Tuesday, February 26, 2008

ജയശ്രീയുടെ മാന്യതയെങ്കിലും പോലീസ്‌ ഏമാന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍

കേരളത്തിലെ പോലീസുകാര്‍ മിടുമിടുക്കന്മാരാണ്‌. കേസ്‌ തെളിയിക്കുന്ന കാര്യത്തിലും അന്വേഷണം അട്ടിമറിക്കുന്ന കാര്യത്തിലും ഈ മിടുക്ക്‌ അവര്‍ തരാതരം പോലെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌, പ്രദര്‍ശിപ്പിക്കാറുണ്ട്‌, പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

കാക്കിയിട്ടാല്‍ എന്തു തോന്ന്യാസവും ചെയ്യാമെന്ന ധാരണയുള്ള ഒരു കൂട്ടരുണ്ട്‌. ഡിജിപി മുതല്‍ സാദാ കോണ്‍സ്റ്റബിള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. കാക്കിയിട്ട്‌ രാഷ്ട്രീയമേലാളന്മാര്‍ക്കും മാഫിയാ തലവന്മാര്‍ക്കും വേശ്യകള്‍ക്കും വരെ വിടുവേല ചെയ്യാന്‍ തയ്യാറുള്ള ഏമാന്മാരുമുണ്ട്‌. ഇവിടെയും റാങ്കിന്റെ വ്യത്യാസമില്ല. ഏതു ഭരണം വന്നാലും തന്റെ ജോലി കൃത്യമായി ചെയ്യുന്ന മാന്യന്മാരും ഇവരുടെ കൂട്ടത്തിലുണ്ട്‌. അത്തരം ചിലര്‍ ഉള്ളതുകൊണ്ടാണ്‌ കേരളാ പോലീസിന്റെ മാന്യത നിലനില്‍ക്കുന്നത്‌.

ഇതു പറയാന്‍ കാര്യമുണ്ട്‌. മല്ലരാജ റെഡ്ഡി എന്നൊരു മാവോയിസ്റ്റ്‌ നേതാവിനെ അല്‍പനാളുകള്‍ക്കുമുന്‍പ്‌ കേരളത്തില്‍ നിന്ന്‌ അറസ്റ്റു ചെയ്തു. ഈ അറസ്റ്റിന്‍ തുടര്‍ന്ന്‌ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന ഏമാന്മാര്‍ കാട്ടിക്കൂട്ടിയ അമാന്യതകള്‍ക്ക്‌ കണക്കില്ല. ഗോവിന്ദന്‍കുട്ടിയെന്ന 'മാവോയിസ്റ്റിന്‍' അറസ്റ്റ്‌ ചെയ്ത്‌ പത്തെഴുപതു ദിവസം ജയിലിലിട്ടു. ജയശ്രീ ടീച്ചറുടെ വീട്ടില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ അമാന്യമായ രീതിയില്‍ റെയ്ഡ്‌ നടത്തി. എന്നിട്ടും ഏമാന്മാര്‍ കണ്ടെത്താന്‍ ശ്രമിച്ച തെളിവുകളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, കോടതിയില്‍ ഇളിഭ്യരായി നില്‍ക്കേണ്ട അവസ്ഥയും വന്നു.

