Monday, February 11, 2008

"ഹൈന്ദവര്‍ ജാതി ചിന്ത വെടിയണം": ഠോ!!!

'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്നാണ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ വെളിപ്പെടുത്തുന്നത്‌.

എന്നുവച്ചാല്‍ യോഗക്ഷേമ സഭ മുതല്‍ പുലയര്‍ മഹാസഭ വരെയുള്ള കാക്കത്തൊള്ളായിരം ജാതി സംഘടനകള്‍ ഭഗവാന്റെ അനുമതിയോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നര്‍ത്ഥം!

വര്‍ണ്ണവ്യവസ്ഥ നിലനിന്നിരുന്ന കാലം സുന്ദര സുരഭിലമായൊരു കാലമായിരുന്നു. ബ്രാഹ്മണനു പതിനാറടി അകലെ നടക്കും നായര്‍. നായര്‍ക്കു പതിനാറടി അകലെ നടക്കും തീയര്‍. തീയനു പതിനാറടി അകലെ പുലയന്‍. പതിനാറടിയന്തരം കഴിഞ്ഞാലും യക്ഷികളൊഴികെ ഏവനും ഈ ഡിസ്റ്റന്‍സ്‌ കീപ്പ്‌ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ടാറ്റ പതിനായിരം രൂപയ്ക്ക്‌ കാറുണ്ടാക്കി വിറ്റാലും അക്കാലത്ത്‌ റോഡില്‍ ബ്ലോക്കുണ്ടാവുന്ന പ്രശ്നമില്ല. എല്ലാവരും നല്ലവണ്ണം അകലം പാലിച്ചേ വണ്ടിയോടിക്കൂ!

അക്കാലം ഗോമാതാക്കളുടെ കാലം കൂടിയായിരുന്നു. ബ്രാഹ്മണനും പശുവും തിന്നു കുടിച്ച്‌ സുഖമായി വിലസുന്ന നാട്ടില്‍ ലോകാ സമസ്താ സുഖിനോ ഭവന്തു!

ബ്രാഹ്മണനെയും പശുവിനെയും തഴയുന്ന നാടിന്‌ ഒരു സുഖവും കിട്ടില്ലയെന്നര്‍ത്ഥം!

അക്കാലത്ത്‌ അവര്‍ണ്ണന്‍ ഗോമാതാവിനെ വളര്‍ത്താന്‍ പാടില്ലായിരുന്നു. അവര്‍ക്കു വളര്‍ത്താനാണ്‌ ഭഗവാന്‍ പട്ടികളെ സൃഷ്ടിച്ചു വിട്ടിരുന്നത്‌.

പട്ടിയെ വളര്‍ത്താന്‍ അനുവദിച്ചതില്‍ രണ്ടുണ്ട്‌ കാര്യം. പട്ടികള്‍ പെറ്റുപെരുകുന്നതിന്‌ നോ ഹാന്റ്‌ ആന്റ്‌ മാത്തമാറ്റിക്സ്‌; അതിനാല്‍ മക്കളെ പട്ടിണിക്കിട്ടാലും പട്ടിയെ തീറ്റിപ്പോറ്റി തെണ്ടിക്കോളും അവര്‍ണ്ണര്‍. ഒരു കാലത്തും ഗതി പിടിക്കില്ല!

ഒരു പട്ടിയെ വളര്‍ത്താന്‍ പെടാപ്പാടു കഴിക്കുന്നവന്‍ ഒരു പശുവിനെ വളര്‍ത്തണമെന്ന്‌ സ്വപ്നം പോലും കാണില്ലെന്നതാണ്‌ രണ്ടാമത്തെ കാര്യം!

രണ്ടായിരത്തേഴ്‌ ഒക്ടോബറില്‍ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പു നടത്തിയ കന്നുകാലി കാനേഷുമാരി വെളിപ്പെടുത്തുന്നത്‌ പശുക്കള്‍ കുറഞ്ഞു വരുന്നെന്നും പട്ടികള്‍ കൂടി വരുന്നെന്നുമാണ്‌.

കാര്യങ്ങള്‍ ഭഗവാന്‍ വിചാരിച്ചേടത്തേക്കു തന്നെയാണ്‌ പോകുന്നത്‌!

കഴിഞ്ഞ കാനേഷുമാരിയില്‍ കന്യാകുമാരി മുതലിങ്ങോട്ട്‌ 24 ലക്ഷത്തോളം പശുക്കളാണുണ്ടായിരുന്നത്‌. ഇക്കുറി അത്‌ 18 ലക്ഷത്തോളമായി കുറഞ്ഞിരിക്കുന്നു. പട്ടിഷുമാരി രണ്ടു ലക്ഷത്തില്‍ നിന്നും ഒമ്പതു ലക്ഷമായി ഉയര്‍ന്നിരിക്കുന്നു.

വീണ്ടും അവര്‍ണ്ണര്‍ പട്ടികളെ വളര്‍ത്തി തെണ്ടിപ്പോകുന്നതിന്റെ സ്ഥിതിവിവരമാണിത്‌. കേരളത്തില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണര്‍ പശുവളര്‍ത്തല്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്നു. അതിനു വേണ്ടതായ സൗകര്യങ്ങളെല്ലാം സര്‍ക്കാരും മില്‍മയും ഒരുക്കിക്കൊടുക്കുന്നു. കഞ്ഞിക്കു പകരം പാലു കുടിക്കാന്‍ പറഞ്ഞ മന്ത്രി തന്നെ പോഷായി പട്ടിയെ വളര്‍ത്തി ഭേഷായി മാതൃക കാട്ടുന്നു!

മേനകാഗാന്ധിയുടെ കൃപകൊണ്ട്‌ പട്ടികള്‍ക്ക്‌ ഇന്ത്യയൊരു മൃഗാധിപത്യ പരമാധികാര സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കായി മാറിയിരിക്കുന്നു!

ആര്‍എസ്‌എസ്‌ സംഘചാലക്‌ കെ എസ്‌ സുദര്‍ശന്‍ തൃശൂരില്‍ നിന്നും ആഹ്വാനം ചെയ്തതില്‍ തീരുമോ ഭഗവാന്‍ പടച്ചു വിട്ട ജാതി ചിന്ത? പശു ചിന്ത? പട്ടി ചിന്ത!