Friday, February 22, 2008

വേണോ ഇത്തരം ദൈവങ്ങളും വിശ്വാസങ്ങളും?

ദൈവത്തിനെന്തിന്‌ പാറാവ്‌ എന്ന്‌ നര്‍മ്മബോധത്തോടെ ഒരിക്കല്‍ ഇ കെ നായനാര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനുനേരെ കുരച്ച്‌ ചാടിയ വേട്ടപ്പട്ടികളെ നാം കണ്ടതാണ്‌. ആ പട്ടികളില്‍ ആരൊക്കെയാണ്‌ യഥാര്‍ത്ഥത്തില്‍ അമ്പലം വിഴുങ്ങികളെന്ന്‌ ദേവപ്രശ്നം നടത്താതെതന്നെ വിശ്വാസികളല്ലാത്തവര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നതാണ്‌ കലികാലവൈഭവം. എന്നാല്‍ ഈശ്വരവിശ്വാസമെന്ന മായയാല്‍ കണ്ണുകെട്ടപ്പെട്ട ലക്ഷോപലക്ഷങ്ങള്‍ക്ക്‌ ഈ സത്യം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌ കലികാല വൈചിത്ര്യം!

എവിടെയെല്ലാം ക്ഷേത്രങ്ങളും പൂജാവിഗ്രഹങ്ങളും ഉണ്ടോ അവിടെയെല്ലാം മോഷ്ടാക്കള്‍ക്ക്‌ പുറമേ അമ്പലം വിഴുങ്ങികളും തഴച്ചുവളരുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളായ ഗുരുവായൂര്‍, ചോറ്റാനിക്കര, ഹരിപ്പാട്‌ തുടങ്ങി തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വരെ ഈ കള്ളക്കൂട്ടങ്ങള്‍ ദേവസ്വം അംഗങ്ങളെന്ന പേരില്‍ ഇന്നും ദേവനെ വിഴുങ്ങി കാലയാപനം നടത്തുന്നുണ്ട്‌. പക്ഷെ ഈ കള്ളന്മാരെ പിടിക്കാന്‍ ഈശ്വരനുപോലും കെല്‍പ്പില്ലാതെ പോകുന്നിടത്താണ്‌ വിശ്വാസത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നത്‌. പറയുമ്പോള്‍ ആരും മുഖംചുളിച്ചിട്ട്‌ കാര്യമില്ല. സ്വന്തം ആരൂഢം പൊളിച്ചുവില്‍ക്കുന്ന അമ്പലംവിഴുങ്ങികളെ പുറത്തുകൊണ്ടുവരുവാനോ വിശ്വാസികള്‍ക്ക്‌ ചൂണ്ടികാണിച്ചുകൊടുക്കാനോ നിലവിലിരിക്കുന്ന നിയമങ്ങളനുസരിച്ച്‌ മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയില്ലെങ്കില്‍ ദേവന്മാരും ദേവികളുമടങ്ങുന്ന ഈ 'ഈശ്വരവൃന്ദ'ത്തിന്റെ പ്രസക്തി എന്താണ്‌? വിശ്വാസികളെ വഞ്ചിക്കാനും അമ്പലം വിഴുങ്ങികളെ സംരക്ഷിക്കാനും ഇത്തരം ഈശ്വരന്മാര്‍ ഇനി നമുക്ക്‌ വേണമോ എന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒന്നര ദശാബ്ദം മുമ്പ്‌ കേരളത്തെ പിടിച്ചുലച്ചതാണ്‌ ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയ സംഭവം. ഇതേത്തുടര്‍ന്ന്‌ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജ്യോതിഷി കൈമുക്ക്‌ പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടമംഗലപ്രശ്നം നടന്നു. തിരുവാഭരണം നഷ്ടപ്പെട്ടത്‌ പ്രശ്ന വിചാരണത്തിലെ വിഷയമായി.

