എരയാംകുടി ഒരു പ്രതീകമാകുമ്പോള്‍
പൊതുവിപണിയില്‍ അരി കിട്ടാതിരിക്കുകയും ആന്ധ്രയില്‍ നിന്നെത്തുന്ന അരിക്ക് വന്‍വില നല്‍കേണ്ടിവരികയും ചെയ്തിട്ടും കേരളത്തില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരോ ബന്ധപ്പെട്ട മറ്റുള്ളവരോ തയ്യാറാകത്തത് വിരോധാഭാസം തന്നെയാണ്.
അതേസമയം നെല്‍വയലുകള്‍ നിരത്തി വന്‍കിട ഫ്ലാറ്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പണിയാനും നെല്‍വയലുകളെ ഇഷ്ടിക കളങ്ങളാക്കാനുമുള്ള സംഘടിതവും കൗശലപൂര്‍വ്വവുമായ നീക്കങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും വിജയം കണ്ടിട്ടുമുണ്ട്.
ഈ രണ്ട് വൈരുധ്യങ്ങള്‍ക്കിടയില്‍ കേരളീയന്റെ വിശപ്പ് ഞെരിഞ്ഞമരുന്നത് തിരിച്ചറിഞ്ഞ് നെല്‍വയലുകള്‍ സംരക്ഷിക്കാനും പാടശേഖരങ്ങളില്‍നിന്ന് ഇഷ്ടിക-ഭൂമി മാഫിയകളെ ഉച്ചാടനം ചെയ്യാനും അവിടെ നെല്‍കൃഷി നടത്താനും കര്‍ഷകര്‍ തയ്യാറായി മുന്നോട്ടുവരുന്നത് ശുഭോദര്‍ക്കമായ പരിണാമമാണ്. മൂരിയാടും എരയാംകുടിയും ഈ മുന്നേറ്റത്തിന്റെ പതാകവാഹകരായി നില്‍ക്കുന്നു. മൂരിയാട് കൃഷിഭൂമി തിരികെ കിട്ടാന്‍ കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. ഇതിനെ തകര്‍ക്കാന്‍ ഭൂമി മാഫിയയും പോലീസും നടത്തിയ ഹീനമായ നീക്കങ്ങള്‍ നാം കണ്ടതുമാണ്. എന്നാല്‍ നട്ടെല്ലുറപ്പോടെ ഇച്ഛാശക്തിയോടെ മൂരിയാട്ടെ കര്‍ഷകര്‍ സംഘടിതരായി നിന്നപ്പോള്‍ മാഫിയ സംഘങ്ങള്‍ക്ക് മുട്ടുമടക്കേണ്ടിവന്നു.
ഇതേ സ്ഥൈര്യത്തോടെയാണ് എരയാംകുടി പാടശേഖരത്തില്‍ ഇഷ്ടിക വ്യവസായികള്‍ തരിശിട്ടിരിക്കുന്ന കൃഷിഭൂമി പിടിച്ചെടുത്ത് വിത്തിറക്കുവാന്‍ ജനകീയ സമരസമിതി ശ്രമിച്ചത്. നാടിനും നാട്ടാര്‍ക്കും ഏറെ പ്രയോജനപ്രദമായ ഈ നീക്കത്തെ പക്ഷെ പോലീസ് അവരില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ ബലത്തില്‍ തടയുകയാണുണ്ടായത്.
