെത്തിയാണ് കേരള പോലീസിലെ മിടുക്കന്മാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ കുടുക്കിയത്.
ഭൗതിക സാഹചര്യവും ആവശ്യത്തിന് സമയവും ഒത്തുവന്നാല്‍ ഏതു കേസും തെളിയിക്കാന്‍ കേരളത്തിലെ പോലീസിന് കഴിയുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
എഡിജിപി ജാംഗ് പാംഗി, മലപ്പുറം എസ്പി പി. വിജയന്‍, മലപ്പുറം കമ്പ്യൂട്ടര്‍സെല്‍ എസ്‌ഐ എ. അന്‍വര്‍, തിരൂരങ്ങാടി എസ്‌ഐ ബാബു കെ. തോമസ്, തേഞ്ഞിപ്പാലം എസ്‌ഐ എ.ജെ. ജോണ്‍സണ്‍, തേഞ്ഞിപ്പാലം അഡീഷണല്‍ എസ്‌ഐ അയ്യപ്പുട്ടി, എഎസ്‌ഐ ഗോപിനാഥന്‍, കോണ്‍സ്റ്റബിള്‍മാരായ കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍, കുര്യന്‍, കുമാരന്‍കുട്ടി, രാമനാരായണന്‍, ശിവരാമന്‍, ശശികുമാര്‍, കോണ്‍സ്റ്റബിള്‍മാരായ ബഷീര്‍, അബ്ദുള്‍ അസീസ്, മനോജ്കുമാര്‍, ശ്രീകുമാര്‍, പ്രമോദ്, സത്യനാരായണന്‍, അസൈനാര്‍, സന്തോഷ്കുമാര്‍, മുരളീധരന്‍, അബ്ദുള്‍റഷീദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.
പോലീസ് സേനയുടെ മാനം കാക്കാന്‍ കഠിനാധ്വാനമാണ് ഇവര്‍ ചെയ്തത്. കുമാരന്‍കുട്ടിയും, അസൈനാറുമൊക്കെ ഈ കവര്‍ച്ച നടന്നതിനുശേഷം വീട്ടില്‍പോയിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. 24 മണിക്കൂറും ഇവര്‍ സക്രിയരായി അന്വേഷണ പ്രക്രിയയുടെ ഭാഗമാകുകയായിരുന്നുവെന്ന് അഭിമാനത്തോടെയാണ് മലപ്പുറം എസ്പി പി. വിജയന്‍ പറഞ്ഞത്.
പഴയ മലയാള സിനിമയില്‍ കാണുന്നതുപോലെ ദിവസങ്ങളോളം വേഷം മാറി നടന്ന പോലീസുകാര്‍ 20 ലക്ഷം മൊബെയില്‍ കോളുകളാണ് ഡി-കോഡ് ചെയ്തത്. സിവില്‍ എഞ്ചിനീയര്‍മാര്‍ മുതല്‍ കോണ്‍ക്രീറ്റ് മുറിക്കുന്ന തൊഴിലാളികള്‍ വരെ പതിനായിരത്തോളം പേരെയാണ് ചോദ്യം ചെയ്തത്. സംസ്ഥാന പോലീസില്‍ സാധാരണ കാണാന്‍ സാധിക്കാത്ത ഐക്യവും പ്രൊഫഷണലിസവും പ്രകടമായ അന്വേഷണം കൂടിയായിരുന്നു ഇത്.
ചെറിയ തെളിവെങ്കിലും ശേഷിപ്പിക്കാതെ ഒരു കുറ്റകൃത്യവും ചെയ്യാനാവുകയില്ലായെന്ന പോലീസിന്റെ ദശാബ്ദങ്ങളായുള്ള ധാരണകളെ പിച്ചിച്ചീന്തുന്ന രീതിയിലായിരുന്നു കവര്‍ച്ച. പ്രത്യക്ഷമായി പ്രതിയിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നുപോലും തുടക്കത്തില്‍ ലഭിച്ചിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തെ അഞ്ച് ആര്‍ടിഒ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2500 വാഹനങ്ങള്‍ പരിശോധിക്കുകയും അവയുടെ ഉടമകളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടും കേസിന് അനുകൂലമായ തുമ്പൊന്നും ലഭിച്ചില്ല. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസിന്റെ സഹായവും അന്വേഷണത്തിന് ഉപയോഗപ്പെടുത്തി.
