ആര്‍ഭാടത്തിന്റെ; കാപട്യത്തിന്റെ; സംസ്ഥാന സമ്മേളനം
"കമ്മ്യൂണിസ്റ്റ്കാരെക്കുറിച്ച് ചിലര്‍ക്കെല്ലാം ചില ധാരണയുണ്ട്. കുളിക്കാതെ, നനയ്ക്കാതെ; താടിയും മുടിയും വളര്‍ത്തി, കട്ടന്‍ചായയും കുടിച്ച് ഒരു പരിപ്പുവടയും തിന്ന്.... അങ്ങനെ പാര്‍ട്ടി വളര്‍ത്തിയാല്‍ ഒരാളെയും ഇന്ന് കിട്ടില്ല." സഖാവ് ഇ.പി. ജയരാജന്‍ കുറേ നാളുകള്‍ക്കുമുമ്പ് ഇങ്ങനെ രോഷം കൊണ്ടത് തല്‍സമയം കാണാന്‍ കേരളീയര്‍ക്കെല്ലാം ഭാഗ്യമുണ്ടായി. അന്നത്തെ ആ രോഷത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള വിവര്‍ത്തനമാണ് കോട്ടയം നഗരത്തില്‍ ഇപ്പോള്‍ ദൃശ്യമായിട്ടുള്ളത്.
19-ാം പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ച് കോട്ടയത്ത് നടക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം, ആഡംബരത്തിന്റെയും ആഘോഷങ്ങളുടെയും പണക്കൊഴുപ്പിന്റെയും വിനോദങ്ങളുടെയും സമാനതകളില്ലാത്ത പ്രദര്‍ശനമാണ്. തോരണം മുതല്‍ വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൊബെയില്‍ ജാമറുകളില്‍ വരെ ഈ പണക്കൊഴുപ്പ് പ്രത്യക്ഷത്തില്‍തന്നെ ദൃശ്യമാണ്.
നഗരഹൃദയം ഇപ്പോള്‍ കടുംചുവപ്പണിഞ്ഞ് പരിലസിക്കുകയാണ്. പ്രതിനിധിസമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാളില്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിയര്‍ക്കാതെ പാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പുതിയ തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. മാറിയ കാലത്തിനനുസരിച്ച് കോലം കെട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പട്ടിപോലും അംഗമാവില്ലെന്ന സഖാവ് ജയരാജന്റെ തിരിച്ചറിവ് ഇത്രയ്ക്ക് കണിശമായി നടപ്പിലാക്കുമെന്ന് ആരും കരുതിയതല്ല.
ഇന്ത്യയില്‍ ഏറ്റവുമധികം മൂലധനമുള്ള (4000 കോടിയിലധികം) ഒരു വിപ്ലവപാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം ഇങ്ങനെയെങ്കിലും ആയിരിക്കണമെന്നതില്‍ സംശയമില്ല. മാറ്റത്തിന്റെ ഈ പാതയിലേക്ക് പാര്‍ട്ടി ഇറങ്ങിയതുകൊണ്ടാണ് 20,000 ത്തിലധികം അംഗങ്ങളെ ലഭിച്ചതെന്ന് പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അഭിമാനപൂവ്വം എടുത്തുപറയുന്നുണ്ട്.
മാറ്റത്തിന്റെ ഈ കാറ്റ് ഏല്‍ക്കാനോ അതിന്റെ സ്രോതസ് അംഗീകരിക്കാനോ മനസില്ലാത്ത അച്യുതാനന്ദനെ സമ്മേളന പ്രതിനിധികള്‍ നിര്‍ത്തിപ്പൊരിച്ചത് അതുകൊണ്ടാണ്. അധ്വാനവര്‍ഗ്ഗ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രപരമായ സുതാര്യതയൊന്നും പാര്‍ട്ടിക്ക് പഥ്യമായ കാര്യങ്ങളല്ല. ഫാരിസ് അബുബക്കറും സാന്റിയാഗോ മാര്‍ട്ടിനും എളമരം കരീമുമൊക്കെയാണ് പുതിയ 'മൂലധന' സിദ്ധാന്ത രചയിതാക്കള്‍. അതുകൊണ്ടാണ് ഫാരിസ് അബുബക്കറെ വേണ്ടപ്പെട്ടവനും ഫാരിസിനെ വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ച അച്യുതാനന്ദനെ വിഭാഗിയതയുടെ ആശാനുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പിണറായി അവതരിപ്പിച്ചത്.
