കൂവിപ്പായും സ്വപ്നങ്ങള്‍
ലാലു പ്രസാദ് എന്ന യാദവന്‍ വീണ്ടും കരുത്തു കാട്ടിയിരിക്കുന്നു. ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടിയും കാലിത്തീറ്റ വെട്ടിച്ചും നടന്നവന്‍ എന്ന് സവര്‍ണ്ണ മുഖ്യധാരാ മാധ്യമങ്ങള്‍ കരിപുരട്ടിയ ഒരു മനുഷ്യന്‍ മധുരമായി തിരിച്ചടിക്കുന്നു. നാണമില്ലാതെ ലാലുവിനെ വാനോളം പ്രകീര്‍ത്തിക്കുന്നു മുന്‍ പറഞ്ഞ മാധ്യമങ്ങള്‍!
റെയില്‍വെ ബജറ്റ് കൂവി പായുമ്പോള്‍ കൊച്ചു കേരളത്തിനു വരെയുണ്ട് ഇക്കുറി തെല്ലൊരാശ്വാസം.
ലാലുവും വേലുവും താന്താങ്ങളുടെ നാട്ടില്‍ വല്യതോതില്‍ പുരോഗതിയുണ്ടാക്കിയെന്ന ആക്ഷേപം നിലനില്‍ക്കെ കേരളത്തീന്നു പോയി ദില്ലിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു മന്ദീഭവിച്ചിരിക്കുന്ന ധീരവീര പരാക്രമികളെ നാം ഓര്‍ക്കണം.
കേരളത്തീന്ന് ഒരുപാടു പ്രമാണിമാര്‍ കേന്ദ്രമന്ത്രിമാരായി വന്നിട്ടുണ്ട്. ഇത്തവണയും രണ്ടു മൂന്നു ചേട്ടന്മാര്‍ ദില്ലി ദര്‍ബാറില്‍ ലാലുവിന്റെയും വേലുവിന്റെയും നൃത്തനൃത്ത്യങ്ങള്‍ കണ്ടു കയ്യടിച്ചും കുംഭ കുലുക്കി ചിരിച്ചും ഇരിപ്പുണ്ട്!
ഇടയ്ക്കിടെ കേരളത്തിലെത്തി നാലു ഗീര്‍വാണമടിച്ചും അച്ചുമ്മാന്റെ ഭരണ വീഴ്ചകളില്‍ പരിതപിച്ചും ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കാത്ത ഐക്യം പാര്‍ട്ടിയിലുണ്ടാക്കാന്‍ ശ്രമിച്ചും നമ്മുടെ കേന്ദ്രമന്ത്രിസത്തമന്മാര്‍ നേരം കൊല്ലുന്നു.
ലാലുവിനെയും വേലുവിനെയും തെരഞ്ഞെടുത്തയച്ച നാട്ടുകാരോട് അവര്‍ കൂടുതല്‍ നീതി ചെയ്യുന്നതില്‍ നമ്മള്‍ കേരളീയര്‍ വെറുതെ കെറുവിച്ചിട്ടെന്തു കാര്യം?
കേന്ദ്ര റെയില്‍വെ ലാഭത്തില്‍ നിന്നും ലാഭത്തിലേക്കാണ് കുതിക്കുന്നത്. അടുത്തവട്ടം ആരു ഭരിക്കാന്‍ കേറിയാലും ലാലു ഭരണാധിപനായുണ്ടാകുമെന്ന് അത്താഴപ്പട്ടിണിക്കാരായ പൗരന്മാര്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.
കുറെയേറെ സംവത്സരങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ ഒരു ഭരണാധിപന്‍ പൗരന്മാര്‍ക്ക് സ്വപ്നങ്ങള്‍ സമ്മാനിക്കുന്നത് ഇതാദ്യമാണ്.
