Thursday, February 7, 2008

You too Muhamad Haneesh...

യൂ റ്റൂ ബ്രൂട്ടസ്‌ എന്ന ചോദ്യത്തിനിടം നല്‍കിയ വിഖ്യതമായ രാഷ്ട്രീയ ചതിക്കളിയുടെ അനന്തര ദുരന്തനാടകങ്ങള്‍ എന്തായിരുന്നുവെന്ന്‌ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്‌ ഹനീഷിനെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്നതിനേക്കാള്‍ ബുദ്ധിശൂന്യമാണെന്ന്‌ ഞങ്ങള്‍ക്കറിയാം. എന്നാല്‍ വികസനത്തിന്റെ വീഥിയൊരുക്കാന്‍ അധികാരദല്ലാളന്മാര്‍ക്കൊപ്പംനിന്ന്‌ നിസ്സഹായരും നിര്‍ദ്ധനരുമായ സാധുക്കളെ കിടക്കപ്പായയില്‍നിന്നുപോലും കുടിയിറക്കാന്‍ കൂട്ടുനില്‍ക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഊഹാതീതമായിരിക്കും. ഇത്‌ ഒരു വ്യക്തിക്കുനേരെ ഉയരുന്ന ജനരോഷമായിരിക്കുമെന്നല്ല പറഞ്ഞുവരുന്നത്‌. എന്നാല്‍ ഒരു ഭരണ സംവിധാനത്തിനു നേരെ ഉയരുന്ന, സഹനത്തിന്റെ നെല്ലിപ്പടികണ്ട ജനകീയ മുന്നേറ്റമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥ തലവനും സംസ്ഥാനത്തെ പ്ലാനിംഗ്‌ വിദഗ്ദന്മാരും രാഷ്ട്രീയ ദല്ലാളന്മാരുമൊക്കെ ചേര്‍ന്ന്‌ രൂപം കൊടുത്തിട്ടുള്ള വികസനപദ്ധതികളെല്ലാം അവതാളത്തിലാകും; സ്മാര്‍ട്ട്സിറ്റിയില്‍ ചോരപ്പുഴയൊഴുകും.

വല്ലാര്‍പാടം നലുവരിപ്പാത നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളിയിലെ പത്തു വീടുകളിലെ വൃദ്ധരും രോഗികളും ഗര്‍ഭിണികളും കല്യാണനിശ്ചയം കഴിഞ്ഞ യുവതിയും പ്ലസ്‌ ടൂ, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുമടങ്ങുന്ന നൂറുപേരെ കുടിയൊയിപ്പിക്കാന്‍ നടന്ന ശ്രമം കടുത്ത ഭരണകൂട ഭീകരതയുടെ പ്രദര്‍ശനമായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമനടപടിയുടെ ഭാഗമായിട്ടായിരുന്നു കുടിയൊഴിപ്പിക്കല്‍ എന്ന്‌ ന്യായീകരിക്കുന്ന കളക്ടര്‍ ചട്ടങ്ങളുടെ സാങ്കേതികത്വത്തിന്റെ നടത്തിപ്പിനെക്കുറിച്ചാണ്‌ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. മനുഷ്യത്വപരമായ സമീപനം ഇതില്‍ ഇല്ലായിരുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ല. ചട്ടങ്ങളും നിയമങ്ങളും നടപ്പിലാക്കുമ്പോള്‍ കളക്ടറെപ്പോലെ ഒരാള്‍ മാനുഷിക പരിഗണനകള്‍ക്ക്‌ മുന്‍തൂക്കം നല്‍കേണ്ടതുമില്ല.

