Friday, February 8, 2008

മണ്ടയില്‍ എളമരങ്ങള്‍ കിളിര്‍ക്കുമ്പോള്‍

നാണമില്ലാത്തവന്റെ എവിടെയോ കിളിര്‍ക്കുന്ന ആല്‌ അവന്‌ തണലാണെന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞുവച്ചത്‌ അക്ഷരംപ്രതി ശരിയാണെന്ന്‌, എച്ച്‌എംടി വിവാദത്തില്‍ എളമരം കരീമിന്റേതായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികളും പ്രസ്താവനകളും പ്രഖ്യാപനങ്ങളും തിരുത്തലുകളും സന്ദേഹങ്ങളും ചോദ്യങ്ങളും വ്യക്തമാക്കുന്നു.

കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും ചില സംഘടനകളും അവരെ അനുകൂലിക്കുന്ന ജനങ്ങളും അവര്‍ക്കുവേണ്ടി വാദിക്കുന്ന മാധ്യമങ്ങളും വികസന വിരുദ്ധരാണെന്ന്‌ വരുത്തിത്തീര്‍ക്കാനും പശ്ചിമബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷ സര്‍ക്കാരും പ്രത്യേകിച്ച്‌ ഇടതുപക്ഷ മന്ത്രിമാര്‍ വികസനം സ്വര്‍ഗ്ഗത്തില്‍നിന്നും കൊണ്ടുവരുന്ന ഭഗീരഥന്മാരാണെന്നും സ്ഥാപിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ കരീമിന്റെ വിവരക്കേടുകളും കുറ്റബോധങ്ങളും വാക്കുകളായി പുറത്തേക്ക്‌ വരുന്നത്‌.

സൈബര്‍സിറ്റിയോ സ്മാര്‍ട്ട്സിറ്റിയോ അടക്കമുള്ള ഒരു വികസനപദ്ധതിക്കും ഒരു കേരളീയനും എതിരല്ല. എന്നാല്‍ ഇവയുടെയൊക്കെ പേരില്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക്‌ വിടുപണി ചെയ്ത്‌ കേരളീയരെ വഞ്ചിക്കാന്‍ ശ്രമിച്ചാല്‍ അത്‌ ഏതു വിപ്ലവകാരിയായാലും പ്രബുദ്ധരായ മലയാളികളും മാധ്യമങ്ങളും അവരെ തുറന്നുകാട്ടുകതന്നെ ചെയ്യും.

ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പൊതുസ്വത്തായ ഭൂമിയും മറ്റു ഈടുവയ്പ്പുകളും നവമൂലധന ശക്തികള്‍ക്ക്‌ കവര്‍ന്നെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ അവിടത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതിബദ്ധതയില്ലായ്മ മൂലമാണ്‌. ആ ജനവിരുദ്ധ സ്വഭാവത്തിലേക്ക്‌ മലയാളികളും ഇവിടത്തെ മാധ്യമങ്ങളും തലവലിക്കണമെന്ന്‌ എളമരം കരീമല്ല ഏത്‌ ഈശ്വരന്‍ പറഞ്ഞാലും അംഗീകരിക്കാന്‍ മനസില്ലാത്തവരാണ്‌ മലയാളികള്‍.

മലയാളികളുടെയും മാധ്യമങ്ങളുടെയും ഗുണപരമായ ഈ പ്രതികരണ ശേഷിയാണ്‌ കഴിഞ്ഞ സര്‍ക്കാരിനെ ഭരണത്തില്‍നിന്ന്‌ പുറത്താക്കിയതും എളമരം കരീം അടക്കമുള്ളവരെ ഭരണകര്‍ത്താക്കളാക്കി മാറ്റിയതും. ആ യാഥാര്‍ഥ്യം മനസിലാക്കാതെ മലര്‍ന്നുകിടന്ന്‌ തുപ്പുകയാണ്‌ എളമരം കരീം.

