Wednesday, February 20, 2008

പൂന്താനത്തിന്റെ പിതാമഹന്മാരെ തേടുന്ന പിതൃരാഹിത്യം

ഭക്തകവി പൂന്താനം നമ്പൂതിരി ജീവിച്ചിരുന്നതിന്‌ തെളിവില്ല എന്ന്‌ പെരുന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രനും അഡ്മിനിസ്ട്രറേറ്റര്‍ പി രതീശനും തയ്യാറായത്‌ സംസ്കൃതത്തില്‍ പറഞ്ഞാല്‍ തികഞ്ഞ പിതൃരാഹിത്യമാണ്‌.

മഹാനായ ഈ രവീന്ദ്രന്റെയും മഹാനായ രതീശന്റെയും ഇവരോടൊപ്പം ദേവസ്വം ഭരിക്കുന്ന മറ്റ്‌ മഹാന്മാരുടെയും ദേവസ്വം മന്ത്രി ജി. സുധാകരന്റെയും 200 തലമുറ മുന്‍പുള്ള പൂര്‍വ്വികന്മാര്‍ ജീവിച്ചിരുന്നതിന്‌ എന്ത്‌ തെളിവാണ്‌ ഇവര്‍ക്ക്‌ ഹാജരാക്കാനുള്ളത്‌. ഈ 'പൂര്‍വ്വസൂരികളില്‍' ആരെങ്കിലും കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിക്കര പക്കിയുടെയും ജംബുലിംഗം നാടാരുടെയും കള്ളിയങ്കാട്ട്‌ നീലിയുടെയും താത്രിക്കുട്ടിയുടെയും ജാനസില്‍ പെട്ടവരായിരുന്നെങ്കില്‍, വായ്മൊഴിയായിട്ടെങ്കിലും ചില മാഹാത്മ്യങ്ങള്‍ പാടി കേട്ടേനെ. തല്‍ക്കാലം ആ രീതിയിലോ പൂന്താനത്തിന്റെയും മേല്‍പ്പത്തൂരിന്റെയും ജീവിതശൈലിയിലോ ഇവരുടെ ആരുടെയും പൂര്‍വ്വികരെക്കുറിച്ച്‌ പറഞ്ഞു കേട്ടിട്ടില്ല. അത്രയ്ക്ക്‌ അല്‍പ്പന്മാരായവരാണ്‌ പൂന്താനം നമ്പൂതിരിയുടെ കുടുംബവും ബന്ധങ്ങളും തെരഞ്ഞതും പിന്നെ അങ്ങനെയൊന്ന്‌ സ്ഥാപിക്കാന്‍ തെളിവില്ലെന്ന്‌ കോടതിയില്‍ ബോധിപ്പിച്ചതും.

ഈ ബോധക്കേട്‌ വിവേകമുള്ളവര്‍ ചൂണ്ടികാണിച്ചപ്പോള്‍ മഹാന്മാരായ തോട്ടത്തില്‍ രവീന്ദ്രനും രതീശനും ജി.സുധാകരനും വെളിവ്‌ വീഴുകയും പെരുന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സമസ്താപരാധവും ഏറ്റുപറഞ്ഞ്‌ പിന്‍വലിക്കുകയും ചെയ്തു.

നാക്കിന്‌ എല്ലില്ലാത്ത ഒരു മന്ത്രിക്കും ആ മന്ത്രിയുടെ മൂട്‌ താങ്ങി സ്ഥാനം നിലനിര്‍ത്തുന്ന നട്ടെല്ലില്ലാത്ത ദേവസ്വം ചെയര്‍മാനും വട്ടുതട്ടാനുള്ളതല്ല പൂന്താനത്തെ പോലെയുള്ള സമര്‍പ്പിത ചേതസുകളുടെ ജീവിതവും തേജസാര്‍ന്ന അവരുടെ സാഹിത്യ പ്രവര്‍ത്തനവും കാലാധിവര്‍ത്തിയായ ഭക്തിപ്രകര്‍ഷങ്ങളും.