എന്നാല്‍ ഭരണഘടന പൗരന്‌ വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും അതുസംബന്ധിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികളെക്കുറിച്ചും ഒരു കളക്ടര്‍ ബോധവാനായിരിക്കണം.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ നിലവിലുള്ള ചട്ടങ്ങളെക്കുറിച്ച്‌ മാത്രം അറിഞ്ഞാല്‍ പോര മറിച്ച്‌ ഇതുസംബന്ധിച്ച്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനമായ വിധിയെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും ഒരു കളക്ടര്‍ക്ക്‌ ബോധമുണ്ടായിരിക്കണം. 1894ലെ അവസ്ഥകള്‍ അനുസരിച്ചാണ്‌ ഇന്ത്യയിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം രൂപം കൊടുത്തിട്ടുള്ളത്‌. അതിന്‌ 1954 ല്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നതും നേര്‌. എങ്കിലും ഏതാണ്ട്‌ 200 വര്‍ഷം പഴക്കമുള്ള ഒരു നിയമത്തിന്റെ സാങ്കേതികതയാണ്‌ എറണാകുളം കളക്ടര്‍ മുറുകെപ്പിടിക്കുന്നത്‌. അപ്പോഴും ഈ നിയമത്തിന്റെ തന്നെ അടിസ്ഥാനത്തില്‍ ഏറെ വിവാദമുണ്ടായ നര്‍മ്മദ-സരോവര്‍ പദ്ധതി പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ച അത്യന്തം ഗൗരവമുള്ള വിധിയെക്കുറിച്ച്‌ അദ്ദേഹം അജ്ഞത ഭാവിക്കുകയാണെന്നുവേണം കരുതാന്‍.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ താമസിക്കുന്നവരെ കുടിയിറക്കുന്നതിനുമുമ്പ്‌, അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ക്രമങ്ങളെല്ലാം ജില്ലാഭരണകൂടവും സര്‍ക്കാരും പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ്‌ 2000 ഒക്ടോബര്‍ 18 ന്‌ സുപ്രീം കോടതി വിധിച്ചത്‌. ആദിവാസികളടങ്ങുന്ന ആയിരക്കണത്തിന്‌ നിസ്സഹായരെയായിരുന്നു നര്‍മ്മദ-സരോവര്‍ പദ്ധതി പ്രദേശത്തുനിന്ന്‌ കുടിയിറക്കിയത്‌. ഇവര്‍ക്ക്‌ അനുകൂലമായി 2000 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്‌ നടപ്പിലാക്കാന്‍ പക്ഷെ ജില്ലാഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകാതെ വന്നപ്പോള്‍ പ്രശ്നത്തില്‍ സുപ്രീംകോടതി വീണ്ടും ഇടപെടുകയും 2005 ല്‍ വീണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്തു.

ഈ നിയമത്തെക്കുറിച്ച്‌ മന്ത്രി കെപി രാജേന്ദ്രനും എസ്‌ ശര്‍മ്മയ്ക്കും അവരെപ്പോലുള്ള മറ്റ്‌ രാഷ്ട്രീയ നേതാക്കള്‍ക്കും പദ്ധതി നടത്തിപ്പുകാര്‍ക്കും ബോധമുണ്ടാകണമെന്നില്ല. എന്നാല്‍ ഒരു കളക്ടര്‍ക്ക്‌ അത്തരം അജ്ഞത ഭൂഷണമല്ല. ഇപ്പോള്‍ കുടിയിറക്കിയിട്ടുള്ളവരെ പുനരധിവസിപ്പിക്കാന്‍ രാജേന്ദ്രന്റെയും ശര്‍മ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അതിനുള്ള അനുമതി തേടി സര്‍ക്കാരിനെഴുതിയിട്ടുണ്ടെന്നുമാണ്‌ മുഹമ്മദ്‌ ഹനീഷ്‌ പറയുന്നത്‌. ഇത്‌ വസ്തുതയായിരിക്കാം എന്നാല്‍പോലും ഇന്നലെ മൂലമ്പിള്ളിയില്‍ കാണിച്ച സാഹസം സുപ്രീംകോടതി വിധിയുടേയും ഭരണഘടനയുടെ 21-ാ‍ം വകുപ്പിന്റെയും നഗ്നമായ ലംഘനമാണ്‌. സാധാരണ ജനങ്ങളുടെ, നിസ്സഹയരുടെ, ദരിദ്രരുടെ മുതുകത്ത്‌ കുതിരകയറാനും കോടതി അലക്ഷ്യവും ഭരണഘടനാ ലംഘനവും നടത്താനുമല്ല മുഹമ്മദ്‌ ഹനീഷിനെപ്പോലുള്ള മിടുക്കരായ കളക്ടര്‍മാരെ നിയമിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ ബ്രൂട്ടസുമാരുടെ ജാനസില്‍ പെടുന്ന റവന്യൂ ഉദ്യോഗസ്ഥനാകാതിരിക്കാനും അവകാശങ്ങള്‍ ലംഘിക്കപ്പെട്ടവരെ സംരക്ഷിക്കാനും മുഹമ്മദ്‌ ഹനീഷ്‌ മുന്‍കൈ എടുക്കണമെന്നാണ്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌.

