മാറാപ്പ് ഭവാന്റെ നെഞ്ചത്തും!!
'മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍....'
പണ്ട് പണ്ട്, പത്തുനാന്നൂറുകൊല്ലം പണ്ട്,
പൂന്താനം പാടിയ ഈ വരികള്‍ അന്നുമുതലിന്നുവരെ നാടുവാണുവന്ന സകല മന്നന്മാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. എന്നാണ് ആ മാറാപ്പ് തന്റെ തോളില്‍ കേറ്റുന്നതെന്നോര്‍ത്ത് പരമാവധി പൊന്നും പണവും ഭാര്യയുടേയും മക്കളുടെയും സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും ബിനാമികളുടെയും ഒക്കെയൊക്കെ പേരുകളില്‍ സ്വന്തമാക്കിവയ്ക്കാന്‍ മന്നന്മാര്‍ ഉത്സാഹിച്ചും പോന്നിട്ടുണ്ട്.
കേരളം വാഴുന്ന മന്നന്മാരുടെ തോളില്‍ അഞ്ചുകൊല്ലത്തിലൊരിക്കല്‍ മാറാപ്പുവച്ചു കൊടുക്കുന്ന ഭവാന്‍ ആളു ചില്ലറക്കാരനല്ലായെന്ന് സകല മന്നന്മാരും അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.
അങ്ങനെയിരിക്കണ നേരത്ത് ഭവാനും ഭവാന്റെ ഭക്തനായ പൂന്താനത്തിനും ഒരു പണിവെച്ചു കൊടുക്കാന്‍ അവസരം കിട്ടിയാല്‍ മന്നന്മാര്‍ വെറുതെയിരിക്കുമോ? പൂന്താനം എന്നൊരാള്‍ ജീവിച്ചിരുന്നതായി സര്‍ക്കാര്‍ രേഖകളില്ലെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ മഹാനുഭാവന് വേറൊരു ദുരുദ്ദേശവും ഉണ്ടായിക്കാണില്ല.
ഇത്രനാളും ഭഗവാന്റെ ഭക്തന്മാരുടെയെല്ലാം മനസില്‍ മന്നനായി വാണ പൂന്താനത്തിന്റെ തോളില്‍ മാറാപ്പുകേറ്റി പടിയിറക്കിവിട്ടിരിക്കുന്നു ദേവസ്വം മന്നന്മാര്‍! മന്നന്മാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!
പെറ്റതള്ളയും പോറ്റിയ തന്തയും കഞ്ഞികുടിക്കുന്നുണ്ടോ, ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ തിരക്കാന്‍പോലും നേരമില്ലാതാവുന്ന 'പ്രൊഫഷണലുകള്‍' ഏറിവരുന്നൊരു നാട്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച പൂന്താനത്തിന്റെ ക്ഷേമമന്വേഷിക്കുന്നതിന് ആര്‍ക്കുണ്ട് നേരം?
പണി വരാനിരിക്കുന്നേയുള്ളൂ. കാളിദാസന്‍, എഴുത്തച്ചന്‍ തുടങ്ങി ബഷീറും പൊന്‍കുന്നവും വരെയുള്ള സകല പ്രതിഭകളും ജീവിച്ചിരുന്നുവെന്നതിന് തെളിവു ഹാജരാക്കിയില്ലെങ്കില്‍ കാണാം കളി!
പറഞ്ഞും, ചെയ്തും കൂട്ടുന്ന മണ്ടത്തരങ്ങളല്ലാതെ, തങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് യാതൊരു തെളിവും ശേഷിപ്പിക്കാന്‍ കഴിയാത്ത കഴുതരാമന്മാര്‍ മന്നന്മാരായി വാഴുന്ന നാട്ടില്‍നിന്നും സകല എഴുത്തുകാരും ഓടി രക്ഷപ്പെട്ടുകൊള്ളുക.
"സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്
നരലോകേ മഹീസുരനാകുന്നു;
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര്‍ സുരന്മാരായീടുന്നു;
അമരന്മാര്‍ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ."
എന്നു പാടിയ പൂന്താനം
"കഴുത ചത്തു
തോട്ടത്തില്‍ രവീന്ദ്രനായിടും"
എന്നുകൂടി പാടിയിരുന്നെങ്കില്‍...
0 comments :
Post a Comment