തിരുവാഭരണം മോഷ്ടിച്ചത്‌ ക്ഷേത്രവുമായി ബന്ധമുള്ള വ്യക്തി തന്നെയാണെന്ന്‌ ദൈവജ്ഞന്‍ വെളിപ്പെടുത്തി. ആളുടെ പേരുപറയണോ എന്ന ചോദ്യത്തിന്‌ ഭരണകര്‍ത്താക്കളില്‍നിന്ന്‌ ഒരേ സ്വരത്തില്‍ വേണ്ട എന്ന ആവശ്യമാണ്‌ ഉയര്‍ന്നത്‌. അന്ന്‌ ആ കള്ളന്റെ പേരു പറഞ്ഞില്ലെങ്കിലും ലക്ഷണം കൈമുക്ക്‌ വെളിപ്പെടുത്തി. മാത്രമല്ല ഭഗവാന്‍ അയാളെ ശിക്ഷിച്ചുവെന്നും ഇപ്പോള്‍ ഒരുകാല്‍ മുറിച്ചുമാറ്റിയ അവസ്ഥയിലാണെന്നും കൂട്ടിചേര്‍ത്തു. ആ പെരുങ്കള്ളനെ ഭഗവാന്‍ ശിക്ഷിച്ചു എന്ന ആശ്വാസത്തിലാണ്‌ ഇന്നും ഗുരുവായൂരപ്പന്റെ ഭക്തജനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും എന്നാല്‍ ആരാണ്‌ പ്രതിയെന്നോ എവിടെയാണ്‌ ആ മാന്യന്‍ കഴിയുന്നതെന്നോ ദൈവത്തിന്‌ മാത്രമേ അറിയൂ.

ഇത്തരം ഭഗവദ്‌ ശിക്ഷകളൊന്നും അമ്പലംവിഴുങ്ങികളെ അവരുടെ സഹജമായ വെട്ടിപ്പ്‌ പരിപാടിയില്‍നിന്ന്‌ പിന്തിരിപ്പിച്ചിട്ടില്ല എന്നതാണ്‌ തൃപ്പൂണിത്തുറയിലെ പുതിയ മോഷണം വ്യക്തമാക്കുന്നത്‌. എട്ടുമാസം മുമ്പ്‌ ഭഗവാന്റെ സ്വര്‍ണ്ണകിരീടത്തില്‍നിന്നും നവരത്ന കല്ലുകള്‍ സഹിതം എട്ട്‌ പവനോളം 'അപ്രത്യക്ഷ'മായിരുന്നു. അതേത്തുടര്‍ന്ന്‌ നാടിളക്കി കാടിളക്കി അന്വേഷണം പൊടിപൊടിച്ചെങ്കിലും നഷ്ടം സംഭവിച്ചു എന്ന്‌ തീര്‍ച്ചപ്പെടുത്താന്‍ മാത്രമെ ആ കോലാഹലം ഉപകരിച്ചുള്ളൂ. അതിന്‌ രണ്ടുവര്‍ഷം മുമ്പാണ്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന രണ്ട്‌ സ്വര്‍ണ്ണകോലങ്ങള്‍ അപ്പാടെ ക്ഷേത്രത്തില്‍ നിന്ന്‌ 'അപ്രത്യക്ഷ'മായത്‌. അന്വേഷണം മുഴുകിയപ്പോള്‍ ഭഗവാന്റെ ലീലാവിലാസത്തിനു പകരം കള്ളന്റെ ലീലാവിലാസമാണ്‌ ഭക്തജനങ്ങള്‍ കണ്ടത്‌- സ്വര്‍ണ്ണകോലങ്ങളിലൊന്ന്‌ ആലിന്‍കൊമ്പത്ത്‌ ഊഞ്ഞാലാടുന്നു.

ചോറ്റാനിക്കര ദേവിക്ക്‌ സ്വര്‍ണ്ണകോലമുണ്ടാക്കാന്‍ ഒരു ഭക്തന്‍ മൂന്ന്‌ വര്‍ഷംമുമ്പ്‌ അധികൃതരെ ഏല്‍പ്പിച്ച 80,000 രൂപ എതിലേ പോയി എന്ന്‌ സര്‍വ്വസംഹാരിണിയായ ദേവിക്കുപോലും ഇന്നും പിടയില്ല.

തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ആറുമാസം മുമ്പ്‌ നടന്ന പരിശോധനയില്‍ എട്ട്‌ കിലോ സ്വര്‍ണ്ണത്തിന്റെ കുറവാണ്‌ കണ്ടെത്തിയത്‌. വടക്കുംനാഥനും ഇക്കാര്യത്തില്‍ കള്ളനെക്കുറിച്ച്‌ ഒരു ഊഹവുമില്ല.

മാളയിലെ ഒരു ക്ഷേത്രത്തില്‍ ഭഗവാന്റെ ഗോളകയും തിരുവാഭരണവും കൗശലപൂര്‍വ്വം അടിച്ചുമാറ്റിയത്‌ പൂജാരിയാണ്‌. ഇത്‌ കണ്ടെത്തിയത്‌ ദേവനൊന്നുമല്ല, മിടുക്കരായ പോലീസുകാരാണ്‌.