2 comments :

  1. വിന്‍സ് said...

    നാടിന്റെ വികസനത്തിനു വേണ്ടി വഴി മുടക്കി നില്‍ക്കുന്നവരെ എന്തു കാണിച്ചും ഒഴിപ്പിക്കണം, പക്ഷെ അവര്‍ക്ക് അവരുടെ സ്വത്തിനും റീ ലൊക്കേഷനുമുള്ള നഷ്ടപരിഹാരം തീര്‍ച്ച ആയും കൊടുത്തതിനു ശേഷം മാത്രം.

    ഇതു ഒരു സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതാണു. ഞങ്ങളുടെ വീട്ടിലേക്കും അയല്‍ പക്കത്തുള്ള നൂറു പേരുടെ എങ്കിലും വീട്ടിലേക്കും വാഹനം കയറിയില്ലായിരുന്നു. എല്ലാവരും സ്ഥലം വിട്ടു കൊടുത്ത് റോഡ് നിര്‍മ്മിക്കണം എന്നൊരു തീരുമാനം ഉണ്ടായി. റോഡ് ഉണ്ടാക്കുകയാണേങ്കില്‍ ടാറിടാം എന്നുള്ള തീരുമാനവും പഞ്ചായത്തില്‍ നിന്നുണ്ടായി. ആളുഗള്‍ ജഗം ചെയ്താല്‍ സ്ഥലം വിട്ടു കൊടുക്കില്ല. ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം മിടുക്കന്മാര്‍ കുറേ ആണുങ്ങള്‍ ലോറി കണക്കിനു ആളുകളെ ഇറക്കി സ്ഥലം അങ്ങു കേറി നിരത്തി. പതിനായിരക്കണക്കിനു വില വരുന്ന വഴി മുടക്കി നിന്നിരുന്ന ആഞിലി തടികളും പ്ലാവും ഒക്കെ നടുക്കു വച്ചാണു അവര്‍ വെട്ടി നിലത്തിട്ടത്. ഒടുവില്‍ കേസും കൂട്ടവും വന്നെങ്കിലും എല്ലാം തള്ളി പോയി. ഇപ്പോള്‍ പണ്ടു ചാവാന്‍ കിടന്നാല്‍ കസേരയില്‍ ഇരുത്തി പൊക്കി കൊണ്ടു പോയിരുന്ന സ്ഥാനത്ത് കാറുകള്‍ മുറ്റത്ത് വരുന്ന സ്ഥിതിയില്‍ ആയി.

    അതു കൊണ്ടു തൂത്തു വാരുകയും വെട്ടി നിരത്തുകയും ചെയ്തില്ലെങ്കില്‍ കേരളത്തില്‍ എന്നല്ല ലോകത്തൊരിടത്തും റോഡിനു വീതിയും വിമാനത്താവളങ്ങളും വികസനങ്ങളും വരത്തില്ല. അതിന്റെ ഇടയില്‍ ഗര്‍ഭിണിയും മാങ്ങാത്തൊലിയും എന്നു പറഞ്ഞിരുന്നിട്ടു കാര്യം ഇല്ല.

  2. cartoonist sudheer said...

    ))) വികസനം നമുക്ക് എന്നാത്തിന്നാ‍ാ‍ാ‍ാ...എന്നതാ അത്...?>??(brain mind of a malayali)