Tuesday, February 5, 2008

പീഡകരെ സംരക്ഷിക്കുന്ന വിധിയും നിയമങ്ങളും

സമൂഹത്തിലെ ദുര്‍ബലരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ ജനസമൂഹത്തിന്‌ അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഒടുവിലത്തെ അത്താണിയായ കോടതികള്‍ പലപ്പോഴും ചൂഷകര്‍ക്കും അധിനിവേശ ശക്തികള്‍ക്കും അനുകൂലമായ നിലപാടാണെടുക്കുന്നത്‌. ഇക്കാര്യത്തില്‍ കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള ന്യായപീഠങ്ങള്‍ ഒരേനിലപാടാണ്‌ സ്വീക രിക്കുന്നതെന്ന്‌ പലവിധികളും സാക്ഷ്യപ്പെടുത്തുന്നു.

അത്തരത്തില്‍ ഒരു വിധിയാണ്‌ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍നിന്നുണ്ടായത്‌. സ്ത്രീധനത്തിന്‌ പുതിയ വ്യാഖ്യാനം നല്‍കി പുറപ്പെടുവിച്ച ഈ വിധി നിലവിലിരിക്കുന്ന സ്ഫോടനാത്മക സാഹചര്യങ്ങളുടെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നതു കൂടാതെ സ്ത്രീധനത്തിന്റെ പേരില്‍ യുവതികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതും കൂടിയാണ്‌.

കുട്ടികള്‍ ജനിച്ചുകഴിഞ്ഞാല്‍ മറ്റു ചടങ്ങുകളോടനുബന്ധിച്ച്‌ സ്വീകരിക്കുന്ന പണവും പാരിതോഷികങ്ങളും സ്ത്രീധനമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്‌. ഇത്‌ ഏറെ ഉല്‍കണ്ഠയുണ്ടാക്കുന്നതും ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്നതും 1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ ചട്ടങ്ങളുടെ ദുര്‍വ്യാഖ്യാനവുമാണ്‌.

'വിവാഹത്തിന്‌ മുമ്പും ശേഷവും വധുവിന്റെ വീട്ടുകാരില്‍നിന്നും ആവശ്യപ്പെട്ടുവാങ്ങുന്ന പണമോ വിലപിടിച്ച മറ്റുവസ്തുക്കളോ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നതാണ്‌' എന്ന്‌ 1961 ലെ സ്ത്രീധന നിരോധന നിയമം വ്യക്തമാ ക്കുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ രാജ്യത്തിന്റെ നാനാഭാഗത്തും പീഡനങ്ങളും ആത്മഹത്യകളും പെരുകുന്ന ഇക്കാലത്ത്‌ ആ സത്യം കാണാതെ സുപ്രീംകോടതി പുറപ്പെടുവിച്ച നീതിയുക്തമല്ല എന്നുതന്നെയാണ്‌ ഞങ്ങളുടെ അഭിപ്രായം. ഈ വിധി ധനാര്‍ത്തിമൂത്ത പുരുഷവീട്ടുകാരെ സഹായിക്കാന്‍ മാത്രമെ ഉതകുകയുള്ളൂ. നിയമങ്ങളുടെ പരിരക്ഷയില്ലാത്തതുകൊണ്ട്‌ നിരന്തരം പീഡിപ്പിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ സാധാരണക്കാരും സമ്പന്നരുമായ യുവതികളെ വീണ്ടും പീഡിപ്പിക്കുന്നതാണ്‌ ഈ നിയമം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകേണ്ടതും അതിലൂടെ സുപ്രീം കോടതിയുടെ ഈ സ്ത്രീവിരുദ്ധ വിധി തിരുത്തപ്പെടേണ്ടതുമാണ്‌.

കോടതികളിങ്ങനെ ദുര്‍ബല വിഭാഗത്തെ വിധികളിലൂടെ പീഡിപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ മറ്റൊരു നിയമത്തിലൂടെ പീഡിപ്പിക്കുകയാണ്‌. എസ്‌എസ്‌എല്‍സിക്ക്‌ ശേഷം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ 60 ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയിരിക്കണം എന്ന്‌ നിര്‍ബന്ധമാണ്‌, ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നിഷേധിക്കാന്‍ പോകുന്നത്‌. സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്നും പിന്‍മാറുകയും സ്വകാര്യ വിദ്യാഭ്യാസ വാണിക്കുകള്‍ ആ രംഗം കൈയ്യടക്കുകയും ചെയ്ത സാഹചര്യത്തില്‍ സമ്പന്നരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇപ്പോള്‍ത്തന്നെ ഈ മേഖല അപ്രാപ്യമാണ്‌.

സര്‍ക്കാരിന്റെ പുതിയ നയം പിന്നാക്കവിഭാഗത്തില്‍പ്പെട്ട സമ്പന്നരല്ലാത്ത, അതേസമയം പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നിഷേധിക്കാനേ ഉപകരിക്കുകയുള്ളൂ. ഏതായാലും കൂടുതല്‍ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഇനി ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. അപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിന്‌ കൂടുതല്‍ അവസരം സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഈ ഉത്തരവാദിത്തത്തില്‍നിന്ന്‌ തലയൂരുക മാത്രമല്ല, പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ ഉന്നതവിദ്യാഭ്യാസം തമസ്കരിക്കുക കൂടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്‌. വഞ്ചനയുടെയും ചൂഷണത്തിന്റെയും പുതിയ ശക്തികളായി സര്‍ക്കാരുകളും കോടതികളും മാറുമ്പോഴാണ്‌ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക്‌ ജനസാമാന്യത്തില്‍ അംഗീകാരം ലഭിക്കുന്നത്‌. ഇക്കാര്യം സര്‍ക്കാരുകളും കോടതികളും ഓര്‍ത്തിരിക്കേണ്ടതാണ്‌.

0 comments :