Friday, January 18, 2008

മില്‍മ: കേരളം കണികണ്ടുണരുന്ന തിന്മ

മലയാളിയുടെ ഭക്ഷണരീതി മാറ്റണമെന്നും കോഴിയിറച്ചിയും മുട്ടയും പാലും പുതിയ മെനു ആക്കണമെന്നും ആഹ്വാനം ചെയ്ത മന്ത്രി ദിവാകരന്റെ കീഴിലുള്ള മില്‍മ കേരളത്തിലെ പാല്‍ ഉപഭോക്താക്കളെയും ക്ഷീരകര്‍ഷരേയും ഒരുപോലെ വഞ്ചിച്ച്‌, സ്വകാര്യ-അന്യസംസ്ഥാന ഡയറി ഉടമകള്‍ക്ക്‌ ലാഭമുണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

പാല്‍വില തോന്നുമ്പോള്‍ തോന്നുമ്പോള്‍ വര്‍ധിപ്പിക്കുകയും എന്നാല്‍ അതിന്റെ ലാഭവിഹിതം ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കാതെയും അരാജകത്വം സൃഷ്ടിച്ച്‌ മില്‍മ ഇങ്ങനെ കൊമ്പുകുത്തി മറിയുമ്പോഴും നടപടിയെടുക്കാന്‍ മന്ത്രി ദിവാകരനോ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനോ തയ്യാറാകുന്നില്ല. പാല്‍ക്ഷാമത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട്‌ ചോദിച്ചപ്പോള്‍ "പാഷാണമോ" എന്ന്‌ തിരിച്ചുചോദിച്ച്‌ പ്രശ്നത്തില്‍നിന്ന്‌ വി.എസ്‌. ശൈലിയില്‍ ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി.

പാല്‍ക്ഷാമം കടുത്ത യാഥാര്‍ത്ഥ്യമാണ്‌. ഉപ്പിനുവരെ വിലവര്‍ധിച്ച സാഹചര്യത്തില്‍ മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്‌ കേരളീയര്‍ സഹിച്ചതാണ്‌. എന്നാല്‍ എട്ടര രൂപയ്ക്ക്‌ ലഭിച്ചിരുന്ന പാലിന്റെ വിതരണം നിയന്ത്രിച്ച്‌ റിച്ച്‌ പാല്‍ വിതരണം കൂട്ടി. മില്‍മ നടത്തിയ കള്ളക്കളിയാണ്‌ അസഹനീയമായിട്ടുള്ളത്‌. കേരളത്തില്‍ പാലുല്‍പ്പാദനം കുറവാണെന്നും പ്രതിദിന ആവശ്യത്തിനുള്ള പാല്‍ കര്‍ണാടക ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ 'ഇറക്കുമതി' ചെയ്യണമെന്നുമൊക്കെയാണ്‌ മില്‍മ അധികൃതരുടെ വിശദീകരണം. എന്നുമാത്രമല്ല കഴിഞ്ഞ ദിവസം വിലവര്‍ധിപ്പിച്ച റിച്ച്‌ പാലിന്‌ ഇനിയും ലിറ്ററിന്‌ മൂന്നു രൂപ കൂട്ടിയേതീരൂ എന്ന ദുശാഠ്യത്തിലുമാണവര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാലുവട്ടമാണ്‌ മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്‌. ഇതിനിടയില്‍ ആരുമറിയാതെ തൈരിന്റെ വിലയും മില്‍മ വര്‍ധിപ്പിച്ചു.

കേരളത്തില്‍ ക്ഷീരോല്‍പ്പാദനം കുറവാണ്‌ എന്നത്‌ സത്യമാണ്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റമാണ്‌ കാലിവളര്‍ത്തല്‍ എന്ന ജീവിതരീതി ഇല്ലാതാക്കിയത്‌. തിരക്കും സാമ്പത്തികസൗകര്യവും ചേര്‍ന്നപ്പോള്‍ മാര്‍ക്കറ്റില്‍നിന്ന്‌ പായ്ക്കറ്റ്‌ പാല്‍ വാങ്ങുന്ന ഉപഭോക്തൃസംസ്ക്കാരം നഗരങ്ങളില്‍ വ്യാപകമായത്‌ സ്വാഭാവികം. എന്നാല്‍ ഇന്ന്‌ ഗ്രാമങ്ങളിലും ഇതാണ്‌ അവസ്ഥ. നെല്‍കൃഷി ഇല്ലാതായതും പുല്‍മേടുകള്‍ നശിച്ചതും കാലിത്തീറ്റയ്ക്ക്‌ വിലവര്‍ധിച്ചതും കാലിവളര്‍ത്തല്‍ രംഗത്ത്‌ ഇന്നും നിലനില്‍ക്കുന്നവര്‍ക്ക്‌ വന്‍ തിരിച്ചടിയായിട്ടുണ്ട്‌. തമിഴ്‌നാട്‌ പോലുള്ള അന്യസംസ്ഥാനങ്ങളില്‍ കാലിത്തീറ്റ കുറഞ്ഞവിലയ്ക്ക്‌ ലഭിക്കുമ്പോള്‍ മില്‍മ വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കുപോലും പൊള്ളുന്ന വിലയാണ്‌. ഇതെല്ലാം സഹിച്ച്‌ പാലുല്‍പ്പാദിപ്പിച്ചാല്‍ ചെലവിന്‌ ആനുപാതികമായ ലാഭം ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കാന്‍ മില്‍മ തയ്യാറുമല്ല. ഈ സാഹചര്യത്തില്‍ പാലുല്‍പ്പാദനം കുറഞ്ഞില്ലെങ്കില്‍ അതിശയിച്ചാല്‍പോര.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പുരോഗതിക്കും കേരളീയര്‍ക്ക്‌ മായം ചേര്‍ക്കാത്ത പാല്‍ ലഭിക്കുന്നതിനും വേണ്ടിയാണ്‌ മില്‍മ രൂപീകരിച്ചത്‌. എന്നാല്‍ ഈ സംവിധാനത്തിന്റെ മറവില്‍ അഴിമതിയുടെ തൊഴുത്തുകള്‍ കെട്ടി അനധികൃതമായ വരുമാനം കറന്നെടുക്കാനാണ്‌ മില്‍മയെ നയിക്കുന്നവര്‍ക്ക്‌ വ്യഗ്രത. ഈ കറന്നെടുപ്പിന്റെ ഭാഗമായിട്ടാണ്‌ പാലിന്റെ വില അസഹനീയമായി വര്‍ധിപ്പിച്ചതും സാധാരണ പാലിന്റെ വിതരണം നിയന്ത്രിച്ചതും. ഇതിനിടയില്‍ മറ്റൊരു വഞ്ചനകൂടി മില്‍മ നടത്തിയിട്ടുണ്ട്‌. ഹൈറേഞ്ചിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പുകൂടിയ പാല്‍ ശേഖരിച്ച്‌ അത്‌ കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന പാലാണെന്ന്‌ പ്രചരിപ്പിച്ച്‌ വില വര്‍ധിപ്പിച്ചതാണ്‌ അത്‌.