എന്തിനായിരുന്നു ഈ കോലാഹലങ്ങള്‍ എന്ന്‌ ചിന്തിക്കുമ്പോഴാണ്‌ റിയല്‍ എസ്റ്റേറ്റ്‌-ഭൂമി മാഫിയയുടെ സേവകരായി കേരളത്തിലെ പോലീസ്‌ അധഃപതിച്ചതിന്റെ ചിത്രം വ്യക്തമാകുക. ഇന്ന്‌ ഇവിടെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന 'വ്യവസായ'മാണ്‌ നിര്‍മാണ മേഖല. അന്യ സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ്‌ ഇന്ന്‌ കേരളത്തിലെ നിര്‍മാണമേഖലയെ സജീവമായി നിലനിര്‍ത്തുന്നത്‌. രാഷ്ട്രീയാവബോധവും സംഘടനാശേഷിയും കൂട്ടായി വിലപേശാനുള്ള കഴിവും നേടിയ കേരളത്തിലെ ട്രേഡ്‌ യൂണിയനുകളിലെ അംഗങ്ങള്‍ക്ക്‌ ലഭിക്കുന്നതിന്റെ പകുതിയില്‍ കുറവ്‌ കൂലി കൊടുത്ത്‌, കഠിനമായി ചൂഷണം ചെയ്താണ്‌ നിര്‍മാണമേഖലയിലെ വമ്പന്മാര്‍ ലാഭം കൊയ്യുന്നത്‌. എന്നെങ്കിലുമൊരിക്കല്‍ ഇവര്‍ സംഘടിതരാകുമെന്നും മാന്യമായി ജീവിക്കാനുള്ള അവകാശമുന്നയിച്ച്‌ സമരം ചെയ്യുമെന്നും കേരളത്തിലെ തൊഴിലാളിക്ക്‌ ലഭിക്കുന്ന കൂലിയും മറ്റ്‌ ആനുകൂല്യങ്ങളും അവകാശപ്പെടുമെന്നും തിരിച്ചറിഞ്ഞ്‌ ഇവര്‍ക്കിടയില്‍ മാവോയിസ്റ്റ്‌ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന്‌ ഭൂമി മാഫിയ നടത്തുന്ന പ്രചരണത്തിന്‌ ചുക്കാന്‍ പിടിക്കുന്ന വൃത്തികെട്ട നിയമപാലനമാണ്‌ ഈ ഏമാന്മാരില്‍ പലരും നടത്തുന്നത്‌.

അതിന്റെ ഏറ്റവും ഹീനമായ പ്രദര്‍ശനമായിരുന്നു മല്ലരാജ റെഡ്ഡിയുടെ ലാപ്ടോപ്‌ ജയശ്രീ ടീച്ചറുടെ വീട്ടിലുണ്ട്‌ എന്നു പറഞ്ഞ്‌ നടത്തിയ റെയ്ഡ്‌. അങ്കമാലി സിഐ സോണി, പെരുമ്പാവൂര്‍ സിഐ കെ.പി. ജോസ്‌ എന്നീ ഏമാന്മാരാണ്‌ ഈ തലതെറിച്ച നിയമപാലനത്തിന്‌ നേതൃത്വം നല്‍കിയത്‌.

ജയശ്രീ ടീച്ചറെ ടാര്‍ഗറ്റ്‌ ചെയ്യാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. എരയാംകുടിയിലെ ഇഷ്ടിക മാഫിയ നടത്തുന്ന ചൂഷണങ്ങള്‍ക്കും കര്‍ഷക വിരുദ്ധ നടപടിക്കുമെതിരെ ഉയര്‍ന്ന ജനകീയ പ്രതിരോധത്തിനും പ്രതിഷേധത്തിനും ഒപ്പം നിന്നതാണ്‌ ജയശ്രീ ടീച്ചര്‍ ചെയ്ത പാതകം. റെയ്ഡിനു മുന്‍പെ തന്നെ ജയശ്രീ ടീച്ചര്‍ക്കെതിരെ ഇഷ്ടിക മാഫിയയുടെ വേതാളങ്ങള്‍ അശ്ലീല പ്രചരണങ്ങള്‍ നടത്തിയിരുന്നു. അപവാദ പോസ്റ്ററുകളും പതിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു സോണിയുടെയും കെ.പി. ജോസിന്റെയും വൃത്തികേടുകള്‍.

ഏറ്റവും ക്രൂരമായ കേസിലെ പ്രതിയെ പോലും അറസ്റ്റ്‌ ചെയ്യുമ്പോള്‍ പാലിക്കേണ്ട 11 നിയമങ്ങള്‍ സുപ്രീം കോടതി ഒരു ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ രാഷ്ട്രീയ മേലാളന്മാരുടെയും മാഫിയാ തലവന്മാരുടെയും ശിങ്കിടികളായി നിയമപാലനം നടത്തുന്ന ഏമാന്മാര്‍ ഒരിക്കല്‍പോലും ഈ അടിസ്ഥാന പെരുമാറ്റ രീതി പാലിക്കാറില്ല. ജയശ്രീ ടീച്ചറുടെ വീട്ടില്‍ നടത്തിയ റെയ്ഡും അത്തരത്തിലൊന്നായിരുന്നു. വാറണ്ടോ രേഖാമൂലമുള്ള പരാതിയോ ഇല്ലാതെയാണ്‌ സോണിയും കെ.പി. ജോസുമടക്കമുള്ളവര്‍ നിയമപാല ത്വര പ്രകടിപ്പിച്ചത്‌.

