മൂലമ്പിള്ളിക്കാരെക്കൊണ്ട് ആര്‍ക്കെന്തു പ്രയോജനം?
ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകും. മൂലമ്പിള്ളി ചീയുന്നത് സ്മാര്‍ട്ട്കൊച്ചിക്കും വളമാകും.
കൊച്ചിയിലെ കമക്കുടിയില്‍ മൂലമ്പിള്ളി എന്ന കൊച്ചുദ്വീപില്‍ കഴിയുന്ന മനുഷ്യരെകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?
ബുദ്ധിജീവികളെകൊണ്ട് എന്തു പ്രയോജനം? എന്നു ചോദിച്ചത് വിശ്വസാഹിത്യകാരന്‍ സക്കറിയ അവര്‍കളാണ്. ആ ഡയലോഗില്‍തൂങ്ങി കേരളത്തിലെ നാലക്ഷരം അറിയാവുന്ന സകലവന്മാരും ഒരു മാസമാണ് ആഘോഷം നടത്തിയത്.
മൂലമ്പിള്ളിക്കാരെ നിഷ്കാസനം ചെയ്യുമ്പോള്‍ ഉയരുന്ന ചോദ്യം ഒരു ദിനംപോലും നീണ്ടുനില്‍ക്കില്ലെന്നതാണ് കാര്യം!
ഇന്നലെ 24 കുടുംബങ്ങളാണ് ജില്ലാ ഭരണകൂടം സര്‍വസന്നാഹങ്ങളോടെ തകര്‍ത്തെറിഞ്ഞത്.
ആരാന്റെ വീട് തകര്‍ത്തെറിയുന്നത് കാണുന്നതും ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചത് കാണുന്നതും മലയാളിക്ക് ചിരിയാണ് വരുത്തുക.
തൊണ്ണൂറെത്തിയ അമ്മമാരേയും പ്രസവദിനം കാത്തിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയേയും എട്ടുംപൊട്ടും തിരിയാത്ത കൊച്ചുമക്കളേയും വളഞ്ഞുപിടിച്ച് തെരുവിലേക്കെറിയുന്നതിനേയും വികസനം എന്നുപറയുമെന്നാണ് മുഹമ്മദ് ഹനീഷ് എന്ന ജില്ലാ കലക്ടര്‍ പഠിപ്പിക്കുന്നത്.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിച്ച നയനമനോഹര കാഴ്ചകള്‍ കണ്ടാസ്വദിച്ചതുപോലെ മൂലമ്പിള്ളിയിലെ പാവങ്ങളെ അടിച്ചിറക്കിയത് കണ്ടുനിന്ന നമ്മുടെയോക്കെ തലയിലും എന്നാണ് വികസനത്തിന്റെ കൂടം വന്ന് പതിക്കുക എന്നുമത്രം ഇനി അറിഞ്ഞാല്‍ മതി.
വാനമേഘങ്ങളില്‍നിന്നും 'എവിടെ നിന്റെ സഹോദരന്‍?' എന്ന ചോദ്യമുയരുമ്പോള്‍ വികസനത്തിന്റെ പ്രവാചകര്‍ കായേനെപ്പോലെ നിന്നു വിയര്‍ത്തുകുളിക്കും!
ദൃശ്യമാധ്യമങ്ങള്‍ ഒരു ഉപകാരം ചെയ്താല്‍ നന്നായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെയും തള്ളമാരുടെയും നിലവിളികളൊക്കെയും എഡിറ്റ് ചെയ്ത് കളയുക. തകര്‍ത്തെറിയുന്ന വീടുകളുടെ ചിത്രങ്ങള്‍മാത്രം പുനഃസംപ്രേഷണം ചെയ്യുക! മൂന്നാറിലെ മണിമന്ദിരങ്ങള്‍ തകര്‍ത്തെറിഞ്ഞത് കണ്ടാസ്വദിച്ച ലാഘവത്തോടെമാത്രം നമുക്ക് മൂലമ്പിള്ളിയും കണ്ടിരിക്കാം.
നാളെ നമ്മുടെ കുടുംബങ്ങളും തകര്‍ത്തെറിയപ്പെടുന്നത് നമുക്ക് ലൈവായി കണ്ട് കൈയടിക്കാം!
ശീതികരിച്ച മണിമന്ദിരങ്ങളില്‍ ഉണ്ടുറങ്ങുന്ന വികസനനായകര്‍ പെരുവഴിയിലിറക്കിവിട്ട സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നര്‍മദാ സമരഭൂമിയില്‍നിന്നും ആളെയിറക്കേണ്ടിവരുമോ ദൈവമേ!
1 comments :
വികസനവിരുദ്ധം പറയല്ലേ!
Post a Comment