Thursday, February 21, 2008

നയമില്ലാത്ത സര്‍ക്കാരും നാണംകെട്ട പ്രഖ്യാപനവും

നിയസഭ സമ്മേളനത്തിന്‌ മുന്നോടിയായി നടക്കുന്ന ഔപചാരികമായ ഒരു ചടങ്ങാണ്‌ നയപ്രഖ്യാപനപ്രസംഗം. സര്‍ക്കാര്‍ നടപ്പു വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നയങ്ങളുടെയും നടപടികളുടെയും സംക്ഷിപ്ത രൂപം ഗവര്‍ണ്ണറെക്കൊണ്ട്‌ നിയമസഭയില്‍ വായിപ്പിക്കുന്നതിനെയാണ്‌ നയപ്രഖ്യാപന പ്രസംഗം എന്ന്‌ പറയുന്നത്‌.

ഇത്‌ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ ഒന്നാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പു നിയഭസഭ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടത്തി വോട്ടിനിട്ടോ അല്ലാതെയോ നയപ്രഖ്യാപനത്തിന്‌ നിയമസഭ സാമാജികരുടെ അംഗീകാരം നേടി മുന്നോട്ടുപോകുന്നതും പതിവ്‌ പരിപാടി.

സര്‍ക്കാരിന്റെ സക്രിയവും ജനക്ഷേമപരവുമായ നിലപാടും അവ നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ രൂപരേഖയുമാകേണ്ടതാണ്‌ ഈ നയപ്രഖ്യാപന പ്രസംഗം. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആവര്‍ത്തനവിരസവും ആത്മാര്‍ത്ഥതാരഹിതവുമായ ജഡിലപദങ്ങള്‍ കുത്തിനിറച്ച ഒരു വായനാചടങ്ങായി നയപ്രഖ്യാപന പ്രസംഗത്തെ അധപതിപ്പിച്ചെടുത്തു മാറിമാറി വന്ന സര്‍ക്കാരുകള്‍. ആര്‍ക്കോവേണ്ടി ഓക്കാനിക്കുക എന്ന്‌ പറയുന്ന ചടങ്ങ്‌ ഇത്ര കൃത്യമായി ഭംഗിയായി മറ്റാരും മറ്റൊരിടത്തും ചെയ്യാറില്ല. 101 ആവര്‍ത്തിച്ചാല്‍ ക്ഷീരബലയുടെ രോഗശമനശക്തി വര്‍ദ്ധിക്കുമെന്ന ആയുര്‍വേദ തത്വം കടമെടുത്തുകൊണ്ടാണ്‌ ഇപ്പോള്‍ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്‌. സര്‍ക്കാരിന്റെ നയമോ സാന്നിദ്ധ്യമോ ഈ പ്രസംഗത്തിലെ ഒരു വാക്യത്തില്‍ പോലും ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം പ്രസംഗം തയ്യാറാക്കുന്നവര്‍ക്കും പ്രസംഗം വായിക്കുന്ന അതാതുകാലത്തെ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടെന്നുവേണം വിശ്വസിക്കാന്‍. വോട്ടുചെയ്ത്‌ ജയിപ്പിച്ച സമ്മതിദായകരെയും ജനപ്രതിനിധികളായ നിയമസഭ സാമാജികരെയും ഒറ്റയടിക്ക്‌ വിഢികളാക്കാന്‍ ഉതകുന്ന ഒറ്റമൂലിയാക്കി ഈ പ്രസംഗത്തെ മാറ്റിയെടുക്കാനും മിടുക്കന്മാരായ ബ്യൂറോക്രാറ്റുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

നയങ്ങളിലും നടപടികളിലും നിലപാടുകളിലും അവയുടെ വിവര്‍ത്തനങ്ങളിലും യുഡിഎഫില്‍ നിന്ന്‌ എന്നും വേറിട്ട പാത സ്വീകരിക്കുന്നവരാണ്‌ എല്‍ഡിഎഫ്‌ എന്ന ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള നയപ്രഖ്യാപന പ്രസംഗങ്ങള്‍. ആ വഞ്ചനയുടെ ഏറ്റവും വികൃതമായ മുഖമാണ്‌ ഇന്നലെ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ, 12-ാ‍ം നിയമസഭയുടെ 7-ാ‍ം സമ്മേളനത്തിന്റെ മുന്നോടിയായി നിയമസഭ സാമാജികര്‍ക്കുമുന്നില്‍ അവതരിപ്പിച്ച പ്രസംഗം. നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാരിന്റെ നയരഹിതമായ ഇടപെടലുകളാണ്‌ സാങ്കേതിക പദങ്ങള്‍ കുത്തിനിറച്ച്‌ ഇന്നലെ ഭാട്ടിയയെകൊണ്ട്‌ വായിപ്പിച്ചത്‌.