തനിക്കുണ്ടായ മാനഹാനിക്കെതിരെ ജയശ്രീ ടീച്ചര്‍ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ആലുവ പാലസില്‍ നടന്ന സിറ്റിംഗില്‍ മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ്‌ മോഹന്‍കുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ 'കമാന്ന്‌' ഒരക്ഷരം മറുപടി പറയാനാവാതെ നട്ടെല്ലില്ലായ്മയുടെ നാണക്കേടോടെ സോണിയും കെ.പി. ജോസും നില്‍ക്കുന്ന കാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കാണേണ്ടിവന്നു.

ജയശ്രീ ടീച്ചറുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്‌ രാഷ്ട്രീയ സമ്മര്‍ദ്ദവും ഭൂമി മാഫിയയുടെ നിര്‍ബന്ധവുമുണ്ടായിരുന്നുവെന്ന്‌ പകല്‍ പോലെ വ്യക്തമാണ്‌. ഇക്കാര്യം കമ്മീഷനംഗം സോണിയോടും ജോസിനോടും ചോദിച്ചപ്പോള്‍ ഇളിഭ്യരായി ചിരിക്കാന്‍ മാത്രമായിരുന്നു ഈ ഏമാന്മാര്‍ക്ക്‌ കഴിഞ്ഞത്‌. തങ്ങള്‍ക്ക്‌ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌ എന്നു പറഞ്ഞു ഫലിപ്പിക്കാന്‍ അവര്‍ ഒത്തിരി വിയര്‍ക്കുകയും ചെയ്തു. രഹസ്യ വിവരം ലഭിച്ചാല്‍ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനുമുന്‍പ്‌ ഇത്തരം റെയ്ഡ്‌ നടത്താമോ എന്ന ചോദ്യത്തിനും സോണിക്കും ജോസിനും മറുപടിയുണ്ടായിരുന്നില്ല. അതേസമയം, തന്നെ സമൂഹ മധ്യത്തില്‍ അപമാനിച്ച ഈ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും മേലാല്‍ ഒരു സ്ത്രീക്കും ഇത്തരം ഒരനുഭവം ഉണ്ടാകാതിരുന്നാല്‍ മതിയെന്നുമായിരുന്നു ജയശ്രീ ടീച്ചര്‍ മനുഷ്യാവകാശ കമ്മീഷനോട്‌ പറഞ്ഞത്‌.

അറിയാം, സോണിയും കെ.പി. ജോസും അടങ്ങുന്നവര്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങളോടെ ആയിരുന്നില്ല ആ റെയ്ഡ്‌ നടത്തിയത്‌. എന്നാല്‍ ഇവരെപ്പോലെ മിടുക്കന്മാരായ പോലീസ്‌ ഓഫീസര്‍മാര്‍ മൂന്നാംകിട ക്വട്ടേഷന്‍ അംഗങ്ങളെപോലെ രാഷ്ട്രീയ മേലാളന്മാര്‍ക്കുവേണ്ടി നിയമവും നിയമപാലന രീതികളും വ്യഭിചരിക്കുന്നതിലാണ്‌ ഞങ്ങള്‍ക്ക്‌ എതിര്‍പ്പുള്ളത്‌. ഇത്രയും പറഞ്ഞതിന്റെ പേരില്‍ നാളെ മാവോയിസ്റ്റ്‌ മുദ്രചാര്‍ത്തി ഞങ്ങളെയും വലിച്ചിഴക്കാന്‍ ചില കാക്കി ധാരികളെങ്കിലും ഉണ്ടാകുമെന്ന്‌ ഞങ്ങള്‍ക്കറിയാം. എന്നുവച്ച്‌ വാസ്തവം വാസ്തവമല്ലെന്നു പറയാന്‍ ഞങ്ങള്‍ തയ്യാറല്ല.

2 comments :

 1. an-e-motion said...

  Dear vasthavam team,
  congrats for publishing a truth.
  kerala police is now acting like grey hunts in andra.if one person is maoist u can do any thing aginst him?please remember comrade vagrhees who killed by kerala police .....

 2. Sreee said...

  What you told is exact.
  These like voices are the arsenals for the fight to a better tomorrow. Keep raising your voice against the atrocities and injustice towards the common man.