എറണാകുളം ജില്ലയിലും തൃശൂര്‍ ജില്ലയിലുമായിട്ടാണ് എരയാംകുടിയിലെ 700ഓളം ഏക്കര്‍ വരുന്ന പാടശേഖരം പരന്നുകിടക്കുന്നത്. മൂന്ന് പുഞ്ചകൃഷി ചെയ്തിരുന്ന ഈ പാടശേഖരം ഇന്ന് ഇഷ്ടിക മാഫിയയുടെ കൈകളിലാണ്. പാടശേഖരത്ത് നടക്കുന്ന മണ്ണെടുപ്പും ഇഷ്ടിക നിര്‍മാണവും ഈ പ്രദേശത്തിന്റെ പരിസ്ഥിതിയാകെ അട്ടിമറിച്ചു. ഇപ്പോള്‍ പതിനാറ് ഇഷ്ടിക ചൂളകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കളിമണ്ണ്, ചുവന്നമണ്ണ്, പാറപ്പൊടി, ഗന്ധകം, ഉമിക്കരി എന്നിവയാണ് ഇവിടെ ഇഷ്ടിക നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍. ഇവയുണ്ടാക്കിയ പരിസ്ഥിതി മലിനീകരണം മൂലം കിണറുകളിലെ ജലം പോലും ഉപയോഗിക്കാന്‍ പറ്റാത്തവിധം മലിനമായിക്കഴിഞ്ഞു. കരിപ്പൊടിയും ഗന്ധകപ്പൊടിയും നിറഞ്ഞ വായുവും ശ്വസിക്കാന്‍ കൊള്ളാത്തവിധം മലിനമായി. 3500 ഓളം വരുന്ന ഈ പ്രദേശവാസികള്‍ അവരുടേതല്ലാത്ത കുറ്റംകൊണ്ട് ഇങ്ങനെ നിത്യരോഗികളായി മാറ്റപ്പെട്ടു എന്നുമാത്രമല്ല, പാടശേഖരത്ത് നെല്‍കൃഷിയിറക്കാന്‍ കഴിയാത്തവിധം ഇഷ്ടിക മാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു.
ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, നെല്‍കൃഷിയല്ലാതെ എരയാംകുടി പാടശേഖരത്ത് മറ്റൊന്നും പാടില്ലെന്ന് 1998ല്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്. ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് എരയാംകുടിയില്‍ ഇഷ്ടിക മാഫിയ കൊടിപാറിച്ച് വാഴുന്നത്. ഇതിനെതിരെ ജനകീയ സമര സമിതി നല്‍കിയ കേസില്‍ ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടുമില്ല. ഇതേത്തുടര്‍ന്ന് 2007 നവംബര്‍ 29ന് പുതിയ ജനകീയ സമരം ആരംഭിക്കുകയും ചെയ്തു. ഉടമസ്ഥരെക്കൊണ്ട് പാടശേഖരങ്ങളില്‍ കൃഷി ഇറക്കിക്കുക, അല്ലെങ്കില്‍ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാടശേഖരം വിട്ടുകൊടുക്കുക എന്നതാണ് ജനകീയ സമര സമിതിയുടെ ആവശ്യം. ലളിതവും ജനോപകാരപ്രദവുമായ ഈ നിലപാടിനെ പിന്തുണക്കാനോ എരയാംകുടി നിവാസികള്‍ക്ക് ഭീഷണിയായ ഇഷ്ടിക മാഫിയയെ അവിടെ നിന്ന് തുരത്താനോ ഇടതുപക്ഷ സര്‍ക്കാരിനുപോലും മനസില്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ച് പ്രദേശവാസികളുടെ ആരോഗ്യത്തെയും പാടശേഖരത്തെയും ക്രൂരമായി ചൂഷണം ചെയ്യുന്ന ഇഷ്ടിക മാഫിയയ്ക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. അതുകൊണ്ടായിരുന്നല്ലോ ഇന്നലെ പാടശേഖരത്ത് വിത്ത് വിതക്കാനെത്തിയ ജനകീയ സമരസമിതി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്.
ജനകീയ സമര സമിതി ഉയര്‍ത്തുന്ന പ്രശ്നം എരയാംകുടിയുടേതു മാത്രമല്ല, മറിച്ച് കേരളത്തില്‍ ആകമാനമുണ്ടായിട്ടുള്ള കൃഷിത്തകര്‍ച്ചയെ കുറിച്ചുള്ളതാണ്. പുരോഗതിയുടെയും വികസനത്തിന്റെയും സ്മാര്‍ട്ട് സിറ്റികളും ഹൈടെക് വീഥികളും സൃഷ്ടിക്കുമ്പോഴും വിശപ്പ് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഈ വിശപ്പ് ശമിപ്പിക്കാന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭിച്ചേ തീരൂ. അല്ലെങ്കില്‍ വിശപ്പില്ലാത്തവരായി, ഭക്ഷണമില്ലാതെ ജീവിക്കുന്നവരായി കേരളീയര്‍ മാറണം. അതിനുള്ള സാധ്യത തുലോം വിരളമായിരിക്കെ കൃഷിഭൂമി വീണ്ടെടുത്ത് നെല്‍കൃഷി അടക്കമുള്ളവ ആരംഭിക്കേണ്ടതുണ്ട്. ആ വലിയ സത്യത്തിലേക്കാണ് എരയാംകുടി വിരല്‍ ചൂണ്ടുന്നത്.
