തെമ്മാടിത്തരത്തിന് ഒരതിരുണ്ട്
രാഷ്ട്രീയ ഗുണ്ടായിസത്തിന്റെ പര്യായമായി പലപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിരാളികള്‍ വിശേഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ഇടതുമുന്നണി അധികാരത്തിലെത്തിക്കഴിയുമ്പോള്‍. മുന്‍പ് ഈ ആരോപണം ഉയര്‍ത്തിയിരുന്നത് ബിജെപിയും ആര്‍എസ്‌എസും അടങ്ങുന്ന വലതുപക്ഷ പാര്‍ട്ടികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുമായിരുന്നുവെങ്കില്‍ സിപിഐ അടക്കമുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികളും അതേ അഭിപ്രായം പ്രകടിപ്പിച്ചുതുടങ്ങി. ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ സിപിഐ- സിപിഎം സംഘട്ടനം പതിവുവാര്‍ത്തയായതോടെയാണ് ഗത്യന്തരമില്ലാതെ അവരും ഈ അഭിപ്രായപ്രകടനത്തിന് നിര്‍ബന്ധിതരായത്.
എന്നാല്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് അതല്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ നടത്തിയ യോഗത്തിനു നേരെ ഉണ്ടായ മാര്‍ക്സിസ്റ്റ് അക്രമത്തെക്കുറിച്ചാണ്. ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ മാര്‍ക്സിസ്റ്റ് അണികള്‍ പ്രതിപക്ഷനേതാവിന്റെ യോഗം കലക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസിന് ഗ്രനേഡ് പ്രയോഗിച്ച് ഇരുകൂട്ടരെയും പിരിച്ചുവിടേണ്ടി വന്നു.
മുഖ്യമന്ത്രിക്ക് തുല്യമായ പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ പ്രതിപക്ഷ നേതാവ് ബാധ്യസ്ഥനാണ്. ഉമ്മന്‍ചാണ്ടി ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. കാരണം യുഡിഎഫ് ജനഹിതമനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമ്മതിദായകര്‍ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കാതെ ഗ്രൂപ്പുവഴക്കിലും അഴിമതിയിലും ആറാടുകയായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഈ ഭരണക്കാര്‍. അതുകൊണ്ടുതന്നെ ഭരണത്തിന്റെ സമസ്ത തലത്തിലും തികഞ്ഞ പരാജയമാണ് ഈ സര്‍ക്കാരെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും സര്‍ക്കാരിനെ കൂടുതല്‍ ജാഗ്രത്താക്കുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവിന്റെ കടമയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഭരണപരാജയ വിഷയങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കാനും തിരുത്തലുകള്‍ വരുത്തേണ്ടിടത്ത് അത് വരുത്തുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം അതിന്റെ പുഷ്കലതയില്‍ എത്തുന്നുന്നതും സഹകരണത്തിലൂന്നിയ രാഷ്ട്രീയ സംസ്കാരം സാര്‍ത്ഥകമാകുന്നതും.
ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയബോധം തീര്‍ച്ചയായും മാര്‍ക്സിസ്സ് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും മറ്റാരെക്കാളുമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അധികാരത്തിന്റെ മത്തുപിടിക്കുമ്പോള്‍ ഈ ഉത്തരവാദിത്തത്തില്‍നിന്ന്, തിരിച്ചറിവില്‍നിന്ന് അവര്‍ അകന്നുപോകുന്നതാണ് പ്രശ്നങ്ങളുടെ ആധാരവും അവയെ വഷളാക്കുന്ന ചോദനയും.
ഉമ്മന്‍ചാണ്ടിയും എകെ ആന്റണിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ വീഴ്ചകളെ എത്ര കഠിനമായിട്ടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ പാര്‍ട്ടികളും ആക്രമിച്ചിരുന്നത്. അന്നൊന്നും ഒരു യുഡിഎഫ് പ്രവര്‍ത്തകനും ഇവരുടെ യോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ചെറു വിരല്‍പോലും അനക്കിയിട്ടില്ല. ഇന്ന് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളും അവ ജനങ്ങളിലെത്തിക്കാനുപയോഗിക്കുന്ന വാക്കുകളും എത്രയോ നിരുപദ്രവകരങ്ങളാണ്. എന്നിട്ടും അത് സഹിക്കാനുള്ള മനസാന്നിദ്ധ്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഇല്ലാതെ പോകുമ്പോള്‍ തീര്‍ച്ചയായും മുമ്പ് വലതുപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും ഉയര്‍ത്തിയിരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്.
എതിരാളികളെ ആശയപരമായി നേരിടുമ്പോഴാണ് ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനം സത്ക്രിയമാകുന്നത്. ഇടപെടലുകളും നേരിടലുകളും കായികമാകുമ്പോള്‍ അത് ഭീഷണവും ഭീകരവുമാകും. ഈ ദുര്‍വിധിയില്‍നിന്നും കണ്ണൂര്‍ ഇനിയും മോചിതമായിട്ടില്ലെന്നോര്‍ക്കണം. വെട്ടിയും കുത്തിയും അരിഞ്ഞുവീഴ്ത്തിയും എതിരാളിക്കുമേല്‍ വിജയം ആഘോഷിക്കുമ്പോള്‍ അതേ അനുഭവമാണ് തൊട്ടടുത്ത് വിജയശ്രീലാളിതര്‍ക്കും ഉള്ളതെന്ന് കാലമെത്രയോ തവണ തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും പാഠം പഠിക്കാന്‍ നേതാക്കളും അണികളും തയ്യാറാകാത്തത് കേരളത്തിന്റെ ദുര്‍വിധിയാണെന്നല്ലാതെ എന്തുപറയാന്‍.
