അച്യുതാനന്ദനില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്
വിവാദമായ എച്ച്‌എംടി ഭൂമി ഇടപാടിനെക്കുറിച്ച് ചീഫ് സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ഈ ഇടപാടിലെ ഏറ്റവും നികൃഷ്ടമായ കഥാപാത്രമായ വ്യവസായമന്ത്രി എളമരം കരീമിനെ രക്ഷിക്കാനാണെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെയോ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെയോ അടുത്തുവരെ പോകേണ്ടതില്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന മൂന്നാമത്തെ ഭൂമി വിവാദത്തില്‍ നിന്ന് തല്‍ക്കാലം തലയൂരാനുള്ള തന്ത്രം മാത്രമാണിത്. വീട്ടുടമസ്ഥന്റെ ജാരബന്ധങ്ങളെക്കുറിച്ച് വേലക്കാരന്‍ അന്വേഷിച്ചാല്‍ എത്രമാത്രം ഫലപ്രാപ്തിയുണ്ടാകുമോ അത്രയുംപോലും ഫലശ്രുതി ഇക്കാര്യത്തിലെ ചീഫ് സെക്രട്ടറിയുടെ അന്വേഷണം കൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ല.
മന്ത്രിമാര്‍ക്കെതിരെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അതേക്കുറിച്ചന്വേഷിക്കാന്‍ നിയമിതരായ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ കണ്ടെത്തലുകള്‍ ഒരിക്കല്‍പോലും വെളിച്ചം കണ്ടിട്ടില്ല. പിന്നെയല്ലേ നടപടിയുണ്ടാകുക. ഏറ്റവും ഒടുവില്‍ പി.ജെ. ജോസഫിന്റെ ആകാശപീഡന സംഭവത്തെക്കുറിച്ച് ഐജി ബി. സന്ധ്യ നടത്തിയ അന്വേഷണവും അവര്‍ നല്‍കിയ റിപ്പോര്‍ട്ടും പ്രഹസനമായത് ആരും മറന്നിട്ടില്ല. അതിന്റെ തനിയാവര്‍ത്തനമായിരിക്കും എച്ച്‌എംടി ഭൂമി ഇടപാടില്‍ ചീഫ് സെക്രട്ടറി നടത്താന്‍പോകുന്ന അന്വേഷണം. മാത്രമല്ല, ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ പോകുന്നത് എച്ച്‌എംടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചാണ്. അതായത് എളമരം കരീമും കെ.പി. രാജേന്ദ്രനുമടക്കമുള്ള വഞ്ചകര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാമെന്ന് സാരം.
ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് എളമരം കരീം മാധ്യമങ്ങളോട് എന്താണോ പറഞ്ഞത് അതേ ആശയം തന്നെയാണ് ഇന്നലെ അച്യുതാനന്ദന്‍ അറിയാതെയാണെങ്കിലും പറഞ്ഞുവച്ചത്. മാധ്യമങ്ങള്‍ പാരവയ്ക്കാതെയിരുന്നാല്‍ ഞങ്ങള്‍ എങ്ങനെയെങ്കിലും ഈ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് വെല്ലുവിളിയുടെ ധ്വനിയില്‍, സൈബര്‍സിറ്റി ശിലാസ്ഥാപന ചടങ്ങില്‍ എളമരം കരീം പറഞ്ഞത്.
ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ഇതുവരെ ചെയ്ത സഹായത്തിന് നന്ദി. എന്നാല്‍ തിരക്കുകാട്ടി അലമ്പുണ്ടാക്കരുതെന്ന വാക്കുകളുടെ പ്രത്യക്ഷരൂപവ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടുപേരും പറഞ്ഞത് ഒരേ സംഗതിതന്നെയാണ്. ആരെല്ലാം എന്തെല്ലാം കണ്ടെത്തിയാലും അത് വെളിച്ചത്തുകൊണ്ടുവന്നാലും ഞങ്ങള്‍ തന്നിഷ്ടംപോലെതന്നെയായിരിക്കും മുന്നോട്ടുപോകുക.
ഇത്തരം ഒരു സന്ദേശം നല്‍കാന്‍ അച്യുതാനന്ദനെപോലെ ഒരു മുഖ്യമന്ത്രിയുടെ ആവശ്യം കേരളത്തിനില്ല. ഇതുപറയാന്‍ പ്രത്യേക കാരണങ്ങളുമുണ്ട്. കേരള ജനതയേയും സര്‍ക്കാരിനേയും കാലാകാലങ്ങളായി വഞ്ചിച്ചുകൊണ്ടിരുന്ന വിവിധ മാഫിയകള്‍ക്കെതിരെയും അവര്‍ക്ക് രാഷ്ട്രീയ സഹായം നല്‍കിയിരുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും ഒറ്റയാള്‍ പോരാട്ടം നടത്തി സമസ്ത കേരളീയരുടെയും ആദരം വാങ്ങി മുഖ്യമന്ത്രിയായ വ്യക്തിയാണ് അച്യുതാനന്ദന്‍. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍, മുന്‍പ് ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആ ജനകീയ പിന്തുണ തിരിച്ചറിഞ്ഞാണ് കാരാട്ടും യെച്ചൂരിയും എസ്.ആര്‍. രാമചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ പിണറായിയുടെ മോഹം തല്ലിക്കെടുത്തി അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയത്. അപ്പോള്‍ തീര്‍ച്ചയായും കേരളത്തിലെ ജനങ്ങളുടെ അഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അച്യുതാനന്ദന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന താല്‍പ്പര്യങ്ങളെ ജനങ്ങള്‍ക്കുമുന്‍പില്‍ ധിക്കരിക്കാന്‍ ബാധ്യതയുമുണ്ട്.
എന്നാല്‍ പെണ്‍വാണിഭം തൊട്ട് ഭൂമിയിടപാട് വരെയുള്ള സര്‍വ വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയായിട്ടാണ് ഇപ്പോള്‍ അച്യുതാനന്ദനെ കേരളം വിലയിരുത്തുന്നത്. വിപ്ലവത്തിന്റെ തീച്ചൂളയില്‍ നിന്ന് അഗ്നിശലാകയായി ഉയര്‍ന്നുവന്ന അച്യുതാനന്ദന് ഒരിക്കലും ഭൂഷണമല്ല ജനങ്ങള്‍ ഇപ്പോള്‍ ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണം.
വഞ്ചിക്കപ്പെടാനും ചൂഷണത്തിന് ഇരയാകാനുമാണ് എന്നും ഭരണീയര്‍ക്ക് വിധിയെന്ന അശ്ലീലതയുടെ ആവര്‍ത്തനമാണ് അച്യുതാനന്ദന്റെ ഭരണത്തിലും കണ്ടുവരുന്നത്. ഇത്തരമൊരു ദുരവസ്ഥ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ... ചിന്തിക്കേണ്ടതാണ്. മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും. ആ നാറ്റമാണ് ഇപ്പോള്‍ കേരളത്തിലെ ഓരോ സമ്മതിദായകനില്‍നിന്നും ഉയരുന്നത്.
1 comments :
ലേഖനത്തിലെ അഭിപ്രായങ്ങളുമായി യോജിക്കുന്നു
Post a Comment