Saturday, February 2, 2008

കരുണനിട്ടൊരു ഹര്‍ത്താല്‍

പത്രമാധ്യമങ്ങളൊന്നും യുഡിഎഫ്കാരെ വിമര്‍ശിക്കാത്തത്‌ എന്തുകൊണ്ടാണെന്നു ചോദ്യം.

മരക്കഴുതകളെ വിമര്‍ശിച്ചിട്ടെന്തിനാണെന്ന്‌ ഉത്തരം.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആ പണി യുഡിഎഫുകാര്‍ ചെയ്യും. അടുത്ത പത്തൊമ്പതിനാണ്‌ ചെയ്ത്ത്‌. പന്ത്രണ്ടുമണിക്കൂര്‍ നേരം നാട്ടുകാരെ വഴിയാധാരമാക്കുന്ന ഹര്‍ത്താലാണാ ചെയ്ത്ത്‌!

പണ്ട്‌ യുഡിഎഫില്‍ ഒരു ഹര്‍ത്താല്‍ വിരുതനുണ്ടായിരുന്നു; മാന്യശ്രീ ഹസ്സനവര്‍കള്‍! ജനശ്രീയുണ്ടാക്കി വല്ലതും തടയിക്കാനുള്ള വഴിതേടിപ്പോയിരിക്കുകയാണ്‌ ഹസ്സനാര്‍.

പേരില്‍ തങ്കമുണ്ടെങ്കിലും യുഡിഎഫ്‌ കണ്‍വീനര്‍ ഹസ്സനെപ്പോലെ തങ്കച്ചന്‍ തനി തങ്കമല്ല. അതുകൊണ്ടാണ്‌ നാട്ടാരെ നാനാവിധ മാക്കിയാലും ഹര്‍ത്താലുനടത്താന്‍ തന്നെ തുനിഞ്ഞത്‌.

പത്തൊന്‍പതാം തിയതി കഴിഞ്ഞാല്‍ പിറ്റേന്നു മുതല്‍ എല്ലാ സാധനങ്ങള്‍ക്കും വിലകുറയും. അരിയും പൊരിയും ചിലപ്പോള്‍ വെറുതെ കിട്ടിയെന്നും വരും.

യുഡിഎഫ്‌ വാഴ്ത്തപ്പെടട്ടെ!

ഇന്നലെ മയ്യലോടെ കോണ്‍ഗ്രസ്സില്‍ പുനര്‍ജ്ജനിച്ച ലീഡര്‍ കരുണനിട്ടാണ്‌ ഈ ഹര്‍ത്താല്‍ പാരയെന്ന്‌ യുഡിഎഫുകാര്‍ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌.

ലീഡര്‍ വന്നുകയറി പുരപ്പുറം തൂക്കുന്നതിനുമുമ്പേ തങ്കച്ചന്‍ കേറി പണി തുടങ്ങിയെന്ന്‌ സാരം.

ബുദ്ധിയുള്ളവര്‍ക്ക്‌ കോണ്‍ഗ്രസ്സിലേക്ക്‌ വരാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണിതെന്നാണ്‌ ലീഡറിന്നലെ കൊച്ചിയില്‍ വച്ചുകാച്ചിയത്‌!

ചെന്നിത്തലനായകത്തിനും ചാണ്ടിയദ്ദേഹത്തിനും അര്‍ത്ഥം പിടികിട്ടിയോ?

കോണ്‍ഗ്രസ്സിലിപ്പോള്‍ ബുദ്ധിയുള്ളവന്മാര്‍ കാര്യമായിട്ടില്ലെന്നു തന്നെയാണര്‍ത്ഥം!

ബുദ്ധിയുള്ള ലീഡറും ബുദ്ധിയുള്ള ശിഷ്യരും പണിതുടങ്ങും മുമ്പേ വേഗമെന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണം. തല്‍ക്കാലം രണ്ടുമൂന്ന്‌ കൊല്ലം എങ്ങിനെയെങ്കിലും തട്ടിമുട്ടി കഴിഞ്ഞുകൂടാമെന്ന്‌ കരുതിയതാണ്‌. ലീഡര്‍ വന്നുകയറി; സമാധാനവും പോയി.

ഇനിയിപ്പോഴൊരുപാടു വെയിലുകൊള്ളേണ്ടിവരും. ലീഡര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ വേറെഎന്താണുവഴി?

0 comments :