Monday, February 25, 2008

'തൊഴിലറപ്പ്‌' പദ്ധതി അഥവാ വല്യവല്യ സൊപ്പനങ്ങള്‍!

മെയ്യനങ്ങി തൊഴിലെടുക്കണമെങ്കില്‍ മലയാളി ഗള്‍ഫില്‍ ചെല്ലണമെന്നാണിപ്പോള്‍ സ്ഥിതി.

കേരളത്തില്‍ നിര്‍മാണമേഖലയിലും കാര്‍ഷിക മേഖലയിലും തുടങ്ങി വിയര്‍പ്പൊഴുക്കി പണിയെടുക്കേണ്ടിവരുന്ന സകല മേഖലകളിലും തൊഴിലാളികളെ കിട്ടാനില്ല.

കാക്കത്തൊള്ളായിരം ഇന്‍ഷുറന്‍സ്‌ കമ്പനികളും മൊബെയില്‍ കമ്പനികളും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികളും പത്താംക്ലാസ്‌ തോറ്റ കൊച്ചുകുമാരനെ വരെ ടൈ കെട്ടിച്ച്‌ ഫീല്‍ഡ്‌ 'ആപ്പീസറാക്കാന്‍' കച്ചകെട്ടിയിറങ്ങിയിരിക്കെ വെയിലത്ത്‌ പണിയെടുക്കാന്‍ ആര്‍ക്കുണ്ട്‌ നേരം?

അതുകൊണ്ടാണ്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇവിടെ വന്നു നിറയുന്നത്‌.

ആ നേരത്താണ്‌ കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ്‌ പദ്ധതിയെന്ന ഉഡായിപ്പുമായി വന്നിരിക്കുന്നത്‌. വര്‍ഷത്തില്‍ നൂറു ദിവസത്തേക്കാണ്‌ ഈ ഉറപ്പ്‌ നല്‍കുന്നത്‌.

ഒരുദിവസത്തെ കൂലി നൂറ്റിയിരുപത്തിയഞ്ച്‌ രൂപ!

റിയാലിറ്റി ഷോകളിലേക്ക്‌ എസ്സെമ്മസ്‌ അയക്കാന്‍ തികയില്ല, ഈ പെരുത്ത ശമ്പളം!

ആസൂത്രകന്മാര്‍ക്കൊരു വിവരവുമില്ല. കേരളത്തില്‍ കാക്കയാട്ടാന്‍ നിന്നാല്‍ പോലും വൈകുന്നേരമാകുമ്പോള്‍ പത്തിരുന്നൂറ്റമ്പതു രൂപ കിട്ടുന്ന സ്ഥിതിയുണ്ട്‌. പറവൂരില്‍ വാട്ടര്‍ കണക്ഷന്‌ വെറുതേ ക്യൂ നിന്നാല്‍ കിട്ടും ഡെയ്‌ലി 300 രൂപ. അന്നേരമാണ്‌ നൂറ്റിരുപത്തിയഞ്ചു രൂപയുടെ കേന്ദ്രസര്‍ക്കാര്‍ ജോലി കൊണ്ടുവന്നിരിക്കുന്നത്‌!

മലയാളികള്‍ക്കിപ്പോള്‍ തൊഴിലെടുക്കാന്‍ അറപ്പാണ്‌. അതിനാലാണ്‌ തൊഴിലറപ്പ്‌ എന്നു പറയുന്നത്‌.

തൊഴിലിനോട്‌ അറപ്പുണ്ടാക്കിയത്‌ സര്‍ക്കാരുകള്‍ തന്നെയാണ്‌. രാഷ്ട്രപതിയായിരുന്ന അബ്ദുള്‍കലാം മുതല്‍ പഞ്ചായത്ത്‌ മെമ്പര്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ വരെ മൈക്കുകൈയില്‍ കിട്ടിയാല്‍ 'വല്യവല്യ സൊപ്പനങ്ങള്‍ കാണണമെന്നാണ്‌ പുതു തലമുറയെ ഉപദേശിക്കുന്നത്‌!

വല്യവല്യ സൊപ്പനങ്ങള്‍ കണ്ടുവളര്‍ന്ന പിള്ളേര്‍ എങ്ങിനെയാണ്‌ കുട്ടയും മണ്‍വെട്ടിയും കയ്യിലെടുക്കുന്നത്‌.

നൂറ്റിയിരുപത്തഞ്ചുരൂപ കൊണ്ട്‌ വല്യവല്യ സൊപ്പനങ്ങള്‍ പോയിട്ട്‌ വിനീത്‌ ശ്രീനിവാസന്റെ സൈക്കിള്‍ ചവിട്ട്‌ കാണാന്‍ പോലും തികയുമോ?

സൊപ്പനങ്ങള്‍ സാക്ഷാത്കരിക്കാന്‍ കക്കാന്‍ തന്നെ പോണം. കക്കാന്‍ പോകാന്‍ മുതല്‍മുടക്ക്‌ യാതൊന്നുമില്ല. വിദ്യഭ്യാസ യോഗ്യത വേണ്ട, സൗന്ദര്യം വേണ്ട. അഞ്ചുപൈസ കൊടുക്കാതെയും ഒരു മോട്ടോര്‍ ബൈക്ക്‌ ലോണായി കിട്ടും. ഒരു ഹെല്‍മറ്റ്‌ സംഘടിപ്പിച്ചാല്‍ ഇടവഴികളിലൂടെ ചീറിപ്പാഞ്ഞ്‌ ചേച്ചിമാരുടെ മാലപൊട്ടിക്കാം!

ഒരു പവന്റെ മാലപൊട്ടിച്ചാല്‍ മിനിമം പതിനായിരം രൂപ കയ്യിലിരിക്കും!

ചേച്ചിമാര്‍ വല്യവല്യ സൊപ്പനങ്ങള്‍ കണ്ടുകണ്ട്‌ കഴുത്തില്‍ പത്തമ്പതു പവന്‍ വരെ ധരിച്ച്‌ സ്വപ്നലോകത്തിലാണ്‌ നടപ്പ്‌!

ഒത്താല്‍ ഒറ്റയടിക്ക്‌ ഒരു കോടിവരെ ചുള്ളന്മാര്‍ക്ക്‌ കിട്ടിയെന്നും വരും!

കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും ഒറ്റൊരാള്‍ പോലും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പേരു നല്‍കാത്തതിന്റെ ഗുട്ടന്‍സ്‌ പുടികിട്ടിയോ?

1 comments :

  1. ഒരു “ദേശാഭിമാനി” said...

    അപ്രിയസത്യം വിളിച്ചു പറഞ്ഞതില്‍ തങ്കളോട് വളരെ നന്ദിയുണ്ട്. കോളറില്‍ “കോണകം” കെട്ടി 2000 രൂപക്കു “ഇംഗ്ലീഷില്‍ ജോലിപ്പേരുള്ള” ഒരു ജോലീ രാവിലെ 9 മണിമുതല്‍ വൈകിട്ടു 7 മണിവരെ ചെയ്യും. അല്ലങ്കില്‍ ദൂബായില്‍ വന്നു 600 ദിര്‍ഹത്തിനു “മെക്കാ‍ട്ടു” പണിക്കു പോകും.

    , “ഒക്കെ ഒരു അന്തസ്സാണേ”,
    നാട്ടില്‍ പണിക്കു ആളെ കിട്ടാനുമില്ല
    എന്നിട്ടും നാട്ടിലെ തൊഴിലില്ലായ്മക്കു ഒട്ടും കുറവുമില്ല! ഒതൊരു അത്ഭുത പ്രതിഭാസമാണു!