ഈ കളിയാണ്‌ ഭഗവാന്മാരുടെയും ഭഗവതിമാരുടെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌. ഇതിനെ തോല്‍പ്പിക്കുന്ന വെട്ടിപ്പുകളാണ്‌ പള്ളികളിലും മോസ്കുകളിലും അനുസ്യൂതം അരങ്ങേറുന്നത്‌. ശിഷ്ടരെ സംരക്ഷിച്ച്‌ ദുഷ്ടരെ നിഗ്രഹിക്കുകയാണ്‌ ദൈവങ്ങളുടെ പ്രധാന ചുമതലയെന്ന്‌ വിശ്വസിക്കുന്ന പരസഹസ്രം വിശ്വാസികളെ വിഢികളാക്കാന്‍ ദൈവത്തിനു ദേവസ്വം അംഗങ്ങള്‍ക്കും പുരോഹിതര്‍ക്കും പള്ളികമ്മറ്റിക്കാര്‍ക്കും മൊല്ലാക്കമാര്‍ക്കും മഹല്ല്‌ കമ്മറ്റി അംഗങ്ങള്‍ക്കും ഒരു ഉളുക്കുമില്ല. അപ്പോള്‍ അവശേഷിക്കുന്ന ചോദ്യമിതാണ്‌ വേണോ ഇത്തരം ദൈവങ്ങളും ദൈവവിശ്വാസവും നമുക്ക്‌?

9 comments :

  1. Midhu said...

    പൂന്താനത്തെ അറിയാത്ത ആള്ക്കാരാണ് ഇപ്പോള് ക്ഷേത്രങ്ങള് ഭരിക്കുന്നത്. പോസ്റ്റ് മനോഹരമാണ്.

  2. Anonymous said...

    വളരെ പ്രസക്തിയുള്ള കാര്യം.
    ആരാധനാലയങ്ങള്‍ അടുത്തൊന്നും തന്നെ ഒഴിവാക്കാന്‍ നമുക്കാകുമെന്നു ഉറപ്പില്ലാത്തതുകൊണ്ടു അവയില്‍ കുന്നുകൂടുന്ന സ്വത്തുക്കള്‍ ഏതെങ്കിലും നാലു പേര്‍ കട്ടുകൊണ്ടു പോകാതെ തിരികെ സമൂഹത്തിന്റെ നന്മക്ക്കുതകും വിധം ഉപയഗപ്പെദുത്താനുള്ള ജനാധിപത്യപരമായ മാര്‍ഗങ്ങളെങ്കിലും നമ്മള്‍ ആരായെണ്ടതുണ്ടെന്നു തോന്നുന്നു.

  3. dethan said...

    ദൈവം ഇല്ലെന്ന് നന്നായറിയാവുന്നത് പൂജാരിമാര്‍ക്കും അച്ചന്മാര്‍ക്കുമാണ്.പക്ഷേ സത്യം പുറത്തായാല്‍
    വയറ്റുപിഴപ്പ് മുട്ടത്തില്ലേ?ദൈവം ഉണ്ടായിരുന്നെങ്കില്‍ പൂജയാണെന്നും പറഞ്ഞ് കൈകുത്തിക്കാണിച്ചു കാലം
    കഴിച്ച തന്ത്രി സര്‍വ്വാഭരണവിഭൂഷണനായി സസുഖം വാഴില്ലായിരുന്നല്ലോ!!സിസ്റ്റര്‍ അഭയയുടെ കൊലപാതകി ശിക്ഷിക്കപ്പെടുമായിരുന്നല്ലോ.

  4. പാമരന്‍ said...

    എല്ലാം സത്യം. പക്ഷേ ഇതൊക്കെ ബധിര കര്‍ന്നങ്ങളിലല്ലേ പതിക്കുന്നത്‌...

  5. വിനോജ് | Vinoj said...

    അമ്മയുടെ മാല മോഷണം പോയാല്‍ അമ്മയെ വേണ്ടെന്നു വയ്ക്കണോ സാറേ....

  6. വിനോജ് | Vinoj said...