സൈബര്‍സിറ്റി പ്രശ്നത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിവാദത്തിനുപിന്നില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കവും വിഭാഗീയതയും ഒക്കെ ഭാഗഭാക്കായിരിക്കാം. എന്നാല്‍ മലയാളികളെയും മാധ്യമങ്ങളെയും സംബന്ധിച്ചിടത്തോളം ഈ ഇടപാടിലെ അതാര്യനടപടികളാണ്‌ പ്രശ്നം. അന്ന്‌ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സൈബര്‍സിറ്റിക്ക്‌ തറക്കല്ലിട്ടപ്പോള്‍ എളമരം കരീം നടത്തിയ ഒരു ഭീഷണിയുണ്ടല്ലോ- "മാധ്യമങ്ങള്‍ പാരവയ്ക്കാതിരുന്നാല്‍ ഞങ്ങള്‍ എങ്ങനെയെങ്കിലും ഈ പദ്ധതി വിജയിപ്പിച്ചെടുത്തോളാം"- അതിന്റെ മറ്റൊരു ഭാഷ്യമാണ്‌ കഴിഞ്ഞദിവസം കോഴിക്കോട്‌ വച്ച്‌ അദ്ദേഹം നടത്തിയത്‌. "സ്ഥലമിടപാടു നടത്തുന്ന റിയല്‍ടേഴ്സൊന്നുമല്ല സര്‍ക്കാര്‍. ഇവിടെ വ്യവസായം വന്നേ തീരൂ. അതിന്‌ ഭൂമി വേണം. ഭൂമിയില്‍ കൈവയ്ക്കാന്‍ അനുവദിക്കില്ലെന്നുവന്നാല്‍ തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത്‌..." ഇങ്ങനെ പോകുന്നു കരീം ഭാഷ്യം.

സ്ഥലമിടപാടു നടത്തുന്ന റിയല്‍ടേഴ്സല്ല ഗവണ്‍മെന്റ്‌ എന്നതുപോലെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പൊതുസ്വത്തായ ഭൂമി ചുളുവിലയ്ക്ക്‌ ചില തല്‍പ്പരകക്ഷികള്‍ക്ക്‌ വില്‍ക്കുന്നതിന്റെ കാര്യകര്‍ത്താക്കളുമല്ല സര്‍ക്കാരെന്ന കാര്യം എളമരം കരീം എന്തുകൊണ്ടാണ്‌ മറന്നുപോകുന്നത്‌? അപ്പോള്‍ കോഴിക്കോട്‌ പ്രഖ്യാപനത്തിന്റെ വ്യംഗ്യം വ്യക്തം. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങണോ എന്ന ചോദ്യത്തിലെ മുനകളും വ്യക്തം. സൈബര്‍സിറ്റിയെക്കുറിച്ചും എച്ച്‌എംടി സ്ഥലം ഇടപാടിനെക്കുറിച്ചും താന്‍ നിരത്തിയ പ്രസ്താവനകളും പ്രഖ്യാപനങ്ങളും പലവട്ടം മാറ്റിപ്പറയേണ്ടി വന്നതിന്റെ ജാള്യം എളമരം കരീമിന്റെ മുഖത്തും വാക്കുകളിലും അന്നുമുതല്‍ തന്നെ വ്യക്തമാണ്‌. പട്ടിയെ ആടാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നവന്റെ ഇച്ഛാഭംഗവും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുന്നുമുണ്ട്‌.

ഇത്തരത്തില്‍ പൊതുജനമദ്ധ്യത്തില്‍ നഗ്നനാക്കപ്പെട്ടപോലെ നില്‍ക്കുന്ന ഒരു മന്ത്രിക്ക്‌ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവാന്‍ കഴിഞ്ഞേക്കും. പക്ഷെ അത്‌ എന്തിനാണെന്നും എന്തുകൊണ്ടാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും വ്യവഛേദിച്ചറിയാനുള്ള വിവേകം മലയാളികള്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ട്‌. അതുകൊണ്ട്‌ ഇവരെയെല്ലാം വ്യവസായവികസനത്തിന്റെ അനിവാര്യതയും അതിന്റെ നേട്ടങ്ങളും അതില്ലാതെയായാലുള്ള കോട്ടങ്ങളും പറഞ്ഞ്‌ ബോധ്യപ്പെടുത്താന്‍ എളമരം കരീം നടത്തുന്ന ഓരോ ശ്രമങ്ങളും അദ്ദേഹത്തിനു തന്നെ വിനയായുകയേ ഉള്ളൂ. ഇതുവരെ ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ ആല്‌ കിളിര്‍ത്തവരെക്കുറിച്ചാണ്‌ കേട്ടിട്ടുള്ളത്‌. ഇപ്പോള്‍ മണ്ടയില്‍ എളമരം തളിര്‍ത്തുനില്‍ക്കുന്നവരെ നേരിട്ടുകാണാനുള്ള ഭാഗ്യം മലയാളികള്‍ക്കും മാധ്യമങ്ങള്‍ക്കും കൈവന്നിട്ടുണ്ട്‌. ഏതൊരു തിന്മയിലും നന്മയുടെ ഒരംശം ഉണ്ടായിരിക്കും എന്ന ചൊല്ല്‌ എത്ര ശരിയാണ്‌. എച്ച്‌എംടി വിവാദത്തില്‍ നിന്ന്‌ ഇങ്ങനെയൊരു നന്മ ഉണ്ടായത്‌ ആരും കാണാതെ പോകരുത്‌.

0 comments :