വസന്തം ചെറിമരങ്ങളോട് ചെയ്ത ചതി!
അമ്മാമ്മ ചത്തതിന്റെ 'ചെലവ്' ചോദിക്കുന്ന കാലത്ത്, പ്രണയദിനത്തിന് ചെലവുകുറയുമോ?
അംഗന്‍വാടി വിദ്യാര്‍ഥിനി മൂന്നുവയസുകാരി പുന്നാരമ്മിണ്ണി തൊട്ടടുത്തിരിക്കുന്ന കിങ്ങിണിക്കുട്ടന് വാലന്റൈന്‍സ് ഡേ സമ്മാനം കൊടുക്കാന്‍ കൂലിപ്പണിക്കാരനായ തന്തപ്പടി കോമളനോട് വായ്പ ചോദിച്ചത് വെറും അഞ്ഞൂറു രൂപ!
വാലന്റൈന്‍സ് ഡേയുടെ ആഘാതത്തില്‍ തരിച്ചിരുന്നുപോയ കോമളന്റെ മുന്നില്‍ ഇയാളെന്തൊരു കോന്തന്‍, അപരിഷ്കൃതന്‍, എന്റെ ജീവിതം കട്ടപ്പൊകയായിപ്പോയല്ലോയെന്ന മുഖഭാവത്തില്‍ നില്‍ക്കുന്നു കടിഞ്ഞൂര്‍ സന്തതി പുന്നാരമ്മിണി!
കഴിഞ്ഞവര്‍ഷം ദരിദ്ര നാരായണന്മാരുടെ ഇന്ത്യാ മഹാരാജ്യത്ത് വാലന്റൈന്‍സ് ഡേ സമ്മാനങ്ങളായി വിറ്റഴിഞ്ഞത് 1400 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍.
ഇത്തവണ മൂവായിരം കോടി രൂപയുടെ സമ്മാനങ്ങളാണത്രെ വിറ്റഴിച്ചത്! എങ്ങനുണ്ട് പ്രണയപ്പനി?
പ്രണയം എന്നു പറയുന്ന സാധനം ഇതുവരെ ആരും കണ്ടിട്ടില്ല. ദൈവം, ചെകുത്താന്‍ എന്നീ സംഗതികള്‍ പോലെ ആരും കാണാത്തൊരു സംഗതി.
ദൈവമുണ്ടെന്നതൊരു വിശ്വാസം. ചെകുത്താനുണ്ടെന്നതും ഒരു വിശ്വാസം. പ്രണയമുണ്ടെന്നതും വെറുമൊരു വിശ്വാസം!
പെരുവഴിയിലൂടെ വെറുതെ നടക്കുമ്പോള്‍ തൊട്ടരികില്‍, മുട്ടി-മുട്ടിയില്ല എന്ന മട്ടില്‍ ഒരോലമടല്‍ വീഴുമ്പോള്‍ തോന്നുന്ന സാധനമാണ് ദൈവ വിചാരം!
കുടി നിര്‍ത്തിയ കുമാരന്‍ വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോള്‍ അറിയാതെ കാലുകള്‍ കള്ളുഷാപ്പിലേക്ക് നടന്നു കയറാന്‍ വെമ്പുന്നതാണ് ചെകുത്താന്‍ വിചാരം!
അയല്‍വക്കത്തെ അമ്മിണി തനിക്കുവേണ്ടി ഭഗവതീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തിയെന്നറിയുമ്പോള്‍ രാമകൃഷ്ണന്റെ ലോലമനസില്‍ വിരിയുന്നതാണ് പ്രണയ വിചാരം!
ഒക്കെയും ഒരു തോന്നലായിരുന്നുവെന്നറിയാന്‍ ചിലപ്പോള്‍ ഒരാഴ്ച, ചിലപ്പോള്‍ ഒരു മാസം, ചിലപ്പോള്‍ ഒരു കൊല്ലം, ചിലപ്പോള്‍ ഒരായുസ്സുവരെ എടുത്തെന്നുവരാം!
മുന്തിയ ഇനം പ്രണയം എന്നു പറയുന്നത് ചീറ്റിപ്പോയ പ്രണയമാണ്. പ്രണയം ചീറ്റിപ്പോയവന്‍ എന്തു കടുംകൈയും ചെയ്യും. കവിത വരെ എഴുതിക്കളയും.
'ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖ
മെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന..'
എന്ന് ഒരു പ്രണയം ചീറ്റിയ ദിനത്തില്‍ ചുള്ളിക്കാട് വരെ പാടിപ്പോയിട്ടുണ്ട്്. '
അയല്‍വാസിയെ സ്നേഹിക്ക' എന്ന സത്യവേദപുസ്തകത്തിലെ കല്‍പ്പന പാലിച്ച് അയല്‍ക്കാരിയെ പ്രണയിച്ച് കെട്ടിയവനോട് ആദ്യരാത്രിയില്‍ പ്രണയിനി പറഞ്ഞു 'ശത്രുവിനെ സ്നേഹിക്ക' എന്ന കല്‍പ്പനയാണവള്‍ പാലിച്ചതെന്ന്! വാലന്റൈന്‍സ് ദിനത്തില്‍ കിട്ടാവുന്നവരില്‍ നിന്നൊക്കെ കിട്ടാവുന്നിടത്തോളം ഗൃഹോപകരണങ്ങള്‍ സമ്മാനമായി വാങ്ങിയെടുക്കുക എന്നതുമാത്രമാണ് ബുദ്ധി.
വസന്തം ചെറിമരങ്ങളോട് ചെയ്ത തോന്ന്യാസം ഇനിയത്തെ കാലത്ത് നടക്കണ കാര്യമാണോ!
3 comments :
നടക്കില്ലേ?
വസന്തം ചെറിമരങ്ങളോട് ചെയ്ത തോന്ന്യാസം ഇനിയത്തെ കാലത്ത് നടക്കണ കാര്യമാണോ!
മബ്റൂക്ക്....നന്നായിട്ടുണ്ട്
“വിചാര“ങ്ങളെ ഡിഫൈന്‍ ചെയ്തത് ഇഷ്ടായിട്ടോ....
Post a Comment