ഉദരം കാലിയാക്കുന്ന ഉദാര ബജറ്റ് !
ഉദരത്തെ വല്ലാണ്ട് ബാധിക്കുന്ന സംഗതിയാണ് ഉദാരവല്‍ക്കരണമെന്ന് പാവങ്ങള്‍ പൗരന്മാര്‍ പഠിച്ചുവരുന്നേയുള്ളൂ.
രാജ്യത്തെ ആകെ മൊത്തം ടോട്ടല്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ച മുന്‍വര്‍ഷം 9.6 ശതമാനമായിരുന്നത് ഇത്തവണ 8.7 ശതമാനമായും കാര്‍ഷിക വളര്‍ച്ച 3.8 ശതമാനത്തില്‍നിന്നും 2.6 ശതമാനമായും തലകുത്തി വീണിരിക്കുന്നു.
ഈ നിലക്ക് അങ്ങു വികസിച്ചാല്‍ പാവങ്ങള്‍ പൗരന്മാര്‍ക്ക് അരിയും തുണിയുമൊന്നുമില്ലാതെ ദിഗംബരന്മാരായി നടക്കേണ്ടിവരുമല്ലോ ചിദംബരമേ എന്നു ചോദിക്കാന്‍ ഒരു സാമ്പത്തിക വിദഗ്ധനുമില്ല. സകലഗതിയും മുട്ടിയ പാവങ്ങളാകട്ടെ സാമ്പത്തിക വിദഗ്ധരുമല്ല!
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഗോള പ്രത്യാഘാതമാണ് ഇപ്പോഴുണ്ടായിട്ടുള്ള തളര്‍വാതത്തിനു കാരണമെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്.
നമ്മുടെ വീട്ടില്‍ കഞ്ഞിവയ്ക്കാന്‍ അരിയില്ലാത്തത് തെക്കേ വീട്ടുകാരന് പണിയും വരുമാനവുമില്ലാത്തതിനാലാണെന്നു പറയുംപോലെ!
നല്ല വിസ്താരവും ആള്‍ബലവും ഉണ്ടായിട്ട് എന്തുകൊണ്ട് സ്വന്തം രാജ്യത്തെ സാമ്പത്തിക കാര്യങ്ങള്‍ സ്വന്തമായി സ്വതന്ത്രമായി കൊണ്ടുനടക്കാന്‍ ഇവന്മാര്‍ക്കാവുന്നില്ല എന്നു ചോദിക്കരുത്.
കാരണം ആഗോളതലത്തില്‍ ചിന്തിക്കാന്‍ ശേഷിയില്ലാത്ത വിഡ്ഢികൂശ്മാണ്ഡമായി മുദ്രകുത്തപ്പെട്ടുപോകും നമ്മള്‍.
ഇനിയിപ്പോ രക്ഷപെടാന്‍ കടം വാങ്ങുകയും കയ്യിലുള്ള കിണ്ടിയും പുട്ടുകുടവും വിറ്റുതുലക്കുകയുമാണ് വേണ്ടതെന്നും ചിദംബരം വഴികാട്ടുന്നു.
കടം വാങ്ങി ജീവിച്ച ആരെങ്കിലും കരകേറിയ ചരിത്രം ഭൂമുഖത്തുണ്ടാവില്ല! അതുകൊണ്ടാണ് പണ്ടുകാലത്ത് നാട്ടിന്‍ പുറങ്ങളിലെ ചായക്കടകളില്‍ 'കടം - അപകടം' എന്ന് കരിക്കട്ട കൊണ്ടെഴുതിവച്ചിരുന്നത്.
ചില്ലറവില്‍പ്പന സായിപ്പിന് ഏല്‍പ്പിച്ചുകൊടുക്കുക, ഇന്‍ഷുറന്‍സ് മേഖലയില്‍ പകുതിയോളം സായിപ്പിന് കൊടുത്തേല്‍പ്പിക്കുക, ഗ്രാമീണ കാര്‍ഷിക ബാങ്കുകള്‍ മുഴുവന്‍ സായിപ്പിനു തുറന്നു കൊടുക്കുക, കഷ്ടകാലത്തിന്, ലാഭകരമായി പ്രവര്‍ത്തിക്കുന്ന നവരത്ന, പൊതുമേഖലാ സ്ഥാപനങ്ങളുടെ പത്തുശതമാനം ഓഹരി ഉടനെ വില്‍ക്കുക, പഴയ എണ്ണ ഖാനനമേഖലകള്‍ വിറ്റ് പുട്ടടിക്കുക, വളം, മരുന്ന്, പഞ്ചസാര വില നിയന്ത്രണം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുക തുടങ്ങി ഘട്ടംഘട്ടമായി രാജ്യംതന്നെ ഇല്ലാതാക്കി കളയാനുള്ള സകല ഉഡായിപ്പും ചിദംബരം മുന്നോട്ടുവച്ചിട്ടുണ്ട്.
മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കാന്‍ പാടില്ല! പൗരന്മാര്‍ ഏതു പാതാളത്തിലെങ്കിലും വീണു ചാവട്ടെ! ആണവോര്‍ജം വരെ സ്വകാര്യമേഖലയുണ്ടാക്കട്ടെ. സ്വകാര്യ സ്വത്തുള്ളവര്‍ മാത്രം ഉണ്ണട്ടെ. അതില്ലാത്തവര്‍ പട്ടിണികിടന്നു ചാവട്ടെ.
സോഷ്യലിസം! മണ്ണാങ്കട്ട.
കമ്യൂണിസ്റ്റുകാര്‍ക്കുപോലും അതുവേണ്ട. ഉദരനിമിത്തം ബഹുകൃത വേഷങ്ങള്‍. ഇവിടെങ്ങും രക്ഷയില്ല. പൗരന്മാര്‍ ക്യൂബയ്ക്ക് വണ്ടികയറുക!
0 comments :
Post a Comment