കോഴിയെക്കൂടി കിട്ടാതായാല്‍ ഭഗവാനെ, സി ദിവാകരാ...
പതിവായുള്ള ചിട്ട ആഹാരത്തോടൊപ്പം മുട്ട എന്നത് കേന്ദ്രമുട്ടവികസന കോര്‍പ്പറേഷന്റെ പരസ്യവാചകമായിരുന്നു. അക്കാലത്ത് ആരും മുട്ട കാശുകൊടുത്ത് വാങ്ങിക്കഴിച്ചിരുന്നില്ല. വീടിന്റെ പിന്നാമ്പുറത്തെ മരക്കൊമ്പില്‍ ഒരഞ്ചാറ് കോഴികളെങ്കിലും പാര്‍ത്തിരുന്ന കാലമായിരുന്നു അത്. മുട്ട പുഴുങ്ങിത്തിന്നാന്‍ പാങ്ങില്ലാത്ത ദരിദ്രന്മാര്‍ മുട്ടവിറ്റ് മരച്ചീനി വാങ്ങിത്തിന്നും ജീവിച്ചിരുന്നു.
പൊടുന്നനെ കൊച്ചുകേരളം ഗള്‍ഫില്‍പോയി പുരോഗമിച്ചതോടെ എന്തുതിന്നിട്ടും പോരാതെവന്ന മനുഷ്യന്മാര്‍ തന്നെപ്പിടിച്ച് തിന്നുകളയുമോ എന്ന ലക്ഷണം കണ്ടപ്പോഴാണ് ദൈവംതമ്പുരാന്‍ ഇറച്ചിക്കോഴികളെ സൃഷ്ടിച്ചത്. ഈ സംഭവം നടന്നിട്ട് കൂടിയാല്‍ പത്തുമുപ്പത് കൊല്ലമേ ആയിട്ടുള്ളൂ.
മുട്ടയിടാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട പല വര്‍ണ്ണക്കാരും സ്വഭാവക്കാരുമായ നാടന്‍കോഴികള്‍ അങ്ങനെ ഔട്ട് ഓഫ് ഫാഷന്‍ ആകുകയും കൊന്നുതിന്നാന്‍ മാത്രമായി സൃഷ്ടിക്കപ്പെട്ട ഒരേനിറക്കാരും ഒരേ സ്വഭാവക്കാരുമായ ബ്രോയിലര്‍ ബലിക്കോഴികള്‍ ഫാഷനാവുകയും ചെയ്തതിനെയാണ് നവോത്ഥാന കാലമെന്ന് പറയുന്നത്!
കോഴിയിറച്ചി മാത്രം മൂന്ന്നേരം തിന്നുതിന്ന് ആണ്‍പിള്ളേര്‍ക്ക് മുല വളരുകയും പെണ്‍പിള്ളേരുടെ സകലപരിധികളും ലംഘിക്കുകയും ചെയ്യുന്നതിനെയാണിപ്പോള്‍ ഉത്തരാധുനിക കാലം എന്ന് പറയുന്നത്.
കോഴിപുരാണത്തിന്റെ ഭൂതകകാലം, വര്‍ത്തമാനകാലം, എന്നിവയുടെ സംക്ഷിപ്ത വിവരണമാണ് മേല്‍ കാണുന്നത്.
കോഴിപുരാണത്തിന്റെ ഭാവികാലം കഷ്ടകാലമാണ്. പക്ഷിപ്പനിയാണ് ഈ കഷ്ടകാലത്തിന് പിന്നിലെന്ന് കരുതരുത്. ഇപ്പോള്‍ കേരളം കഴിച്ചുകൊണ്ടിരിക്കുന്നത് തമിഴ്മാത്രം സംസാരിക്കുന്ന ഇറച്ചിക്കോഴികളെയാകുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ നെല്ല് പച്ചക്കറി തുടങ്ങിയ ഒരുമാതിരി തീസാധനങ്ങളൊന്നും വേരുപിടിക്കാത്തതുപോലെ കോഴിവളര്‍ത്തലും ക്ലച്ച്പിടിക്കാത്തതിനാലാണ് തമിഴ്കോഴിസംഘം ചാവേറായി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോഴിഫാമുകളില്‍നിന്നും അതിര്‍ത്തിയിലെ നടപ്പുണി ചെക്ക്പോസ്റ്റ് വഴി പ്രതിദിനം 200 ലോറി നിറയെ ഇറച്ചിക്കോഴികളാണ് എത്തിക്കൊണ്ടിരുന്നത്. രണ്ടുദിവസമായി കോഴി ഒരെണ്ണം പോലും ഈ വഴി വരുന്നില്ല. പ്രവേശനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴികള്‍ ഇങ്ങോട്ട് വരാതായത്. പ്രവേശനനികുതി പ്രശ്നം എം എ ബേബിമാഷ് വന്നതിനുശേഷമുള്ള പ്രവേശനപരീക്ഷ പോലെ അതിസങ്കീര്‍ണ്ണമായിരിക്കുകയാണ്. കേരളസര്‍ക്കാര്‍ കോഴിക്കുമേല്‍ 12.5 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനാലാണ് കോഴിവില കൂടിയതെന്നും അല്ലെങ്കില്‍ വെറുതെ തരാന്‍ പറ്റിയേനെ എന്നുമാണ് കോഴി അസോസിയേഷന്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. കോഴിയെക്കൂടി തിന്നാന്‍ കിട്ടാതായാല്‍ ഭഗവാനെ, സി ദിവാകരാ, ഞങ്ങള്‍ എന്തുകഴിക്കും?
ഭാവി ഭൂതം കൊണ്ടുപോകാതിരിക്കുമോ?
1 comments :
കോഴിയെയും പശുവിനെയും വളര്‍ത്തി മുട്ടയും ഇറച്ചിയും പാലും കഴിക്കാനല്ലേ ദിവാകരന്‍ പറഞ്ഞത്. സ്വന്തം കോഴിക്ക് നികുതിയില്ല വാസ്തവമേ.....
പത്തായം പെറും,ചക്കി കുത്തും,അമ്മ വെയ്ക്കും, ഞാന്‍ ഉണ്ണും എന്ന ലൈനില്‍ വാളയാറോട്ട് നോക്കിയിരിക്കാനല്ല മന്ത്ര് പറഞ്ഞത്,മുട്ടയും ഇറച്ചിയും പാലും സ്വയം ഉല്‍പ്പാദിച്ച് തിന്നാനാണ്.അത് ചെയ്യാതെ അയാളു പറഞ്ഞതിന്റെ വക്കും മൂലയും ചുരണ്ടി ഇരുന്നാല്‍ കോഴിയല്ല കോഴി തീട്ടം പോലും തരപ്പെടില്ല
Post a Comment