Thursday, February 14, 2008

അദര്‍ ഡ്യൂട്ടി എന്ന അടിമപ്പണി അവസാനിപ്പിക്കണം

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ലി സമ്പ്രദായമെന്ന അടിമപ്പണി അദര്‍ ഡ്യൂട്ടി എന്ന പേരില്‍ കേരള പോലീസില്‍ ഇന്നും തുടരുന്നത്‌ കേരളീയര്‍ക്കെല്ലാം അപമാനമാണ്‌.

ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും വീട്ടുകാരുടെ വസ്ത്രങ്ങള്‍ അലക്കിത്തേക്കാനും കോണ്‍സ്റ്റബിള്‍ തലത്തിലുള്ളവരെ നിയോഗിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ്‌ സത്യം. ഐപിഎസ്‌ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വീടുകളിലാണ്‌ പോലീസുകാര്‍ ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി അടിമപ്പണി ചെയ്യുന്നത്‌.

ക്രമസമാധാനപാലനത്തോടുള്ള അദമ്യമായ ആഗ്രഹം കൊണ്ടൊന്നുമല്ല യുവാക്കള്‍ പോലീസിലെത്തുന്നത്‌. ജീവിക്കാന്‍ ഒരു തൊഴില്‍ വേണം. മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയിട്ടും മാന്യമായ തൊഴില്‍ ലഭിക്കാതെ വരുമ്പോഴാണ്‌ കാക്കിയണിയാന്‍ ഭൂരിപക്ഷം പേരും തയ്യാറാകുന്നത്‌. സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ മാന്യമായി തലയുയര്‍ത്തിപ്പിടിച്ച്‌ ജീവിക്കാനുള്ള ആഗ്രഹവുമായി പോലീസിലെത്തി കഠിന പരിശീലനം നേടിക്കഴിയുമ്പോള്‍ ഇവരെ വീട്ടുവേലക്കാരാക്കി മാറ്റുന്ന സമ്പ്രദായം ആധുനിക സമൂഹത്തിന്‌ ഒരിക്കലും നിരക്കുന്നതല്ല.

മര്‍ദ്ദിതരുടെയും ചൂഷിതരുടെയും ദുര്‍ബലരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും മോചന പ്രത്യയശാസ്ത്രം ജീവിതവ്രതമായി സ്വീകരിച്ചവര്‍ ഭരണം നടത്തുമ്പോഴും മാനവരാശിക്ക്‌ തന്നെ അപമാനമായ ഇത്തരം അടിമപ്പണി തുടരുന്നു എന്ന്‌ പറയുമ്പോള്‍ നാം ആര്‍ജ്ജിച്ചു എന്ന്‌ പറയുന്ന വിവേകവും സാക്ഷരതയും ഒക്കെ എത്രമാത്രം പൊള്ളയായതാണെന്ന്‌ വ്യക്തമാകുന്നു.

അദര്‍ ഡ്യൂട്ടിയില്‍ ജില്ലതോറും നൂറുകണക്കിന്‌ പേരാണ്‌ നിയമിക്കപ്പെട്ടിട്ടുള്ളത്‌. പോലീസുകാര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം ഉണ്ടെങ്കിലും അദര്‍ ഡ്യൂട്ടിയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക്‌ തങ്ങള്‍ അനുഭവിക്കുന്ന നീചമായ അനുഭവങ്ങള്‍ പോലും പുറത്തറിയിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. പോലീസ്‌ യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക്‌ ഈ ചൂഷിതരെക്കുറിച്ച്‌ ബോധമുണ്ടെങ്കിലും ഇവരുടെ മോചനത്തിനുവേണ്ടി, ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ചെറുവിരല്‍ അനക്കാന്‍ അവരും തയ്യാറല്ല.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി ചാര്‍ജെടുത്തുകഴിഞ്ഞപ്പോള്‍ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും അദര്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കാനുള്ള ഉത്തരവിടാന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഉത്തരവ്‌ ഇറങ്ങിയെങ്കിലും ഡിജിപി തന്നെ ആ ഉത്തരവ്‌ മുക്കി പോലീസിലെ അടിമപ്പണിക്ക്‌ പ്രോത്സാഹനം നല്‍കുകയായിരുന്നു.