കേരളം നേരിടുന്നതും അതിശീഘ്രം നടപടികളുണ്ടാവേണ്ടതുമായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അവയെക്കുറിച്ച്‌ പരാമര്‍ശിക്കപോലും ചെയ്യാതെ ഒഴുക്കന്‍ മട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ നയങ്ങളും വാഗ്ദാനങ്ങളും പുതിയ വാക്കുകളിലൂടെ അവതരിപ്പിക്കുക മാത്രമായിരുന്നു ഇന്നലെ ഭാട്ടിയ ചെയ്തത്‌. വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെയുള്ള നീറുന്ന ഒരായിരം പ്രശ്നങ്ങളുണ്ടായിട്ടും അവ കണ്ടില്ലെന്ന്‌ നടിക്കാനും നിയമസഭ സാമാജികരുടെ ശ്രദ്ധ ആ പ്രശ്നങ്ങളില്‍നിന്ന്‌ അകറ്റി വിലകുറഞ്ഞ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാന്‍ ഉതകുന്ന വിഷയങ്ങള്‍ കണ്ടെത്താനുമാണ്‌ ഇത്തവണ നയപ്രസംഗം തയ്യാറാക്കിയവര്‍ മനസുവച്ചത്‌. അത്‌ വിജയിക്കുകയും ചെയ്തു. എന്നുമാത്രമല്ല അതീവ രഹസ്യമായിരിക്കേണ്ട നയപ്രഖ്യാപനത്തിലെ വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തികൊടുക്കുകയും ചെയ്ത്‌ പുതിയൊരു വിവാദത്തിനും ബഹളത്തിനും കളമൊരുക്കി യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന്‌ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയും താല്‍പ്പര്യവും തിരിച്ചുവിടുന്നതിലും ബന്ധപ്പെട്ടവര്‍ വിജയിച്ചിട്ടുണ്ട്‌.

യുഡിഎഫ്‌ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്കെതിരെ കഠിനമായി പ്രയോഗിച്ച ആയുധങ്ങളില്‍ ചിലതായിരുന്നു യുവാക്കളുടെ തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും പരമ്പരാഗത മേഖലയോട്‌ പുലര്‍ത്തിയിരുന്ന അവഗണനയും.

ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ ഏറ്റവും കുറഞ്ഞത്‌ ഈ പ്രശ്നങ്ങളിലെങ്കിലും ജനായത്തവും ജനക്ഷേമകരവുമായ ഇടപെടലുകളും നടപടികളും ഉണ്ടാകുമെന്നായിരുന്നു, രാഷ്ട്രീയമായി ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ പോലും വിശ്വസിച്ചിരുന്നത്‌. എന്നാല്‍ വോട്ടുചെയ്ത പാര്‍ട്ടി അണികളെയും വിട്ടുനിന്ന രാഷ്ട്രീയ എതിരാളികളെയും ഒരേപോലെ കുപ്പിയിലിറക്കുന്ന നയമാണ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍, പിണറായി വിജയന്റെ മേല്‍നോട്ടത്തില്‍ ഇടതുപക്ഷം സ്വീകരിച്ചത്‌. അതിന്റെ ജീര്‍ണ്ണതയും അതുമൂലമുള്ള അസ്വസ്ഥതകളും പൊതുജീവിതത്തെ അസഹ്യമാക്കിക്കൊണ്ടിരിക്കെ ഒരിക്കല്‍കൂടി വഞ്ചനയുടെ കോമളപദങ്ങളുമായി ഒരു നയപ്രഖ്യാപനം ഇന്നലെ നടത്തിയിരിക്കുകയാണ്‌. നട്ടെല്ലില്ലായ്മയും രാഷ്ട്രീയ ഇച്ഛാശക്തിക്കുറവും ഇത്തരം വയാഗ്രകള്‍കൊണ്ടോ മുസ്ലിപ്പവറുകള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയുകയില്ലെന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. എന്നിട്ടും വെറുതെ കിതക്കാന്‍ ഒരു ആവരണവും ഒരു ഗുളികയുമായി എന്തിനിങ്ങനെ പ്രഖ്യാപനങ്ങള്‍ നടത്തി നാണം കെടുന്നു എന്ന്‌ അച്യുതാനന്ദനെങ്കിലും ചിന്തിക്കേണ്ടതായിരുന്നു.

0 comments :