Monday, February 4, 2008

'അടി'യന്തരയോഗത്തില്‍ 'അടി'യോടടി

മൂത്ത കോണ്‍ഗ്രസില്‍ കരുണാകരനിഫക്ട്‌. ഹര്‍ത്താലിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ യൂത്ത്‌ കോണ്‍ഗ്രസിലും പക്ഷിപ്പനി പടരുംപോലെ പിള്ളേര്‍ അടിതുടങ്ങി.

ജില്ലാ പ്രസിഡന്റ്‌ മണിയന്‍കോടന്‌ നേരമില്ലാഞ്ഞിട്ടാവില്ല, രണ്ടു കൊല്ലമായി ജില്ലാ കമ്മറ്റി ചേരാതിരുന്നത്‌. പിന്നയോ; ലീഡറുപോയേപിന്നെ അടിച്ചുപിരിയാന്‍ പറ്റിയ കാരണങ്ങളൊന്നും കയ്യില്‍ കിട്ടാഞ്ഞിട്ടാണെന്നുവേണം അനുമാനിക്കാന്‍.

എച്ച്‌എംടി ഭൂമി ഇടപാട്‌ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനായി തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗം നേതാക്കള്‍തമ്മില്‍ പ്രക്ഷോഭം നടത്തി പിരിഞ്ഞതില്‍ ആശക്കും വകയുണ്ട്‌ പ്രത്യാശക്കും വകയുണ്ട്‌!

ഇനിയിപ്പോള്‍ രണ്ടു വിഭാഗമായി. രണ്ടു വിഭാഗത്തിനും പറ്റിയ യൂത്ത്‌ നേതാക്കളും മൂത്ത നേതാക്കളുമായി അവരായി അവരുടെ പാടായി ഇനിയങ്ങോട്ട്‌ സംഘടന മൊത്തമായും ചില്ലറയായും ശക്തിപ്പെടാന്‍ പോകുകയാണ്‌.

കമ്യൂണിസ്റ്റുകാര്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

'അടി'യന്തരയോഗം ചേര്‍ന്നാല്‍ ഇങ്ങനെയാണ്‌. അടിച്ചുപിരിയും. സൈബര്‍സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ച്‌ ആവേശഭരിതനും സമരപുളകിതനുമായ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ്‌ മണിയന്‍കോടന്‍ അടിയന്തരയോഗം വിളിച്ചതത്രെ. അടിയന്തരയോഗമായതിനാല്‍ എല്ലാ യൂത്തന്മാര്‍ക്കും എസ്‌എംഎസ്‌ വഴിയാണ്‌ വിവരമറിയിച്ചത്‌. ഗാന്ധിയുടെ ശിഷ്യന്മാര്‍ക്ക്‌ എസ്‌എംഎസ്‌ തുടങ്ങിയ പരിഷ്ക്കാരങ്ങള്‍ പിടിക്കുമോ? തനിക്ക്‌ അയച്ചുകിട്ടിയ എഴുത്തുകുത്തുകളുടെ വരെ മറുപുറത്തെഴുതിയ പിശുക്കനും ലളിതജീവിതക്കാരനുമായിരുന്നല്ലോ അവരുടെ നേതാവായിരുന്ന ഗാന്ധിജി!

ഇക്കാര്യം പറഞ്ഞായിരുന്നു അടിയന്തരയോഗത്തിലെ ആദ്യ ഇനമായ വാചകം 'അടി'. പിന്നതങ്ങ്‌ മൂത്തുമൂത്ത്‌ മൂത്ത കോണ്‍ഗ്രസുപോലെയായി. 'അടിയോടടി'!

പത്തൊന്‍പതുവയസായ ഒരു നേതാവിനെയും യൂത്ത്‌ കോണ്‍ഗ്രസിലേക്ക്‌ കൈപിടിച്ചേറ്റെടുത്ത സംസ്ഥാന പ്രസിഡന്റിനെതിരെയായി പിന്നെ പോര്‍വിളി.

ഒടുവില്‍ സൈബര്‍സിറ്റി സമരം എന്തോ ചില്ലറവാങ്ങി ഇല്ലാതാക്കാന്‍ ചില യൂത്ത്‌ നേതാക്കള്‍ ആവിഷ്ക്കരിച്ചതാണ്‌ ഈ അടിയന്തരയോഗത്തിലെ അടിച്ചുപിരിയല്‍ എന്നാരോപിച്ച്‌ കുറെ അടിയാന്മാര്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്‌!

സംഗതി ഒരുമാതിരി ജോറായെന്ന്‌ തെര്യപ്പെട്ടതോടെ മണിയന്‍കോടന്‍ യോഗം പിരിച്ചുവിട്ടു. കൂട്ടത്തില്‍ അടിയും പിരിച്ചുവിട്ടു. ഉള്ള നേരത്തെ സ്ഥലംവിട്ടു. ഇനി കോണ്‍ഗ്രസ്‌ ഉഷാറാകാന്‍ വേറാരും വേറൊന്നു ചെയ്യേണ്ട! ഉടനുണ്ടാകും കരുണാകര വിഭാഗം യൂത്ത്‌ കോണ്‍ഗ്രസ്‌ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയേ അടങ്ങൂ, അല്ലെങ്കില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയേ ഒടുങ്ങൂ!

0 comments :