Tuesday, February 12, 2008

ഭാഗ്യം പ്രസവിക്കുമ്പോള്‍

പ്രസവിക്കണമെങ്കില്‍ ഭാഗ്യവാനെ പ്രസവിക്കണം. ശൂരനെയോ പണ്ഡിതനെയോ പ്രസവിച്ചാല്‍ അമ്മയ്ക്ക്‌ വയസാംകാലത്ത്‌ കഞ്ഞികിട്ടണമെന്നില്ല എന്നാണ്‌ പാഠം.

കേരളത്തില്‍ കുറെയധികം പൗരന്മാര്‍ ദരിദ്രനാരായണന്മാരായി പോയത്‌ അവന്മാരുടെ ഭാഗ്യകേട്‌ ഒന്നുകൊണ്ടുമാത്രമാണ്‌. ഇക്കാര്യത്തില്‍ തര്‍ക്കമുള്ളവര്‍ക്ക്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കുമായി തര്‍ക്കിക്കാവുന്നതാണ്‌.

കേരളത്തിലെ നിര്‍ഭാഗ്യവാന്മാരെ കരയ്ക്കുകയറ്റണമെന്ന്‌ ആദ്യം തോന്നിച്ചത്‌ സാക്ഷാല്‍ ഇഎംഎസിനാണ്‌. അതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചത്‌.

കാലം ഒരുപാട്‌ മുന്നോട്ടുപോയി. ഒരുപാട്‌ അത്താഴപട്ടിണിക്കാര്‍ ലക്ഷാധിപതികളായി. ഒരുപാട്‌ കള്ളപ്പണം കയ്യിലുള്ളവര്‍ ലോട്ടറി അടിച്ച പട്ടിണിക്കാരന്‌ മുഴുവന്‍ തുക നല്‍കി ടിക്കറ്റ്‌ തങ്ങളുടെപേരില്‍ മാറ്റി വെള്ളപ്പണമാക്കി!

അതിനിടെ കേരളീയരെ ഭാഗ്യവാന്മാരാക്കാന്‍ ഓണ്‍ലൈന്‍, ഒറ്റനമ്പര്‍ ലോട്ടറി നമ്പറുകളുമായി അന്യസംസ്ഥാനങ്ങളും രംഗത്തുവന്നു. കൂലിവേല ചെയ്തുകിട്ടിയ കാശുമുഴുവനും കൊണ്ടുകൊടുത്ത്‌ ഭാഗ്യക്കുറി വാങ്ങി ചിലര്‍. ബ്ലേഡില്‍നിന്ന്‌ കടമെടുത്ത്‌ ഒറ്റനമ്പര്‍ എടുത്തു മറ്റുചിലര്‍. ഭാര്യയുടെ കെട്ടുത്താലി വിറ്റും ഭാഗ്യം ഉരച്ചുനോക്കി വേറെ ചിലര്‍.

സോഷ്യലിസം വിചാരിച്ചപോലെ എളുപ്പത്തില്‍ നടപ്പാക്കാനാവില്ലെന്ന്‌ ജ്യോതിബസു മുതല്‍ എളമരം കരീം വരെ കണ്ടുപിടിച്ചുകഴിഞ്ഞു. ഇനിയിപ്പോള്‍ മുതലാളിത്തത്തെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ഒരൊറ്റ നമ്പറേയുള്ളൂ. എല്ലാവരും മുതലാളിമാരാകുക എന്നതാണ്‌ ആ നമ്പര്‍. അതിന്‌ സര്‍ക്കാരിനുമുന്നില്‍ ഒറ്റ വഴിയേയുള്ളൂ. ഭാഗ്യക്കുറി തന്നെയാണ്‌ ആ വഴി!

വൈകിയാണെങ്കിലും ഈ ബുദ്ധി ഉദിച്ചതിന്‌ തോമസ്‌ മാഷിനെ നാം സ്തുതിക്കണം. ചത്തുമണ്ണടിഞ്ഞതിനുശേഷം മോക്ഷം കിട്ടുമെന്ന്‌ പള്ളീലച്ചന്മാര്‍ പട്ടിണിപാവങ്ങളെ ഉപദേശിക്കുംപോലെ 'കിട്ടാനുള്ളത്‌ പുതിയൊരു ലോകം' എന്ന്‌ മുദ്രാവാക്യം വിളിപ്പിച്ച്‌ അണികളെ?എത്രകാലം കൂടെ നടത്താനാകും!

കട്ടന്‍ചായയും പരിപ്പുവടയും കൊടുത്താല്‍ ആരും ആരുടെ കൂടെയും ഇറങ്ങിച്ചെല്ലില്ല. മാസങ്ങള്‍ക്കുമുന്‍പേ സഖാവ്‌ ജയരാജന്‍ പറഞ്ഞതാണ്‌ ശരി. നാട്ടാരെല്ലാം ദിവസവും ചിക്കന്‍സൂപ്പ്‌ കഴിക്കുന്ന നല്ല കാലത്തിനുവേണ്ടി സൗകര്യംപോലെ പ്രാര്‍ഥിക്കുകയോ പ്രവര്‍ത്തിക്കുകയോ ആകാം!

നിലവിലുള്ള ഭാഗ്യക്കുറികള്‍കൊണ്ടുമാത്രം കേരളീയരെ മൊത്തം ഭാഗ്യവാന്മാരാക്കാനാവില്ലെന്ന്‌ കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ നമ്മുടെ സര്‍ക്കാര്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അക്ഷയ, ഐശ്വര്യ, അമൃത എന്നിങ്ങനെ പുതിയ മൂന്ന്‌ ഭാഗ്യക്കുറികള്‍കൂടി ഈയാഴ്ചമുതല്‍ പിറവിയെടുത്തിരിക്കുന്നു.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ അടക്കം നാനാജാതിമതസ്ഥരും പാര്‍ട്ടിക്കാരുമായ സകലദരിദ്രവാസികള്‍ക്കുമായി ഭാഗ്യദേവത തുനിഞ്ഞിറങ്ങിക്കഴിഞ്ഞു!

'നിന്നെയോക്കെ പഠിപ്പിക്കാന്‍വിട്ട നേരത്ത്‌ രണ്ടു വാഴവയ്ക്കാന്‍ തോന്നിയില്ലല്ലോ' എന്ന്‌ വയസാന്‍കാലത്ത്‌ മക്കളെനോക്കി തലയില്‍കൈവച്ച്‌ പ്രാകേണ്ടിവരാതിരിക്കാന്‍ ഇന്നുതന്നെ മക്കളുടെ പഠിത്തം നിറുത്തുക!

കൈയിലുള്ള കാശിന്‌ ഭാഗ്യക്കുറിയെടുക്കുക! ഭാഗ്യദേവത മാടിവിളിക്കുന്നു! നാളെയാണ്‌...നാളെയാണ്‌....നാളെയാണ്‌... നിങ്ങള്‍ ഒരു കോടീശ്വരനാകാന്‍ പോകാന്‍ തുടങ്ങുന്നത്‌!

0 comments :