പോലീസ്‌ സേനയെ സംബന്ധിച്ച്‌ പൊതുവില്‍ പറഞ്ഞാല്‍ സിഐ മുതല്‍ താഴോട്ടുള്ളവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മേലുദ്യോഗസ്ഥരുടെ അടിമകളാണ്‌. ഡിവൈഎസ്പി മുതലുള്ള ഏമാന്മാരുടെ ഏതാജ്ഞയും ശിരസ്സാവഹിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്‌. ഇതിനു പുറമെയാണ്‌ അദര്‍ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെടുന്നവരുടെ നരകജീവിതം.

കോടിയേരി ബാലകൃഷ്ണന്‍ പ്രശ്നത്തില്‍ ഇടപെട്ടതും ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും മാതൃകാപരമായ നടപടിയായിരുന്നെങ്കിലും തന്റെ നിര്‍ദ്ദേശപ്രകാരം ഇറക്കിയ ഉത്തരവ്‌ പൂര്‍ണ്ണമായും നടപ്പിലാക്കിയോ എന്ന്‌ ശ്രദ്ധിക്കാന്‍ അദ്ദേഹവും തയ്യാറായില്ല. അതായത്‌ പ്രശ്നം പുറംലോകം അറിയുകയും വഷളാകുകയും ചെയ്തപ്പോള്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശവും ഡിജിപിയുടെ ഉത്തരവും എന്ന്‌ വ്യക്തമാകുന്നു.

നാട്ടില്‍ പട്ടി വണ്ടിയിടിച്ച്‌ ചത്താല്‍ അത്‌ പ്രശ്നമാക്കി കോടതികളില്‍ ഹര്‍ജി നല്‍കുന്ന നിരവധി സന്നദ്ധസംഘടന പ്രവര്‍ത്തകരും പൗരാവകാശ വിദഗ്ദരുമുള്ള നാടാണ്‌ കേരളം. എന്നാല്‍ ഇവരും അദര്‍ ഡ്യൂട്ടിക്കാരുടെ നരകജീവിതം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അതായത്‌ ഒരു സമൂഹം മുഴുവനും ചേര്‍ന്നുകൊണ്ട്‌ നടത്തുന്ന മനുഷ്യാവകാശ ധ്വംസനമാണിത്‌. ഇനിയെങ്കിലും ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ന്നേ തീരൂ. ഈ നിസഹായരുടെ മോചനം എത്രയും പെട്ടെന്ന്‌ നടപ്പിലാക്കാന്‍ കൂട്ടായി യത്നിക്കേണ്ടതുണ്ട്‌. പൊതുവില്‍ പോലീസ്‌ ജനങ്ങളുടെ സുഹൃത്തല്ല, മറിച്ച്‌ ഭരണകൂടത്തിന്‌ അതിന്റെ ഭീകരത നടപ്പിലാക്കാനുള്ള ഒരു ഏജന്‍സി മാത്രമാണെന്ന ധാരണയാണുള്ളത്‌. ഒരു പരിധിവരെ അത്‌ ശരിയാണുതാനും. എല്ലാ അനാശാസ്യ പ്രവര്‍ത്തനങ്ങളും പോലീസിന്റെ സഹായത്തോടെ നടക്കുന്നു എന്നു മാത്രമല്ല, പോലീസ്‌ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളുമാണ്‌. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ ഏമാന്മാരുടെ വീട്ടില്‍ അടിമപ്പണിക്ക്‌ നിയോഗിക്കപ്പെട്ട പോലീസുകാരുടെ മോചനത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയേ തീരൂ. കാരണം പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകമാണ്‌.

1 comments :

  1. ഒരു “ദേശാഭിമാനി” said...

    അടിമപ്പണിക്ക്‌ നിയോഗിക്കപ്പെട്ട പോലീസുകാരുടെ

    ആത്മരോഷം ആയിരിക്കാം “ലോക്കാപ്പ് പിഠനങ്ങളായി” പുറത്തുവരുന്നതു!