    പിന്നെ... അമ്പലങ്ങള്‍ സംരക്ഷിക്കേണ്ട ബാദ്ധ്യത ദൈവങ്ങള്‍ക്കില്ല. കാരണം അമ്പലങ്ങള്‍ ദൈവങ്ങള്‍ക്കു വേണ്ടിയുള്ളതല്ല, മനുഷ്യര്‍ക്കു വേണ്ടി മനുഷ്യരുണ്ടാക്കിയതാണ്.

  7. കാവലാന്‍ said...

    അദ്ധ്വാനിച്ചുനേടിയതില്‍ നിന്നും എത്ര ശതമാനം ഒരു ഭക്തന്‍ വഴിപാടു നല്‍കും? അവനവന്റെ തട്ടിപ്പിനു ദൈവത്തെ കൂട്ടു പിടിക്കുന്നവരാണ് സ്വര്‍ണ്ണച്ചങ്ങലയും,സ്വര്‍ണ്ണഹെല്‍മെറ്റും,സ്വര്‍ണ്ണച്ചട്ടയുമിട്ട് ദൈവത്തെ തളച്ചിടുന്നത്.ഇല്ലാത്തവരാണല്ലോ കൊണ്ടു പോകുന്നത് കൊണ്ടുപോട്ടെ.അങ്ങനെയെങ്കിലും അല്പം സോഷ്യലിസം പുലരട്ടെ.

  8. ഷിനില്‍ നെടുങ്ങാട് said...

    prasakthamaya vishyam ! pakshe kaykaryam cheytha reethi pakshapathakaramayippoyi ennu mathram. ! eeswara sankalppathe kurichu vyakthamaya dharana illathe anu palarum ingine ellam chinthikkunnathu....thattippum kollayum manushyan undaya kalam muthalkke undu..athu kshethrathilayalaum evide ayalum...eeswarane panavum swarnavum kondu thriptippedutham ennu karuthunnavarkkulla oru padam koodi anu nammude kanmunpil nadakkunna parasyamaya ee kavarchakal...Viswasikalude manasanu marendathu...vinoj parnajathu pole ambalangal sookshikkendathu nammalanu...avide enthu nadakkanam ennu theerumanikkunnathum manushyaranu...viswam anu avidathe chaidanyam...Innathe duravastha kshetrangal bharikkunnathu viswaskilalla ennullathanu.... eeswara viswasikku orikkalum moshtikkan kazhiyilla..athu kshetra musthalayalum oru vyekthiyude muthalayalum.....Viswakile kshetra bharanam elppikan viswaskilaya pothujanam iniyengilum unarnnu pravarthikkumbozhe innathe avastha marukayullu...Makaravilakkinu sabharimala sannidhanathu vannu ninnu mugham kondu Goshti kanikkunna vayeduthal vrithikedu parayunna devaswam vakuppu manthri bharikkumbo...engine kshetram nalla reethiyil nadakkum..??? eeswarane verum oru police ayi kanaruthu....ellam kanunna eeswaran pakshe karunamayan koodi anennu orkkanam...nammude karmafalam namukku thanne kittum..ee janmathilallengil...aduthajanmathil...vyakthamaya kanakkode...krithyathayodee....athanu prakrithi thathwam !

  9. കനല്‍ said...

    വിശ്വാസിയെ എങ്ങനെ തിരിച്ചറിയാം? അല്ല ഈ ഭരണച്ചുമതല ഏല്പിക്കാനാ... ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന ആളാണോ? എങ്കില്‍ ചെറിയ മീനെയിട്ട് വലിയമീനെ പിടിക്കാന്‍ ശ്രമിക്കുന്ന വിരുതന്‍മാരായ അവിശ്വാസികള്‍ ഇതില്‍ പെടില്ലേ?

    പിന്നെ വിശ്വാസിയെ തന്നെ ഇതൊക്കെ ഏല്‍പ്പിച്ചാലും... കയ്യില്‍ വരുന്ന പണം അവനിലെ വിശ്വാസത്തെ നഷ്ടപെടുത്തില്ലേ? സന്ന്യാസിമാര്‍ പോലും മഠത്തിന്റെ അധികാരം കയ്യില്‍ കിട്ടാന്‍ അല്ലെങ്കില്‍ കയ്യില്‍ വന്നതിനു ശേഷവും അവിശ്വാസി ആവുന്നില്ലേ?

    ഭരണസമിതിക്കാ‍രെ തിരഞ്ഞെടുക്കാന്‍ പൊതുജനത്തിന് മാനദണ്ഡം എന്താണ്.പരിഹാരം ദൈവത്തിനേ കഴിയൂ.