5 comments :
ചാലക്കുടി പുഴയുടെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന
ഈ പ്രദേശം എത്രസുന്ദരം!
നശിപ്പിക്കാന്‍ അനുവദിക്കരുത്.
നല്ല ലേഖനം.
ഇതേ പറ്റി ഒ.വി.ഉഷ മാധ്യമം പത്രത്തില്‍ എഴുതിയതും വായിക്കുക
(23-02-08 maadhyamamonline-ലേഖനം)
(ലിങ്ക് കൊടുത്തിട്ടു ശരിയാവുന്നില്ല.
ആരെങ്കിലും സഹായിക്കൂ..)
എന്റെ വീടിനടുത്തുള്ള സ്ഥലമാണ്, ചെറുവാളൂരിന്-കക്കാട് നടുത്ത്.
പറഞ്ഞ സംഗതികള്‍ ഒക്കെ ശരിയുമാണ്.
ഉപാസന
എരയാംകുടിയും മുരിയാടും കേരളത്തില്‍ ഉയര്‍ന്നുവരുന്ന പ്രതീക്ഷയുടെ പച്ചതുരുത്തുകളാണ് .ഒരു കാലഘട്ടത്തില്‍ നെല്‍വയലുകള്‍ നികത്തുന്നതിനും മറ്റുവിളകള്‍ കൃഷി ചെയ്യുന്നതിനുമെതിര പടനയിച്ച ആളാണ് നമ്മുടെ മുഖ്യമന്ത്രി . നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അധികാരത്തിലേറിയ സമയത്ത് തന്നെ കേരളത്തിലെ ഭൂമാഫിയക്കെതിരായി കൊട്ടിഘോഷിക്കപെട്ട പ്രതിഷേധം വെറുവാക്കായിരുന്നുവെന്ന് തെളിയിക്കുകയും ചെയ്തു.
തൃശ്ശൂരില്‍ കലക്ട്രേറ്റിന് സമീപം , വയല്‍ നികത്തി നിര്‍മ്മിക്കപെട്ട , അന്താരാഷ്ട്ര വ്യവസായ ഭീമന്റെ ഉടമസ്ഥതയിലുള്ള ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്യ്തുകൊണ്ട് അദ്ദേഹം പരഞ്ഞത് “ചെളിയില്‍ വിരിഞ്ഞ താമര ” എന്നാണ് . തൊട്ടടുത്തു തന്നെ മറ്റൊരു അന്താരാഷ്ട്ര് ഉപഗ്രഹനഗരം വയല്‍ നികത്തി പണിതുടങ്ങിയതും ഈയടുത്തു തന്നെ “ശോഭ”
കേരളത്തില്‍ വ്യാപകമായി നെല്‍വയലുകള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് നികത്തപെടുകയും മാഫിയകളുടെ സാമ്പത്തിക ലാഭ താല്‍പ്പര്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വരെ വിനീത വിധേയരായി നിലകൊള്ളുകയും ,ചെയ്യുമ്പോള്‍ തീര്‍ച്ചയായും എരയാംകുടി ഒരു പുതിയ ചെറുത്തുനില്‍പ്പിന്റെ ആശയും ആവേശവും ആയി മാറുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരം ജനകീയ സമരങ്ങളെ തകര്‍ക്കുന്നതിന് വേണ്ടി സമരനേതാക്കളുടെ വീട്ടില്‍ ഇല്ലാത്ത കേസിന്റെ പേരില്‍ പോലീസ് റെയ്ഡ് നാടകം നടത്തുന്നതും .
Post a Comment