വിവാദ സുന്ദര കോമള നാടേ...
സംവാദങ്ങള്‍ക്കു പകരം കേരളത്തിലിപ്പോള്‍ വിവാദങ്ങളുടെ മലവെള്ളപ്പാച്ചില്‍.
സഹികെട്ട് മന്ത്രി ശര്‍മ്മ ഇക്കാര്യം ഇന്നലെ കൊച്ചിയില്‍ വച്ച് തുറന്നടിച്ചു. എന്നിട്ടെന്തു ഫലം. ഇന്നലെ തന്നെ സ്വന്തം സഖാക്കള്‍ പടച്ചു വിട്ടൂ പത്തമ്പത് വിവാദങ്ങള്‍!
എച്ച്‌എംടി ഭൂമി കള്ളക്കച്ചവടം നടന്ന സംഭവത്തില്‍ അച്യുതാനന്ദന്റെ നിലപാട് ശരിയല്ലെന്ന നിലപാടെടുത്ത് പാര്‍ട്ടി എറണാകുളം ജില്ലാക്കമ്മറ്റിയാണ് ഒരു വിവാദത്തിന് തിരികൊളുത്തിയത്.
അതിനിടെ മെര്‍ക്കിസ്റ്റണ്‍ ഭൂമി കള്ളക്കച്ചവടത്തില്‍ എട്ടിന്റെ പണികിട്ടി അടപ്പിളകിയിരിക്കുന്ന സിപിഐ വല്യേട്ടനിട്ടൊരു പണി കൊടുത്തു. എച്ച്‌എംടി വിറ്റ ഭൂമി തിരിച്ചു പിടിക്കണമെന്നാണ് കുഞ്ഞനിയന്റെ കല്‍പ്പന! അതാകുന്നു വിവാദം നമ്പര്‍ ടു.
മലപ്പുറം കോഡൂര്‍ പഞ്ചായത്തംഗം സഖാവ് പന്തോളി ഉസ്മാന്‍ 13 ലക്ഷത്തിന്റെ ചന്ദനതൈലം കടത്തിയതിന് പിടിയിലായതാണടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കണക്കെഴുത്ത് ശരിയല്ലെന്നു കണ്ടെത്തി പ്രസിഡന്റ് സഖാവു ഗുപ്തന്‍ കണക്കപ്പിള്ളയുടെ കണക്കുതീര്‍ക്കുന്നതിനെതിരെ ബോര്‍ഡംഗം അങ്കത്തിനിറങ്ങിയതാണ് അടുത്ത വിവാദം.
ഇതൊന്നും പോരാഞ്ഞ് വിവാദങ്ങളുടെ കളിത്തോഴന്‍ മന്ത്രി സുധകരന്‍ അമ്പലപ്പുഴയില്‍ വിവാദപ്പാല്‍പ്പായസം തന്നെ വിളമ്പി. സിപിഐക്കാരന്‍ സഖാവ് രത്നാകരന്‍ ഭരിക്കുന്ന കൃഷിവകുപ്പ് താന്‍ ഭരിക്കുന്ന സഹകരണ പ്രസ്ഥാനത്തിന് പാരയാകുന്നെന്നാണ് സുധാകര്‍ജി പറഞ്ഞത്.
ഒന്നല്ല, രണ്ടല്ല, പത്തു സഹകരണ കോളേജുകളുടെ ചെയര്‍മാനായ തന്നെ പ്രൊഫഷണല്‍ കോളേജുകളെ കുറിച്ചു പഠിപ്പിക്കാന്‍ ആരും തുനിയേണ്ടെന്നും സുധാകര്‍ജി വച്ചു കാച്ചി!
ഒരു കാര്യം മനസിലായില്ലേ; വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ ചെന്നിത്തലയനൊന്നും ഒന്നുമല്ല!
ആശയത്തിനു പകരം ആമാശയം കൊണ്ട് പൊതുരംഗത്തിറങ്ങിയ നേതാക്കള്‍ ഉള്ളിടത്തോളം വിവാദങ്ങള്‍ തന്നെയാവും കൊച്ചു കേരളം ഭരിക്കുക!
രക്ഷപ്പെടാന്‍ ഒരു വഴി ബാക്കിയുണ്ട്.
നേതാക്കളെല്ലാരും ഉടന്‍ തന്നെ ഡബിള്‍ ശ്രീ രവിശങ്കറെ ചെന്നു കാണുക. മറ്റുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യലാണ് മനുഷ്യത്വമെന്ന് അദ്ദേഹം ഇന്നലെ നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ട്.
ഇതിലും വല്യ ഗുരുക്കന്മാര്‍ പറഞ്ഞിട്ടും നാളിതുവരെ യാതൊരുപദേശവും കേള്‍ക്കാത്ത നമ്മുടെ 'അഹങ്കാരക്കുരു' പൊട്ടിക്കാന്‍ ഏതു പുതു ഗുരുവിനേക്കൊണ്ടാവും അല്ലെ?
0 comments :
Post a Comment