അച്യുതാനന്ദന്റെ നടപടികള്‍ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അവമതിച്ചു എന്ന് വിലപിക്കുന്ന പിണറായിയുടെ കണ്ണ് ഇ.പി.ജയരാജനിലും സാന്റിയാഗോ മാര്‍ട്ടിനിലും ഫാരിസിലുമൊന്നും പതിക്കാതിരുന്നത് ബോധപൂര്‍വ്വമാണ്. കാരണം എസ്‌എന്‍സി ലാവ്ലിന്‍ അഴിമതിയുടെ നാലയലത്തെത്തുകയില്ല കുട്ടിവേഷങ്ങളുടെ ഈ ഇളകിയാട്ടം. അഗ്നിശുദ്ധി നേടിയവരായി, അലക്കിത്തേച്ച വസ്ത്രങ്ങളും ഡൈ ചെയ്ത തലകളുമായി ശീതീകരിച്ച മുറിയിലിരുന്ന് ഈ വിപ്ലവാചാര്യന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് പഴിയെല്ലാം അച്യുതാനന്ദന്റെ തലയില്‍ ചാര്‍ത്തിക്കൊടുക്കാന്‍ മാത്രമാണ്.
വിനോദങ്ങളുടെയും ആഘോഷങ്ങളുടെയും ഹൈടെക് വിഭവങ്ങളാണ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ അവയെല്ലാം ശരിക്ക് ആസ്വദിക്കുന്നുമുണ്ട്. വര്‍ഗ്ഗസമരത്തിലൂന്നിയ സമര-പ്രക്ഷോഭങ്ങളെക്കാള്‍, അധിനിവേശ ശക്തികള്‍ ജനങ്ങളെ മയക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം കറുപ്പുതന്നെയാണ് പാര്‍ട്ടി വളര്‍ത്താന്‍ ഗുണകരമെന്ന തിരിച്ചറിവും ഈ സമ്മേളനവേദിയിലും നഗരിയിലും വ്യക്തമാണ്.
ക്രൈസ്തവസഭകളുമായി പ്രത്യേകിച്ച് കത്തോലിക്ക സഭയുമായി തുറന്ന ഏറ്റുമുട്ടലിലാണ് പാര്‍ട്ടിയും പാര്‍ട്ടിപത്രവും പിണറായി വിജയനും. എന്നാല്‍ സമ്മേളന നഗരി അലങ്കരിക്കാനും സമ്മേളനവേദിയുടെ മോടികൂട്ടാനും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകളിലിരുന്ന് മദര്‍തെരേസ മന്ദഹസിക്കുന്നതു കാണുമ്പോള്‍ സഖാക്കളുടെ കറതീര്‍ന്ന കാപട്യമാണ് ജനങ്ങള്‍ മനസിലാക്കുന്നത്. മദര്‍തെരേസക്കൊപ്പം സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ സഖാക്കളുടെ പുതിയ വളര്‍ച്ചക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നഗരവീഥികളില്‍ അണിനിരന്നിട്ടുണ്ട്. വാര്‍ത്താപ്രാധാന്യം നേടാനും പ്രകോപനങ്ങള്‍ നിരന്തരം സൃഷ്ടിക്കാനും മതത്തെയും അതിന്റെ ആചാര്യന്മാരെയും നിരന്തരം ആക്രമിക്കുകയും വോട്ടും പിന്‍തുണയും നേടാന്‍ അവരുടെ ചിത്രങ്ങള്‍ ബഹുവര്‍ണ്ണത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാധിഷ്ഠിത അടവുനയമാണ് പിണറായിയും കൂട്ടരും കൗശലപൂര്‍വ്വം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടിയെ തകര്‍ക്കുന്ന കമ്മിസാര്‍മാരെക്കുറിച്ചും അവരുടെ കപടവിപ്ലവ ഭാവങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും ലെനിന്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം എക്സ്പയറി ഡേറ്റ് കഴിഞ്ഞ പ്രതിരോധ ഔഷധങ്ങളാണെന്ന് ഈ സഖാക്കള്‍ തിരിച്ചറിഞ്ഞു എന്നതിന്റെ വിവര്‍ത്തനം കൂടിയാണ് ആര്‍ഭാടത്തിന്റെയും കാപട്യത്തിന്റെയും ഈ സംസ്ഥാനസമ്മേളനം.
ലാല്‍ സലാം സഖാക്കളെ....
0 comments :
Post a Comment