Wednesday, February 27, 2008

ഈ ചെറിയവര്‍ക്കുവേണ്ടി സഭ എന്തു ചെയ്യും?

അഞ്ചപ്പം കൊണ്ട്‌ അയ്യായിരംപേരെ പോഷിപ്പിച്ചത്‌ ക്രിസ്തുവിന്റെ അല്‍ഭുതപ്രവൃത്തികളില്‍ ഒന്നായിട്ടാണ്‌ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും വിശ്വാസികള്‍ നൂറ്റാണ്ടുകളായി അംഗീകരിക്കുന്നതും. കേവലം ഒരു അല്‍ഭുതപ്രവൃത്തി എന്നതിലുപരി മനുഷ്യപുത്രനായി ജന്മമെടുത്ത ദൈവപുത്രന്‌ മനുഷ്യന്റെ കേവലാവസ്ഥകളോടുള്ള പ്രതിബദ്ധതയാണ്‌ ആ പ്രവൃത്തിയില്‍ മഹത്വവത്കരിക്കപ്പെട്ടത്‌. തന്റെ വചനം കേള്‍ക്കാന്‍ എത്തിയവരുടെ വിശപ്പിന്റെ കാര്യവും ക്രിസ്തു അതീവ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്നാണ്‌ ഈ അല്‍ഭുതപ്രവൃത്തിക്കു പിന്നിലെ യഥാര്‍ഥ വസ്തുത.

ക്രിസ്തുവിന്റെ ജീവിതത്തിലുടനീളവും ഉദ്ബോധനങ്ങളിലും മനുഷ്യനും അവന്റെ നിലനില്‍പ്പിനും അതിജീവനത്തിനും അടിസ്ഥാനമായിട്ടുള്ള വസ്തുതകളുടെ ഉന്നിദ്രമായ അംഗീകാരവും അവ പ്രവൃത്തിയായി വിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിട്ടുണ്ട്‌. "ഈ ചെറിയവരില്‍ ഒരുവനു ചെയ്യുന്ന നന്മയ്ക്ക്‌ സ്വര്‍ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്നും", "ധനവാന്റെ കാഴ്ചവയ്പുകളേക്കാള്‍ വിധവയുടെ രണ്ടുകാശിനാണ്‌ മഹത്വമെന്നും", "സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും നല്‍കണ"മെന്നുമുള്ള ക്രിസ്തുവചനങ്ങളില്‍ പൊലിക്കുന്നത്‌ സാധാരണ മനുഷ്യനോടുള്ള അദ്ദേഹത്തിന്റെ കരുതലാണ്‌.

കുഷ്ഠരോഗിയെ സൗഖ്യമാക്കിയപ്പോഴും അന്ധന്‌ കാഴ്ച നല്‍കിയപ്പോഴും ഭൂതബാധിതനെ മോചിപ്പിച്ചപ്പോഴും ദൈവപുത്രനായി അല്‍ഭുതം പ്രവൃത്തിക്കുകയായിരുന്നില്ല, മറിച്ച്‌ മനുഷ്യന്റെ രോഗാവസ്ഥകളോടുള്ള പാരസ്പര്യവും അതില്‍നിന്ന്‌ അവനെ മോചിപ്പിക്കാനുള്ള കഠിനമായ ആഗ്രഹത്തിന്റെ പ്രതിഫലനവുമായിരുന്നു.

ഇതേ ആത്മാര്‍ഥതയോടെയായിരുന്നു യറുശലേം ദേവാലയത്തെ വാണിഭ കേന്ദ്രമാക്കിയവര്‍ക്കെതിരെ ചാട്ടവാര്‍ ചുഴറ്റിയപ്പോള്‍ ക്രിസ്തുവിനുണ്ടായിരുന്നത്‌. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആണിക്കല്ലും ഈ മാനുഷിക ഭാവങ്ങളോടുള്ള തന്മയീഭാവമാണ്‌. തന്റെ ശിഷ്യന്മാരോട്‌ ലോകമെമ്പാടുംപോയി സുവിശേഷം അറിയിക്കാന്‍ ഉദ്ബോധിപ്പിച്ചപ്പോള്‍ കയ്യില്‍ സഞ്ചിയോ മറ്റ്‌ വരുമാന പ്രതീക്ഷകളോ ഉണ്ടാകരുതെന്ന്‌ നിര്‍ദേശിച്ചതും ഇതേ കാഴ്ചപ്പാടോടെയായിരുന്നു. ധനവാന്റെ സമ്പന്നതയ്ക്കല്ല, ദരിദ്രന്റെ നിലവിളികള്‍ക്കായിരിക്കണം ശ്രദ്ധ നല്‍കേണ്ടതെന്നും അത്‌ പരിഹരിക്കാനുള്ള ശ്രമം കൂടിയായിരിക്കണം സുവിശേഷ പ്രവര്‍ത്തനം എന്നുമായിരുന്നു ക്രിസ്തു ശിഷ്യന്മാരെ ഉപദേശിച്ചത്‌.

ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്താല്‍ എന്തായിരിക്കും ലഭിക്കുന്ന അനുമാനങ്ങള്‍? അധിനിവേശത്തിന്റെയും മൂലധനത്തിന്റെയും ശക്തികള്‍ ലോകമെമ്പാടും സാധാരണക്കാരായ മനുഷ്യരുടെ കേവലാവകാശങ്ങളെല്ലാം കവര്‍ന്നെടുത്ത്‌ സാമ്രാജ്യവത്കരണത്തിന്റെ പ്രക്രിയ ത്വരിതപ്പെടുത്തുമ്പോള്‍ കുടിയിറക്കപ്പെടുന്ന മനുഷ്യനുവേണ്ടി വാദിക്കാന്‍ എത്ര അജപാലകര്‍ തയ്യാറാകുന്നു? എത്ര പ്രേഷിത പ്രവര്‍ത്തകര്‍ മുനിട്ടിറങ്ങുന്നു? എത്ര സഭാ വിശ്വാസികള്‍ സംഘടിക്കുന്നു?

ഇല്ലാ എന്ന മറുപടിയാണ്‌ പൊതുവേ ലഭിക്കുന്നത്‌.

കേരളത്തിലെ സാധാരണക്കാരുടെ വിദ്യാഭ്യാസപരവും ചികിത്സാപരവുമായ ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ആദ്യകാലങ്ങളില്‍ മിഷണറിമാര്‍ നടത്തിയ ശ്രമങ്ങളും അതിന്‌ അവര്‍ അനുഭവിച്ച പ്രയാസങ്ങളും അതിനായി അവര്‍ സഹിച്ച ത്യാഗങ്ങളും അഭിമാനത്തോടെ മാത്രമേ ഏതൊരു വിശ്വാസിക്കും ചിന്തിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ മേല്‍ സൂചിപ്പിച്ച രംഗങ്ങളില്‍ മാത്രമല്ല, ജീവിതത്തിന്റെ സര്‍വ മേഖലകളിലും ചൂഷണത്തിന്റെയും മുതലെടുപ്പിന്റെയും ശക്തികള്‍ പിടിമുറുക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതിലോമകരവും ദൈവവിശ്വാസത്തെ ലംഘിക്കുന്നതും സുവിശേഷത്തിന്റെ മൂല്യങ്ങള്‍ ഇല്ലാതാക്കുന്നതുമായ നിലപാടല്ലേ സഭയും അതിനെ നയിക്കുന്ന അജപാലക ശ്രേഷ്ഠന്മാരും വിശ്വാസികളും സ്വീകരിക്കുന്നത്‌.

