ഡിസ്റ്റിലറിയില്‍ തൊട്ടാല്‍ ഡിസ്മിസല്‍!
വലിയൊരു ശരീരം സ്വന്തമായുള്ള സഖാവാണു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇനിയുള്ള കാലം കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെയിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണാരൂപം. കാരണം വര്‍ഗശത്രുക്കളായ മുതലാളിത്തം അനുദിനം കൊഴുത്തുരുണ്ടുവരുന്നു. അവരെ എതിരിടാനുള്ള ആരോഗ്യം കമ്മ്യൂണിസ്റ്റുകളും ആര്‍ജിച്ചേ തീരൂ!
പോരാട്ടങ്ങളുടെ കനല്‍വഴികളില്‍ ധാരാസിംഗുമാരായിരിക്കണം കമ്മ്യൂണിസ്റ്റുകള്‍. സിനിമാതാരം കൃഷ്ണന്‍കുട്ടിനായരേപ്പോലിരുന്നാല്‍ തോറ്റു തുന്നംപാടിപ്പോകും.
വലിയൊരു ശരീരത്തിലേ വലിയൊരു മനസുണ്ടാകൂ. ലോകം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ വേണ്ട സ്ഥലം മനസിലും ഉണ്ടാകണം.
ഇങ്ങനൊരു മനസില്ലായിരുന്നു നമ്മുടെ ആഭ്യന്തരമന്ത്രിക്കെന്നു വെറുതെ സങ്കല്‍പ്പിച്ചുനോക്കൂ. കെ.ടി. ജോസഫ് എന്ന പാവപ്പെട്ട മദ്യവ്യവസായ പ്രമാണിക്ക് നീതി ലഭിക്കുമായിരുന്നോ?
തോപ്പുംപടി എസ്‌ഐ കെ.വി. ബെന്നി, എഎസ്‌ഐ സതീശന്‍, കോണ്‍സ്റ്റബിള്‍ സാജന്‍ കുര്യാക്കോസ് എന്നീ പിന്തിരിപ്പന്‍ ബൂര്‍ഷ്വാസികള്‍ക്ക് കിട്ടിയ സസ്പെന്‍ഷന്‍ എല്ലാവര്‍ക്കും ഒരു പാഠമായിരിക്കട്ടെ.
കോടതി നിര്‍ദേശിച്ചെന്നു പറഞ്ഞ് പാവങ്ങളുടെ പാര്‍ട്ടിക്കാരുടെ പക്ഷക്കാരനായ പാവം മദ്യവ്യവസായി പ്രമാണിയെ അറസ്റ്റുചെയ്യാന്‍വേണ്ട ധിക്കാരം കാട്ടിയവരാണ് സസ്പെന്‍ഷന്‍ വാങ്ങി വീട്ടിലിരിക്കുന്ന ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികള്‍.
ഇന്‍ഡോ-സ്കോട്ടിഷ് ഡിസ്റ്റിലറിയെന്ന ചെറിയൊരു മദ്യവ്യവസായ സ്ഥാപനത്തിന്റെ ഉടമയായിപ്പോയി നമ്മുടെ വ്യവസായ പ്രമാണി എന്നുവച്ച് ഇങ്ങനെ പീഡിപ്പിക്കാമോ? പോലീസായാല്‍ മറ്റുള്ളവരുടെ മനസറിയണം; അവരുടെ മനഃക്ലേശം അറിയണം. ക്രമസമാധാനം പാലിക്കാന്‍ നടക്കുന്നവര്‍ വ്യവസായികളുടെ മനസമാധാനം കളയാന്‍ പാടുണ്ടോ? വ്യവസായമില്ലാതായാല്‍ പിന്നെ കേരളമുണ്ടോ? പാര്‍ട്ടിയുണ്ടോ?
പോരാത്തതിന്, സിവില്‍ സപ്ലൈസ് കരാറില്‍ കോടികള്‍ ക്രമക്കേടു നടത്തിയെന്ന ആരോപണവും അന്വേഷണവുമൊക്കെയായി ആകെ മനസുകലങ്ങിയിരിക്കയായിരുന്നു വ്യവസായ പ്രമാണി. അതിനിടെയാണ് ബൂര്‍ഷ്വാ പിന്തിരിപ്പന്മാരായ പോലീസുദ്യോഗസ്ഥര്‍ ആ പാവത്തെ പിടിച്ച് തുറുങ്കിലിട്ടത്.
കമ്മ്യൂണിസ്റ്റുകാര്‍ക്കിത് സഹിക്കാനൊക്കില്ല. വിടില്ല; ഒരെണ്ണത്തിനേം! ഡിസ്റ്റിലറിയില്‍ തൊട്ടാല്‍ ചുരുങ്ങിയത് ഡിസ്മിസലെങ്കിലും തരപ്പെടുത്തേണ്ടതുണ്ട്! കര്‍ത്താവീശോമിശിഹായെ ഓര്‍ത്ത് 'അവരോട് പൊറുക്കേണമേ...' എന്ന് പാവം മദ്യവ്യവസായ പ്രമാണി കെഞ്ചിയതുകൊണ്ടുമാത്രമാണ് സസ്പെന്‍ഷനില്‍ ഒതുക്കിയത്.
വയസാംകാലത്ത് പെന്‍ഷന്‍ കാശുകൊണ്ടു തിന്നണംന്നുണ്ടെങ്കില്‍ പോലീസുകാരാദ്യം കമ്യൂണിസം പഠിക്കണം. കോടിയേരി സഖാവു ഭരിക്കുന്ന കാലത്തോളം പോലീസിനെ ഇങ്ങനെ നവീകരിച്ചുകൊണ്ടേയിരിക്കുന്നു. ലാല്‍സലാം!
0 comments :
Post a Comment