നിലവിലുള്ള പങ്കപ്പാടിനിയും കൂട്ടാതിരുന്നാല്‍ മതി ദുഷ്ടന്മാര്‍ എന്നു മാത്രമാണിപ്പോള്‍ ഭരണാധികാരികളെ കുറിച്ച് പൗരന്മാരുടെ പ്രാര്‍ത്ഥന!
കട്ടുമുടിക്കുന്നതിന്, വെട്ടിപ്പിടിക്കുന്നതിന്, കൊടിയുടെയും പ്രത്യയ ശാസ്ത്രത്തിന്റെയും വേര്‍തിരിവുകളില്ലെന്നു തെളിയിക്കപ്പെടുന്ന പ്രബുദ്ധ കേരളത്തില്‍ നിന്ന് എന്നാണൊരു ലാലുവുണ്ടാകുക എന്നു ജനങ്ങള്‍ കാത്തിരിക്കുന്നു.
സമ്മതിക്കാം, ലാലു എല്ലാം തികഞ്ഞ മര്യാദാ പുരുഷോത്തമനല്ല. എന്നാല്‍ നിര്‍ഗുണന്മാരുടെ കൂട്ടത്തില്‍ ലാലു മാത്രമിരുന്നു തിളങ്ങുമ്പോള്‍ പൗരന്മാര്‍ അങ്ങിനെയൊക്കെ ആശിക്കുന്നതില്‍ തെറ്റുണ്ടോ?
3 comments :
ലാലുവിനെയും വേലുവിനെയും തെരഞ്ഞെടുത്തയച്ച നാട്ടുകാരോട് അവര്‍ കൂടുതല്‍ നീതി ചെയ്യുന്നതില്‍ നമ്മള്‍ കേരളീയര്‍ വെറുതെ കെറുവിച്ചിട്ടെന്തു കാര്യം
നിലവിലുള്ള പങ്കപ്പാടിനിയും കൂട്ടാതിരുന്നാല്‍ മതി ദുഷ്ടന്മാര്‍ എന്നു മാത്രമാണിപ്പോള്‍ ഭരണാധികാരികളെ കുറിച്ച് പൗരന്മാരുടെ പ്രാര്‍ത്ഥന!
അത് രണ്ടും സമ്മതിക്കുന്നു..
പ്രദേശികരാഷ്ട്രീയം ഒരു സത്യമായിരിക്കുമ്പോള്‍ ഇതൊക്കെ ഒരു നിര്‍ബന്ധമായി മാറുന്നു.
കുറെയേറെ സംവത്സരങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ ഒരു ഭരണാധിപന്‍ പൗരന്മാര്‍ക്ക് സ്വപ്നങ്ങള്‍ സമ്മാനിക്കുന്നത് ഇതാദ്യമാണ്.
ഇവിടെയാണ് പ്രശ്നം
ആകെ ഉണ്ടായിരുന്ന നല്ലെരു പൊതുമേഖലയും സ്വകാര്യതയുടെ കുപ്പായം അണിയാന്‍ പോകുന്നു എന്ന സ്വപ്നം ആണോ നല്‍കുന്നത്
വേലുവിന്റെ വേലവെയ്പ്പ് സൂക്ഷിക്കണമെന്ന് മനോരമ.
കുറെയേറെ സംവത്സരങ്ങള്‍ക്കു ശേഷം ഇന്ത്യയിലെ ഒരു ഭരണാധിപന്‍ പൗരന്മാര്‍ക്ക് സ്വപ്നങ്ങള്‍ സമ്മാനിക്കുന്നത് ഇതാദ്യമാണ്.
സമ്മതിക്കാം, ലാലു എല്ലാം തികഞ്ഞ മര്യാദാ പുരുഷോത്തമനല്ല. എന്നാല്‍ നിര്‍ഗുണന്മാരുടെ കൂട്ടത്തില്‍ ലാലു മാത്രമിരുന്നു തിളങ്ങുന്നു. yes he is shining, he proved it.
Post a Comment