സംസ്കൃത പണ്ഡിതനായിരുന്ന മേല്‍പ്പത്തൂരിന്റെ സമകാലികനായി ഗുരുവായൂരില്‍ ഭജനമിരുന്ന പൂന്താനം നമ്പൂതിരിയുടെ ഭാഷാപ്രാവീണ്യമില്ലായ്മയെ അംഗീകരിക്കാന്‍ ഗുരുവായൂരപ്പന്‍ തയ്യാറായെങ്കില്‍, താന്‍ മരപ്രഭുകൂടിയാണെന്ന്‌ അംഗീകരിക്കാന്‍ മനസുകാട്ടിയെങ്കില്‍ വ്യക്തമാകുന്നത്‌ പൂന്താനം നമ്പൂതിരിയെന്ന സാധാരണ മലയാളിയുടെ അസാധാരണമായ സിദ്ധിവൈഭവമാണ്‌. അതിന്റെ പതിനായിരം അയലത്തെങ്കിലുമെത്താനുള്ള വൈഭവമില്ലാത്ത മഹാന്മാരായ സുധാകരനും രവീന്ദ്രനും രതീശനും പൂന്താനത്തിന്റെ തന്തയെത്തേടിയെങ്കില്‍ അതവരുടെ സഹജസ്വഭാവമായി കണ്ട്‌ നമുക്ക്‌ ക്ഷമിക്കാം; അതാണ്‌ മാന്യത.

ഇത്‌ യാദൃശ്ചികമായി സംഭവിച്ചതോ നോട്ടപ്പിശകുകൊണ്ട്‌ വന്നുചേര്‍ന്ന പിഴയോ അല്ല. മറിച്ച്‌ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനുവര്‍ത്തിച്ചുപോരുന്ന തീര്‍ത്തും ഗര്‍ഹണീയമായ ഒരു ഹിഡന്‍ അജണ്ടയുടെ തുടര്‍ നടപടി മാത്രമാണ്‌. പൊതുവെ പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഈശ്വരവിശ്വാസികളല്ല. എന്നാല്‍ അവര്‍ അധികാരത്തിലെത്തുമ്പോള്‍ ഈശ്വരവിശ്വാസികള്‍ അടക്കമുള്ളവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വീഴ്ചകൂടാതെ നടത്താന്‍ ബാധ്യസ്ഥരുമാണ്‌. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമില്ല.

എന്നാല്‍ മഹാനായ സുധാകരന്റെ നേതൃത്വത്തില്‍ ഹൈന്ദവ ആരാധനാലയങ്ങളെ അഴിമതിയില്‍ നിന്ന്‌ മുക്തമാക്കാനുള്ള 'ഹെര്‍ക്യൂലിയന്‍ ടാസ്കാ'ണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. ശബരിമലയും ഗുരുവായൂരും ചോറ്റാനിക്കരയും അടക്കമുള്ള ആരാധന കേന്ദ്രങ്ങളെ ഈജിയന്‍ തൊഴുത്തായി കണ്ട്‌ അത്‌ വൃത്തിയാക്കാനുള്ള ഹെര്‍ക്കുലീസായി സ്വയം അവരോധിച്ചിരിക്കുകയാണ്‌ മഹാനായ സുധാകരന്‍. വെളിവുകേടിന്റെ ഈ അഹന്തക്ക്‌ കൂട്ടുനില്‍ക്കാന്‍ മഹാന്മാരായ ഗുപ്തനും രവീന്ദ്രനും രതീശനും അടക്കം നിരവധി കുട്ടിവേഷങ്ങളുമുണ്ട്‌. കഴിഞ്ഞ മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ഇവര്‍ കാട്ടിക്കൂട്ടിയ ശുദ്ധീകരണ പ്രക്രിയ എത്രമാത്രം ദുസ്സഹമായിരുന്നുവെന്ന്‌ അന്ന്‌ മലചവിട്ടിയ അയ്യപ്പഭക്തന്മാരോട്‌ ചോദിച്ചാല്‍ മനസിലാകും. അരവണയും അപ്പവുമില്ലാതെ മലയിറങ്ങേണ്ട ഗതികേട്‌ ഇത്തവണ ഉണ്ടായത്‌ ഇവരുടെയൊക്കെ അനാവശ്യ ഇടപെടല്‍ മൂലമായിരുന്നുവെന്ന്‌ ഈശ്വരവിശ്വാസികളല്ലാത്തവരും ഒറ്റസ്വരത്തില്‍ അംഗീകരിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല.

