Monday, February 18, 2008

ടി ബാലകൃഷ്ണന്‍ വീണ്ടും കുട്ടിക്കുരങ്ങാകുന്നു

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഒരിക്കല്‍ കൂടി ഭൂമി മാഫിയയുടെയും അവരെ സംരക്ഷിക്കുന്ന ചില ഇടതുപക്ഷ മന്ത്രിമാരുടെയും കുട്ടിക്കുരങ്ങനായി.

ഭൂപരിഷ്കരണ നിയമം റദ്ദാക്കിയാല്‍ ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഭൂപരിഷ്കരണ നിയമം തുടര്‍ന്നാല്‍ വ്യവസായ മുരടിപ്പായിരിക്കും ഫലമെന്നും ഇപ്പോള്‍ത്തന്നെ അതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഇത്തരം നിയമങ്ങള്‍ ഭൂമി മാഫിയ ശക്തിപ്പെടാനാണ്‌ പരിസരം ഒരുക്കുന്നതെന്നും ടി ബാലകൃഷ്ണന്‍ പറഞ്ഞുവെച്ചു; അല്ല ബാലകൃഷ്ണനെക്കൊണ്ട്‌ എളമരം കരീം അടക്കമുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പറയിപ്പിച്ചു.

ശനിയാഴ്ച എറണാകുളത്ത്‌ ബോധാനന്ദ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അബാദ്പ്ലാസയില്‍ കെസി മാമന്‍ മാപ്പിള സ്മാരക പ്രഭാഷണം നടത്തുന്നതിനിടയിലാണ്‌ ബാലകൃഷ്ണന്റെ പുതിയ വെളിപാട്‌ പുറത്തുവന്നത്‌.

കേരളം നേടിയ ഏറ്റവും അഭിമാനാര്‍ഹമായ നേട്ടവും ഇന്ത്യക്കാകെ മാതൃകയായ നിയമവുമായിരുന്നു ഭൂപരിഷ്കരണ നിമയം. ബാലകൃഷ്ണന്‍ അവകാശപ്പെടുന്നതുപോലെ ഈ നിയമത്തിലൂടെ ലക്ഷക്കണക്കിന്‌ പാവപ്പെട്ടവര്‍ക്ക്‌ ഭൂമിയിന്മേല്‍ അവകാശം ലഭിച്ചു. എന്നാല്‍ 65ലെ ഈ നിയമം അതിന്റെ ലക്ഷ്യം ഇതുവരെ പൂര്‍ണ്ണമായും നേടിയിട്ടില്ല. ഇപ്പോഴും സര്‍ക്കാരിനവകാശപ്പെട്ട മിച്ചഭൂമി ടാറ്റയും പോബ്സണും അടക്കമുള്ള വന്‍കിട തോട്ടമുടമകളുടെ കൈവശമാണിരിക്കുന്നത്‌. ഈ മിച്ചഭൂമി പിടിച്ചെടുത്ത്‌ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്‌ ഇനിയും വീതിച്ചുകൊടുക്കേണ്ടതുണ്ട്‌. മിച്ചഭൂമിയുടെ 87 ശതമാനം ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക്‌ നല്‍കണമെന്നും ഇതില്‍തന്നെ 50 ശതമാനം ഭൂമി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‌ നീക്കി വയ്ക്കണമെന്നും ലക്ഷ്യമിട്ടിരുന്നു. ആ സദുദ്ദേശ്യം രാഷ്ട്രീയവും സാമ്പത്തികവും സമ്മര്‍ദ്ദപരവുമായ കാരണങ്ങളാല്‍ ഇതുവരെ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. ഇന്നും ഒരുതുണ്ട്‌ ഭൂമിക്കുവേണ്ടി ആദിവാസികള്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

പശ്ചാത്തലം ഇതായിരിക്കെ സംസ്ഥാനത്ത്‌ ഭൂപരിഷ്കരണ നിയമം റദ്ദാക്കിയാല്‍ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലെന്ന്‌ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട്‌ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ചിലര്‍ പറയിപ്പിക്കുമ്പോള്‍ അതിനു പിന്നിലെ ഗൂഢോദ്ദേശ്യം സുവ്യക്തമാണ്‌. എച്ച്‌എംടി ഭൂമി ഇടപാടില്‍ എളമരം കരീമടക്കമുള്ളവര്‍ പിടിച്ച പുലിവാലില്‍ നിന്ന്‌ രക്ഷപെടാനുള്ള ഏറ്റവും ഗര്‍ഹണീയമായ നീക്കമാണ്‌ ബാലകൃഷ്ണനിലൂടെ നടത്തിയത്‌. ഇതിനുമുമ്പ്‌ വ്യവസായ സെക്രട്ടറിയായിരിക്കെ ചീഫ്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലും ബാലകൃഷ്ണന്‍ ഇതേ ആവശ്യം ഉന്നയിച്ചതാണ്‌. അന്ന്‌ വിഷയം വിവാദമായപ്പോള്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച ഉണ്ടാകാന്‍ വേണ്ടിയാണ്‌ അങ്ങനെ അഭിപ്രായപ്പെട്ടതെന്നായിരുന്നു ബാലകൃഷ്ണന്റെ വിശദീകരണം. ശനിയാഴ്ചയിലെ പ്രഖ്യാപനത്തിന്‌ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്‌. ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച്‌ വ്യക്തിപരമായ അഭിപ്രായമാണ്‌ താന്‍ പ്രകടിപ്പിച്ചതെന്ന നിലപാടിലാണ്‌ ബാലകൃഷ്ണന്‍.

ഇവിടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്ക്‌ പുലര്‍ത്തേണ്ട ഉത്തരവാദിത്തവും നിയന്ത്രണവുമാണ്‌ ബാലകൃഷ്ണന്‍ ലംഘിച്ചിരിക്കുന്നത്‌. ഭൂപരിഷ്കരണ നിയമം സര്‍ക്കാരിന്റെ നയപരമായ വിഷയമാണ്‌. ഇതില്‍ അഭിപ്രായം പറയേണ്ടത്‌ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ ആണ്‌. നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുന്നതിനുമുമ്പ്‌ നിയമസഭയില്‍ വിഷയം അവതരിപ്പിച്ച്‌ ജനപ്രതിനിധികളുടെ അഭിപ്രായം ആരായേണ്ടതുമുണ്ട്‌. ഈ ഔദ്യോഗിക നടപടി ക്രമങ്ങളാണ്‌ ബാലകൃഷ്ണന്‍ രണ്ടുതവണയായി ലംഘിച്ചിരിക്കുന്നത്‌. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന്‌ സര്‍ക്കാരിന്റെ നയപരമായ കാര്യത്തില്‍ ഇത്തരം പ്രതിലോമകരമായ അഭിപ്രായം പറയണമെങ്കില്‍ ബാലകൃഷ്ണന്‌ മന്ത്രിസഭയിലേയും ഇടതുമുന്നണിയിലേയും ഉന്നതന്മാരില്‍ ചിലരുടെ പിന്‍തുണ ഉണ്ടെന്നുതന്നെയാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌.

എച്ച്‌എംടി ഭൂമി ഇടപാട്‌ വിവാദമായ സാഹചര്യത്തില്‍ ഒരുമുഴം മുന്നിലെറിയുകയായിരുന്നു, ബാലകൃഷ്ണന്റെ അഭിപ്രായപ്രകടനത്തിലൂടെ, എളമരം കരീമും കൂട്ടരും. ലാന്റ്‌ റിഫോംസ്‌ ആക്ടും ലാന്റ്‌ അക്വിസിഷന്‍ ആക്ടും കടലും കടലാടിയും പോലെ വ്യത്യസ്തമാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ ബാലകൃഷ്ണന്‍ ഈ പ്രസ്താവന നടത്തിയതെന്ന്‌ ഞങ്ങള്‍ക്ക്‌ സംശയമില്ല. മൂലധന സമാഹരണത്തിനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കാനും നിലവിലിരിക്കുന്ന പല നിയമങ്ങളും ചട്ടങ്ങളും എളമരം കരീം അടക്കമുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ക്ക്‌ സഹായകമല്ല. അതുകൊണ്ട്‌ ആ നിയമങ്ങളെയും ചട്ടങ്ങളെയും മറികടക്കാന്‍ ചില ഗൂഢതന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്‌. ആ നിലയ്ക്കുള്ള നീക്കമാണ്‌ ബാലകൃഷ്ണന്‍ എന്ന കുട്ടിക്കുരങ്ങനിലൂടെ ബന്ധപ്പെട്ടവര്‍ നടത്തുന്നത്‌.

ബ്ലൂസ്റ്റാര്‍ റിയല്‍ടേഴ്സിന്‌ എച്ച്‌എംടി വിറ്റ 70 ഏക്കര്‍ സ്ഥലത്തിന്റെ പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ ചീഫ്‌ സെക്രട്ടറി പിജെ തോമസിന്റെ നേതൃത്വത്തില്‍ റവന്യൂ സെക്രട്ടറിയും നിയമ വകുപ്പ്‌ സെക്രട്ടറിയും നല്‍കിയ ശിപാര്‍ശ മറികടക്കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ സുധാകരപ്രസാദിന്റെ ഉപദേശം തേടിയതും ബാലകൃഷ്ണനെക്കൊണ്ട്‌ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തിയതും ഒരേ ലക്ഷ്യത്തോടെയാണ്‌. വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ ഈടുവയ്പ്പുകള്‍ മൂലധന ശക്തികള്‍ക്ക്‌ വിറ്റുതുലച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റാനുള്ള നിന്ദ്യവും നികൃഷ്ടവുമായ നീക്കങ്ങളാണ്‌ ഇതിനെല്ലാം പിന്നിലുള്ളത്‌.

0 comments :