മില്‍മയുടെ ഇത്തരം നിലപാട്‌ മൂലം ലാഭം കൊയ്യുന്നത്‌ സ്വകാര്യ ഡയറി ഉടമകളും അന്യസംസ്ഥാനത്തുനിന്ന്‌ ഇവിടെ പാല്‍ കൊണ്ടുവരുന്ന സംഘങ്ങളുമാണ്‌. സ്വകാര്യ ഡയറി ഉടമകള്‍ വിതരണം ചെയ്യുന്ന പാലില്‍ വ്യാപകമായി മായം ഇല്ലെങ്കിലും അന്യസംസ്ഥാനത്തുനിന്നുകൊണ്ടുവന്ന്‌ കേരളത്തില്‍ വിതരണം ചെയ്യുന്ന പാലില്‍ മായം ചേര്‍ക്കല്‍ ചിന്തിക്കാവുന്നതിലും അധികമാണ്‌. നിലവാരം കുറഞ്ഞ ക്യാനുകളിലാണ്‌ പലുകൊണ്ടുവരുന്നത്‌. മാത്രമല്ല, പാലിന്റെ കൊഴുപ്പ്‌ കൂട്ടാനും പാല്‍ നശിച്ചുപോകാതിരിക്കാന്‍ ആരോഗ്യത്തിന്‌ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുമുണ്ട്‌. പാലിന്റെ കൊഴുപ്പ്‌ വര്‍ധിപ്പിക്കുവാന്‍ സ്റ്റാര്‍ച്ച്‌, അമോണിയം സള്‍ഫേറ്റ്‌, യൂറിയ, പഞ്ചസാര, ഉപ്പ്‌ എന്നിവയാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. എന്നാല്‍ പാല്‍ പെട്ടെന്ന്‌ കേടാകാതിരിക്കാന്‍, ശവശരീരം സൂക്ഷിക്കുന്ന ഫോര്‍മാലിന്‍പോലും പാലില്‍ ചേര്‍ക്കാറുണ്ട്‌. ഹൈഡ്രജന്‍ പെറോക്സൈഡ്‌, സോപ്പ്‌, ഡിറ്റര്‍ജന്റുകള്‍, പാല്‍പ്പൊടി, ഹൈഡ്രേറ്റഡ്‌ ലൈം, സോഡിയം കാര്‍ബണേറ്റ്‌, സോഡിയം ബൈ കാര്‍ബണേറ്റ്‌ തുടങ്ങിയ രാസവസ്തുക്കള്‍ ന്യൂട്രലൈസറുകളായും ഉപയോഗിക്കുന്നുണ്ട്‌. രാസവസ്തുക്കളടങ്ങിയ ഈ പാല്‍ വിവിധതരം ഉദരരോഗങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടും ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ കൊണ്ടുവരുന്ന പാല്‍ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയ്ക്ക്‌ വിധേയമാക്കിയശേഷമേ കേരളത്തില്‍ വിതരണത്തിന്‌ അനുവദിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശവും കാറ്റില്‍പറത്തിയ അവസ്ഥയാണ്‌.

ഈ നശീകരണങ്ങള്‍ക്കെല്ലാം കാരണം മില്‍മയുടെ നിലപാട്‌ ഒന്നുമാത്രമാണ്‌. ഈജിയന്‍ തൊഴുത്തിനേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ്‌ മില്‍മയുടെ പ്രവര്‍ത്തനം. ഇത്‌ നേരെചൊവ്വേ ആക്കാന്‍ ഹെര്‍ക്കുലീസുമാര്‍ പല ജന്മങ്ങളെടുക്കേണ്ടതുണ്ട്‌. ദിവാകരനെപോലെ എരണംകെട്ട മന്ത്രിമാര്‍ ഭരിക്കുമ്പോള്‍ ഇതൊന്നും നടക്കാനും പോകുന്നില്ല. കേരളം കണികണ്ടുണരുന്ന തിന്മയായി മില്‍മയങ്ങനെ കൊഴുത്തുകൊഴുത്ത്‌.......

0 comments :