അതിന്റെ ഏറ്റവും വലിയ തെളിവായി മൂലമ്പിള്ളിയെ ചൂണ്ടിക്കാണിക്കാമെന്നു തോന്നുന്നു. വല്ലാര്‍പാടം പദ്ധതിയെന്ന വികസന പ്രക്രിയയുടെ അനിവാര്യത എന്നോണം അധികാര കേന്ദ്രങ്ങള്‍ അവിടത്തെ സാധാരണക്കാരെ അതിനീചവും ക്രൂരവുമായ രീതിയിലാണ്‌ കുടിയിറക്കിയത്‌. അതില്‍ ക്രൈസ്തവരും അക്രൈസ്തവരുമുണ്ട്‌. ഈ സാധാരണക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ പക്ഷേ രംഗത്തെത്തിയത്‌ അജപാലക ശ്രേഷ്ഠന്മാരോ പ്രേഷിത പ്രവര്‍ത്തകരോ ആയിരുന്നില്ല. മറിച്ച്‌, ചില സന്നദ്ധ സംഘടനകളും അവയിലെ ആത്മാര്‍ഥതയുള്ള അംഗങ്ങളുമായിരുന്നു. അതേസമയം ബിഷപ്പ്‌ എടയന്ത്രത്തെപോലുള്ളവര്‍ ചില പ്രസ്താവനകള്‍ ഇറക്കിയ കാര്യം വിസ്മരിക്കുന്നുമില്ല. പ്രസ്താവനകളിലൂടെ പരിഹരിക്കേണ്ടതല്ല പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജനസമൂഹത്തിന്റെ പ്രശ്നങ്ങള്‍. മറിച്ച്‌, അവരെ ചൂഷണം ചെയ്യുന്ന ശക്തികള്‍ക്കെതിരെ വീറോടെ പൊരുതാന്‍ സഭയ്ക്കും അതിന്റെ സാരഥികള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. അരമനകളിലെ സുഖശീതോഷ്ണമുറികളില്‍ നിന്ന്‌ പുറത്തിറങ്ങിയെങ്കില്‍ മാത്രമേ സാധാരണ മനുഷ്യന്റെ വേദനകളും വിങ്ങലുകളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുകയുള്ളൂ.

ഇതുപോലെതന്നെ ഗൗരവം അര്‍ഹിക്കുന്നതാണ്‌ ഇന്നു മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍. വിദേശ ട്രോളറുകള്‍ ഇന്ത്യയുടെയും കേരളത്തിന്റെയും സമുദ്രങ്ങളില്‍ നിന്ന്‌ കടല്‍ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതാണ്‌ മത്സ്യത്തൊഴിലാളികളും അവരുമായി ബന്ധപ്പെട്ട മറ്റുള്ളവരും അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണം. ഈ വിഷയത്തില്‍ സഭ സ്വീകരിച്ചിട്ടുള്ള നിലപാട്‌ തീര്‍ച്ചയായും തീരദേശവാസികളുടെ ഉന്നമനത്തിനുതകുന്നതല്ല. മുന്‍പ്‌ ഇത്തരം വിഷയങ്ങളില്‍ എത്രയോ ശുഷ്കാന്തിയോടെ ഇടപെട്ട സഭയാണ്‌ ഇന്ന്‌ നാണംകെട്ട രീതിയില്‍ മൗനം പാലിക്കുന്നത്‌.

അതേപോലെതന്നെ ഇന്ന്‌ വിശ്വാസികളെ ഗ്രഹിച്ചിട്ടുള്ള ആഢംബരഭ്രമത്തില്‍ നിന്ന്‌ അവരെ മോചിപ്പിക്കുന്ന കാര്യത്തിലും സഭ ആശാവഹമായ നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്‌. മറിച്ച്‌, ആ സാമൂഹിക അനീതിയെ പ്രോല്‍സാഹിപ്പിക്കുന്ന നയങ്ങളാണ്‌ കൈക്കൊള്ളുന്നതെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല.

സഭയുടെ ഇത്തരം നിലപാടുകള്‍ വിശ്വാസികളുടെ മനസില്‍ അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ക്രിസ്തുവിശ്വാസത്തില്‍ നിന്ന്‌ തെറ്റിപ്പോകാന്‍പോലും ഒരുവേള ഈ നിലപാടുകള്‍ പ്രേരകമാകുന്നുണ്ട്‌. സഭ ഇത്തരത്തില്‍ അധഃപതിക്കുമെന്ന്‌ മുന്‍കൂട്ടി കണ്ടുകൊണ്ടാകണം 'മനുഷ്യപുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്താനാവുമോയെന്ന്‌ ക്രിസ്തു ഒരിക്കല്‍ ചോദിച്ചത്‌'.

മൂലമ്പിള്ളിയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും സഭാ നേതൃത്വങ്ങളുടെ നിലപാടുകള്‍ തിരുത്തിയെഴുതാന്‍ സഹായകമാകുമെങ്കില്‍ സുവിശേഷം അതിന്റെ തനത്‌ അര്‍ഥത്തില്‍ നടപ്പിലാക്കപ്പെടും. അല്ലാത്തപക്ഷം ........

0 comments :