കള്ളുകുടി, കുപ്പിയേറ്, കുടംതല്ലല്‍...
പാഠം മാസിക മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ ഒരു പാഠവും പഠിപ്പിച്ചില്ല. എന്നാല്‍ ഇന്നലെ നടന്ന കുപ്പിയേറും കുടം തല്ലലും പാര്‍ട്ടിയെ എന്തെങ്കിലും ഗുണപാഠം പഠിപ്പിക്കുമോ എന്നാണ് ഇനി കാണാനുള്ളത്.
നേരം വെളുത്തപ്പോള്‍ മുതല്‍ വെള്ളം കോരിയിട്ട് വൈകുന്നേരമായപ്പോള്‍ കുടം തല്ലി എന്ന് പറഞ്ഞ പോലെ പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്തിയവരുടെ ഉള്ളില്‍ കമ്യൂണിസമല്ല; കള്ളായിരുന്നുവെന്ന് തുറന്നടിച്ചത് പിണറായി തന്നെയാണ്. കള്ള് എന്നുവച്ചാല്‍ കള്ള് മാത്രമല്ല; സകല ഇനം മദ്യവും ആ പ്രയോഗത്തില്‍വരും.
കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ആഗോളവല്‍ക്കരണമല്ല ആഗോള താപനവുമല്ല. ഭൂഗോളം കയ്യിലിട്ടമ്മാനമാടിക്കാന്‍ തോന്നിക്കുന്ന മദ്യലഹരിയാണ്.
ചാരായ നിരോധനത്തോടെ നാടെങ്ങും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മിത വ്യാജമദ്യവും ഇന്ത്യന്‍ നിര്‍മിത മേശക്കള്ളും വ്യാപകമായിക്കഴിഞ്ഞു.
രണ്ടെണ്ണം അകത്തുചെന്നാല്‍ അന്നേരം തോന്നുന്നതെന്താണോ അതൊക്കെ ചെയ്തുകളയും കുടിയന്മാര്‍.
പണ്ട് കമ്യൂണിസ്റ്റുകാര്‍ കള്ളുകുടിച്ചിരുന്നില്ല. അഥവാ കള്ളുകുടിച്ച കമ്യൂണിസ്റ്റുകാര്‍ വീടിനുപുറത്തിറങ്ങിയിരുന്നില്ല.
കാലം വല്ലാണ്ടു സങ്കീര്‍ണമായതോടെ കമ്യൂണിസ്റ്റുകാരും കുടി തുടങ്ങി. അമ്മായിയമ്മയും മരുമോളും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തില്‍ മനം നൊന്തവര്‍, തലതിരിഞ്ഞുപോയ സന്താനങ്ങളെയോര്‍ത്ത് ഉള്ളുരുകിയവര്‍, ലോട്ടറിയടിക്കാത്തതില്‍ നിരാശരായവര്‍ എന്നുവേണ്ട സന്നിധാനന്ദന്‍ ഐഡിയ സ്റ്റാര്‍സിംഗറില്‍ നിന്നു പുറത്തുപോയതില്‍ മനം തകര്‍ന്നവര്‍ തുടങ്ങി സകല പുരുഷകേസരികളും കുടിക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി.
മദ്യവില്‍പ്പനക്കാരുടെ സ്വന്തം നാടായി കേരളം ആടിക്കുഴയുന്നതുകണ്ട് മദ്യവിരുദ്ധ സമിതിക്കാര്‍ നാളിതുവരെ നടത്തിയ ധര്‍ണകളും പ്രസ്താവനകളും ആരും ചെവിക്കൊണ്ടില്ല!
കേരളത്തെ പലയിനത്തിലും നവീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികള്‍ക്കിടയിലെ മദ്യബാധയ്ക്കെതിരെ രംഗത്തുവരണമെന്നാണ് ഇന്നലത്തെ കുപ്പിയേറുനല്‍കുന്ന പാഠം.
കുടിയന്മാര്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ലെന്നു ശഠിക്കാന്‍ പിണറായിക്കുമാത്രമേ കഴിയൂ. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്ക് അച്ചായന്മാരുടെ ക്രിസ്മസ് കുടിയെ കടത്തിവെട്ടിയ സ്ഥിതിയാണ്. മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ വിചാരിച്ചിടത്തല്ല പാര്‍ട്ടിയെന്നു തെളിയിക്കാന്‍ കഴിഞ്ഞ പിണറായിക്ക് ഇക്കാര്യത്തില്‍ മെത്രാനച്ചന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒരു വഴി തുറന്നുകിട്ടിയിരിക്കുന്നു.
ഒരു വെടിക്ക് രണ്ടു പക്ഷികളാണ് നിലംപൊത്താന്‍ പോകുന്നത്. കമ്യൂണിസ്റ്റുകാര്‍ കള്ളടിച്ചു പിമ്പിരിയായി 'വഷള'ന്മാരാവുകയുമില്ല; മെത്രാനച്ചന്മാര്‍ പാര്‍ട്ടിക്കൊപ്പം പോരാട്ടത്തിനിറങ്ങേം ചെയ്യും.
ഒരു കാര്യം സമ്മതിച്ചേ തീരൂ! ലോകം മുഴുവനും കേള്‍ക്കേ തന്റെ അണികളെ കണിശമായി, പരസ്യമായി ശാസിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു നേതാവ് പിണറായി മാത്രമാണ്!
1 comments :
liqour is backborn of kerala marxists, if banned who will support cpm?ഒരു കാര്യം സമ്മതിച്ചേ തീരൂ! ലോകം മുഴുവനും കേള്‍ക്കേ തന്റെ അണികളെ കണിശമായി, പരസ്യമായി ശാസിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു നേതാവ് പിണറായി മാത്രമാണ്! because is born goonda.
Post a Comment