'മാട്രി മാഫിയ': സിബിഐ അന്വേഷിക്കണം
ഷെയര്‍, പോക്കറ്റ്മണി എന്നീ ചെല്ലപ്പേരുകളില്‍ ഒളിച്ചു കളിക്കുന്നു സ്ത്രീധനം. ലവള്‍ക്ക് പണ്ടത്തെ പാരമ്പര്യവും ആഭിജാത്യവും തിരികെ നല്‍കന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു 'മാട്രി മാഫിയ'!
മാര്യേജ് ബ്യുറോ, മാട്രിമോണിയല്‍ ഡാറ്റാ ബാങ്ക് എന്നൊക്കെയാണ് ഈ സെറ്റപ്പുകള്‍ അറിയപ്പെട്ടു വരുന്നത്.
മാഫിയാ സംഘങ്ങള്‍ക്ക് വളവും കൂറുമുള്ളതാണല്ലോ കേരളക്കര. 'തന്റേതല്ലാത്ത കാരണത്താല്‍' വിവാഹമോചിതരായവരേയും പുര നിറഞ്ഞ് ഉത്തരം പൊളിയാറായവരേയും തെരഞ്ഞ് പിടിച്ച് സര്‍വ്വീസ് ചെയ്തിരുന്നു ബ്യൂറോകള്‍. ഇന്നവയുടെ പിടിപ്പ് സാക്ഷാല്‍ ബ്യൂറോയെ (സിബിഐ) വെല്ലുന്ന സ്ഥിതിയായിരിക്കുന്നു!
പെമ്പിള്ളാര് വയസ്സറിയിക്കുന്നത് വിളിച്ചറിയിച്ച് പണി തുടങ്ങുന്നു ഏജന്റുമാര്‍. ഗള്‍ഫീന്ന് ലീവ് കിട്ടുന്നതിനു മുന്നേ പെണ്ണുകാണല്‍ ഫിക്സ് ചെയ്യുന്നു. നാട്ടിലുള്ള പെണ്ണിന്റേം ചെക്കന്റേം സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ തെരഞ്ഞു പിടിക്കുന്നു മറ്റൊരു കൂട്ടര്‍. എല്ലാത്തിനും രജിസ്ട്രേഷന്‍ നിര്‍ബന്ധം. വാലിഡിറ്റി 2 വര്‍ഷം!
കേരളത്തില്‍ നിലവിലുള്ള ജാതിപ്പേരുകള്‍ അറിയാന്‍ ചില ബ്യൂറോകളില്‍ ചെന്നാല്‍ മതി. വെണ്ടയ്ക്കാ അക്ഷരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ജാതിപ്പേരുകള്‍ക്ക് അടിയില്‍ കാണാം ജാത്യാടിസ്ഥാനത്തില്‍ ഫയലുകള്‍! രജിസ്ട്രേഷന്‍ നിര്‍ബന്ധം.
തുറന്നു പറയാന്‍ മടിയുള്ളത് എഴുതിക്കാണിക്കാം ബ്യൂറോയില്‍. ഫോറത്തില്‍ എല്ലാത്തിനും കോളങ്ങള്‍ റെഡി. ആസ്തിയും ആസക്തിയും രേഖപ്പെടുത്താം!
ജാതകം ചേര്‍ത്തിയെടുക്കാന്‍ മാത്രമല്ല സോഫ്റ്റ്‌വെയര്‍. ആസ്തിയും ആസക്തിയും തമ്മില്‍ ചേര്‍ത്ത് കമ്മീഷന്‍ ചോര്‍ത്തിയെടുക്കാന്‍ വരെ ഉണ്ട് സോഫ്റ്റ്‌വെയര്‍!
ഈ സോഫ്റ്റ്‌വെയര്‍ പറ്റിച്ച പണിയാത്രേ ഇരിങ്ങാലക്കുട സംഭവം; ചേറ്റുപുഴ ചിറ്റിലപ്പിള്ളി ജോസിനേയും മോന്‍ ജോമോനെയും മരുമോന്‍ ജോസിനേയും ഫ്ലീറ്റീടപ്പന്റെ പരാതിയില്‍ പോലീസ് അകത്താക്കിയത്.
ഫ്ലിറ്റീടപ്പന്റെ ആസ്തിക്കോളത്തില്‍ 60 ലക്ഷം രൂപ. അതില്‍ ജോമോന്റേം അപ്പന്റേം ആസക്തിയും ബ്യൂറോക്കാരന്റെ കമ്മീഷനും ചേര്‍ത്ത് ഗണിച്ചപ്പോള്‍ കിട്ടിയത് 120 പവനും 25 ലക്ഷവും. ഗണിതഫലം ഫ്ലീറ്റീടപ്പന്‍ അറിയാതെ ജോമോന്റപ്പനു നല്‍കി ബ്യൂറോക്കാരന്‍! അലമ്പുണ്ടാവുന്നതിനു മുന്നേ കമ്മീഷന്‍ കൈപറ്റി സ്ഥലം കാലിയാക്കാനും മറന്നില്ല!
ഫ്ലീറ്റി പണ്ടു മുതലേ സ്ത്രീധന വിരോധിയും പള്ളീലും പള്ളിക്കൂടത്തിലും മിറ്റേം സ്ത്രീധനവിപത്തിനെതിരെ പടപൊരുതിയവളുമാണെന്നത് മാഫിയക്ക് നോ പ്രോബ്ലം!
മുന്‍പൊരിക്കല്‍, കൂട്ടുകാരന്റെ ബ്യൂറോയിലെ ഫോറത്തില്‍ മുന്തിയ തുക തന്നെ കമ്മീഷനായി എഴുതി ചെക്കന്‍. രജിസ്ട്രേഷന്‍ പോലും തരാത്ത ഇവന്‍ ചില്ലിക്കാശ് കമ്മീഷനായി തരില്ല എന്ന് ബ്യൂറോക്കാരന്‍ ഗണിച്ചു. പെണ്ണിന്റപ്പന്റെ കമ്മീഷനില്‍ മാത്രം കണ്ണുവച്ചു. കണക്കുകൂട്ടല്‍ തെറ്റിച്ച് മറുബ്യൂറോ ചാടിയ ചെക്കനിട്ട് പണികൊടുത്തു കൂട്ടുകാരന്‍. ഫോറത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടു, കൂടിയ തുക കമ്മീഷനായി വാഗ്ദാനം ചെയ്ത ഇവന് കാര്യമായ സ്പെല്ലിംഗ് മിസ്റ്റേക്കുണ്ട് എന്ന ഫ്ലാഷ് ന്യൂസോടെ!
നിശ്ചിത കാലാവധിയുള്ള രജിസ്ട്രേഷനുകളില്‍ നിന്നു മാത്രം ലക്ഷങ്ങള്‍ കൊയ്യാം മാഫിയക്ക്. ആണുങ്ങളുടെ വിവാഹപ്രായം 18 ആക്കാനുള്ള ശുപാര്‍ശയ്ക്കു പിന്നിലെ 'മാട്രി മാഫിയ' ബന്ധം വെളിച്ചത്തു കൊണ്ടുവരാന്‍ ഉടന്‍ പ്രഖ്യാപിക്കൂ ഒരു സിബിഐ അന്വേഷണം!
0 comments :
Post a Comment