ഈശ്വരവിശ്വാസം വ്യക്തിനിഷ്ഠമായ സംഗതിയാണ്‌. എങ്കിലും ഈശ്വരവിശ്വാസികള്‍ക്ക്‌ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വാതന്ത്ര്യത്തോടെ ആരാധന നടത്താനുള്ള സൗകര്യം ഒരുക്കേണ്ടത്‌ അതാതുകാലത്തെ ഭരണകൂടമാണ്‌. എന്നുവച്ച്‌ ആ വിശ്വാസികളുടെ ആരാധനാലയങ്ങളുടെ നടത്തിപ്പിനോ ആരാധന ക്രമത്തിനോ കൈകടത്താന്‍ അധികാരം ഉണ്ട്‌ എന്നല്ല അര്‍ത്ഥം. എന്നാല്‍ മഹാനായ സുധാകരനും സംഘവും ഹൈന്ദവ വിശ്വാസങ്ങളിലും ഹൈന്ദവ ആരാധന ക്രമങ്ങളിലും അനാവശ്യമായ കൈകടത്തലുകളും നിര്‍ദ്ദേശങ്ങളും അവസംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. എന്തുകൊണ്ടാണ്‌ ഈ മഹാന്മാര്‍ ക്രൈസ്തവ-ഇസ്ലാമിക ആരാധന ക്രമത്തിലോ ആരാധനാലയങ്ങളുടെ കാര്യത്തിലോ ഇടപെടാത്തതും അഭിപ്രായ പ്രകടനം നടത്താത്തതും. ശബരിമല അടക്കമുള്ള ഹൈന്ദവ ആരാധനകേന്ദ്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം ആര്‍ഭാടത്തിന്‌ ഉപയോഗിക്കുന്നവര്‍ എന്തുകൊണ്ട്‌ ക്രൈസ്തവ ഇസ്ലാമിക ആരാധന കേന്ദ്രങ്ങളില്‍ കുമിഞ്ഞുകോടുന്ന കോടികളില്‍ കൈവയ്ക്കുന്നില്ല.

ഇപ്പോള്‍ വ്യക്തമായിക്കാണും നേരത്തേ സൂചിപ്പിച്ച ഹിഡന്‍ അജണ്ട. ആ ദുര്‍വൃത്തിയുടെ തുടര്‍ പ്രക്രിയയായിരുന്നു പൂന്താനത്തിന്റെ തന്തയെത്തേടിയത്‌. ഇതിനെ പിതൃരാഹിത്യമെന്ന സംസ്കൃതപദത്തില്‍ ഒതുക്കേണ്ടിവന്നതില്‍ ഖേദമുണ്ട്‌. പച്ചമലയാളത്തില്‍ ഇതിനുള്ള പദം അച്ചടിക്കാന്‍ ഞങ്ങളുടെ മാന്യത അനുവദിക്കുന്നില്ല; വായനക്കാര്‍ ക്ഷമിക്കുക.

1 comments :

  1. സുധീർ (Sudheer) said...

    നല്ല ലേഖനം.
    ‘തന്തയെ തേടിയത്‘ എന്നത്
    ഒഴിവാക്കി വേറെ വാക്ക്
    ഉപയോഗിച്ചുകൂടെ?
    രോഷം മനസ്സിലാക്കാം.പക്ഷെ
    അത് അതിരുവിട്ട് നമ്മള്‍
    വിമര്‍ശിക്കുന്നവരുടെ
    നിലവാരത്തിലേക്ക് നാം തരം
    താഴണോ?

    “കാലാധിവര്‍ത്തി“ യോ
    കാലാതിവര്‍ത്തിയോ?
    ഒരു സംശയം.