തീര്‍ച്ചയായും കേരളത്തിലെ പോലീസ് സേനയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ് ജാംഗ് പാംഗിയുടെ നേതൃത്വത്തില്‍ കേസന്വേഷണം നടത്തിയ പോലീസ് സംഘം കൈവരിച്ചിട്ടുള്ളത്. ഈ നേട്ടത്തില്‍ ഒരിക്കല്‍ കൂടി അവരെ അഭിനന്ദിക്കുമ്പോള്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങള്‍ കാണാതെപോകാന്‍ കഴിയുകയില്ല.
ഇത്രയ്ക്ക് സമര്‍ഥരാണ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും എങ്കില്‍ എന്തുകൊണ്ടാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളുള്‍പ്പെടെയുള്ള പല സംഭവങ്ങളും തെളിയാതെ പോകുന്നത്? എന്തുകൊണ്ടാണ് സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ത്ത് ഗുണ്ടകള്‍ക്കും മോഷ്ടാക്കള്‍ക്കും രാപകലില്ലാതെ, നഗര-നാട്ടിന്‍പുറ വ്യത്യാസമില്ലാതെ വിലസാന്‍ കഴിയുന്നത്? എന്തുകൊണ്ടാണ് പെണ്‍വാണിഭ സംഘങ്ങള്‍ക്കും കുഴല്‍പ്പണ ഇടപാടുകാര്‍ക്കും സ്വതന്ത്രരായി നെഞ്ചുവിരിച്ച് നടക്കാന്‍ കഴിയുന്നത്? എന്തുകൊണ്ടാണ് നിരപരാധികള്‍ നിരന്തരം പോലീസ് പീഡനത്തിന് വിധേയരാകുന്നത്?
നീളുന്ന ഈ ചോദ്യങ്ങളുടെ ഒടുവില്‍ അവയുടെ ഉത്തരമുണ്ട്. ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും സമ്പന്ന വിഭാഗത്തിന്റെയും അധോലോക മാഫിയകളുടെയും വിടുപണി ചെയ്യാന്‍ കേരളത്തിലെ പോലീസ് സേനയിലെ ചിലരെങ്കിലും ഉളുപ്പില്ലാത്തവരായി ഉള്ളതുകൊണ്ടാണ് പല കേസുകളും തെളിയാതെ പോകുന്നത്.
എഡിജിപി ജാംഗ് പാംഗിയുടെയും സംഘത്തിന്റെയും സമര്‍പ്പണവും ആത്മാര്‍ഥതയും ആര്‍ജവവും കേരളത്തിലെ എല്ലാ പോലീസുകാര്‍ക്കും ഉണ്ടാകട്ടെ എന്ന് ആശക്ക് വിരുദ്ധമായി ആശിക്കാന്‍മാത്രമേ ഇപ്പോള്‍ കഴിയുകയുള്ളു.
5 comments :
Appreciate !
പാവം കള്ളന്മാര്‍. വല്ല അഞ്ചോ പത്തോ ലക്ഷങ്ങള്‍ കക്കാന്‍ കേറിയതായിരിക്കും. കിട്ടിയതു കോടികള്‍. ആ കോടികളില്‍ ഒന്നോ രണ്ടോ എടുത്തു എറിയണ്ട സ്ഥലങ്ങളില്‍ എറിഞ്ഞിരുന്നേല്‍ അവര്‍ക്കു സുഖമായി കഴിയാമായിരുന്നു. ഇതു വെറും ലോ ക്ലാസ് കള്ളന്മാര്‍.
ഈ കവര്‍ച്ച റിഫിഫി
എന്ന പ്രശസ്ത ഫ്രെഞ്ച് സിനിമയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. കേസന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ കിട്ടുമോ?
ആ തകര്‍പ്പന്‍ കവര്‍ച്ച നടത്തിയ കള്ളന്മാര്‍ക്കൊപ്പം, അവരെ കുടുക്കിയമിടുക്കന്മാരായ ഏമാന്മാര്‍ക്കും അഭിനന്ദനങ്ങള്‍ !!
Post a Comment