രാഷ്ട്രീയ അസഹിഷ്ണുതയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്നവരാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സെന്ന് കഴിഞ്ഞദിവസം ആലുവായിലുണ്ടായ അനുഭവം വ്യക്തമാക്കുന്നു. ഒരു പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന്റെ തെരഞ്ഞൈടുപ്പ് പ്രചാരണത്തിനെത്തിയ എംഎല്‍എയെയാണ് കോണ്‍ഗ്രസ്സുകാര്‍ ആക്രമിച്ചത്. ഇതുമൂലമുണ്ടായ ഹര്‍ത്താലും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും ആലുവാ നിവാസികള്‍ക്കും പൊതുസമൂഹത്തിനും വരുത്തിവച്ച നഷ്ടങ്ങള്‍ അപരിഹാര്യമാണ്.
ഇതിന് സമാനമായ ഗുണ്ടായിസമാണ് കഴിഞ്ഞയാഴ്ച പാലക്കാട് ബിജെപിയുടെ ഹര്‍ത്താലില്‍ സംഭവിച്ചതും. ബിജെപി അനുകൂലികളുടെ കല്ലേറില്‍ നിരപരാധിയായ ഒരു ലോറി ഡ്രൈവറുടെ കണ്ണ് തകര്‍ന്നപ്പോള്‍ ആര്‍ക്കാണ് നേട്ടമുണ്ടായത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍ ഈ പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും തെമ്മാടിത്തരത്തെ ഒരിക്കലും ആരും അംഗീകരിക്കുന്നില്ല എന്ന് ഇവരെല്ലാം ഇനി എന്നാണ് മനസിലാക്കുക.
1 comments :
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, മുന്നണികളില്‍ പെട്ട എല്ലാ പാര്‍ട്ടിക്കാരുടെയും, തഴെയുള്ളവര്‍ മുതല്‍ അങ്ങേഅറ്റത്തുള്ള നേതാക്കള്‍ വരെ ധരിച്ചിരിക്കുന്നതു -പ്രതികരണമെന്നാല്‍, പ്രകോപനകരമായ വെല്ലുവിളി എന്നും, കായികമായിട്ടുള്ള നേരിടലാണന്നും ആണന്നു തോന്നുന്നു. ചിലപ്പോള്‍ പീണറായി പോലുള്ള വന്‍ നേതക്കളുടെ താക്കീതുകളില്‍ ഒരു ഗുണ്ടാ ചുവ വരെ കാണാറുണ്ട്. മറ്റുപാര്‍ട്ടിക്കാരുടെ നേതാക്കളും മോശമല്ല! നേതാക്കള്‍ ഇങ്ങനെ ആയാല്‍ താരതമ്യേന രാഷ്റ്റ്രീയ വിവരം കുറഞ്ഞവരായ അണീകള്‍ രാഷ്റ്റ്രീയലഹരിയില്‍ സമനില തെറ്റി അക്രമങ്ങളിലേക്കു നീങ്ങും. കൂട്ടിനു വീര്യം പകരാന്‍ എല്ലാ പ്രകടനങ്ങള്‍ക്കും, ജാഥകള്‍ക്കും മദ്യം ഒരു അവിഭാജ്യ ഘടകവും ആവുമ്പോള്‍, അക്രമം കൊഴുക്കും. ഇങ്ങനെ ഇരു ലഹരിയില്‍ ബുദ്ധിയും, വിവേകവും സ്വിച്ചു ഓഫു ചെയ്തു അര്‍മാദിക്കുന്ന ഒരു തെമ്മാടി കൂട്ടം എന്തു പോക്രിത്തരവും കാണിക്കും. ഈ അവസ്ഥ മാറാന്‍, ആദ്യം നേതാക്കള്‍ വിവരമുള്ളവരാവണം. അവര്‍ “ഗുണ്ടാ-ജെനുസ്സില്‍” പെട്ടവരാകരുതു.
പ്രതികരിക്കേണ്ടത് തെറ്റുകള്‍ കാര്യകാരണ സഹിതം ചൂണ്ടിക്കാണിക്കലിലൂടെയും നിയമ നടപടികളിലൂടെയും ആകണം. അങ്ങനെ ആരൊഗ്യകരമായ ഒരു രാഷ്ട്രീയ അന്തരീക്ഷവും, തദ്വാരാ സമാധാനവും, കെട്ടുറപ്പും ഉള്ള ഒരു സംസ്ഥാനമായി കേരളത്തെ മാറ്റാനും സാധിക്കും.ഒപ്പം തന്നെ, വ്യാപാര-വ്യവസായികളായ രാഷ്ട്രീയക്കാരേയും, രാഷ്ട്രീയ വ്യഭിചാരികളേയും, പ്രബുദ്ധരായ ജനങ്ങള്‍ പുറം തള്ളുകയും വേണം.
Post a Comment